"ഗണേഷ് ജയിച്ചത് സെലിബ്രിറ്റി ഇമേജ് ഉള്ളത് കൊണ്ട്"; ജഗദീഷ് നാരദ ന്യൂസിനോട്

കെബി ഗണേഷ് കുമാറും, ജഗദീഷും, ഭീമന്‍ രഘുവുമാണ് പത്തനാപുരം മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത്.

"ഗണേഷ് ജയിച്ചത് സെലിബ്രിറ്റി ഇമേജ് ഉള്ളത് കൊണ്ട്"; ജഗദീഷ് നാരദ ന്യൂസിനോട്

നരസിംഹത്തിലെ ഡിവൈഎസ്പി ശങ്കരനാരായണന്‍, ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍, കോട്ടയം കുഞ്ഞച്ചനിലെ മാത്തന്‍, ഇവര്‍ എല്ലാം നിറഞ്ഞു നിന്നു വോട്ടു ചോദിക്കുന്ന നിയമസഭാ മണ്ഡലമാണ് കൊല്ലം ജില്ലയിലെ പത്തനാപുരം. മലയാള സിനിമ സ്ക്രീനുകളില്‍ നിറഞ്ഞു നിന്നിരുന്ന കെബി ഗണേഷ് കുമാറും, ജഗദീഷും, ഭീമന്‍ രഘുവുമാണ് ഈ മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ഗണേഷ് കുമാര്‍ ഇത്തവണ ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ യുഡിഎഫിന് വേണ്ടി സീറ്റ് നിലനിര്‍ത്താന്‍ എത്തുന്നത് ജഗദീഷാണ്. മണ്ഡലത്തില്‍ സിനിമക്കാരുടെ മാറ്റ് കൂറ്റന്‍ ബിജെപി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവും എത്തുന്നുണ്ട്.


അഭിനേതാവ്, അധ്യാപകന്‍, റിയാലിറ്റി ഷോ വിധി കര്‍ത്താവ്, ഇപ്പോള്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായം. പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും...

 • ഒരുപാട് അഴിമതികളും ആരോപണങ്ങളും നേരിട്ട സര്‍ക്കാരാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. ഇതേ സര്‍ക്കാരിന്റെ പ്രതിനിധിയായി ജനങ്ങളുടെ മുന്നിലേക്ക് ചെല്ലുമ്പോള്‍ അവര്‍ സ്വീകരിക്കുമെന്ന് എത്രത്തോളം വിശ്വാസമുണ്ട്?


അഴിമതികള്‍ എല്ലാം ആരോപണങ്ങള്‍ മാത്രമായിരുന്നു. ഇതില്‍ എത്രയെണ്ണം തെളിയിക്കാന്‍ കഴിഞ്ഞു? ആരോപണങ്ങളെ രാഷ്ട്രീയപ്രേരിതമായി മാത്രം കണ്ടാല്‍ മതി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വികസനത്തിന്‌ പ്രഥമ പരിഗണ കൊടുത്ത സര്‍ക്കാരിന്‍റെ പ്രതിനിധിയായിയാണ് ഞാന്‍ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ 'വീണ്ടും ഒരുവട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍' എന്ന ലക്ഷ്യത്തിലേക്ക് എത്തി ചേരാന്‍ പത്താനപുരത്തെ ജനങ്ങള്‍ എന്റെ ഒപ്പം നില്‍ക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

 • സതീശന്‍ പാച്ചേനി, വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വരെ  സര്‍ക്കാരിന്റെ അഴിമതികളെ പറ്റി വിമര്‍ശനം ഉയര്‍ത്തിയിട്ടില്ലേ? ഈ ഒരു സാഹചര്യത്തില്‍ ഈ അഴിമതി കഥകളെ വെറും ആരോപണങ്ങള്‍ മാത്രമായി ജനങ്ങള്‍ വിലയിരുത്തുമോ?


തീര്‍ച്ചയായും. സതീശന്‍ പാച്ചേനി അടക്കമുള്ള പ്രമുഖര്‍ സര്‍ക്കാരിന് എതിരാണ് എന്നത് കേവലം മാധ്യമ സൃഷ്ട്ടികള്‍ മാത്രമാണ്. മാധ്യമങ്ങള്‍ സൃഷ്ട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് അവരുടെ പേരുകള്‍ ഉപയോഗിക്കുന്നു. വിഎം സുധീരന്‍ അടക്കമുള്ള പ്രമുഖര്‍ അഴിമതി ആരോപണം ഉയര്‍ന്നവര്‍ മത്സരിക്കണ്ട എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അടൂര്‍ പ്രകാശിന്‍റെ അടക്കമുള്ള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹം എങ്ങനെ പങ്കെടുത്തു? ഈ നേതാക്കള്‍ എല്ലാം ചില വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്, പക്ഷെ അവയൊന്നും സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ എതിരെയല്ലായിരുന്നു.

