ഇസ്രായേല്‍ ഫാസിസത്തിന്റെ പാതയില്‍: മുന്‍ പ്രധാനമന്ത്രി

ഫാസിസത്തിലേക്കാണ് ഇസ്രായേല്‍ സഞ്ചരിക്കുന്നതെന്ന് ഇഹുദ് ബറാക് ആരോപിച്ചു. നിലവിലെ സര്‍ക്കാരിനെ താഴെയിറക്കിയില്ലെങ്കില്‍ ഇസ്രായേലിന്റെ ഭാവി ആശങ്കയിലാണെന്നും ഇഹുദ് ആരോപിക്കുന്നു.

ഇസ്രായേല്‍ ഫാസിസത്തിന്റെ പാതയില്‍: മുന്‍ പ്രധാനമന്ത്രി

ഇസ്രായേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മുന്‍ പ്രധാമന്ത്രി ഇഹുദ് ബറാക്. ഫാസിസത്തിലേക്കാണ് ഇസ്രായേല്‍ സഞ്ചരിക്കുന്നതെന്ന് ഇഹുദ് ബറാക് ആരോപിച്ചു. നിലവിലെ സര്‍ക്കാരിനെ താഴെയിറക്കിയില്ലെങ്കില്‍ ഇസ്രായേലിന്റെ ഭാവി ആശങ്കയിലാണെന്നും ഇഹുദ് ആരോപിക്കുന്നു.

ഒരു പതിറ്റാണ്ടോളം ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു ഇഹുദ്. പിന്നീട് രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായും ഇഹുദ് സേവനമനുഷ്ടിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അടുത്തിടെയുണ്ടായ നടപടികളോട് പ്രതികരിക്കുകയായിരുന്നു ഇഹുദ്.


ഫലസ്തീന്‍ വിഷയത്തില്‍ നെതന്യാഹു സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രി മോഷെ യാലോന്‍ രാജിവെച്ചിരുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ഇസ്രായേല്‍ വേതന്യൂ പാര്‍ട്ടിയെ ഭരണസഖ്യത്തിലേക്ക് കൊണ്ടുവരാനും ആ പാര്‍ട്ടിയുടെ നേതാവായ അവിഗ്‌ദോര്‍ ലീബര്‍മാന് പ്രതിരോധമന്ത്രി പദവി നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നതായി രണ്ടു ദിവസം മുമ്പ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യാലോന്‍ രാജിവെച്ചത്. നെതന്യാഹുവില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ രാജിവെക്കുന്നുവെന്നായിരുന്നു യാലോന്റെ ട്വീറ്റ്.

കടുത്ത ഫലസ്തീന്‍ വിരുദ്ധനായ ഒരാള്‍ക്ക് പ്രതിരോധമന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തനിക്ക് മന്ത്രിസഭയിലുള്ള വിശ്വാസം  നഷ്ടപ്പെട്ടതായി യാലോന്‍ ട്വിറ്ററിലൂടെ പറഞ്ഞു. മുന്‍ സൈനിക ജനറല്‍ കൂടിയായ യാലോന്‍ പാര്‍ലമെന്റംഗത്വവും രാജിവെച്ചു.

ഭരണത്തിലിരിക്കുന്ന ലിക്കുഡ് പാര്‍ട്ടിയില്‍ തീവ്രവാദം വളരുന്നതായും യാലോണ്‍ ആരോപിച്ചിരുന്നു. കടുത്ത ഫലസ്തീന്‍ വിരുദ്ധ നിലപാടുകൊണ്ട് കുപ്രസിദ്ധനാണ് ലീബെര്‍മാന്‍.

നെതന്യാഹുവിന്റെ നടപടികള്‍ക്കെതിരെ മന്ത്രിസഭയില്‍ നിന്നു തന്നെ എതിര്‍പ്പുകളുയരുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാമന്ത്രിയായ ഇഹുദിന്റെ ആരോപണവും വന്നിരിക്കുന്നത്.

Read More >>