മരണത്തിലൂടെയാണോ സ്ത്രീകള്‍ക്ക് നീതി കിട്ടേണ്ടത്?

സൂര്യനെല്ലി മുതല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വരെ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ കേരളത്തില്‍ എത്രയോ ആണ്. അവരില്‍ കൊല്ലപ്പെടാത്ത ആരോടും പ്രബുദ്ധമെന്ന് ഞെളിയുന്ന കേരളീയ സമൂഹം കനിവ് കാട്ടിയതായി ഓര്‍മ്മയില്ല.

മരണത്തിലൂടെയാണോ സ്ത്രീകള്‍ക്ക് നീതി കിട്ടേണ്ടത്?

നിര്‍ഭയ എന്നും ഡല്‍ഹി പെണ്‍കുട്ടി എന്നും അറിയപ്പെടുന്ന യുവതിക്ക് വേണ്ടി തിരുവനന്തപുരത്ത് പ്രതിഷേധം നടന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് 'ഇതൊക്കെ ചെയ്തിട്ട് എന്തിനാ' എന്നാണ്. പ്രതിഷേധങ്ങള്‍ കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയില്ലല്ലോ എന്ന വിലാപമായിരുന്നില്ല അത്. മറിച്ച് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനു പ്രതിഷേധവുമായി ഇറങ്ങണ്ട കാര്യമൊന്നുമില്ലെന്നുമുള്ള പുച്ഛമായിരുന്നു. ശരാശരിയിലും താഴെ ചിന്താശേഷിയുള്ള ഒരാളേക്കാള്‍ ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് എങ്ങനെ ഇത്തരം പ്രതികരണം എന്ന് ചിലരെങ്കിലും അതിശയിച്ചേക്കാം.


പണക്കാരനെന്നോ പണമില്ലാത്തവനെന്നോ  സാമൂഹിക- വിദ്യാഭ്യാസ ഘടനയിലെ വ്യത്യാസം ഇല്ലാതെ ഒരു മിക്കവാറും എല്ലാ മലയാളി പുരുഷന്മാര്‍ക്കുള്ള ചിന്താഗതിയാണിത്. അവര്‍ ചിന്തിക്കുന്നത് ശരിയുമാണല്ലോ! 'നിര്‍ഭയ' പല രൂപങ്ങളില്‍ പല പേരുകളില്‍ ദേശങ്ങള്‍ തോറും ആവര്‍ത്തിക്കപ്പെടുന്നു. എറണാകുളത്ത് പെരുമ്പാവൂരിലും അതാവര്‍ത്തിച്ചു. ജിഷ എന്ന ദളിത് നിയമ വിദ്യാര്‍ത്ഥി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടു.

'എന്തെങ്കിലുമുണ്ടോ' എന്ന ചോദ്യവുമായി ദിവസേന പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കുന്ന പത്രക്കാര്‍ക്കറിയാം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് കേരളത്തിലും ഒട്ടും അപൂര്‍വമല്ലെന്ന്. സാക്ഷരതയില്‍ രാജ്യത്ത് ഒന്നാമതുള്ള കേരളത്തില്‍ പൊലീസ് വെബ്‌സൈറ്റിലെ കണക്കു പ്രകാരം 2011 ല്‍ നിന്ന് 11.5 ശതമാനമാണ് ബാലാത്സംഗ കേസുകള്‍ കൂടിയത്. 2011 ല്‍ 1132 കേസുകള്‍  ആയിരുന്നത് 2015 ല്‍ 1263 ആയി ഉയര്‍ന്നു.
ഇതില്‍ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെയുണ്ട്. അത്തരം പീഡനങ്ങള്‍ക്കൊടുവില്‍  കൊലപാതകവും കൂടിയാകുമ്പോഴേ  മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ, നടുക്ക വാര്‍ത്തകള്‍ പുറത്തു  വിടാന്‍ തുടങ്ങൂ. ലൈംഗിക പീഡനവും കൊലപാതകവും ക്രൂരതയുടെ മുകളിലത്തെ പടി കയറിക്കഴിഞ്ഞാല്‍ നടുക്കത്തിന്റെ ആഴവും കൂടും. അങ്ങനെയാണ്  മറ്റാരുമില്ലാതിരുന്ന സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗോവിന്ദച്ചാമി വലിച്ചെറിഞ്ഞ് ബലാത്സംഗം ചെയ്ത് മരണപ്പെടുത്തിയ സൗമ്യ അല്‍പവും ഹിതകരമല്ലാത്ത കാരണങ്ങളാല്‍ സാമൂഹിക മനസ്സിലേക്ക് കയറിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്  ഓട്ടോ റിക്ഷ ഡ്രൈവര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ തിരുവനന്തപുരം വട്ടപ്പാറയിലെ പത്താം ക്ലാസുകാരി  ആര്യയും  ദുരന്തമുണ്ടാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സാമൂഹിക മനഃസാക്ഷിയില്‍ അങ്ങനെയാണ് ചെറിയ തോതിലെങ്കിലും ഇടം പിടിച്ചത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ജിഷയെയും തേടി ആ കുറ്റവാളി എത്തിയത്. ദുരന്തം ഉണ്ടാകും മുമ്പ് ഒരു സ്ത്രീയുടെ കരച്ചിലിനോ കെഞ്ചലിനോ മേല്‍പ്പറഞ്ഞ മനഃസാക്ഷിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മേല്‍പ്പറഞ്ഞ സമൂഹത്തിന്റെ ഭാഗമായ കുറ്റവാളിക്ക് അറിയാവുന്നതാണല്ലോ. വീട് സുരക്ഷിതമല്ലെന്ന പറഞ്ഞു പഴകിയ പല്ലവി അവിടെ നില്‍ക്കട്ടെ. ആ ചലനമില്ലായ്മ ഒരു സ്വഭാവമാകുമ്പോഴാണ് ആദ്യം പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ പുച്ഛം  സാധൂകരിക്കപ്പെടുന്നത്. പെണ്ണിന് ഏതിടമാണ് സുരക്ഷിതമെന്ന ചോദ്യവും പഴകിയതു തന്നെയാണ്.

