ആക്രമ രാഷ്ട്രീയത്തില്‍ നിന്ന് മുസ്ലീംലീഗ് പിന്‍മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

എസ് വൈ എസ് പ്രവര്‍ത്തകന്‍ മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാന്തപുരം പ്രതികരണം നടത്തിയത്

ആക്രമ രാഷ്ട്രീയത്തില്‍ നിന്ന് മുസ്ലീംലീഗ് പിന്‍മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

മുസ്ലീംലീഗ് ആക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി മുസ്ലീം ജമാ അത്ത് നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. രക്തക്കറ പുരണ്ട കൈകള്‍ എത്ര കറപുരണ്ടതാണെങ്കിലും ഒരു നാള്‍ പുറത്തുകൊണ്ടുവരുമെന്നും ഈ വിഷയത്തില്‍ പാണക്കാട് ഹാദരലി ശിഹാബ് തങ്ങള്‍ മൗനം വെടിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ് വൈ എസ് പ്രവര്‍ത്തകന്‍ മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാന്തപുരം പ്രതികരണം നടത്തിയത്. മുസ്ലീംലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു.


തിരൂര്‍ മണ്ഡലത്തില്‍ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിനിടെ ലീഗുകാര്‍ ഹംസക്കുട്ടിയുടെ വീട് ആക്രമിക്കുകയും പുറത്തുവന്ന ഹംസക്കുട്ടിക്ക് നേരെ പടക്ക് എറിയുകയുമായിരുന്നു. തുടര്‍ന്ന് കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെ കുഴഞ്ഞുവീണ ഹംസക്കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഹംസക്കുട്ടിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസവും ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.