എം വി നികേഷ്‌കുമാർ സംസാരിക്കുന്നു

മാധ്യമ പ്രവർത്തകന്റെ കുപ്പായം അഴിച്ചുവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി സഖാവിന്റെ കുപ്പായമണിഞ്ഞ എം വി നികേഷ്‌കുമാർ സംസാരിക്കുന്നു. കിണറ്റിൽ ഇറങ്ങിയതിന്റെ പേരിൽ അല്പമൊന്ന് കളിയാക്കപ്പെട്ടാലും കുടിവെള്ളം ചർച്ചയിൽ എത്തിക്കാൻ സാധിച്ചെന്ന് നികേഷ്‌കുമാർ- നാരദ ന്യൂസ് പ്രതിനിധിയോട് സംസാരിക്കുന്നു.

എം വി നികേഷ്‌കുമാർ സംസാരിക്കുന്നു

മാധ്യമ പ്രവർത്തകനായ നികേഷ്‌കുമാർ രൂപപ്പെടുത്തിയ ഒരു ശൈലിയുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളിൽ ഇടപെടുന്ന നികേഷ് ശൈലി ജേർണലിസം വിദ്യാർത്ഥികളുടെ സ്റ്റൈൽബുക്കായി മാറിയതാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ വിഷ്വൽ മീഡിയ ജേർണലിസത്തിൽ ഉണ്ടായ പ്രധാന മാറ്റം. അതിനെ ചോദ്യം ചെയ്യുന്നവരും അനുകരിക്കുന്നവരും ഉണ്ടായി. അപ്പോഴും ഇരുപത്തിനാല് മണിക്കൂർ വാർത്ത മാധ്യമങ്ങളുടെ ചരിത്രത്തിലെ ഒഴിച്ച് കൂടാനാവാത്ത വ്യക്തിത്വമായി നികേഷ്‌കുമാർ മാറി. മുഖ്യധാര മാധ്യമങ്ങളിൽ തമസ്‌കരിക്കപ്പെടുന്ന വാർത്തകൾ ഉണ്ടാക്കിയ ചലനം ഇതുവരെ മാറിയിട്ടില്ല. ഇന്ത്യാവിഷനും പിന്നീട് റിപ്പോർട്ടർ ചാനലും മുഖ്യധാര മാധ്യമങ്ങൾ തമസ്‌കരിച്ച വാർത്തകൾക്ക് രക്ഷാകവചം ഒരുക്കിയെങ്കിൽ അതിന് പിന്നിൽ നികേഷ്‌കുമാർ എന്ന മാധ്യമപ്രവർത്തകന്റെ പങ്ക് വിസ്മരിക്കാനാവില്ല.


തന്റെ മുമ്പിൽ വന്നിരിക്കുന്ന രാഷ്ട്രീയ നേതാവിനെ ചാട്ടുളി പോലുള്ള ചോദ്യങ്ങൾകൊണ്ട് നേരിട്ട നികേഷ്‌കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ഒന്നും ഒഴിവുസമയ വിനോദംപോലെ ചെയ്യാനാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നികേഷ്‌കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയക്കാരനായത്. നീതിയുടെ പക്ഷത്തുനിന്ന മാധ്യമപ്രവർത്തകനിൽനിന്ന് നീതിയുടെ പക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയനേതാവിലേക്കുള്ള മാറ്റം മാത്രമാണ് ഇതെന്ന് നികേഷ്‌കുമാർ പറയുന്നു. ഇപ്പോൾ നികേഷ്‌കുമാർ അഴീക്കോട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥിയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സഖാവ്.

ഇത് ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. തത്ക്കാലം എല്ലാത്തിനും ഉത്തരം പറയുന്നില്ലെങ്കിലും ചില ചോദ്യങ്ങൾക്ക് സഖാവ് നികേഷ്‌കുമാർ ഉത്തരം പറയുന്നു.

അസംബ്ലി ഇലക്ഷനിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാക്കി അഴീക്കോടിനെ മാറ്റിയത് താങ്കളുടെ സ്ഥാനാർത്ഥിത്വമാണ്. മാധ്യമ പ്രവർത്തകനായിരുന്ന നികേഷ്‌കുമാർ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇലക്ഷനിൽ മത്സരിക്കുന്ന വാർത്ത ഒട്ടൊരു അത്ഭുതത്തോടെയാണ് കേരളം കേട്ടത്. എങ്ങനെയാണ് ഈ സാഹചര്യത്തെ വിശദീകരിക്കാൻ സാധിക്കുക.


