ഭൂമിയിലെ മാലാഖമാരുടെ ദിനം

മാലാഖമാര്‍ എപ്പോഴും ചിരിക്കുന്നവരാണ് പോലും.. അത് പക്ഷെ കഥകളില്‍ ആയിരുന്നു എന്ന് മാത്രം! ഭൂമിയിലെ മാലാഖമാര്‍ക്ക് എപ്പോഴും ചിരിക്കുവാന്‍ കഴിയാത്തതെന്തേ?

ഭൂമിയിലെ മാലാഖമാരുടെ ദിനം

90 കളുടെ ആരംഭത്തിലാണ് നഴ്സിംഗ് പഠനം കേരളത്തിൽ ഇത്ര വ്യാപകമാകുന്നത്. പ്രീഡിഗ്രി കഴിഞ്ഞാൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, അതിനിടയിൽ കൊള്ളാവുന്ന ഏതെങ്കിലും വിവാഹ ആലോചന... അതു വരെ മാത്രം വിശാലമാക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു പെൺകുട്ടികൾക്ക് അന്നുണ്ടായിരുന്നത്. 'പെൺകുട്ടികളെ പഠിപ്പിച്ചിട്ടെന്തു നേടാനാണ്' എന്നു ചിന്തിച്ച മാതാപിതാക്കൻമാരുടെ കാഴ്ചപാട് മാറ്റിയതും നഴ്സിംഗിന്റെ ഈ വൻ മുന്നേറ്റമായിരുന്നു.

യുദ്ധഭൂമിയിൽ പരിക്കേറ്റവരുടെ ക്ഷേമം അന്വേഷിച്ചും, അവർക്ക് വേണ്ടുന്ന ആതുരസേവനം ചെയ്തും അവർക്ക് ഇടയിൽ നടന്ന അവള 'വിളക്കേന്തിയ വനിത, എന്ന് അവര്‍ സ്നേഹത്തോടെ വിളിച്ചു. 1820 മെയ് 12ന് ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഫ്ലോറെൻസ് നൈറ്റിംഗൽ നഴ്സിംഗ് പഠനം തിരഞ്ഞെടുത്തത് കുടംബത്തിനോ, സമൂഹത്തിനോ, ആർക്കും തന്നെ ഉൾകൊള്ളുവാൻ സാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അവർ അംഗീകൃത നഴ്സായി സേവനം അനുഷ്ഠിച്ചു. നഴ്സിംഗ് തനിക്ക് ഈശ്വരന്‍ നിശ്ചയിച്ച നിയോഗമാണെന്ന് ഫ്ലോറെന്‍സ് കരുതി. കാലങ്ങള്‍ക്കിപ്പുറം, ഫ്ലോറെന്‍സ് നൈറ്റിംഗലിന്റെ ജന്മദിനം അന്താരാഷ്ട്ര നഴ്സിംഗ് ദിനമായി ആചരിക്കുന്നു.


വിദേശത്തേക്കുള്ള വാതില്‍ 

കേരളത്തിൽ, പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറിൽ നഴ്സിംഗ് തിരഞ്ഞെടുത്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത് ആതുര സേവനത്തോടുള്ള അഭിനിവേശം മാത്രമാണെന്ന് കരുതുവാൻ വയ്യ. അതിന് വഴിയൊരുക്കിയത് വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് മേഖല സൃഷ്ടിക്കുന്ന വൻ തൊഴിൽ സാധ്യതകളായിരുന്നു. പ്രവാസ ജീവിതത്തിന്റെ മാസ്മരികതയും, തരക്കേടില്ലാത്ത ശമ്പളവുമായി നേഴ്സിംഗ് മേഖല സാധ്യതകൾ തുറന്നപ്പോൾ കേരളം അതിനൊപ്പം ചേരുവാൻ തയ്യാറായി. ഒരു കാലത്ത് റബ്ബർ വ്യവസായം നേടിയ സുവർണ്ണകാലം അവർ നേഴ്സിംഗിന് കൈമാറി.

സ്വയം  മറന്നു പോയവര്‍..

