അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമൂഹം ഒന്നിച്ചു നിന്ന് പ്രതികരിക്കുമെന്ന് കാന്തപുരം

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിരുദ്ധ നിലപാട് എടുക്കുമെന്ന് സൂചന നല്‍കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതി...

അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമൂഹം ഒന്നിച്ചു നിന്ന് പ്രതികരിക്കുമെന്ന് കാന്തപുരം

Kanthapuram_The leader

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിരുദ്ധ നിലപാട് എടുക്കുമെന്ന് സൂചന നല്‍കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമൂഹം ഒന്നിച്ചു നിന്ന് പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ജമാഅത്തിന്റെയോ എസ്‌വൈഎസിന്റെയോ നയങ്ങളില്‍ രാഷ്ട്രീയമായി സംഘടിക്കുക എന്നൊന്നില്ലെന്നും എന്നാല്‍ തങ്ങളെ ചവിട്ടിത്തേക്കാമെന്ന് ധരിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്ന കേരളാ മുസ്ലിം ജമാഅത്ത് സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് കാന്തപുരം യുഡിഎഫിനെതിരെ ആഞ്ഞടിച്ചത്. സമുദായത്തിലെ ഒരുവിഭാഗത്തെ അധികാരത്തിന്റെ തണലില്‍നിന്ന് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മദ്രസയ്ക്ക് തീയിട്ടവരെയും അത്തരം അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാത്തവരെയും ഇരുത്തേണ്ടയിടത്ത് ഇരുത്തുക എന്നുള്ളത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവിശ്വാസികള്‍ കാട്ടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണാര്‍ക്കാട് എംഎല്‍എയും മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുമായ എന്‍ ഷംസുദ്ദീന് എതിരെയും കാന്തപുരം രംഗത്തെത്തി. മണ്ണാര്‍ക്കാട്ട് രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പിറ്റേന്ന് തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുവെന്നും മണ്ണാര്‍ക്കാട് എം.എല്‍.എയാണ് ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നും കാന്തപുരം സൂചിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ അയാളെ ജയിപ്പിക്കരുത്. സംഘടനയുടെ തീരുമാനമാണത്- കാന്തപുരം വ്യക്തമാക്കി.

രണ്ടോ മൂന്നോ വ്യക്തികള്‍ ചേര്‍ന്ന് കുത്തയാക്കി വെച്ചിരിക്കുന്ന വഖഫ് ബോര്‍ഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതാക്കളാരും ചെവിക്കൊണ്ടില്ലെന്നും കാന്തപുരം കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടക്കേണ്ടത് ന്യായമായിട്ടായിരിക്കണമെന്നും അല്ലാതെ കുത്തകയാക്കിവെച്ചവരുടെ ഇഷ്ടത്തിനാകരുതെന്നും അദ്ദേഹം പറഞ്ഞു.

അനാഥാലയ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയും കാന്തപുരം വിമര്‍ശനം ഉന്നയിച്ചു. കാരുണ്യസ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന ജെ.ജെ ആക്‌ടെന്നും ഇത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ വകുപ്പുമന്ത്രി തലയാട്ടി ഒത്താശ നല്‍കിയെന്നും കാന്തപുരം പറഞ്ഞു. എന്നാല്‍ ഈ നടപടി ആറുമാസത്തേക്ക് തടഞ്ഞ കോടതിയാണ് നമുക്ക് ആലോചിക്കാനും പ്രവര്‍ത്തിക്കാനും സാവകാശം നല്‍കിയതെന്നും കാന്തപുരം പറഞ്ഞു.

Read More >>