ജിഷ വധക്കേസ്: തിരച്ചിലിന് 1500 പോലീസുകാര്‍

കേസ് തെളിയിക്കുന്നതില്‍ അഗ്രഗണ്യരായ വിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്.

ജിഷ വധക്കേസ്: തിരച്ചിലിന് 1500 പോലീസുകാര്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൊലയാളി പരിചിതനായ ഒരാളെന്ന് ഉറപ്പിച്ച പോലീസ് ഇയാള്‍ക്ക് വേണ്ടി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ അന്യസംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചു ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഊര്‍ജിതമക്കുന്നതിന്റെ ഭാഗമായി 1500ലേറെ പോലീസുകാര്‍ 15 പേര്‍ വീതമടങ്ങുന്ന, 100 സംഘങ്ങളായി തിരിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലടക്കം പരിശോധന നടത്തി വരികയാണ്.


കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കേസ് തെളിയിക്കുന്നതില്‍ അഗ്രഗണ്യരായ വിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്.

ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ മുന്‍കാലങ്ങളില്‍ അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുപോകുന്നത്.

ദീപ പിതാവ് പാപ്പുവിനൊപ്പം താമസിച്ചിരുന്ന സമയത്ത് വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന അന്യസംസ്ഥാന തൊഴിലാളി സംഭവത്തിനു ശേഷം ഒളിവിലാണ്. പരിചിതനായതുകൊണ്ടാണ് ഇയാളെ ജിഷ അകത്ത് കയറ്റിയതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ നാട്ടുകാരനെ പോലീസ് സംശയത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുമില്ല. ഇയാള്‍ ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ദീപയുടെ ഫോണ്‍ സംഭാഷണങ്ങളുടെ ചുവടുപിടിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതുപോലെ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന അമ്മ രാജേശ്വരിയെയും ദീപയെയും സന്ദര്‍ശിക്കുന്നതില്‍ പോലീസ് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപ ആരെയോ ഭയക്കുന്നതായി സൂചനയുണ്ടെന്ന് അവരെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയും സൂചിപ്പിച്ചിരുന്നു.

Read More >>