ജിഷയുടെ കൊലപാതകം: പോലീസ് മനപൂര്‍വം തെളിവ് നശിപ്പിച്ചതായി സംശയമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

പോലീസ് എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ ബഹളം വെച്ചില്ലായിരുന്നെങ്കില്‍ കേസ് പണ്ടേ കുഴിച്ചുമൂടിയേനെ.

ജിഷയുടെ കൊലപാതകം: പോലീസ് മനപൂര്‍വം തെളിവ് നശിപ്പിച്ചതായി സംശയമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലീസ് മനപൂര്‍വം തെളിവ് നശിപ്പിച്ചതായി സംശയിക്കുന്നുവെന്ന് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. കേസില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഐജി മഹിപാല്‍ യാദവ് നല്‍കിയ മറുപടി തള്ളിക്കളയുന്നതായും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

ഇന്നലെ എറണാകുളത്ത് നടന്ന സിറ്റിംഗിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. പോലീസ് എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ ബഹളം വെച്ചില്ലായിരുന്നെങ്കില്‍ കേസ് പണ്ടേ കുഴിച്ചുമൂടിയേനെ.


പെറ്റികേസ് പോലും മാധ്യമങ്ങളെ വിളിച്ചറിയിക്കാറുള്ള പോലീസ് ഈ കേസ് ഒളിച്ചുവെക്കാനാണ് ശ്രമിച്ചത്.  ക്രൂരമായ കൊലപാതകമാണ് നടന്നത്. കൊല്ലപ്പെട്ടത് ദളിത് നിയമവിദ്യാര്‍ത്ഥിനിയും. ദേശീയ മനുഷ്യാവകാശ കമീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ എടുക്കേണ്ടതായിരുന്നു. അതിവിടെ ഉണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പിജി വിദ്യാര്‍ത്ഥിനിയും.

കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ തെളിവുകള്‍ സംരക്ഷിക്കേണ്ടതായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് സംഭവസ്ഥലം  സീല്‍ ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ അഞ്ചു മിനിറ്റുപോലും വേണ്ട. ഇതോടെ, കേസിലെ നിര്‍ണായകമായ പ്രാഥമിക തെളിവുകളെല്ലാം ഇല്ലാതായി. അമ്മ എതിര്‍ത്തിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിച്ചു.

കറുത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതുപോലെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കുറ്റപ്പെടുത്തി.

Read More >>