ആൻ മരിയ ഇന്ന് അമേരിക്കയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ സീനിയർ നേഴ്സാണ്. ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഈ 39കാരി നൽകിയ മറുപടിയിൽ ജീവിതത്തിന്റെ വെളുപ്പും കറുപ്പുമുണ്ട്.

"ജീവിതം സന്തോഷകരമാണ്. ആഗ്രഹിച്ചത് പോലെ അമേരിക്കയിലെത്തി. നല്ല വിവാഹ ജീവിതം, കുസൃതി കുരുന്നുകളായ മക്കൾ, തരക്കേടില്ലാത്ത സാമ്പത്തികം.. ഇനിയെന്ത് ആഗ്രഹിക്കാനാണ്. പക്ഷെ, ചിലപ്പോൾ തോന്നും, എനിക്ക് നന്നായി കഥകളും കവിതകളും ആസ്വദിക്കുവാൻ കഴിയുമായിരുന്നല്ലോ. തരക്കേടില്ലാതെ പ്രസംഗിക്കുവാനും, പാട്ടു പാടുവാനും കഴിയുമായിരുന്നെല്ലോയെന്ന്.. ഇപ്പോൾ അവയെല്ലാം മറന്ന് പോയത് പോലെ... എക്സ്ട്രാ ടൈമിന് അധിക ശമ്പളമുള്ളപ്പോൾ എനിക്ക് ഒഴിവാക്കാൻ കഴിയുന്നവയിൽ ഇത് മാത്രമാണുണ്ടായിരുന്നത്. "

എന്തു കൊണ്ട് നഴ്സിംഗ് എന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയാണ് ... അറിയില്ല! കൂട്ടുകാരികളിൽ അധികവും നഴ്സിംഗ് തിരഞ്ഞെടുത്തു. ഒപ്പം ഞാനും! കുടുംബത്തിനും താൽപര്യം ഇതായിരുന്നു .. മറ്റേതെങ്കിലും കോഴ്സിന് ചേർന്നാൽ കരിയർ എന്താകുമെന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല.അത് കൊണ്ട്...

പ്രീഡിഗ്രി കഴിഞ്ഞുള്ള ഒരു ഒഴുക്കിൽ നഴ്സിംഗ് പഠനം തിരഞ്ഞെടുത്തു ഇവിടെയെത്തിയ ആൻമരിയയ്ക്ക് ജീവിതം പല നാടകങ്ങൾ നടക്കുന്ന ഒരു അരങ്ങിന്റെ നിസംഗതയാണ് നല്‍കുന്നത്. ഇനി ഒന്നും മാറി ചിന്തിക്കെണ്ടതില്ലെലോ എന്ന ഭാവം.

അമേരിക്കന്‍ പൗരത്വം ഉറപ്പിച്ച ആന്‍ മരിയക്ക് ജോലിയുടെ അസ്ഥിരതയെ കുറിച്ചു ഭയമില്ല. എന്നാല്‍ മറ്റു പല വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി നേഴ്സിന്റെ സ്ഥിതി അതല്ല.സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും  മടങ്ങി വന്നവര്‍ സംസ്ഥാന തിരഞ്ഞെടുപ്പിനെ പോലും ബഹിഷ്കരിച്ചു സമരത്തില്‍ ഏര്‍പ്പെടുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്. ആന്‍ മരിയയിലും കുറച്ചു കൂടി ഇളം തലമുറയ്ക്ക് നഴ്സിംഗ് പഠനം നൽകിയത് ഭാരിച്ച കടങ്ങളുടെ ഉത്തരവാദിത്തമാണ്. അവ പോലും തിരിച്ചടയ്ക്കുവാന്‍ കഴിയാതെ, ആയുസ്സിന്‍റെ മധ്യഭാഗം പിന്നിടുന്നതിന്റെ ഖേദം എങ്ങനെ വിവരിക്കുവാനാണ്.

