പെണ്ണുടലിന്റെ ഹാഷ് ടാഗ് നീതി

പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ പേര് പരസ്യമാക്കരുതെന്നാണ് ഇന്ത്യൻ നിയമം അനുശാസിക്കുന്നത്.. ഇരയുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ടാണിത്. ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടികളെ, സ്ഥലപേര് ചേർത്തു മാത്രം മാധ്യമങ്ങൾ വിവരിക്കുന്നതും അതുകൊണ്ടാണ്. അവർ സൂര്യനെല്ലി, കിളിരൂർ, കവിയൂർ ,ഡൽഹി പെൺകുട്ടികളായി പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, മരണപ്പെട്ടു പോയാൽ അവർക്ക് അവരുടെ പേരുകൾ തിരികെ കിട്ടും. സ്വകാര്യത ജീവിച്ചിരിക്കുന്നവർക്ക് മാത്രമാണ്.

പെണ്ണുടലിന്റെ ഹാഷ് ടാഗ് നീതി

ഇനി ഒന്നും ഒരിക്കലും നേടുവാനില്ലാത്ത ജിഷയ്ക്ക് നീതി കിട്ടണം!

ഇന്ന്  ജിഷയുടെ ദാരിദ്ര്യമോ ജാതിയോ ആര്‍ക്കും അയിത്തമല്ല. കാരണം, ഇവയൊക്കെയും ചർച്ചകൾ മാത്രമാണ് എന്ന് അവർക്ക് തിരിച്ചറിവ് അഭ്യുദയകാംക്ഷികള്‍ക്കുണ്ട്. ഡൽഹിയും പെരുമ്പാവൂരും തമ്മിലുള്ള ദൂരമളക്കുന്ന ചർച്ചകൾ.

മരണാന്തര ബഹുമതിയെന്നതിനപ്പുറം ഈ 'നീതി' കൊണ്ട് എന്തർത്ഥമാണുള്ളത്? ക്രൂരമായ അന്ത്യം വിധിക്കപ്പെട്ടു, അതു ഏറ്റുവാങ്ങിയ ഒരു ജന്മത്തിന് ഈ നീതി ഇനി ഒരു വ്യത്യാസവും നൽകുവാൻ പോകുന്നില്ല. അത് ആവശ്യമുള്ളവർ മറ്റു പലരും ഉണ്ടാവും. അവർ ഇപ്പോഴും കെട്ടുറപ്പില്ലാത്ത ചില സുരക്ഷിതത്വത്തിന് പിന്നിൽ മുഖം മറച്ചു നിൽക്കുന്നുണ്ടാവും. അവരെ കണ്ടെത്തണമെങ്കിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കപ്പെടണമെന്ന് മാത്രം.


അന്നും ഹാഷ് ടാഗുകൾ ഉയരും... സ്ത്രീ സുരക്ഷിതത്വത്തിനും അവർക്കുള്ള അസീമമായ കരുതലിനും വേണ്ടി.

ഇരട്ട നീതി തേടുന്ന സ്ത്രീത്വം

സ്ത്രീയുടെ നീതിയക്ക് രണ്ടു മാനങ്ങൾ നൽകേണ്ടതുണ്ട്. 'മരണപ്പെട്ടവൾ' എന്നും 'ജീവിച്ചിരിക്കുന്നവൾ' എന്നും തരം തിരിച്ചുള്ള നീതിയായിരിക്കും കൂടുതൽ പ്രായോഗികം.

മരണപ്പെട്ടവർക്കുള്ള നീതി സുതാര്യമായ അന്വേഷണവും, ഇനി അവശേഷിക്കുന്നവർക്കുള്ള ഉള്ള താക്കീതുമായി മാറും. ഡൽഹി പെൺകുട്ടി അവശേഷിപ്പിച്ച നീതി അതായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ഭേദഗതിയായിരുന്നു ഡൽഹി പെൺകുട്ടിയിലൂടെ സമൂഹം നേടിയെടുത്ത നീതി!

നീതിന്യായ വ്യവസ്ഥിതിയിൽ മാറ്റങ്ങളുണ്ടാക്കാം... അവ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുകയില്ലെങ്കിൽ.. പക്ഷെ മനുഷ്യനെ മാറ്റുവാൻ കഴിയില്ലെന്ന് സമൂഹത്തെ നോക്കി പരിഹസിച്ചു കൊണ്ട് ജിഷയും  നിണം ഒഴുകിയ മാംസപിണ്ഡങ്ങളായി മാറി.