ഞാൻ 20 വർഷക്കാലം ഒരു മാധ്യമപ്രവർത്തകനായിരുന്നു. ആ മേഖലയിൽ നിന്നുകൊണ്ട് കേരളത്തിന്റെ ജനങ്ങൾക്ക് പരമാവധി നീതി ലഭ്യമാക്കാൻ വേണ്ടിയിടപെട്ടിരുന്നു. ഒരു ചില്ലുകൂട്ടിലിരുന്ന് പോരാ ഇനിയും പ്രതികരണം എന്ന് ഞാൻ തീരുമാനിച്ചു. ഈ അഴിമതി ഭരണത്തിന് അറുതി വരുത്താൻ, ഈ കൊള്ള സംഘത്തെ തൂത്തെറിയാൻ ഇനി രാഷ്ട്രീയത്തിൽ നേരിട്ടിടപെടാൻ തന്നെയായിരുന്നു എന്റെ തീരുമാനം. കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മാധ്യമപ്രവർത്തനത്തിന്റെ തുടർച്ച തന്നെയാണിത്.

മാധ്യമ പ്രവർത്തകനായ നികേഷ്‌കുമാറിന്റെ അഗ്രസ്സീവ്നെസ് കേരളം പലതവണ കണ്ടതാണ്. സ്ഥാനാർത്ഥിയായ മാറിയ നികേഷ്‌കുമാർ ന്യൂസ്റൂമിലെ രീതികൾ തന്നെ പ്രചരണരംഗത്തും ഉപയോഗിക്കുന്നതായാണ് തോന്നുന്നത്.

അഴീക്കോട് എന്റെ നാടാണ്. എനിക്ക് പരിചയമുള്ള കൈത്തറിയും നാട്ടിൻപുറവും കടലും പുഴയുമൊക്കെയാണ് ഇവിടെയുള്ളത്. സഹപാഠികളും സുഹൃത്തുക്കളുമാണ് കുടുംബയൊഗങ്ങളിൽ പങ്കെടുക്കുന്ന പലരും. ഇവർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. അവരുടെ കുടിവെള്ളം മുട്ടിക്കുന്നവരുണ്ടെങ്കിൽ, അവർക്കെതിരെ അഗ്രസീവായി പ്രതികരിക്കേണ്ടി വരില്ലേ. എന്റെ നാട്ടിലെ അവസാന പൗരനും അഭിമാനത്തോടെ ജീവിക്കാനായി ഏതറ്റം വരെയും ഞാനവർക്കൊപ്പം അണിനിരക്കും. ന്യൂസ്‌റൂമിലായാലും പുറത്തും ഞാൻ ശബ്ദിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അവർക്ക് വേണ്ടി വാദിക്കാൻ തന്നെയാണ് എനിക്ക് എന്നും താല്പര്യം

ആദ്യഘട്ടത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നാണ് വാർത്ത വന്നത്. പിന്നീട് പാർട്ടി ചിഹ്നത്തിൽതന്നെയാണ് മത്സരമെന്ന് സ്ഥിരീകരണം ഉണ്ടായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നില്ലേ?

തീർച്ചയായും. ആ ചിഹ്നം നമ്മുടെ അഭിമാന ചിഹ്നം തന്നെയല്ലേ. കേരളത്തെ കേരളമാക്കിയ കൃഷ്ണപ്പിള്ളയും എകെജിയുമെല്ലാം പിടിച്ച കൊടിയിലെ ചിഹ്നം എന്നെ കൂടുതൽ അവേശവാനാക്കുകയാണ്. എന്നെപ്പോലൊരു മാധ്യമപ്രവർത്തകന് ഈ സ്ഥാനാർത്ഥിത്വവും ചിഹ്നവുമെല്ലാം അഭിമാനകരം തന്നെ.

ഈ അസംബ്ലി ഇലക്ഷന്റെ വലിയ പ്രത്യേകതകളിലൊന്ന് രണ്ട് മാധ്യമ പ്രവർത്തകർ, അതും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ മത്സരിക്കുന്നു എന്നതാണ്. ആറന്മുളയും അഴീക്കോടും കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ പ്രിയ മണ്ഡലങ്ങളായി മാറിയിട്ടുണ്ട്. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രതികരണങ്ങൾ എങ്ങനെയാണ്?


