അറബ് വംശജനെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഇസ്രായേലി പോലീസുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു

യുവാവ് ഇസ്രായേല്‍ വംശജനാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കോബി കോഹന്‍ സ്ഥിരീകരിച്ചു. മുസ്ലീമായ യുവാവിനെ ജൂത വംശജനല്ലെന്ന കാരണത്താലാണ് പോലീസ് മര്‍ദ്ദിച്ചതെന്നും കോബി ആരോപിച്ചു.

അറബ് വംശജനെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഇസ്രായേലി പോലീസുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു

ടെല്‍ അവീവ്: പൊതു സ്ഥലത്ത് അറബ് വംശജനാണെന്നാരോപിച്ച് യുവാവിനെ ഇസ്രായേലി പോലീസുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടെല്‍ അവീവിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. മഫ്തിയിലുള്ള പോലീസുകാരന്‍ പ്രകോപനമില്ലാതെ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ യുവാവിനെ യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാവിനെ പിന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


സൂപ്പര്‍ മാര്‍ക്കറ്റിന് പുറത്തെ ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ യുവാവിന് സമീപം എത്തിയ ആള്‍ ഇദ്ദേഹത്തോട് തിരിച്ചറിയില്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. യുവാവ് ഇത് നിഷേധിച്ചതോടെ മര്‍ദ്ദനം ആരംഭിച്ചു. പിന്നീടാണ് അക്രമി പോലീസുകാരനാണെന്ന് മനസ്സിലായത്. യുവാവിനെ മര്‍ദ്ദിക്കാന്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.


യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആദ്യം ഇസ്രായേലിലെ പ്രാദേശിക മാധ്യമത്തിലാണ് ആദ്യം വന്നത്. പിന്നീട് ഇത് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. യുവാവിന്റെ തിരിച്ചറിയില്‍ കാര്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലായിരുന്നു. മഫ്തിയിലുള്ള പോലീസുകാരനെ തിരിച്ചറിയാനും യുവാവിനായില്ല. എന്നാല്‍ യുവാവിനെ പറയാന്‍ അനുവദിക്കാതെ പോലീസുദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മര്‍ദ്ദിച്ചതിന് ശേഷം തിരിച്ചുപോയ ഉദ്യോഗസ്ഥര്‍ പിന്നീട് ഒരു സംഘം പോലീസുമായി എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത മധ്യവയ്‌സ്‌കയായ സ്ത്രീയേയും പോലീസുകാര്‍ അപമാനിച്ചു.

അതേസമയം, യുവാവ് ഇസ്രായേല്‍ വംശജനാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കോബി കോഹന്‍ സ്ഥിരീകരിച്ചു. മുസ്ലീമായ യുവാവിനെ ജൂത വംശജനല്ലെന്ന കാരണത്താലാണ് പോലീസ് മര്‍ദ്ദിച്ചതെന്നും കോബി ആരോപിച്ചു.

പോലീസിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവാവിന്റെ കുടുംബം.

Read More >>