മരണപ്പെട്ടവർക്ക് നമ്മൾ നൽകുന്ന മറ്റൊരു നീതിയുണ്ട്. സൗമ്യയിലൂടെ ഗോവിന്ദ ചാമിയെന്ന അധമന് നമ്മൾ നേടികൊടുത്ത നീതിയാണത്. ‘ജിഷയ്ക്ക് നീതി’യെന്ന ഹാഷ് ടാഗിലൂടെ ഉയരുന്ന പ്രതിഷേധങ്ങൾ ഇനി മറ്റൊരു ഗോവിന്ദ ചാമിയെ സർക്കാർ ചിലവിൽ സംരക്ഷിക്കുവാൻ പോകുന്നതിനപ്പുറം മറ്റെന്തെങ്കിലും അധികം നമ്മൾ ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ ആവശ്യപ്പെടുമെങ്കില്‍ തന്നെ നിയമ പിന്തുണ ഇല്ലാത്തത് കൊണ്ട് അവ പ്രായോഗികമല്ലെന്ന് ഈ പ്രതിഷേധക്കാര്‍ക്കും  അറിയാം.

അങ്ങനെ ആവശ്യപ്പെടണമെങ്കിൽ  നിയമങ്ങളില്‍ തന്നെ മാറ്റങ്ങളുണ്ടാകണം. അത് വോട്ടവകാശത്തെ ബഹിഷ്കരിച്ചോ, തെരുവുകളിൽ വായ് മൂടി കെട്ടി പ്രതിഷേധിച്ചോ വാർത്തകളിൽ നിറയുന്നതല്ല. സോഷ്യൽ മീഡിയകളിൽ ചാതുര്യം നിറഞ്ഞ വാക്കുകളിലെ അനുശോചനങ്ങളിലുമല്ല. അവിടെയാണ് സർക്കാർ ഇടപ്പെടലുകളുണ്ടാകേണ്ടത്. മുമ്പേ മരിച്ചവർക്ക് സമൂഹം നേടി കൊടുത്ത നീതി'യെ പ്രാവർത്തികമാക്കുവാൻ ഉള്ള ഇച്ഛാശക്തിയാണ് ഇവിടെ ആവശ്യം.

സർക്കാർ എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവുമാണെന്ന് മറക്കുന്നില്ല. നിയമങ്ങൾ മാറ്റി എഴുതപ്പെടട്ടെ... അവ നീതികളാകട്ടെ ...നിയമ നിര്‍മ്മാണ സഭകള്‍ നിയമങ്ങളെ മാറ്റി എഴുതട്ടെ, കോടതികള്‍ അവ നടപ്പാക്കട്ടെ.

കൊല്ലപ്പെടുന്നവരുടെ നീതി

ജിഷയ്ക്ക് ഇനി ആ നീതി ആവശ്യമുണ്ടാകില്ല. കരളും, കുടലും ചങ്കും പറിച്ചെടുത്തു അവളെ മാംസപിണ്ഡമാക്കിയ സമൂഹത്തിൽ നിന്ന് ഇനിയെന്തു നീതിയാണ് ആ മരണത്തിന് ആവശ്യമുള്ളത്. മുദ്രാവാക്യങ്ങളും അനുശോചനങ്ങളും വളരെ മുമ്പ് തന്നെ താക്കീത് നൽകിയ അതേ ദാരുണതയാണ് പെരുമ്പാവൂരിലും നടന്നത്. ഒന്നും പുതുമയുള്ളതായിരുന്നില്ല. തിരക്കഥയും രചനയും അതുതന്നെയായിരുന്നു. രംഗത്ത് പ്രവേശിച്ചവർ പുതുമുഖങ്ങളായിരുന്നുവെന്ന് മാത്രം!

