മദ്യനയവും മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്ന് കെ സുധാകരന്‍

എന്റെ വ്യക്തിപരമായ അഭിപ്രായം മദ്യനയം പരാജയത്തിന് കാരണമായി എന്നാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും മദ്യം നിരോധിക്കേണ്ട ആവശ്യമില്ല.അങ്ങനെ ആയിരുന്നില്ല നയം നടപ്പാക്കാണ്ടിയിരുന്നത്. നിയമം കൊണ്ട് പ്രതിരോധിക്കുക എന്നത് ബുദ്ധിശൂന്യതയാണ്. മദ്യ വ്യവസായികളെ മാഫിയ ആയി കാണാനും അവരെ ഒതുക്കാനും പാര്‍ട്ടി നേതൃത്വം ശ്രമിച്ചത് ശരിയായില്ല. ബാര്‍ കോഴ വിവാദം ഉള്‍പ്പെടെയുള്ളത് അതിന്റെ തുടര്‍ച്ചയായി വന്നതല്ലേ. സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ച സംഭവമാണത്. ആവശ്യമില്ലാത്ത വിഷയമായിരുന്നു

മദ്യനയവും മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്ന് കെ സുധാകരന്‍

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാനകാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കേരളം പോലെരു സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കുക അസാധ്യമാണ്. വെള്ളാപ്പള്ളി നടേശനനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചത് ബിഡിജെഎസിന്റെ മുന്‍തൂക്കം നല്‍കി എന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും ബിജെപി നടത്തിയ മുന്നേറ്റത്തെ കുറിച്ചും കെ.സുധാകരന്‍ സംസാരിക്കുന്നു. കെ.സുധാകരനുമായി ഞങ്ങളുടെ പ്രതിനിധി സുധീഷ് സുധാകരന്‍ നടത്തിയ അഭിമുഖം
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ എന്തൊക്കെയാകാം?

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില ഗണ്യമായി മെച്ചപ്പെട്ടു. അഖിലേന്ത്യാ തലത്തില്‍ എന്‍ഡിഎ അധികാരത്തിലിരിക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. ബിജെപിക്ക് സീറ്റ് ഒന്നേ കിട്ടിയുള്ളൂ .എങ്കിലും പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കാനുള്ള അടിസ്ഥാന കാരണം ബിജെപി പിടിച്ച വോട്ടുകളാണ്. ബിജെപിക്ക് എതിരെയുള്ള പോരാട്ടം എന്ന നിലയ്ക്ക് മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി പോയി.അതായത് പരമ്പരാഗത മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് നഷ്ടമായി.

ഇതിന് പുറമെ രാഷ്ട്രീയമായ പല കാരണങ്ങളും തോല്‍വിക്ക് കാരണമായി. സര്‍ക്കാരിന് എതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങള്‍, സോളാര്‍ വിഷയം, ബാര്‍ നയം, ഇതെല്ലാം കൈകാര്യം ചെയ്ത കെപിസിസിയുടെ രീതി. ഇതെല്ലാം ജനങ്ങളില്‍ യുഡിഎഫിന് എതിരെ അതി ശക്തമായ വികാരം ഉണ്ടായി. ഈ പ്രശ്‌നങ്ങളെ എല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന്  മാത്രമല്ല ഈ ആരോപണങ്ങള്‍ ഇടതുപക്ഷവും ബിജെപിയും സമര്‍ത്ഥമായി ഉപയോഗിച്ചു. ഈ പ്രശ്‌നങ്ങള്‍ രണ്ട് മുന്നണികളും ഒരു പോലെ യുഡിഎഫിന് എതിരെ സംസാരിച്ചത് യുവാക്കളിലും സ്ത്രീകളിലും യുഡിഎഫിന് എതിരായ വികാരം ഉണ്ടാക്കി.

ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രിമാര്‍ രാജിവെക്കാതിരുന്നത് തിരിച്ചിടിയായോ?