 • ഈ നേതാക്കളുടെ നിലപാടുകള്‍ കോണ്‍ഗ്രസിനകത്തും പുറത്തും വിവാദങ്ങള്‍ക്ക് തിരി തെളിയിച്ചുവെന്നൊരു അഭിപ്രായം അങ്ങയ്ക്ക് ഉണ്ടോ?


ഏറ്റവും അധികം ജനാധിപത്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുപോലെ തന്നെ ഏതൊരാള്‍ക്കും ആരെ പറ്റിയും എന്ത് വിമര്‍ശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും ഈ പാര്‍ട്ടി നല്‍കുന്നുണ്ട്. ഒരു നേതാക്കളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കാന്‍ പാടില്ലയെന്നത് മാത്രമാണ് കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവരുടെ നിലപാട്. വിവാദങ്ങള്‍ക്ക് വഴി വയ്ക്കാനല്ല വിവാദങ്ങള്‍ ഒഴിവാക്കാന് ഈ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.

 • ആരോപണവിധേയര്‍ മാറി നില്‍ക്കണം എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


ഇതിന് വ്യക്തമായ ഉത്തരം നമ്മുടെ മുഖ്യമന്ത്രി തന്നെ നല്‍കിയിട്ടുണ്ട്. തെളിയ്ക്കപ്പെടുന്നത് വരെ ഏതൊരു കുറ്റവാളിയും നിരപരാധിയാണ്. കേവലം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ ഒരാള്‍ മാറി നിന്നാല്‍ അത് വല്ലോതൊരു കീഴ്വഴക്കമായി മാറും. ലാവ്ലിന്‍ കേസില്‍ സിബിഐ കോടതി എടുത്ത ശക്തമായ നടപടികള്‍ അല്ലെ പിണറായിയുടെ മുഖ്യമന്ത്രി കസേര സ്വപ്നങ്ങള്‍ക്ക് ഇതുവരെ തടയിട്ടിരുന്നത്? ഇതു പോലെ കോണ്‍ഗ്രസിസ് മന്ത്രിമാര്‍ക്ക്‌ എതിരെ തെളിവോടു കൂടി സമര്‍പ്പിക്കപ്പെട്ട എത്ര എഫ്ഐആറുകള്‍ ഉണ്ട്?

 • ഈ ആരോപണ വിധേയര്‍ എല്ലാം തെളിയ്ക്കുന്നത് വരെ നിരപരാധികള്‍ ആണോ?


അല്ല. ധാര്‍മികത എന്നതും ഒരു കടമ തന്നെയാണ്. കോടതിയുടെ വിധിയും സാഹചര്യവും ഒക്കെ നോക്കി നില്‍ക്കുന്നവരും ഉണ്ട്, അതിന്റെ ഒപ്പം ധാര്‍മികതയുമുണ്ടാവണം. റെയില്‍വേ അപകടം നടക്കുമ്പോള്‍ റെയില്‍ മന്ത്രി രാജി വയ്ക്കുന്നത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ്.

ബാര്‍ കോഴയും സോളാറുമല്ലാതെ പൊതുജനങ്ങളെ ബാധിക്കുന്ന ഒരു കേസ് ഏതൊരു മന്ത്രിക്ക് എതിരെ വന്നാലും മുഖ്യമന്ത്രി തന്നെ അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. പിജെ ജോസഫും കെപി വിശ്വനാഥനും ഒക്കെ ഇങ്ങനെ മാറി നില്‍ക്കാന്‍ പറഞ്ഞവരാണ്. പിന്നീട് കെപിയുടെ കാര്യത്തില്‍ കോടതി അനുകൂല നിലപാട് എടുത്തു. പക്ഷെ അപ്പോഴേക്കും കെപിയുടെ കരിയര്‍ പോയില്ലേ? ആര്‍ക്ക് എങ്കിലും എതിരെ എന്തെങ്കിലും എഴുതി കൊടുത്താല്‍ ഉടന്‍ നടപടി എന്നത് രാഷ്ട്രീയത്തില്‍ ഒട്ടും അഭികാമ്യമല്ല. മാറി നില്‍ക്കാന്‍ പറഞ്ഞവരെ കുറ്റക്കാര്‍ എന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുമുണ്ട്.