ജിഷ എന്നത് ഓർമ്മപ്പെടുത്തുന്ന ഒരു 'ദുരന്ത'മായി മാറിയത് എത്ര പെട്ടെന്നാണ്. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ പേര് പരസ്യമാക്കരുതെന്നാണ് ഇന്ത്യൻ നിയമം. അവളുടെ സ്വകാര്യതയെ മാനിക്കുന്നത് കൊണ്ടാണിത്. ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടികളെ, സ്ഥലപേര് ചേർത്തു മാത്രം മാധ്യമങ്ങൾ വിവരിക്കുന്നതും അതുകൊണ്ടാണ്. അവർ സൂര്യനെല്ലി, കിളിരൂർ, കവിയൂർ ,ഡൽഹി പെൺകുട്ടികളായി പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും അവതരിപ്പിക്കപ്പെടുന്നു.

എന്നാൽ, മരണപ്പെട്ടു പോയാൽ അവർക്ക് അവരുടെ പേരുകൾ തിരികെ കിട്ടും. സ്വകാര്യത ജീവിച്ചിരിക്കുന്നവർക്ക് മാത്രമാണ്. ശാരിയും, അനഘയും, സൗമ്യയും, ജ്യോതിയും അങ്ങനെ പലരും ...ഇപ്പോൾ ജിഷയും! ജീവിച്ചിരുന്നതിന്റെ അടയാളമായി ആ പേര് മാത്രം മടക്കി വാങ്ങി അവർ യാത്രയായി. ഇനി അവർക്ക് മനുഷ്യൻ നല്കുന്ന നീതി ആവശ്യമുണ്ടോ.. ന്യായവിധിയ്ക്ക് ശേഷം എന്ത് നീതീ?

ജീവിച്ചിരിക്കുന്നവരുടെ നീതി

ജിഷയ്ക്ക് നീതി ആവശ്യപ്പെട്ടു പെൺകുട്ടികൾ തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധമറിയിച്ചു. അവരിൽ പലരും, ക്യാമറ തങ്ങളിലേക്ക് തിരിയുമ്പോൾ, തങ്ങളുടെ വസ്ത്രങ്ങളെ കുറിച്ചു ബോധവതികളായി ജാഗ്രത പാലിക്കുന്നുണ്ടായിരുന്നു. തെന്നി മാറുന്ന വസ്ത്രം പ്രകടിപ്പിച്ചേക്കാവുന്ന ലൈംഗീകത പോലും തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നു മറയ്ക്കാൻ അവരും ശ്രദ്ധിക്കുന്നു. ഉള്ളിന്റെയുള്ളിൽ അവർ തിരിച്ചറിയുന്നു.. തങ്ങൾക്കു ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ നീതിയാണാവശ്യം..ഞങ്ങള്‍ കൊല്ലപ്പെട്ടിട്ടില്ലെലോ..

ജീവിച്ചിരിക്കുന്നവരുടെ നീതിയിലാണ് ചിന്തകൾ നിക്ഷേപിക്കപെടേണ്ടത്. അവരുടെ നീതിയ്ക്കും അവകാശത്തിനും വേണ്ടി നിയമങ്ങളും നിയമ സംരക്ഷണവും ആവോളം ഉണ്ടു താനും. പക്ഷെ സ്ത്രീയ്ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും പീഡനങ്ങളുടെയും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂട്ടുവാൻ മാത്രമെ അവ ഉപകരിക്കപ്പെടുന്നുള്ളൂ.

കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ഇവ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാൽസംഗ കേസുകളുടെ എണ്ണത്തിൽ ഇരട്ടിയിൽ അധികം വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇവയിലെത്രയാണ് യഥാർത്ഥമായും നീതി നേടി രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന ചിന്ത ബാക്കിയാകുന്നു.

നല്ലൊരു ശതമാനവും സ്ത്രീ സുരക്ഷയുടെ ആനുകൂല്യങ്ങളിൽ വ്യാജമായി സൃഷ്ടിക്കപ്പെട്ടതുമാണ്. ഉഭയസമ്മതത്തോടെ ലൈംഗീക ക്രിയകളിൽ ഏർപ്പെടുകയും, അവ വ്യാപാര മനോഭാവത്തോടെ വിലപേശുന്ന സ്ത്രീ അവകാശങ്ങളെ കണ്ടില്ലെന്നു നടിക്കുവാനും വയ്യ. നിയമസഭാ തിരഞ്ഞെടുപ്പിന് പല മണ്ഡലങ്ങളിലും നോമിനേഷൻ നൽകുവാനുണ്ടായ സാഹചര്യങ്ങളെ വിശദീകരിച്ച് വാർത്താ സമ്മേളനം നടത്തിയ മഹിളാ രത്നവും പീഡിക്കപ്പെട്ടതായിരുന്നു അത്രേ.