ഈ വിഷയങ്ങള്‍ ഫലപ്രദമായി തടയാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചില്ല. പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിഞ്ഞില്ല. ഭരണ നേതൃത്വത്തിനും പാര്‍ട്ടി നേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞുള്ളൂ. ഈ പ്രശ്‌നങ്ങള്‍ എല്ലാം കണ്ണൂര്‍ ജില്ലയിലെ പരാജയത്തിനും ബാധകമാണ്.

യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ എങ്ങിനെയാണ് പ്രതിഫലിച്ചത്

ബിജെപിയെ തടയുന്നതിന് യുഡിഎഫാണ് ഫലപ്രദം എന്ന ചിന്ത ജനങ്ങള്‍ക്കിടയിണ്ടാക്കുന്നതിനാണ് ആ പ്രസ്താവന വഴി മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ അത്തരം ഒരു ചിന്തയുണ്ടാക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കാനോ തകര്‍ക്കാനോ ഇടത് പക്ഷത്തിന് കഴിയുകയില്ല. എന്നാല്‍ ബിജെപിയെ എതിര്‍ക്കാന്‍ ഇടതിനേ കഴിയൂ എന്ന ചിന്തയുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബിജെപിയെ എതിര്‍ക്കാനുള്ള കരുത്ത് സിപിഐഎമ്മിനില്ല. അവര്‍ ഉപരിതല വിപ്ലവം മാത്രമാണ് നടത്തുന്നത്. ബിജെപിയെ എതിര്‍ക്കാനുള്ള കരുത്തുണ്ടെന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വസിപ്പിക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല. അവസാന നിമിഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും അനുകൂലമായില്ല.

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബിജെപിയെ ഒരു പ്രമുഖ കക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടില്ലേ?


അതുണ്ടാക്കിയിട്ടുണ്ട്.സ്വാഭാവികമായും ഒരു പാര്‍ട്ടി വളര്‍ന്നു വരുന്നു എന്ന് പറയുമ്പോള്‍ അതിനോടൊപ്പം കൂടിചേര്‍ന്ന് പോകാന്‍ കുറെ ആളുകള്‍ ഉണ്ടാകുമല്ലോ. പ്രത്യേകിച്ചും യുവജനങ്ങള്‍ എല്ലാം ഒഴുക്കിനൊപ്പം നില്‍ക്കുന്നവരല്ലേ.

നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞത് എങ്ങനെ വിലയിരുത്തുന്നു?

നേമത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചു. അവസാന നിമിഷം വേറൊരു പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി വന്ന ആളെ രാജഗോപാലിന് പോലെ ഒരാള്‍ക്ക്  എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് രാഷ്ട്രീയമായി വലിയ പരാജയമാണ്. ഇത് യുഡിഎഫിന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്.

യുഡിഎഫിന്റെ മദ്യനയം തെരഞ്ഞടുപ്പില്‍ ഗുണം ചെയ്‌തോ?

എന്റെ വ്യക്തിപരമായ അഭിപ്രായം മദ്യനയം പരാജയത്തിന് കാരണമായി എന്നാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും മദ്യം നിരോധിക്കേണ്ട ആവശ്യമില്ല.അങ്ങനെ ആയിരുന്നില്ല നയം നടപ്പാക്കാണ്ടിയിരുന്നത്. നിയമം കൊണ്ട് പ്രതിരോധിക്കുക എന്നത് ബുദ്ധിശൂന്യതയാണ്. ഇതിലും അപകടകരമായ പുകവലി എന്തുകൊണ്ടാണ് നിയമം മൂലം നിരോധിക്കാത്തത്. ബോധവത്കരണമാണ് വേണ്ടത്. എല്ലാ ആളുകളേയും ഒരു പോലെ ഈ മദ്യ നയം ബാധിച്ചു. ബാറിനു മുന്നില്‍ ഓടിക്കുന്ന ഓട്ടോ റിക്ഷാ തൊഴിലാളി മുതല്‍ അബ്കാരി മുതലാളി വരെയുള്ളവരെ മദ്യനിരോധനം ബാധിച്ചു.