മാധ്യമപ്രവർത്തകരുൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽപെട്ട എന്നെ സ്‌നേഹിക്കുന്ന എല്ലാവരും മികച്ച പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും മലയാളികൾ വിളിക്കുകയാണ്. പഴയ സുഹൃത്തുക്കൾ, വിവിധ കാലയളവിൽ ഒപ്പം പ്രവർത്തിച്ച മാധ്യമപ്രവർത്തകർ, മാധ്യമവിദ്യാർത്ഥികൾ എല്ലാവരും അഴീക്കോടെത്തുന്നുണ്ട്, ആശംസകളുമായി. പ്രിയപ്പെട്ട സഹപ്രവർത്തകരെല്ലാവരും തന്നെ ഇതിനെ ഒരു അംഗീകാരമായി തന്നെയാണ് കരുതുന്നത്. അവരെല്ലാം തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും സജീവമായി ഇടപെട്ട് മാത്രമാണ് തിരിച്ച് പോകുന്നത്.

ഗുഡ് മോർണിങ്ങ് അഴീക്കോട് ഏറെ ശ്രദ്ധേയമാകുന്നുണ്ടല്ലോ. നവമാധ്യമങ്ങളിൽ കൂടിയുള്ള താങ്കളുടെ ഇലക്ഷൻ പ്രചരണം വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം കിണറ്റിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും ഉണ്ടായിരുന്നു. ഇതൊക്കെ പുതിയ അനുഭവമല്ലേ. ന്യൂസ് റൂമിൽ നേതാക്കന്മാരെ പലതവണ ഉത്തരംമുട്ടിച്ച താങ്കൾ പുതിയ കാര്യങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത്.


ഞാൻ ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമായിരുന്നു. എന്റെ പ്രചരണത്തിന് ആ മാധ്യമത്തെ ഉപയോഗിക്കരുതെന്ന് എനിക്ക് നിര്ഡബന്ധമുണ്ടായിരുന്നു. അതിനാലാണ് എല്ലാവരിലേക്കും കാര്യങ്ങളെത്താൻ നമാധ്യമങ്ങൾ പ്രധാന പ്രചരണവേദിയായത്. എന്റെ ഇടതുപക്ഷത്തിന്റെ നയങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് ഗുഡ്‌മോണിംഗ് എന്ന പരിപാടി തുടങ്ങിയതും. ഇനി കിണറിൽ ഇറങ്ങിയതിലേക്ക് വന്നാൽ. കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന പരാതിയെത്തുടർന്നാണ് ഞാൻ ഇറങ്ങിയത്. ഇങ്ങനെയുള്ള കിണറുകളിൽ എന്തെങ്കിലും വീഴാൻ കാത്തിരിക്കുമായിരുന്നു, എന്റെ കൗമാരകാലത്ത്. കിണറിൽ ഇറങ്ങുകയെന്നത് എനിക്ക് അത്ര വലിയ സാഹസമുള്ള ജോലിയല്ലായെന്ന്. കിണറിലിറങ്ങിയത് ട്രോളന്മാരുൾപ്പെടെയുള്ളവർ ലോകമാകെ എത്തിച്ചു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഭൗമശാസ്ത്രജ്ഞർ അഴീക്കോടെത്താൻ തയ്യാറായി നിൽക്കുന്നു. കുടിവെള്ളമെത്തിക്കാൻ സാമ്പത്തികസഹായമുൾപ്പെടെ വാഗ്ദാനം ചെയ്തും വ്യക്തികളും കൂട്ടായമകളും സമീപിക്കുകയാണ്. ചില ട്രോളുകളുണ്ടായാലും ലോകമാകെ അഴീക്കോടിൻ കുടിവെള്ള്പ്രശ്‌നം ചർച്ചചെയ്തു. എന്നെ അൽപ്പമൊന്ന് കളിയാക്കിയാലും എന്റെ നാട്ടിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം ചർച്ചയായല്ലോ. ലോകമാകെ കൂടെയുണ്ട്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏത് കിണറിലിറങ്ങാനും എന്ത് അഭ്യാസം കാട്ടാനും ഞാൻ തയ്യാറാണെന്ന് അഴീക്കോടുകാർക്ക ഞാൻ വാക്ക് തരുന്നു.