ഇത്രയും ക്രൂരമല്ലായിരുന്നെങ്കില്‍ ജിഷയ്ക്ക് വേണ്ടി ഇത്രയും കണ്ണുനീര്‍ ഒഴുകുമായിരുന്നില്ല എന്നതാണ് ഇവിടെ പറയേണ്ടതായ സംഗതികളിലൊന്ന്. ആര്യ (2011 മാര്‍ച്ച് ആറിനാണ് ആര്യ കൊല്ലപ്പെട്ടത്) യുടെ മരണം ഇത്രയും 'നടുക്കമുണ്ടാക്കാന്‍ തക്ക തരത്തില്‍ ക്രൂരമാകാത്തതിനാലാണ്' സാമൂഹിക ബിംബങ്ങളൊന്നും വട്ടപ്പാറയ്ക്കടുത്ത് വേറ്റിനാടുള്ള ആ സാധാരണ വീട്ടിലേക്ക് പോകാതിരുന്നത്. ജിഷയുടെ മരണത്തില്‍ സമൂഹത്തിന് വീണ്ടും വീണ്ടും പറഞ്ഞ് നടുങ്ങാനും ടിവി ക്കാര്‍ക്ക് ഇഴ കീറി ചര്‍ച്ച ചെയ്യാനുമുള്ള ക്രൂരതയുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയയുമായി താരതമ്യം കൂടി ആയതോടെ അനുതപിക്കുന്നവര്‍ക്ക് വേണ്ടതെല്ലാമായി. അപ്പോള്‍ മരണത്തിലൂടെയാണ് ഇവിടെ സ്ത്രീകള്‍ക്ക് നീതി കിട്ടുന്നത്. അപ്പോള്‍ നീതി കിട്ടണമെങ്കില്‍ ക്രൂരമായി മരണപ്പെടണം എന്നുമില്ലേ അര്‍ത്ഥം? സൂര്യനെല്ലി മുതല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വരെ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ കേരളത്തില്‍ എത്രയോ ആണ്. അവരില്‍ കൊല്ലപ്പെടാത്ത ആരോടും പ്രബുദ്ധമെന്ന് ഞെളിയുന്ന കേരളീയ സമൂഹം കനിവ് കാട്ടിയതായി ഓര്‍മ്മയില്ല. സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന് കോടതി വരെ ചോദിക്കുകയുമുണ്ടായി. ബലാത്സംഗം ചെയ്യപ്പെട്ട ശേഷം ജീവന്‍ ബാക്കിയുണ്ടായിരുന്ന പെണ്‍കുട്ടികളോട് (സ്ത്രീകളായി മാറും മുമ്പാണല്ലോ കൂടുതല്‍ പേരും ആക്രമിക്കപ്പെട്ടത്)  അവരുടെയും  കുറ്റമല്ലേ എന്ന സംശയദൃഷ്ടിയായിരുന്നു നമുക്കുണ്ടായിരുന്നത്. അവരുടെ ആരുടെയും വീടുകളിലേക്ക്  ഒരു നേതാവും പോയി കണ്ടില്ല. അവര്‍ക്ക് മാനസിക- സാമ്പത്തിക  പിന്തുണ പ്രഖ്യാപിച്ചവര്‍  മാറി ചിന്തിക്കുന്ന ആ ന്യൂനപക്ഷം മാത്രമായിരുന്നു. അതും എല്ലാവര്‍ക്കും ലഭിച്ചതുമില്ല. മാറ്റി നിര്‍ത്തപ്പെടേണ്ടവരായി നമ്മളവരെ കണ്ടു, മാറ്റി നിറുത്തുകയും ചെയ്തു. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കിളിരൂര്‍ എന്നും പരവൂര്‍ എന്നുമൊക്കെ സ്ഥലനാമങ്ങള്‍ മാത്രമായി ചുരുക്കപ്പെടുമ്പോള്‍ അവര്‍ക്ക് മറ്റൊരു അസ്ഥിത്വമുണ്ടെന്ന് നമ്മള്‍ മറന്നു. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തി സമൂഹത്തില്‍ മറ്റേതൊരാളെയും പോലെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് പകരം മുഖം മറച്ച് ജീവിക്കാന്‍ അവരോട് നാം ആവശ്യപ്പെട്ടു, അങ്ങനെ ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. വീണ്ടും സമൂഹത്തിന്റെ ഭാഗമായി ഇഴുകി ചേരാന്‍ നമ്മളവരെ അനുവദിച്ചില്ല.  അത്തരമൊരു അന്തരീക്ഷം ഒരുക്കാന്‍ മാതമേ ഇക്കാലമത്രയും പഠിച്ചിട്ടും ആഗോള മലയാളിയായിട്ടും നമുക്കു കഴിഞ്ഞുള്ളൂ.മാധവിക്കുട്ടി എഴുതിയതു പോലെ ഡെറ്റോള്‍ ഒഴിച്ച് കഴുകിയാല്‍ പോകാവുന്ന അഴുക്കേ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഉണ്ടാകൂവെന്ന് പെണ്‍ മക്കളെ പറഞ്ഞു പഠിപ്പിക്കാന്‍ തക്ക തരത്തില്‍ നമ്മുടെ മനസ്സ് വളരാതെ പോയി.  അതോടെ ജീവിതം കഴിഞ്ഞൂവെന്ന് ഹതാശാരാക്കൂവാനേ നമുക്ക് കഴിഞ്ഞൂള്ളൂ.

