കാന്തപുരം ഫാക്ടര്‍ വട്ടപൂജ്യമായെന്ന് ഇ കെ വിഭാഗം; അല്ലെന്നു കാന്തപുരം വിഭാഗം

കാന്തപുരം ഫാക്ടര്‍ വട്ടപൂജ്യമായെന്ന് ഇ കെ വിഭാഗം, മലപ്പുറം ജില്ലയില്‍ മാത്രം 1,41897 വോട്ടുകളും രണ്ട് കുത്തക സീറ്റുകള്‍ ലീഗിന് നഷ്ടമായി. ഇത് കാന്തപുരം ഫാക്ടറെന്ന് എ പി വിഭാഗം

കാന്തപുരം ഫാക്ടര്‍ വട്ടപൂജ്യമായെന്ന് ഇ കെ വിഭാഗം; അല്ലെന്നു കാന്തപുരം  വിഭാഗം

കോഴിക്കോട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത അഡ്വ: എന്‍ ഷംസുദ്ദീന്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് മറ്റു തോല്‍വികള്‍ക്കിടയിലും പിടിച്ചു നില്‍ക്കാന്‍ മുസ്ലീംലീഗിന് സഹായകമായത്. തോല്‍പ്പിക്കാനുള്ള കാന്തപുരത്തിന്റെ ആഹ്വാനം വന്നതോടെ മണ്ണാര്‍ക്കാട്ടെ മത്സരം എ പി വിഭാഗം സുന്നികളും ഇ. കെ വിഭാഗം സുന്നികളും തമ്മിലുള്ള മത്സരമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴിയും ഇരു വിഭാഗത്തിന്റേയും പത്രങ്ങളായ സിറാജിലും , സുപ്രഭാതത്തിലും നിത്യേനെയെന്നോണം മണ്ണാര്‍ക്കാട് കഥകളാണ് നിറഞ്ഞു നിന്നിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇറങ്ങിയ ഒന്നാം പേജില്‍ ഉള്‍പ്പടെ മൂന്ന് വാര്‍ത്തകളാണ് മണ്ണാര്‍ക്കാട് കാന്തപുരം ഫാക്ടര്‍ പരാജയപ്പട്ടതായി സ്ഥാപിക്കാന്‍ സുപ്രഭാതം നല്‍കിയത്. മണ്ണാര്‍ക്കാട് അവിശുദ്ധ കൂട്ടുകെട്ടായി എ പി വിഭാഗത്തിന്റെ സിറാജും വാര്‍ത്ത നല്‍കി. കാന്തപുരം മുസ്ലിയാര്‍ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത മുഴുവന്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളും വിജയിച്ചതായാണ് ഇ കെ വിഭാഗം അവകാശപ്പെടുന്നത്. 1989 നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ഫലം വന്നശേഷം വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നതാണ് കാന്തപുരത്തിന്റെ പതിവെന്നും അത് ഈ തെരഞ്ഞെടുപ്പോടെ പൊളിഞ്ഞെന്നും ഇ കെ വിഭാഗം പറയുന്നു. ഇരു കൂട്ടരുടേയും അവകാശവാദങ്ങള്‍ക്കിടയില്‍ കാന്തപുരം ഫാക്ടര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് കുറച്ചിട്ടുണ്ടോ, ഇ കെ വിഭാഗം പറയുന്ന പോലെ വോട്ട് കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് നാരദ ന്യൂസ്.