നീതിന്യായങ്ങളെ സ്ത്രീകൾ തന്നെ ഇത്തരത്തിൽ ചൂഷണം ചെയ്യുമ്പോൾ, അരക്ഷിതാവസ്ഥയ്ക്ക് പിന്നിൽ ഭയത്തോടെ ഒളിച്ചിരിക്കപ്പെടേണ്ടി വരുന്നത്, ഫാഷൻ സെൻസുള്ള വസ്ത്രങ്ങളോ, ആകർഷകമായ ശരീര ഘടനയോ നിറമോ, വാക് സാമർത്ഥ്യമോ ഇല്ലാത്ത ജിഷമാരും സൗമ്യമാരുമാണ്. അവരുടെ നിലവിളികൾക്ക് മയക്കുന്ന ചിരിയുടെ വശ്യതയുണ്ടാകില്ല. അവർക്ക് സംരക്ഷകരായി വിനീത വിധേയരായ പുരുഷ കേസരികളുമുണ്ടാകില്ല.

ഹാഷ് ടാഗ് നീതി

ഇളകിയ ഓടാമ്പലും, കെട്ടുറപ്പില്ലാത്ത ഭിത്തികളെയും കുറിച്ച് ജിഷ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ലെല്ലോ.. കമ്പാർട്ട്മെന്റിൽ തനിച്ചായപ്പോൾ തോന്നിയ ഭയത്തെ കുറിച്ച് സൗമ്യ എസ്.എം.എസുകൾ ഒന്നും അയച്ചിരുന്നില്ലല്ലോ ... അവർക്കൊപ്പം പുരുഷൻമാർ ഒന്നും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അവർ സദാചാര ലംഘനത്തിൽ ടാഗ് ചെയ്യപ്പെടാതെ കൊല്ലപ്പെട്ടത് ഒരു തരത്തിൽ അവര്‍ക്ക് ലഭിച്ച ഒരു നീതിയായിരുന്നില്ലെ.

ഡൽഹി പെൺകുട്ടിയ്ക്ക് ലഭിക്കാതെ പോയതും, കേരള പെൺകുട്ടികൾക്ക് ലഭിച്ചതുമായ ഒരു നീതി!

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയുടെ വാഗ്ദാനം ലഭിച്ചു കഴിഞ്ഞു. ഇനിയും സാമ്പത്തിക സഹായങ്ങളും ആ കൊച്ചു വീട്ടിലേക്കു പ്രവഹിക്കും. അനുശോചന സന്ദേശങ്ങളും നല്ല വാക്കുകളും ഇനിയാ പുറമ്പോക്കില്‍  കുറച്ചു നാള്‍ മുഴങ്ങി കേള്‍ക്കും, ചിലപ്പോള്‍ അവിടെ പ്രതിഷേധങ്ങള്‍ ആക്രമണങ്ങള്‍ ആകും.  # ജിഷയ്ക്കു നീതി ലഭിക്കും!

ചാനൽ ചർച്ചകളിൽ സജീവമാകുവാനുള്ള ധൈര്യമില്ലാത്തവർക്ക് ഹാഷ് ടാഗ് നീതികൾ മാത്രമെ അവശേഷിക്കുകയുള്ളൂ. അവർ നിലവിളികളിൽ തന്നെ ഒടുക്കണം! 'ജീവിച്ചിരിക്കുന്നവർക്കുള്ള നീതി ' മാർക്കറ്റിംഗ് തന്ത്രങ്ങളെ അറിയുന്നവർക്കുള്ളതായി ചുരുങ്ങി പോകുന്നു. ഹാഷ് ടാഗ് നീതിയും ഒരു നീതിയാണെല്ലോ എന്ന് ആശ്വസിക്കാം.

പെണ്ണായി ജനിച്ചവര്‍ക്കു ഒന്നും നീതി കിട്ടാതെ പോകരുത്. അത് ഏതു തരം നീതിയാണെങ്കില്‍ കൂടിയും !

Read More >>