അങ്ങനെയങ്ങനെ ഓരോ തവണയും നമ്മള്‍ സമരസപ്പെട്ടു. അങ്ങനെയങ്ങനെ സൗമ്യയും ജിഷയും വീണ്ടും വീണ്ടുമുണ്ടായി.  അതൊക്കെ സമൂഹ മധ്യത്തിലായിരുന്നിട്ടും ആളില്ലാത്ത വീടുകളിലും ഇടങ്ങളിലുമല്ലേ എന്നോര്‍ത്ത്  വല്ലപ്പോഴുമുണ്ടാകുന്ന  മനഃസാക്ഷി കുത്തിനെ അടുത്ത ദുരന്തം വരെയും നമ്മള്‍ പുറത്തെടുക്കാതെ സൂക്ഷിച്ചു. കോഴിക്കോട് പീഡിപ്പിക്കപ്പെട്ട ബംഗ്ലാദേശ് സ്വദേശിനികളായ പെണ്‍കുട്ടികള്‍ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ ചോദിച്ചത് പോലെ പ്രതികള്‍ പുറത്തു സ്വതന്ത്രരായി നടക്കുമ്പോള്‍ തെറ്റ് ചെയ്യാത്ത ഞങ്ങള്‍ എന്തിനു തടവറയിലെന്ന പോലെ ജീവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാതെ നമളൊഴിഞ്ഞു നടക്കുന്നു. ഒന്നും ചോദിക്കാന്‍ ജിഷയെ ശേഷിപ്പിച്ചല്ലല്ലോ നാം.സരിത സരസ്വതി ബാലൻ

(കൊല്ലം സ്വദേശിയായ ലേഖിക മാധ്യമപ്രവർത്തകയാണു. കേരളകൗമുദി,ഇന്ത്യാ ടുഡേ,ഇന്ത്യൻ എക്സ്പ്രസ്സ്,ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ മാധ്യമങ്ങളിലായി പന്ത്രണ്ടു വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്)

Story by