പ്രതീക്ഷകള്‍ തകര്‍ത്ത് "ജെയിംസ്‌ ആന്‍ഡ്‌ ആലീസ്"

ജെയിംസ്‌ എന്നപരസ്യചിത്രങ്ങളുടെ സംവിധായകനായ യുവാവ്‌, എസ്റ്റേറ്റ്‌ ഉടമയുടെ മകളായ ആലീസിനോടൊപ്പം ജീവിതം ആരംഭിക്കുന്നതും ക്രമേണ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസങ്ങളുമാണ് ജെയിംസ്‌ ആന്‍ഡ്‌ ആലീസ് പറയുന്നത്.

പ്രതീക്ഷകള്‍ തകര്‍ത്ത് "ജെയിംസ്‌ ആന്‍ഡ്‌ ആലീസ്"

രോഹിത് കെ.പി

ദൃശ്യം, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ഛായാഗ്രഹകനായ സുജിത് വാസുദേവിന്റെ ആദ്യ സംവിധാനസംരംഭമാണ് ജെയിംസ് ആന്‍ഡ് ആലീസ്.

ജെയിംസ് എന്ന പരസ്യ ചിത്രങ്ങളുടെ സംവിധായകനായ യുവാവ്, എസ്റ്റേറ്റ് ഉടമയുടെ മകളായ ആലീസിനോടൊപ്പം ജീവിതം ആരംഭിക്കുന്നതും ക്രമേണ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങളുമാണ് ജെയിംസ് ആന്‍ഡ് ആലീസ് പറയുന്നത്.

ഓരോ സിനിമ കഴിയും തോറും മെച്ചപ്പെട്ട അഭിനയം കാഴ്ച വയ്ക്കുന്ന പ്രിഥ്വിരാജ് ഈ ചിത്രത്തിലും മികച്ചു നിന്നപ്പോള്‍ ആലീസ് എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച വേദിക പ്രേക്ഷകരെ നിരാശപ്പെടുത്തി.  ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത് പാര്‍വതി നായരാണ്.


ഇവരെക്കൂടാതെ, മഞ്ജു പിള്ള, സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ബാലതാരം എമിനി സല്‍മാന്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.

കഥയിലേക്ക് :

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കുന്ന ഏര്‍പ്പാട് കഴിഞ്ഞ കുറച്ചു മാസങ്ങളായി മലയാളം-തമിഴ്-ഹിന്ദി ചലച്ചിത്രങ്ങളില്‍ സജീവമാണ്. ഇവിടെയും അത് ആവര്‍ത്തിക്കപ്പെടുന്നു. യാതൊരു പുതുമയുമില്ലാത്ത കഥ പ്രേക്ഷകന് ദഹിക്കാത്ത രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ച ചിത്രമായി മാത്രം ജെയിംസ് ആന്‍ഡ് ആലീസ് ഒതുങ്ങി പോകുന്നു.

ജെയിംസും ആലീസും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് പിങ്കി എന്ന് പേരുള്ള ഒരു മകളും ഉണ്ട് (നല്ല പ്രകടനം  കാഴ്ച വെച്ച ആ ബാലികയുടെ പേര് ഓര്‍ക്കുന്നില്ല). ആലിസ് ഒരു ബാങ്ക് ഉദ്യോഗസ്ഥയും. ജീവിതത്തിലെ ഇവരുടെ തിരക്കുകളും ജെയിംസിന്റെ പെരുമാറ്റങ്ങളും ആ കുടുംബത്തെ കുടുംബ കോടതിയില്‍ എത്തിക്കുന്നു. ആ കുടുംബത്തില്‍ ശേഷം സംഭവിക്കുന്ന കാര്യങ്ങളും ജെയിംസിന് സംഭവിക്കുന്ന മാറ്റങ്ങളും പിന്നീട് സിനിമ ചര്‍ച്ച ചെയ്യുന്നു.

ഒരു സാധാരണ കുടുംബത്തിന്റെ ക്ലീഷേ സീനുകള്‍ഉള്‍ക്കൊള്ളിച്ച ആദ്യപകുതി, നാടകീയത തിരുകി കയറ്റിയ രണ്ടാം പകുതി, ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സിന് നിരക്കാത്ത ക്ലൈമാക്‌സ്. ഇത്രയുമാണ് ജെയിംസ് ആന്‍ഡ് ആലീസ് നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത്.

പോരായ്മകള്‍ :

ദൈര്‍ഖ്യം : 2 മണികൂര്‍ 48 മിനുട്ട് ഈ സിനിമയ്ക്ക് ഒരു അധികപറ്റാണ്. ആളുകളെ ആലോസരപ്പെടുത്താനല്ലാതെ വളരെ അധികം നീളം കൂടിയ  രംഗങ്ങള്‍ സഹായിച്ചില്ല. മെലോഡ്രാമയുടെ അതിപ്രസരവും കല്ലുകടി ഉണ്ടാക്കി എന്ന് പറയാതെ വയ്യ.

മഹാസമുദ്രം, സഹസ്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ഡോ. എസ് ജനാര്‍ദ്ദനന്‍ 'ഹാറ്റ് ട്രിക്' അടിച്ചിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഏകദേശം 3 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചിത്രത്തിലൂടെ കഥകൃത്തും സംവിധായകനും ചേര്‍ന്ന് പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട് എന്നും ആദ്യ ദിവസത്തെ പ്രതികരണങ്ങള്‍ സൂചിപിക്കുന്നു.

പാട്ടുകളെ പറ്റി പറയുകയാണെങ്കില്‍, ശരാശരി എന്ന് മാത്രം പറഞ്ഞു നിര്‍ത്തുകയാകും നല്ലത്.
അവസാന വാക്ക് :

എല്ലാവര്‍ക്കും തൃപ്തികരമായിരിക്കില്ല ഈ സിനിമ.  ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുമില്ല. അടുത്ത ആഴ്ച പുതിയ ഒരു ചിത്രം റിലീസ് ചെയ്യുന്നത് വരെ 'ശരാശരി' നിറഞ്ഞ ഒരു സദസ്സില്‍ പ്രദര്‍ശനം തുടരാന്‍ സാധ്യതയുള്ള ഒരു 'ശരാശരി' ചിത്രം.