 • കോണ്‍ഗ്രസിന് ഉള്ളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സീറ്റാണ് തൃപ്പൂണിത്തുറ. അവിടെയും വിഷയം അഴിമതി തന്നെയായിരുന്നു.


തൃപ്പൂണിത്തുറയില്‍ പിടി തോമസാണ് സ്ഥാനാര്‍ഥി. അഴിമതിയുടെ നിഴലില്‍ ആയത് കൊണ്ടാണ് അവിടത്തെ സിറ്റിംഗ് എംഎല്‍എ മാറി നില്‍ക്കുന്നത് അല്ലെങ്കില്‍ മാറി നില്‍ക്കാന്‍ ആവശ്യപെട്ടത് എന്നതാണ് മാധ്യമ വാര്‍ത്ത. എന്നാല്‍ ഇത് നൂറു ശതമാനം ശരിയല്ല. കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കട്ടെ എന്നൊരു നിര്‍ദ്ദേശം വന്നിട്ടുണ്ട് എന്ന് പറയുന്നത് പോലും മാധ്യമ സൃഷ്ട്ടിയാണ്. വിഎം സുധീരന്‍ പത്രസമ്മേളനം നടത്തി 10 പേര്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളുടെ സൃഷ്ടികളാണ് ഇതൊക്കെ.

 • പത്തനാപുരത്തേക്ക് വരുമ്പോള്‍, മൂന്ന് സിനിമാക്കാരാണ് ഇവിടെ സ്ഥാനാര്‍ഥികള്‍. സിനിമാക്കാര്‍ മത്സരിക്കുന്ന മണ്ഡലമെന്ന നിലയില്‍ കേരളം മൊത്തം ഈ മണ്ഡലത്തിന്റെ വാര്‍ത്തകള്‍ പിന്തുടരുന്നു. താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു?


ഇവിടെ സിനിമാക്കാരന്‍ എന്നൊരു തരം തിരിവ് ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഗണേഷ് കുമാര്‍ ഇവിടെ തുടര്‍ച്ചയായി വിജയിച്ചു വരുന്നത് രാഷ്ട്രീയ ലേബലില്‍ മാത്രമല്ല.  തുടക്ക കാലത്ത് അദ്ദേഹത്തിന് ലഭിച്ച സെലിബ്രിറ്റി ഇമേജ് തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചത്. സ്വാഭാവികമായും അദ്ദേഹത്തിന് എതിരെ ഒരു സ്ഥാനാര്‍ഥിയെന്ന ചിന്ത വന്നപ്പോള്‍ ഒരു സെലിബ്രിറ്റിയെ തന്നെയാണ് യുഡിഎഫും ലക്ഷ്യമിട്ടത്. അങ്ങനെയാണ് ഞാന്‍ പത്തനാപുരത്തേക്ക് എത്തുന്നത്.

 • ബിജെപിയും ഇതേ ചിന്ത മനസ്സില്‍ വച്ച് തന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയത് എന്ന് കരുതുന്നുണ്ടോ?


ബിജെപിയുടെ കാര്യം എനിക്ക് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയത് രാഷ്ട്രീയവും സിനിമയും ഒരുപോലെയുള്ള ഒരാളെ ലക്ഷ്യം വച്ച് തന്നെയാണ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന നാള്‍ മുതല്‍ കെഎസയുവില്‍ സജീവമാണ്. എസ്എഫ്ഐ അടക്കമുള്ള അക്രമ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളുടെ അടിയും ഇടിയും ഒക്കെ കൊണ്ടാണ് ഞാന്‍ വളര്‍ന്നത്.

 • ജഗദീഷ് എന്ന സിനിമാക്കാരന്റെ കോളേജ് രാഷ്ട്രീയം എങ്ങനെയായിരുന്നു?


കോളെജില്‍ മത്സരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പോസ്റ്റ്‌ യൂണിയന്‍ ചെയര്‍മാനാണ്. രാഷ്ട്രീയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ് യുയുസിയായി മത്സരിക്കുന്നത്. അന്ന് എന്റെ ലക്ഷ്യം കോളേജിലെ ഏറ്റവും വലിയ പോസ്റ്റ്‌ ആയിരുന്നു. അത് ഞാന്‍ ആയിട്ടുമുണ്ട്.

