"എന്നെ മനോരോഗിയെന്നും അഭിസാരികയെന്നും വിളിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്‌" ; കംഗണ റാണോട്ട്

തന്നെ മനോരോഗിയെന്നും അഭിസാരികയെന്നും മുദ്ര കുത്തിയവര്‍ക്കുള്ള മറുപടിയാണ് തനിക്കു ലഭിച്ച ദേശീയ അംഗീകാരം എന്ന് നടി കംഗണ റാണോട്ട്.

"എന്നെ മനോരോഗിയെന്നും അഭിസാരികയെന്നും വിളിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്‌" ; കംഗണ റാണോട്ട്

തന്നെ മനോരോഗിയെന്നും അഭിസാരികയെന്നും  മുദ്ര കുത്തിയവര്‍ക്കുള്ള മറുപടിയാണ് തനിക്കു ലഭിച്ച ദേശീയ അംഗീകാരം എന്ന് നടി കംഗണ റാണോട്ട്. ഒരു പ്രമുഖ ഉത്തരേന്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കംഗണ തന്നെ ചുറ്റിപ്പറ്റി ഏറെനാളായി നിലനില്‍ക്കുന്ന വിവാദങ്ങളില്‍ സ്വന്തം  നിലപാട് വ്യക്തമാക്കിയത്.

നടന്‍ ഹൃഥിക് റോഷനുമായുള്ള കംഗണയുടെ നിയമയുദ്ധം ഇപ്പോളും തുടരുകയാണ്. ഹൃഥിക്കും താനും പ്രണയത്തിലായിരുന്നു എന്നുള്ള കംഗണയുടെ വെളിപ്പെടുത്തലും അത് ഹൃഥിക് റോഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കവുമാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടത്തില്‍ എത്തിയത്.ഈ വാര്‍ത്ത ഏറെനാളായി മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്‌. കംഗണ മനോരോഗിയാണെന്നും അഭിസാരികയാണെന്നും  തരത്തിലുള്ള പ്രസ്താവനകള്‍ വരെ പലരിലും നിന്നുണ്ടായി.


ഇതുവരെ  തന്നെ പിന്തുടര്‍ന്ന  വിവാദങ്ങള്‍ക്കെല്ലാം കംഗണയുടെ മറുപടി മൌനമായിരുന്നു. എന്നാല്‍ ദേശീയ പുരസ്ക്കാര വിജയത്തിന് ശേഷം കംഗണ മൌനം വെടിഞ്ഞു തന്നെ അപമാനിച്ചവര്‍ക്ക് നേരെ  ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ സുന്ദരിയും പുരോഗമനപരമായി ചിന്തിക്കുന്നവളുമായാല്‍  അവളെ വേശ്യയെന്നും വിജയം നേടിയവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം എന്ന് കംഗണ വിശദീകരിച്ചു.  ഒരു ഗ്രാമത്തില്‍ നിന്ന് സാധാരണക്കാരിയായി എത്തിയ തന്റെ വിജയത്തിലേക്കുള്ള  യാത്ര സംഭവബഹുലമായിരുന്നു. ഈ യാത്രയില്‍ കഴിവ് മാത്രമായിരുന്നു തന്റെ പിന്‍ബലം എന്നും കംഗണ വ്യക്തമാക്കി.

സമൂഹത്തെയും കുടുംബത്തെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളല്ല  മറിച്ച്  തനിക്കു ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ മാത്രമാണ് താന്‍ ഇന്നോളം കൈക്കൊണ്ടിട്ടുള്ളത് എന്ന് കംഗണ പറയുന്നു.  അതുകൊണ്ട് തന്നെ വിവാദങ്ങളെ ഭയക്കുന്നില്ല.വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള തന്റെ  മധുരപ്രതികാരമാണ് തനിക്കു ലഭിച്ച രണ്ട് ദേശീയ അംഗീകാരങ്ങള്‍ എന്നും കംഗണ വ്യകതമാക്കി.

തുടര്‍ച്ചയായ രണ്ടാം തവണയാണ് കംഗണ റാണോട്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടുന്നത്. 'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പോയ വര്‍ഷത്തെ പുരസ്ക്കാരം അവര്‍ നേടിയത്. ഈ വര്ഷം 'തനൂ വെഡ്സ് മനു' എന്ന ചിത്രത്തിലെ ഇരട്ട വേഷത്തിലുള്ള പ്രകടനമാണ് കംഗണയെ പുരസ്ക്കാരത്തിനര്‍ഹയാക്കിയത്. 2008-ല്‍ പുറത്തിറങ്ങിയ 'ഫാഷന്‍ ' എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരവും കംഗണ നേടിയിരുന്നു.