നേഴ്സ് എന്നാല്‍ പെണ്ണെന്നു മാത്രമല്ല  

ഒരു കാലത്ത്, നഴ്സിംഗ് മേഖല സ്ത്രീകളുടെ മാത്രം കുത്തക ആയിരുന്നുവെങ്കില്‍, 90 കളില്‍ അതിന്നും മാറ്റമുണ്ടായി. ലിംഗസമത്വം ഇവിടെയും പ്രായോഗികമായി.സ്തീ-പുരുഷ ഭേദമില്ലാതെ നഴ്സിംഗ് ഏവരെയും ആകര്‍ഷിച്ചു പോന്നിരുന്നു. മുന്‍കാലത്ത് നേഴ്സിനെ കുറിച്ചുണ്ടായിരുന്ന സമൂഹത്തിന്റെ ധാരണകള്‍ക്കും മാറ്റം വന്നു. വിവാഹകമ്പോളത്തിലെ മിന്നും താരമായി അവര്‍ മാറി.

ഗള്‍ഫില്‍ പോകണം, കടമെല്ലാം തീര്‍ക്കണം..

27 വയസ്സുകാരി നീത ചെന്നെയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ നഴ്സിംഗ് ട്യൂട്ടറാണ്. എം.എസ്.സി നഴ്സിംഗ് ബിരുദധാരിയായ നീതയ്ക്ക് ശമ്പളം വെളിപ്പെടുത്താൻ അൽപം മടിയുണ്ട്. 'കൊള്ളാവുന്ന ഒരു സാരി' വാങ്ങാൻ തികയില്ലെന്ന് കൂട്ടിക്കോളൂ എന്നായിരുന്നു അതിനുള്ള പ്രതികരണം. എങ്കിലും എനിക്ക് ഒരു ജോലിയുണ്ടെല്ലൊ..അത്രയും ആശ്വാസം!

വൈകാതെ സൗദി മിനിസ്റ്ററിയിൽ ജോലി തരപ്പെടും എന്ന പ്രതീക്ഷയിലാണ് നീത. അതിന് ഡെപ്പോസിറ്റ് ചെയ്യുവാനുള്ള തുക സ്വരുക്കൂട്ടുന്ന കണക്കുകൂട്ടലുകളിൽ ബാങ്കിലെ ഭീമമായ കടം മറന്നു പോകരുത്... വീട്ടിലേക്ക് ഒന്നും കൊടുക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. എന്റെ വിവാഹത്തിനുള്ള പണം എങ്ങനെ കണ്ടെത്തും എന്ന് ഓർത്താണ് ഇപ്പോൾ അപ്പയുടെ ടെൻഷൻ. സൗദിയിൽ പോയി മടങ്ങി വന്നിട്ട് മതി വിവാഹം എന്നു ഞാൻ പറഞ്ഞു... ഇനിയും അവർക്ക് ഞാന്‍ ഒരു ഭാരമാകുന്നത് എങ്ങനെ ...

ഇന്ത്യയില്‍ നഴ്സിംഗ് 'സേവനം' മാത്രമാണ് ..

ഇന്ത്യയിലെ പല സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. കുറഞ്ഞ വേതനം, ക്രമീകൃതമല്ലാത്ത ജോലി സമയം ഒക്കെയും മാനസികനില തെറ്റിക്കുമ്പോഴും, അവർ സൗമ്യരായി ക്ഷമയോടെ രോഗികളെ പരിചരിക്കേണ്ടി വരുന്നു .കാരണം ഇവർ ഭൂമിയിലെ മാലാഖമാരാണ്. വെള്ള വസ്ത്രം അവരുടെ നൈർമല്യതയാണ്. ആ സങ്കൽപ്പങ്ങളിൽ അവർ ബന്ധിതരായിരിക്കുമ്പോള്‍ പി.എഫും, ഇ.എസ്.ഐ ഒക്കെ അവകാശപ്പെടുവാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.