 • പത്താനപുരത്ത് എന്ത് വികസനം നടന്നില്ല എന്നാണ് താങ്കള്‍ കരുതുന്നത്?


ഒരു ചോദ്യത്തിന് ഉത്തരമായി മറു ചോദ്യം ചോദിക്കുന്നത് ശരിയല്ല, എങ്കിലും ഒരു സംശയം, പത്താനപുരത്ത് എന്ത് വികസനമാണ് നടന്നത്?. ഇവിടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നില്ല. ഇവിടത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ എന്റെ ഭാര്യയുടെ വിദ്യാര്‍ഥിയായിരുന്നയാളാണ്. അവര്‍ പറയുന്നത് അവിടെ പേര് മാത്രമേയുള്ളൂ വേറെ ഒരു തരത്തിലുള്ള വികസനമോ പ്രവര്‍ത്തനമോ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇവിടെ നടന്നിട്ടില്ലയെന്നാണ്. പിഎച്ച്സികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല, കിടത്തി ചികിത്സിക്കാന്‍ സൌകര്യമില്ല, ചുരുക്കി പറഞ്ഞാല്‍ വികസന മുരടിപ്പ് തന്നെയാണ് പത്തനാപുരത്ത് ആകെ നടന്നത്.

ടൂറിസം മേഘലയില്‍ പത്താനപുരം ഇന്നും വട്ടപൂജ്യമാണ്. തൊഴില്‍ മേഘലയില്‍ ഗണേഷ് കുമാര്‍ ഒന്നും ചെയ്തില്ലയെന്നതും ഒരു സത്യമാണ്. റോഡുകളും ബസ്സുകളും ശോചനീയാവസ്ഥയിലാണ്. കുടിവെള്ള ക്ഷാമം എന്ന് പറയുന്നത് കേരളത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണ് എങ്കിലും ഇവിടെ കുടിവെള്ള പദ്ധതികള്‍ പോലും 10-15 വര്ഷം ഭരിച്ച എംഎല്‍എ ഇവിടെ ഉണ്ടാക്കിയിട്ടില്ല.

 • ഗണേഷ് കുമാര്‍ ഒരു മികച്ച മന്ത്രിയായിരുന്നുവെന്ന് ഒരു പൊതു വിലയിരുത്തല്‍ ഇല്ലേ?


ആദ്യ കാലങ്ങളില്‍ തീര്‍ച്ചയായും അദ്ദേഹം ഒരു നല്ല മന്ത്രി തന്നെയായിരുന്നു. എന്നാല്‍ ഇടയ്ക്ക് എവിടെയോ വച്ച് അദ്ദേഹത്തിന് താളം തെറ്റി. കൈരളി-നിള-ശ്രീ തീയറ്ററുകളാണ് അദ്ദേഹത്തിന്റെ സംഭാവന. കാരുണ്യ ലോട്ടറി പോലെ പൊതു ജനത്തിന് ഉപകാരപ്പെടുന്ന ഒന്നാണ് കൈരളി-നിള എന്നാണ് അദ്ദേഹം പറയുന്നത് എങ്കില്‍ എനിക്ക് അതിനു മറുപടി ഇല്ല.

 • പത്തനാപുരത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ ഗണേഷ് കുമാര്‍ ഒരു പരാജയപ്പെട്ട എംഎല്‍എയാണോ?


അതെ, വികസനം എന്നത് എന്താണ് എന്നത് ഇവിടത്തെ ജനങ്ങളെ ബോധിപിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് തന്നെ പറയാം. സജീവമായി അദ്ദേഹം ഒരിക്കലും ഈ മണ്ഡലത്തിന്വേണ്ടി നിലനിന്നിരുന്നില്ല. പലപ്പോഴും സ്വന്തം കാര്യം മാത്രമാണ് അദ്ദേഹം നോക്കിയത്. മണ്ഡലത്തിലെ ജനങ്ങള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാനുള്ള മാന്യത പോലും അദ്ദേഹം കാണിച്ചിരുന്നില്ല. ഗണേഷ് കുമാര്‍ ചെയ്തത് എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിയിരുന്നു ഈ സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള പദ്ധതികള്‍ മാത്രമാണ്. പത്തനാപുരം താലുക്ക് എന്നത് അദ്ദേഹത്തിന്റെ ഭരണനേട്ടമല്ല, പക്ഷെ ക്രെഡിറ്റ് എടുക്കാന്‍ അദ്ദേഹം മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

 • യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് പോയത് ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമാണോ?


