'കബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മധ്യവയസ്കനായ അധോലോക നായകന്‍ കബാലീശ്വരന്‍ ആയി രജനി എത്തുന്ന ചിത്രത്തില്‍ രാധിക ആപ്‌തെ അദ്ദേഹത്തിന്റെ ഭാര്യയായും ധന്‍സിക മകളായും വേഷമിടുന്നു

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ  ചിത്രം 'കബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ഓഡിയോ ജൂണ്‍ ആദ്യവാരം പുറത്തിറങ്ങും.

സന്തോഷ് നാരായണനാണ് 'കബാലി'യുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ആട്ടക്കത്തി', 'മദ്രാസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കലൈപുലി എസ്.താണുവാണ് നിര്‍മ്മിക്കുന്നത്. മധ്യവയസ്കനായ  അധോലോക നായകന്‍ കബാലീശ്വരന്‍ ആയി രജനി എത്തുന്ന ചിത്രത്തില്‍  രാധിക ആപ്‌തെ അദ്ദേഹത്തിന്റെ ഭാര്യയായും ധന്‍സിക മകളായും വേഷമിടുന്നു. കിഷോര്‍, നാസര്‍, ദിനേശ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഏപ്രില്‍ 30 ന് യുട്യൂബിലെത്തിയ 'കബാലി'യുടെ  ടീസര്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. 1.87 കോടി ആളുകള്‍ ഇതിനോടകം ടീസര്‍ യുട്യൂബിലൂടെ കണ്ടു കഴിഞ്ഞു.