പാലക്കാട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എന്‍ ഡി എ നില മെച്ചപ്പെടുത്തിയപ്പോള്‍ മണ്ണാര്‍ക്കാട് എന്‍ ഡി എക്ക് വോട്ട് കുറഞ്ഞത് യു ഡി എഫുമായി നടത്തിയ വോട്ട് കച്ചവടത്തിന്റെ ഭാഗമായെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ആരോപണം. മണ്ണാര്‍ക്കാട് എന്‍ ഡി എ 10170 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍ തൊട്ടടുത്ത മണ്ഡലമായ കോങ്ങാട് 23,800 വോട്ടും മലമ്പുഴയില്‍ 46157 വോട്ടും, പാലക്കാട് 40076 വോട്ടുമാണ് നേടിയത്. ജില്ലയില്‍ എന്‍ ഡി എ ക്ക് വോട്ടു കുറഞ്ഞ ഏക മണ്ഡലമാണ് മണ്ണാര്‍ക്കാട്. ഏറ്റവും വോട്ടു കുറഞ്ഞ ചിറ്റൂര്‍ പോലും 12,537 വോട്ട് എന്‍ ഡി എ നേടിയിരുന്നു. നേരത്തെ കാന്തപുരം ബി ജെ പി വോട്ടുകള്‍ ഇടത് മുന്നണിക്ക് വേണ്ടി വാങ്ങിയെന്ന് ഇ കെ വിഭാഗം സുന്നികള്‍ ആരോപിച്ചിരുന്ന മണ്ഡലം കൂടിയാണ് മണ്ണാര്‍ക്കാട്. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബി ജെ പി വോട്ടു മറിച്ചിട്ടില്ലെന്ന് മണ്ണാര്‍ക്കാട് നിന്ന് വിജയിച്ച മുസ്ലീം ലീഗിലെ അഡ്വ. എന്‍ .ഷംസുദ്ദീന്‍ തന്നെ നാരദ ന്യൂസിനോട് പറഞ്ഞു. ' ബി ജെ പി വോട്ടുകള്‍ കാന്തപുരം വിഭാഗം ആരോപിക്കുന്നത് പോലെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ബി ജെ പിയുടെ വോട്ട് മറിക്കാന്‍ ശ്രമിച്ചത് അവരാണ്. അത് നടന്നിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കിട്ടിയ വോട്ടുകള്‍ പതിനായിരത്തോളമാണ്. അത് ഇത്തവണയും കിട്ടി. ഇത്തവണ ബി ജെ പി ക്ക് വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടില്ല. എന്നാല്‍ പാര്‍ലിമെന്റെ് തെരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോള്‍ ബി ജെ പിക്ക് നാലായിരം വോട്ടിന്റെ കുറവുണ്ട്. അത് മണ്ണാര്‍ക്കാട് മാത്രമല്ല, പാലക്കാട് മണ്ഡലത്തില്‍ മൊത്തമുണ്ട്. ഇത്തവണ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ബി ജെ പിയുടെ താമര ചിഹ്നം അല്ലാത്തത് കൊണ്ട് അണികള്‍ വോട്ട് ചെയ്യാത്തതാവാം വോട്ടു കുറയാന്‍ കാരണം. പിന്നെ കാന്തപുരം പരസ്യമായി തോല്‍പ്പിക്കണമെന്ന് പ്രസ്താവനയിറക്കിയതോടെ ഇടതു പക്ഷത്ത് നിന്നുവരെ ഞങ്ങള്‍ക്ക് വോട്ട് കിട്ടി. കാന്തപുരം വിഭാഗത്തിന് എതിരാണ് എല്ലാ വിഭാഗം മുസ്ലിങ്ങളും. അവര്‍ ഒന്നിച്ചു. ജീവിതത്തില്‍ ഇന്നെ വരെ കോണിക്ക് വോട്ട് ചെയ്യാത്തവര്‍ വരെ വോട്ട് ചെയ്തതിനാലാണ് ജയിക്കാനും ഭൂരിപക്ഷം കൂടാനും കാരണമായതെന്ന് മണ്ണാര്‍ക്കാട് നിന്ന് ജയിച്ച അഡ്വ. എന്‍ .ഷംസുദ്ദീന്‍ നാരദ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ബി ഡി ജെ എസ് ആയതിനാല്‍ അണികള്‍ക്കു ആവേശം പോയി വോട്ടു കുറഞ്ഞതാണ് എന്ന് ഷംസുദ്ദീന്‍ പറഞ്ഞത് ബി ഡി ജെ എസ് മത്സരിച്ച സമീപത്തെ മറ്റ് മണ്ഡലങ്ങള്‍ക്ക് ബാധകമായില്ലെന്നത് ശ്രദ്ധേയമാണ്. ഷൊര്‍ണൂരില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി 28,836 വോട്ടാണ് നേടിയത്. പാലക്കാട് ജില്ല മാറ്റി നിര്‍ത്തി മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കടന്നു നോക്കിയാല്‍ മുസ്ലീം ലീഗിന്റെ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയാണ് കാണുന്നത്. കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച് 20 ല്‍ വിജയിച്ച ലീഗിന് ഇത്തവണ 18 സീറ്റിലാണ് വിജയിക്കാനായത്. വിജയിച്ച പല മണ്ഡലത്തിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം 1,41897 വോട്ടാണ് ഇത്തവണ ലീഗിന് കുറഞ്ഞത്. ലീഗ് മാത്രം ജയിച്ചു വന്നിരുന്ന താനൂരില്‍ തോറ്റു. തിരൂരങ്ങാടിയില്‍ ഏറ്റവും അവസാന റൗണ്ടില്‍ വിയര്‍ത്താണ് മന്ത്രി പി കെ അബ്ദുറബ്ബ് ജയിച്ചു കയറിയത്. