'കമ്മട്ടി പാടം' തെലുങ്കിലും ഹിന്ദിയിലും

ചിത്രത്തില്‍ ദുല്ഖര്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ കൃഷ്ണനായി ഹിന്ദിയില്‍ അര്‍ജ്ജുന്‍ കപൂറും തെലുങ്കില്‍ നാഗ ചൈതന്യയും വേഷമിടും

സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന  ദുല്ഖര്‍ ചിത്രം 'കമ്മട്ടി പാടം' ഹിന്ദിയിലും തെലുങ്കിലും ഒരുങ്ങുന്നു. ചിത്രത്തില്‍  ദുല്ഖര്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ കൃഷ്ണനായി ഹിന്ദിയില്‍ അര്‍ജ്ജുന്‍ കപൂറും തെലുങ്കില്‍ നാഗ ചൈതന്യയും വേഷമിടും  എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

സംവിധായകനായ രാജീവ് രവി തന്നെയാകുമോ ചിത്രം മറ്റു ഭാഷകളിലും ഒരുക്കുക എന്നാ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇരു ഭാഷകളിലെയും വമ്പന്‍ നിര്‍മ്മാണ കമ്പനികളാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ 'കമ്മട്ടി പാട'ത്തില്‍ ദുല്ഖറിനു പുറമേ വിനായകന്‍, വിനയ് ഫോര്‍ട്ട്‌, ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഒരുപോലെ  സാമ്പത്തിക വിജയവും നിരൂപക പ്രശംസയും സ്വന്തമാക്കി മുന്നേറുകയാണ്.

ഇത് മൂന്നാം തവണയാണ് ദുല്ഖര്‍ സല്‍മാന്‍ നായകനാകുന്ന  സിനിമ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. തമിഴില്‍ ദുല്ഖര്‍ അഭിനയിച്ച 'ഓ കെ കണ്മണി' ഹിന്ദിയില്‍ 'ഓ കെ ജാനു' എന്ന പേരില്‍ നിര്‍മ്മിക്കപ്പെടുകയാണ്. ദുല്ഖറിനു മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത 'ചാര്‍ളി'യും ഹിന്ദിയിലും തമിഴിലും ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്.