മദ്യ വ്യവസായികളെ മാഫിയ ആയി കാണാനും അവരെ ഒതുക്കാനും പാര്‍ട്ടി നേതൃത്വം ശ്രമിച്ചത് ശരിയായില്ല. ബാര്‍ കോഴ വിവാദം ഉള്‍പ്പെടെയുള്ളത് അതിന്റെ തുടര്‍ച്ചയായി വന്നതല്ലേ. സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ച സംഭവമാണത്. ആവശ്യമില്ലാത്ത വിഷയമായിരുന്നു. വേണ്ടത്ര നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടുക എന്നതായിരുന്നു സ്വീകരിക്കേണ്ട നയം. ഈ നയം ഘട്ടം ഘട്ടമായി നടത്തുമെന്ന് പറഞ്ഞാല്‍ പോലും ഇത്ര പ്രശ്‌നമുണ്ടാവുമായിരുന്നില്ല. പണം കടം വാങ്ങിയും പലിശയ്‌ക്കെടുത്തും ബാറുകള്‍ നവീകരിച്ചവര്‍ക്കും, തൊഴിലാളികള്‍ക്കും, ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പലര്‍ക്കും ബാറുകള്‍ ഒറ്റയടിക്ക് പൂട്ടിയത് തിരിച്ചടിയായി. ഇതു വഴി ഒരു വലിയ വിഭാഗത്തിന്റെ അപ്രീതി നേടി. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.

മന്ത്രിമാര്‍ കോഴ വാങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ?

അതെങ്ങനെയാണ് എനിക്ക് വിശ്വസിക്കാന്‍ കഴിയുക.അന്വേഷണം നടത്തി തെളിയിക്കുന്നത് വരെ അത് വിശ്വസിക്കാന്‍ കഴിയില്ല. ഭരണ രംഗത്ത് എല്ലാ കാലത്തും കോഴ വിവാദം ഉണ്ടായിട്ടുണ്ട്. കോഴ വിവാദം ജന മനസുകളില്‍ ഉണ്ടാക്കിയ സംശയം ദുരീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രതിരോധ നടപടിയുണ്ടായില്ല എന്നതാണ് പ്രശ്‌നം. കോഴ വിവാദം ആര് ഭരിച്ചാലുമുണ്ടാകും. എന്നാല്‍  വിവാദം കളവാണ്  എന്നെ വിശ്വാസം ജന മനസിലുണ്ടാക്കാന്‍ തക്ക വിധമുള്ള വിധത്തില്‍ കാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയണം. അത് സാധിച്ചില്ല. കോഴ വിവാദം ഇപ്പോഴും ജനമനസിലുണ്ട്.

വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ ഈഴവ വോട്ടുകള്‍ ഇടത് പക്ഷത്തിന് നഷ്ടപ്പെടുമെന്നാണ് കരുതിയത്.എന്നാല്‍ കോണ്‍ഗ്രസിനാണ് നഷ്ടമുണ്ടായത്


ഇടത് പക്ഷത്തിന്റെ വോട്ടുകള്‍ ഒരു പരിധി വരെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബിഡിജെഎസിനെ ആവശ്യത്തിലേറെ വിമര്‍ശിച്ചതു വഴി ഒരു വലിയ പ്രസ്ഥാനത്തിന്റ ഛായ അവര്‍ക്കുണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചു. അര്‍ഹതയില്ലാത്ത പ്രതിച്ഛായയാണ് അവര്‍ക്കുണ്ടാക്കിക്കൊടുത്തത്. വിമര്‍ശനമാണ് അവരെ വളര്‍ത്തിയത്. ആര്‍ക്കും ഇവിടെ പാര്‍ട്ടിയുണ്ടാക്കാന്‍ അവകാശമുണ്ട് . വെള്ളാപ്പള്ളിക്കും ബിഡിജെഎസിനും എതിരെ പാര്‍ട്ടി നേതൃത്വം നടത്തിയ വിമര്‍ശനം അതിരുകടന്നതാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അനുഭാവികളായ എസ്എന്‍ഡിപിക്കാന്‍ അവര്‍ക്ക് അനുകൂലമായി. ആവശ്യമില്ലാത്തിടത്ത് ബിഡിജെഎസിനെ വിമര്‍ശിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനം ഉണ്ടല്ലോ അത് അവര്‍ക്കനുകൂലമായി വന്നു.