രാജ്യം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. രാഷ്ട്രീയ, സാമൂഹിക, ധൈഷണിക ഇടങ്ങളിൽ ആർഎസ്എസ് നടത്തുന്ന ഇടപെടലുകളെ ഭയത്തോടെയാണ് പൊതുസമൂഹം കാണുന്നത്. വിഷയത്തിൽ ഇടപെട്ടുകൊണ്ട് പാർട്ടി മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ വ്യക്തമാക്കാമോ? ഈ വിഷയങ്ങളിലെ പാർട്ടിയുടെയും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെയും നിലപാട്?


ഫാസിസത്തിനെതിരെ ഉയർന്നുകേൾക്കുന്ന ശബ്ദം ഇന്ത്യയിൽ ഇടതുപക്ഷത്തിന്റേത് തന്നെയാണ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകൾ രാജ്യം കാതോർത്തിരുന്ന് കേൾക്കുകയാണ്. കാരണം ഈ നാടിനെ സ്‌നേഹിക്കുന്നവർക്ക് അറിയാം, തുടലുപൊട്ടിച്ച് വരുന്ന ഇന്ത്യൻ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂയെന്ന്. ഈ ശബ്ദത്തിന്
രുത്ത് പകരുകയാണ് എന്റെയും ലക്ഷ്യം.

കേരളം കണ്ട ഏറ്റവും മോശം സർക്കാരാണ് കാലാവതി തികച്ചതെന്ന ആക്ഷേപം പലനിലകളിലും ശക്തമാണ്. എങ്കിൽപ്പോലും ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയില്ലതാനും. യുഡിഎഫ് സർക്കാരിന്റെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷത്തിന് കാര്യമായി ഉപയോഗിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ശക്തമാണ്.


ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് നാട്ടിലെ എല്ലാ സർവേകളും പ്രവചിക്കുകയാണ്. കേരളത്തിലെ ജനങ്ങളാകെ ഈ ദുർഭരണത്തിനെതിരെ അണിനിരക്കൻ തയ്യാറായിരിക്കുകയാണ്. മെയ് 19ന് ചരിത്രഭൂരിപക്ഷത്തിലാകും ഇടതുവിജയം. ഇടതുതരംഗമാണ് നാടെങ്ങും. ഈ അഴിമതി സർക്കാർ സമ്മാനിച്ച കെടുതികളനുഭവിക്കാത്ത മനുഷ്യരുണ്ടോ ഈ കേരളത്തിൽ. പ്രബുദ്ധല കേരളത്തിന്റെ മടങ്ങിവരവാകും ഈ തെരഞ്ഞെടുപ്പ്

മാധ്യമ പ്രവർത്തകനായ സമയത്ത് ചോദ്യം ചെയ്തിരുന്ന പലകാര്യങ്ങളോടും രാഷ്ട്രീയക്കാരനാകുന്നതോടെ സന്ധി ചെയ്യേണ്ടിവരും. അതിനായി ഇപ്പോഴേ റെഡിയായിട്ടുണ്ടോ..?

രാഷ്ട്രീയപ്രവർത്തകൻ എന്നത് വളരെ മോശം പ്രവർത്തിയായി ചിത്രീകരിക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. സിനിമയിൽ കേറുക, ജോലിയിൽ കേറുക എന്ന് പറയുമ്പോളും രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നാണ് പറയാറ്. രാഷ്ട്രീയമേഖലയെന്നത് പൊതുനിലവാരത്തിലും താഴെയുള്ള എന്തോ കാര്യമാണെന്ന ധാരണയാണ് വാക്കുകളുടെ ഉപയോഗത്തിലൂടെപ്പോലും പലരും കൈമാറുന്നത്. എന്നാൽ എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ നിന്ന് കൂടുതൽ ഉയർന്ന ഒരു ചുമതലയിലേക്കാണ് ഞാൻ കടന്നിരിക്കുന്നത്. ഇവിടെ സന്ധിചെയ്യലും ചോദ്യം ചെയ്യലുമല്ല, ജനങ്ങളുടെ ശബ്ദമാകുകയാണ് പ്രധാനം. പതിറ്റാണ്ടുകൾ നമ്മെ പിന്നിലേക്ക് നയിച്ച ഒരു നെറികെട്ട ഭരണത്തിനെതിരായി പോരാട്ടമാണിത്. ഇടതുപക്ഷമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇടതുപക്ഷം വരും എല്ലാം ശരിയാകും.