അതെ, അദ്ദേഹത്തിന് ഈ ഒരു തീരുമാനം എന്ത് കൊണ്ട് എടുത്തു എന്ന് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ദാസ് കാപിറ്റല്‍ വായിച്ചു മനം മാറി പോയതാണ് എന്ന് പറഞ്ഞാല്‍ മനസിലാക്കാം. ചെയ്ത കാര്യങ്ങള്‍ മാത്രം സ്വന്തം അക്കൗണ്ടില്‍ പെടുത്താന്‍ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു. എംപി ഫണ്ടില്‍ നിന്നു വരെ ചെയ്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടന പത്രികയിലുണ്ട്.

 • അധ്യാപകന്‍, അഭിനേതാവ്, റിയാലിറ്റി ഷോ വിധികര്‍ത്താവ്, ഇപ്പോള്‍ രാഷ്ട്രീയം. ഈ മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?


അധ്യാപകന്‍ സിലബസ് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നു, അഭിനേതാവ് സംവിധായകന്‍ പറയുന്നത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു, റിയാലിറ്റി ഷോ ജഡ്ജ് മത്സരാര്‍ഥികളുടെ കുറവുകളും തെറ്റുകളുമെല്ലാം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ഇവിടെ ഞാന്‍ ജനങ്ങളെ സേവിക്കാന്‍ ഒരുങ്ങുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇത് എല്ലാം ഒരേ തോണിയിലെ യാത്രക്കാര്‍ തന്നെയല്ലേ?

 • ജനങ്ങളുടെ പ്രശ്നങ്ങളെ നേരിടാന്‍ ഒരു ജഗദീഷ് ഫോര്‍മുലയുണ്ടോ?


എന്നും കൂടെ നില്‍ക്കുന്ന എംഎല്‍എ എന്ന് നാട്ടുകാര്‍ പറയണം. എംഎല്‍എ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് പറയിപ്പിക്കുന്നതിന് പകരം എംഎല്‍എ ഒരുപാട് ശ്രമിച്ചു, അദ്ദേഹം നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ പറയണം. ഇത് തന്നെയാണ് എന്റെ ഫോര്‍മുല.

 • സിനിമാക്കാര്‍ക്ക് ഇന്ത്യയില്‍ രാഷ്ട്രീയം പറയാന്‍ പാടില്ലയെന്നുണ്ടോ? അമീറും ഷാരുഖും ഒക്കെ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ അനുഭവിച്ചത് നമ്മള്‍ എല്ലാം കണ്ടതല്ലേ?


ഇന്ത്യയില്‍ അസഹിഷ്ണുത കൂടി വരുന്നുണ്ട് എന്നത് ഒരു സത്യമാണ്. മതത്തിന്റെ പേരില്‍ ഇവിടെ പലരും മുതലെടുപ്പിന് ശ്രമിക്കുന്നു. ഷാരൂഖ്‌ അടക്കമുള്ള ആരും മോശമായി എന്തെങ്കിലും പറഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ അവസരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാധാന്യം വരുന്നത്. ഈ ഒരു സാഹചര്യം നേരിടാന്‍ കോണ്‍ഗ്രസിനെ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് തിരിച്ചു വരും.

 • കേരള രാഷ്ട്രീയത്തില്‍ അഴിമതി സാമാന്യ വല്‍ക്കരിക്കപ്പെടുന്നുണ്ടോ?


ഇല്ല. ഇവിടെയുള്ളത് അഴിമതി ആരോപണങ്ങള്‍ മാത്രമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു സര്‍ക്കാരിന്റെ ഭരണ വികസന നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഇവിടെ ജനങ്ങള്‍ എങ്ങനെ വിധിയെഴുതും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

