ജിഷയ്ക്ക് നീതിതേടി മെയ് 8 ന് പെരുമ്പാവൂരില്‍ പ്രതിഷേധ സമര പരിപാടി

ലിംഗവും ഇരുമ്പ് കമ്പിയും കയറ്റിയിറക്കാവുന്ന തുളകളുള്ള മാംസങ്ങളല്ല പെണ്ണുങ്ങളെന്ന് ഒരുമിച്ച് വിളിച്ച് പറയുക... നീതിക്ക് വേണ്ടി കലാപമാകുക... തെരുവിലാണ് മറുപടി കിട്ടേണ്ടത്..

ജിഷയ്ക്ക് നീതിതേടി മെയ് 8 ന് പെരുമ്പാവൂരില്‍ പ്രതിഷേധ സമര പരിപാടി

കൊച്ചി: പെരുമ്പാവൂരില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സ്വീകരിച്ച അനാസ്ഥക്കും നീതിരാഹിത്യത്തിനെതിരായും മെയ് 8 ന് പെരുമ്പാവൂരില്‍ പ്രതിഷേധ സമര പരിപാടി സംഘടിപ്പിക്കുന്നു. സാമൂഹ്യനീതിക്കും ലിംഗസമത്വത്തിനും വേണ്ടി തെരുവിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജസ്റ്റിസ് ഫോര്‍ ജിഷ എന്ന പേരിലാണ് സമരപരിപാടികള്‍. ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെയാണ് പ്രതിഷേധ സമരം.


തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയും മൃതദേഹം തിരക്കിട്ട് ദഹിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക. ദളിതരെന്ന നിലയില്‍ ജിഷയുടെ കുടുംബം നേരിട്ട സാമൂഹ്യ പീഡനം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുക എന്ന ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

വധശിക്ഷക്കും ആള്‍ക്കൂട്ട നീതിക്കും അപ്പുറത്തേക്ക് ക്രിമിനല്‍ മനോഘടനയെ പരിഹരിക്കണം. സ്ത്രീവിരുദ്ധവും ജാതീയവുമായ അറകള്‍ തകര്‍ക്കപ്പെടണം. പെണ്‍ശരീരത്തിനു മേലുള്ള അധികാര പ്രയോഗങ്ങളെയും അധിനിവേശത്തെയും വ്യവസ്ഥയുടെ പുരുഷാധിപത്യ പ്രവണതകളെ ഉടച്ച് കളഞ്ഞ് ചെറുക്കണം. കുഞ്ഞുങ്ങള്‍ പോലും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍, അവള്‍ അത് ആസ്വദിക്കുകയായിരുന്നുവെന്ന് പുലമ്പുന്ന ആണധികാര നാവുകള്‍ക്ക് അറുതിയുണ്ടാവണം. ലിംഗസമത്വവും സാമൂഹ്യനീതിയും സാധ്യമാക്കുന്ന തരത്തിലേക്ക് നീതിന്യായ വ്യവസ്ഥയും ഭരണസംവിധാനങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതുമുണ്ട്. സാധാരണ മനുഷ്യര്‍ക്ക് പ്രാപ്യമാവുന്ന എല്ലാ ഭരണസംവിധാനങ്ങളും സ്ത്രീസൗഹാര്‍ദ്ധമാവാതെ, പൊതുബോധത്തില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന സ്ത്രീവിരുദ്ധ/ബലാല്‍സംഗ ബോധത്തെ ചെറുക്കാതെ ഇതിനൊരു പ്രതിവിധി സാധ്യമല്ല.

വീടും, തെരുവും, തീവണ്ടിയും, ബസ്സും, തൊഴിലിടവുമെല്ലാം അരക്ഷിതത്വത്തിന്റെ ചൂട് പേറി നില്‍ക്കുന്ന ഒരിടത്ത്, സുഹൃത്തുക്കളേ, നിശബ്ദമായിരിക്കുന്നത് മരണതുല്യമാണ്. പോരാട്ടം അനിവാര്യമാണ്. ലിംഗവും ഇരുമ്പ് കമ്പിയും കയറ്റിയിറക്കാവുന്ന തുളകളുള്ള മാംസങ്ങളല്ല പെണ്ണുങ്ങളെന്ന് ഒരുമിച്ച് വിളിച്ച് പറയുക... നീതിക്ക് വേണ്ടി കലാപമാകുക... തെരുവിലാണ് മറുപടി കിട്ടേണ്ടത്..

ജിഷയുടെ മരണത്തില്‍ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന നിസംഗത മാപ്പര്‍ഹിക്കാത്തതാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയും മൃതദേഹം തിരക്കിട്ട് ദഹിപ്പിക്കാന്‍ ന്തേൃത്വം നല്‍കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക. ദളിതരെന്ന നിലയില്‍ ജിഷയുടെ കുടുംബം നേരിട്ട സാമൂഹ്യ പീഡനം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുക.

ജിഷയ്ക്കും ബലാത്സംഗത്തിന് ഇരയായ മറ്റു പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കുക എന്നതിനപ്പുറംസ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന അധികാര വ്യവസ്ഥിതിയോട് കലഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു
ഈ മുദ്രാവാക്യങ്ങളോട് ഐക്യപ്പെടുന്ന കേരളത്തിനകത്തും പുറത്തുള്ളവരും സമരപരിപാടികളില്‍ പങ്കുചേരുമെന്നും സമരസമിതി അറിയിച്ചു.