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി വിജയിച്ചത് 579 വോട്ടിനാണ്. കഴിഞ്ഞ തവണ 9589 വോട്ടിന് ജയിച്ച മഞ്ഞളാംകുഴി അലിക്ക് നഷ്ടമായത് 9010 വോട്ടാണ്. തിരൂരങ്ങാടിയില്‍ പി കെ അബ്ദുറബ്ബിന്റെ ഭൂരിപക്ഷം 6043 ആയി കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 30208 വോട്ടായിരുന്നു. മങ്കടയില്‍ ടി എ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1508 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ നഷ്ടമായത് 22085 വോട്ട്. തിരൂരില്‍ 7061 വോട്ടായി ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 23566 വോട്ടായിരുന്നു. കുറഞ്ഞത് 16505 വോട്ട്. ജില്ലയില്‍ എല്ലായിടത്തും പതിനായിരകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം ലീഗിന് നഷ്ടമായപ്പോള്‍ ഒരിടത്തു മാത്രം അല്‍ഭുതം സംഭവിച്ചു. ഏറനാട് മണ്ഡലത്തില്‍ 1157 വോട്ട് അധികമായി ലീഗ് നേടി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും ലീഗ് തോല്‍ക്കുകയായിരുന്നു. താനൂരിലേത് പോലെ ഒരു ഇതട് സ്വതന്ത്രനാണ് ലീഗിന്റെ കുത്തക തകര്‍ത്തത്.
ഇവിടെയൊന്നും കാന്തപുരത്തിന്റെ ഫാക്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ലീഗിന്റേയും ഇ കെ വിഭാഗം സുന്നികളുടേയും നിലാപാട്. എന്നാല്‍ ഈ വിഷയത്തില്‍ ക്യത്യമായ ഒരു നിലപാട് എടുത്തിരുന്നതായി കാന്തപുരം മര്‍ക്കസ് അധിക്യതര്‍ നാരദ ന്യൂസിനോട് വിശദീകരിച്ചു. 'ഞങ്ങളുടെ സംഘടന ചാനല്‍ വഴി ക്യത്യമായി ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനുള്ള ആഹ്വാനം നടത്തിയിരുന്നു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. മലപ്പുറം ജില്ലയില്‍ ലീഗിന്റെ ഭൂരിപക്ഷം വളരെ കുറഞ്ഞു. താനൂര്‍, കൊടുവള്ളി, സീറ്റുകളില്‍ എല്ലാം അവര്‍ തോറ്റു. മണ്ണാര്‍ക്കാട് സീറ്റില്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം പരസ്യ ആഹ്വാനം നടത്തിയിട്ടില്ല. മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു കല്ലാംകുഴിയില്‍ കൊ്ല്ലപ്പെട്ട നൂറുദ്ദീന്‍. മര്‍ക്കസില്‍ നടന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗത്തിലാണ് തോല്‍പ്പിക്കണമെന്ന നിലപാട് കാന്തപുരം പ്രവര്‍ത്തകരോട് പറഞ്ഞത്. പാണക്കാട് തങ്ങളെ പോലെ പൊതു വേദിയില്‍ പോയി പ്രസംഗിച്ചിട്ടില്ല. മണ്ണാര്‍ക്കാട് ബി ജെ പി വോട്ടുകളുടെ സഹായത്തിലാണ് ജയിച്ചതെന്നും വ്യക്തമായിട്ടുണ്ടെന്നും മര്‍ക്കസ് അധിക്യതര്‍ നാരദ ന്യൂസിനോട് പറഞ്ഞു.
കാര്യം എന്തായാലും ഇത്തവണ ലീഗിന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. മണ്ണാര്‍ക്കാട് വിജയം മാത്രമാണ് ലീഗ് എടുത്ത് ആഘോഷിക്കുന്നതെന്നതും സത്യമാണ്. മണ്ണാര്‍ക്കാട് കഴിഞ്ഞാല്‍ ലീഗ് അഭിമാനിക്കുന്ന വിജയം അഴിക്കോട് നിന്നാണ്. ഇവിടേയും ബി ജെ പി വോട്ടുകള്‍ ലീഗിന് കിട്ടിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

Read More >>