കേരളമേ നിന്റെ ഓരോ അണുവിലും അവളുടെ ബലിച്ചോര മണക്കുന്നു…

ജിഷയുടെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്ന് മുദ്രാവാക്യം വിളിച്ചവര്‍ വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങും. സൗമ്യയെ പോലെ പതിയെ ജിഷയും വിസ്മൃതിയിലടയും. പിന്നെ നമ്മള്‍ ഞെട്ടില്ല. അതിനേക്കാള്‍ കടുത്തതൊന്ന് കേള്‍ക്കും വരെ.

കേരളമേ നിന്റെ ഓരോ അണുവിലും അവളുടെ ബലിച്ചോര മണക്കുന്നു…

ജിഷയുടെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല ,അത് ശക്തമാകുന്നതെയുള്ളു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് അന്വേഷണ സംഘം അല്‍പ്പ ദിവസത്തിനകം കൊലപാതകത്തിന്റെ ‘ചുരുള്‍’ നിവര്‍ത്തും. വ്യക്തി വൈരാഗ്യവും പകയും ജിഷയുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കും. ‘യഥാര്‍ത്ഥ ‘പ്രതിയെ/കളെ പിടികൂടും. അവര്‍ക്ക് ശിക്ഷ വിധിക്കും. അതോടെ എല്ലാ പ്രതിഷേധങ്ങളും കെട്ടടങ്ങും.

ജിഷയുടെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്ന് മുദ്രാവാക്യം വിളിച്ചവര്‍ വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങും. സൗമ്യയെ പോലെ പതിയെ ജിഷയും വിസ്മൃതിയിലടയും. പിന്നെ നമ്മള്‍ ഞെട്ടില്ല. അതിനേക്കാള്‍ കടുത്തതൊന്ന് കേള്‍ക്കും വരെ.

അതു കൊണ്ട് ഇനിയൊരു ജിഷ ഉണ്ടാവാന്‍ പാടില്ല. അതിന് ജിഷയുടെ മരണത്തെ മാത്രമല്ല. ആ ജീവിതവും ആ കുടുംബം കടന്നു പോന്ന ഓരോ വഴികളും മുമ്പില്‍ വെച്ച് നീതി പിടിച്ചു വാങ്ങിയേ തീരൂ. ജിഷയുടെ ജീവിതവും മരണവും മറച്ചു വെക്കാന്‍ ശ്രമിച്ച വ്യവസ്ഥിതിയെക്കൊണ്ട് മറുപടി പറയിക്കണം. ദലിതരുടെ വോട്ട് വാങ്ങി ഭരിക്കുന്നവര്‍ മറുപടി പറയണം. അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരും അവരുടെ കാശും ഭൂമിയും മറ്റ് അവകാശങ്ങളും കട്ടെടുക്കുന്നവരും മറുപടി പറയണം. പ്രതികളും പ്രതികളെ കാക്കാന്‍ നോക്കിയവരും മറുപടി പറയണം. അപകടം മണത്തിട്ടും ആ പെണ്‍കുട്ടിക്ക് കാവലൊരുക്കാത്ത അയല്‍ക്കാര്‍ മറുപടി പറയണം. അവളുടെ ചോരയില്‍ നിന്ന് നിറമുള്ള വാര്‍ത്തകള്‍ മാത്രം പാകം ചെയ്‌തെടുത്തവരും അത് രുചിച്ച് ഇരുന്നവരും മറുപടി പറയണം. ഞാനും നിങ്ങളും മറുപടി പറയണം.

അഞ്ചു ദിവസം നിസ്സംഗതയോടെ നിന്ന കേരളമേ നിന്റെ ഓരോ അണുവിലും അവളുടെ ബലിച്ചോര മണക്കുന്നു… ഇനി എങ്ങനെ കഴുകിയാലാണ് ആ മണം മാറുക?വി.പി.റജീന (മാധ്യമ പ്രവര്‍ത്തക )യുടെ പ്രതികരണം