ഒരു രോഗിയോട് ആദ്യം സംസാരിക്കുന്നതും, അവരെ കരുതുന്നതും, അവർക്ക് വേണ്ടി ത്യാഗം നിറഞ്ഞ സേവനം നൽകുന്നതും നേഴ്സുമാർ തന്നെയാണ് എന്ന് സമൂഹം മധുര വാക്കുകള്‍ പൊഴിക്കുമ്പോഴും, ഇവരുടെ ദുരിതങ്ങള്‍ക്കു ഒരു അറുതി ഇല്ലാത്തെതെന്താണ്? ഇവരുടെ ജോലിയെ സേവനം എന്നു വിശേഷിപ്പിക്കുന്നതിൽ യാതോരു അപാകതയുമില്ല. കാരണം, ഒരു ജോലിയിൽ ലഭിക്കേണ്ടുന്ന മിനിമം അവകാശങ്ങൾ പോലും ഇന്ത്യയിൽ ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

വസ്ത്രം മാറാൻ ശരിയായ സൗകര്യങ്ങള്‍ ലഭ്യമാകണമെന്നും, തങ്ങളുടെ ന്യായമായ അവകാശങ്ങളെങ്കിലും അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ടു ഇവർ സമരങ്ങളാരംഭിക്കുന്നത് നമ്മൾ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഭൂമിയിലെ മാലാഖമാർക്കും മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് അവർ മുദ്രാവാക്യങ്ങൾ മുഴക്കി. പക്ഷെ അത് ഏറെ ഫലം ചെയ്തതായി കാണുന്നില്ല. അവർ ഇന്നും സ്വയം തിരഞ്ഞെടുത്ത ദുരിതകയത്തിലാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി അവര്‍ വീണ്ടും മൌനത്തിലേക്ക്‌ മടങ്ങി.

ജനനം മുതൽ മരണം വരെ നമ്മളെ പരിചരിക്കുന്നവരെ വേണ്ടുംവിധം പരിഗണിക്കുവാൻ ആതുര സേവനം നടത്തുന്ന ഒട്ടു മിക്ക ആശുപത്രി അധികാരികളും തയ്യാറാവുന്നില്ല. അവർക്ക് വേണ്ടി വാദിക്കാൻ ഒരു സർക്കാറിനും ഏറെ താൽപര്യവുമില്ല. ഒറ്റപ്പെട്ട സമരങ്ങളിൽ അവർ നിശബ്ദരാകുമെന്ന് സർക്കാറും തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം, തെരുവിൽ കളയാൻ അവർക്ക് സമയമില്ല, അതിനുള്ള മനസ്സും!

ജീവിക്കണം..

സ്വപ്നം കണ്ട ഒരു ജീവിതം കെട്ടിപടുത്തണം. ആഗ്രഹിച്ചത് പോലെയുള്ള ആതുര സേവനത്തിന്റെ ഭാഗമാകണം.... അതിനിടയിൽ അവർ ജീവിക്കുവാൻ മറക്കുന്നുണ്ടാകാം...ലഭിച്ച ജീവിതം ആസ്വദിക്കുവാന്‍ മറക്കുന്നുണ്ടാകം..എങ്കിലും അവര്‍ ഭൂമിയിലെ മാലഖമാര്‍ അല്ലതാകുന്നില്ലെലോ...

കാമ്പസില്‍ മറന്നു വച്ച അവരുടെ തന്നെ ആളത്വത്തെ അവരില്‍ പലരും കണ്ടില്ലെന്നു നടിക്കുന്നു. ലോകത്തെ കുറിച്ച് ഏറെ അറിയുവാനോ അവ ചര്‍ച്ച ചെയ്യുവാനോ കഴിയുന്നില്ല. സ്വപ്നങ്ങളെ  സ്വതന്ത്രമാക്കുവാനും കഴിയുന്നില്ല..ജീവിക്കണം...അത്ര മാത്രം !

വിളക്കേന്തിയ വനിതയുടെ ജന്മദിനത്തിൽ ലോകം നഴ്സുമാരുടെ അന്താരാഷ്ട്ര ദിനം ഈ വര്ഷം ആഘോഷിക്കുന്നതു  'മൂല്യച്യുതി നഷ്ടപ്പെടു പോകുന്ന ആരോഗ്യ മേഖലയിൽ മാറ്റത്തിന് വേണ്ടി' ആഹ്വാനം നൽകിയാണ് .

ദീപ നാളങ്ങൾ തെളിച്ചു അവർ തങ്ങളുടെ പ്രതിജ്ഞയെ ആവർത്തിക്കും... സ്വയമെരിഞ്ഞു മറ്റുള്ളവർക്ക് പ്രകാശമാകുന്നതാണല്ലോ അവരുടെ ജീവിതം!