13 അശുഭ അക്കമാണെന്ന് തുറന്ന് സമ്മതിക്കാന്‍ പിണറായി വിജയന് ആര്‍ജവമുണ്ടോ: കെ സുരേന്ദ്രന്‍

ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലത്രേ! എന്നായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

13 അശുഭ അക്കമാണെന്ന് തുറന്ന് സമ്മതിക്കാന്‍ പിണറായി വിജയന് ആര്‍ജവമുണ്ടോ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ എല്‍ഡിഎഫ് മന്ത്രിമാരാരും 13 ാം നമ്പര്‍ ഔദ്യോഗിക വാഹനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇടതുപക്ഷ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലത്രേ! എന്നായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


ഭൗതിക വാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാന പ്രമാണമാക്കിയ സിപിഐ(എം), സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ കാര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ ഇതില്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറയുന്നു.

13 അശുഭ ലക്ഷണമാണെന്ന് തുറന്ന് സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ജവമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.


13 അശുഭ നമ്പറാണെന്ന വിശ്വാസം വ്യാപകമാണ്. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരില്‍ പതിമൂന്നാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. പതിമൂന്നിന് പകരം 20 ചേര്‍ത്താണ് 19 മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് നമ്പറിട്ടിരിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി ആയിരുന്ന എംഎ ബേബി പതിമൂന്നാം നമ്പര്‍ വാഹനം ചോദിച്ച് വാങ്ങിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പതിമൂന്നാം നമ്പര്‍ വാഹനം മന്ത്രിമാര്‍ വേണ്ടെന്ന് വച്ചിരുന്നു.

Read More >>