സണ്‍റൈസേഴ്‌സിന് ഐപിഎല്‍ കിരീടം

ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ മൂന്നാം ഫൈനലിലും റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി

സണ്‍റൈസേഴ്‌സിന് ഐപിഎല്‍ കിരീടം

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സിന് വീണ്ടും ഫൈനലില്‍ കാലിടറി. ക്രിസ് ഗെയ്‌ലും വിരാട് കൊഹ്‌ലിയുമൊക്കെ തകര്‍ത്തടിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സണ്‍റൈസേഴ്‌സ് സ്കോര്‍ മറി കടക്കാന്‍ സാധിച്ചില്ല.

സ്‌കോര്‍- സണ്‍റൈസേഴ്‌സ്- 20 ഓവറില്‍ ഏഴിന് 208 & റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴിന് 200

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ആദ്യം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആര്‍സിബിയുടെ പോരാട്ടം 20 ഓവറില്‍ ഏഴിന് 200 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.


തുടക്കത്തില്‍ ക്രിസ് ഗെയ്ല്‍(38 പന്തില്‍ 76), വിരാട് കൊഹ്‌ലി(35 പന്തില്‍ 54) എന്നിവര്‍ ആഞ്ഞടിച്ചപ്പോള്‍ ആര്‍സിബിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരുന്നു. ഓപ്പണിങ്ങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.3 ഓവറില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ആര്‍സിബിയുടെ വിക്കറ്റുകള്‍ ഓരോന്നായി നഷ്‌ടപ്പെട്ടു. എബി ഡിവില്ലിയേഴ്‌സ്(അഞ്ച്), ഷെയ്ന്‍ വാട്ട്സണ്‍(11), എല്‍ രാഹുല്‍(11) എന്നിവര്‍ക്കൊന്നും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. മലയാളി താരം സച്ചിന്‍ ബേബി പത്ത് പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ബാറ്റ് കൊണ്ട് തിളങ്ങിയ ബെന്‍ കട്ടിങ് രണ്ടു വിക്കറ്റെടുത്തു. 38 പന്തില്‍ 69 റണ്‍സെടുത്ത വാര്‍ണറാണ് ഹൈദരാബാദിന്‍റെ ടോപ്‌സ്കോറര്‍. ബെന്‍ കട്ടിങ് 39 റണ്‍സും യുവരാജ് സിങ് 38 റണ്‍സും നേടി. ആര്‍സിബിക്കു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നും ശ്രീനാഥ് അരവിന്ദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌‌ത്തി.ഐപിഎല്‍ സീസണ്‍ 9മാന്‍ ഓഫ് ദ സീരീസ്- വിരാട് കൊഹ്‌ലി (ആര്‍സിബി)


മാന്‍ ഓഫ് ദ മാച്ച്- ബെന്‍ കട്ടിങ് (എസ്ആര്‍എച്)


എമര്‍ജിങ് പ്ലേയര്‍- മുസ്‌താഫിസുര്‍ റഹ്മാന്‍ (എസ്ആര്‍എച്)


ഓറഞ്ച് ക്യാപ്പ്- വിരാട് കൊഹ്‌ലി (ആര്‍സിബി)


പര്‍പ്പിള്‍ ക്യാപ്പ്- ഭുവനേശ്വര്‍ കുമാര്‍ (എസ്ആര്‍എച്)


മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍- വിരാട് കൊഹ്‌ലി (ആര്‍സിബി)


Read More >>