മുഖ്യമന്ത്രിക്ക് എതിരെയുള്ള 'വീഡിയോ ക്ലിപ്പ് ' ആരോപണങ്ങള്‍ മനുഷ്യരഹിതമാണ്. അത്തരം ആരോപണങ്ങള്‍ സിപിഐ(എം) ഒഴിവാക്കണമായിരുന്നു. അത്തരം ആരോപണങ്ങള്‍ തെയിക്കുന്ന വരെ അടിസ്ഥാന രഹിതാമാണ്. പത്രമാധ്യമങ്ങള്‍ അത് ഒരിക്കലും ഒരു വാര്‍ത്തയാക്കാന്‍ പാടില്ലയിരുന്നു. അങ്ങനെ ഒരു വാര്‍ത്ത 'ബ്രേക്കിംഗ്' എന്ന് പറഞ്ഞു റിപ്പോര്‍ട്ട്‌ ചെയ്യേണ്ട അവസ്ഥ എനിക്ക് വന്നിരുന്നേല്‍ ഞാന്‍ അന്ന് ആ ജോലി രാജി വയ്ക്കുമായിരുന്നു.

 • സജീവ രാഷ്ട്രീയത്തിലേക്ക് താങ്കള്‍ വരികയാണ്. ഇനി ജഗദീഷ് എന്ന അഭിനേതാവിന്റെ ഭാവി എന്താണ്?


തല്‍ക്കാലം സിനിമാഭിനയത്തിലേക്ക് പോകുന്നില്ല. ലീല പോലുള്ള മികച്ച വേഷങ്ങള്‍ വന്നാല്‍ മാത്രം  ചെയ്യും. ഫലം എന്തായാലും ഞാന്‍ ജനങ്ങള്‍ക്ക് ഒപ്പം കാണും.

 • സിനിമയിലെ അടുത്ത കൂട്ടുകാരായ അപ്പുകുട്ടനും മഹാദേവനും (ജഗദീഷും മുകേഷും) വെവ്വേറെ ചേരികളില്‍ നിന്നും ജനവിധി തേടുന്നു.


കൊല്ലം പ്രസ് ക്ലബിന്റെ ഒരു പരിപാടിക്ക് ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം എനിക്ക് ഒരുപാട് പിന്തുണ നല്‍കിയിരുന്നു. അദ്ദേഹം ജയിക്കണമെന്ന് പ്രാര്‍ഥിചാല്‍ അത് ഞാന്‍ സൂരജ് രവിയോട് കാണിക്കുന്ന നെറിക്കെടാണ്. അദ്ദേഹം നല്ല സുഹൃത്താണ്. അദ്ദേഹത്തിന് എന്റെ ആശംസകള്‍ ഉണ്ട്.

ജഗദീഷിന് സേഫ് സീറ്റ് യുഡിഎഫ് കൊടുത്തില്ലയെന്ന്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍, കാലങ്ങളായി യുഡിഎഫ് ജയിക്കുന്ന സീറ്റാണ് പത്തനാപുരം എന്ന് മറുപടി പറഞ്ഞത് മുകേഷാണ്.

 • ഭീമന്‍ രഘുവും ഒരു എതിരാളിയാണ്. എങ്ങനെ കാണുന്നു.


അദ്ദേഹം സ്ഥാനാര്‍ഥിയായി വന്നത് വോട്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മാത്രമായി. അദ്ദേഹത്തിന്റെ കോമഡികള്‍ ജനം ഏത് രീതിയിലാണ് സ്വീകരിക്കുന്നത് എന്ന് ആശ്രയിച്ചു ഇരിക്കും അദ്ദേഹത്തിന് കിട്ടുന്ന വോട്ട്.

 • ഗണേഷ് കുമാര്‍-ജഗദീഷ് വാക്ക് തര്‍ക്കങ്ങള്‍ പലപ്പോഴും പ്രതിപക്ഷ ബഹുമാനത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിചില്ലേ?


ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയത് അദ്ദേഹമാണ്. മറുപടി പറയാതെ ഇരിക്കാന്‍ പറ്റില്ലയെന്ന അവസ്ഥയില്‍ ഞാന്‍ മറുപടി പറഞ്ഞു. കൈവിട്ടു പോയി എന്ന് പറയുന്നില്ല, എങ്കിലും ഒഴിവാക്കാമായിരുന്നു.

തിരക്കിട്ട പ്രചാരണ പരിപാടികളിലായിരുന്നു ജഗദീഷ്. അടുത്ത യോഗ സ്ഥലത്തേക്ക് ഓടി എത്താനുള്ള തിരക്കിനിടയില്‍ നിയമ സഭയില്‍ എത്തുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞു ജഗദീഷ് വിട ചൊല്ലി...

Read More >>