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത് എല്‍ഡിഎഫിന്റെ വോട്ട് ബാങ്കിനെ ബാധിച്ചിട്ടില്ല. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്കാണ് ബിജെപി കടന്നു വന്നത്. ഇത് കോണ്‍ഗ്രസിനെ ബാധിക്കില്ലേ?


കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായപ്പോള്‍ വന്ന തരംഗം എന്നതിലപ്പുറം കേരളത്തില്‍ ബിജെപിക്ക് സ്ഥായിയായ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് രണ്ടിടത്തും മഞ്ചേശ്വരത്തും അല്ലാതെ വേറെ എവിടെയാണ് മുന്നേറ്റം. ബിജെപി ഭീഷണിയുയര്‍ത്തുന്ന മണ്ഡലം വേറെയില്ല. എണ്ണായിരം വോട്ടുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ഇത്തവണ ഇരട്ടി വോട്ട് നേടിയിട്ടുണ്ട്. ആ വളര്‍ച്ച സ്വാഭാവികമാണ്. എന്നാല്‍ അത് ശാശ്വതമല്ല.  ദേശീയ തലത്തില്‍ എന്‍ഡിഎ പ്രതിസന്ധിയിലേക്ക് പോവുകയാണ്. അവരുടെ ഗ്രാഫ് താഴുകയാണ്. ഗ്രാഫ് ഉയര്‍ന്ന സമയത്ത് ചിലരിലുണ്ടാക്കിയ ചലനമാണ് ഇപ്പോഴുണ്ടാക്കിയ മുന്നേറ്റത്തിന് കാരണം. ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്നിടത്ത് നിന്ന് എന്‍ഡിഎയുടെ ഗ്രാഫ് താഴാന്‍ തുടങ്ങി. അതിനാല്‍ തന്നെ ബിജെപിക്ക് അനുകൂലമായ വളര്‍ച്ചയുടെ തരംഗമുണ്ടാകുമെന്ന് കരുതുന്നില്ല.

വിഴിഞ്ഞം പദ്ധതിയില്‍ നരേന്ദ്ര മോഡിയുടെ ഏറ്റവും പ്രിയപ്പെട്ട കോര്‍പ്പറേറ്റ് ഗ്രൂപ്പ് വരുന്നത് ബിജെപിക്ക് ഗുണകരമാവുകയില്ലേ?

വിഴിഞ്ഞം പദ്ധതി കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും കൊണ്ടു വന്ന പദ്ധതിയാണ്. അതിന്റെ പിതൃത്വം ബിജെപിക്ക് അവകാശപ്പെട്ടതല്ല. അദാനി എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കരാറുകാരന്‍ മാത്രമാണ്. ബിജെപിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയില്ല. എല്ലാ ആളുകളേയും തൃപ്തിപ്പെടുത്താതെ മുന്നോട്ട് പോയെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നുണ്ടോ?

ഇപ്പോള്‍ അവര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണല്ലോ. മൂന്നാളെ കൊന്നു കഴിഞ്ഞു. സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ എല്ലാവരും ഉന്നയിക്കുന്നത് അവരുട അക്രമ രാഷ്ട്രീയത്തൈ കുറിച്ചാണ്. അത് സത്യമാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഫല പ്രഖ്യാപനം വന്ന ഉടന്‍ തന്നെ മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത്. ഒരുത്തന്‍ വണ്ടിയുടെ ഉള്ളിന്‍ നിന്ന് ബോംബ് പൊട്ടിയാണ് മരിക്കുന്നത്. അത് ആര്‍എസ്എസിന്റെ തലയിടുകയാണ് ചെയ്യുന്നത്. ഇത് വാസ്തവമാണെന്ന് തെളിയിക്കാന്‍ നല്ല വ്യക്തമായ ഫോട്ടോ ഉണ്ട്. ബോംബ് എവിടെ നിന്നാണ് പൊട്ടിയതെന്ന് ഫോട്ടോ കണ്ടാല്‍ മനസിലാകും.

Read More >>