ഗണേഷ് കുമാറിനെ പിന്തുണച്ച് ഇന്നസെന്റ്

താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണ്. അതില്‍ നിന്നും അവരെ വിലക്കാന്‍ സംഘടനക്ക് കഴിയില്ല"-ഇന്നസെന്റ്

ഗണേഷ് കുമാറിനെ പിന്തുണച്ച് ഇന്നസെന്റ്

താരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോകുന്നതിനെ വിലക്കാനാകില്ലെന്നു താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ്‌ ഇന്നസെന്റ്. പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ ഇറങ്ങിയതിനെച്ചൊല്ലിയുള്ള  വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇന്നസെന്റ്.

"താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണ്. അതില്‍ നിന്നും അവരെ വിലക്കാന്‍ സംഘടനക്ക് കഴിയില്ല"-ഇന്നസെന്റ് വ്യക്തമാക്കി. സലിം കുമാര്‍ 'അമ്മ'യില്‍ നിന്നും രാജി വെച്ചതില്‍ തനിക്കു പരിഭവമില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞ ഇന്നസെന്റ് സലിം കുമാര്‍  ഇത്രയുംകാലം ചെയ്ത ഉപകാരങ്ങള്‍ക്കൊക്കെ നന്ദിയുണ്ടെന്നും പരാമര്‍ശിച്ചു.


അതേസമയം വ്യക്തിപരമായ അടുപ്പം കൊണ്ടാണ് ലാലേട്ടന്‍ തന്റെ പ്രചാരണത്തിനായി എത്തിചേര്‍ന്നതെന്നും സഹോദരനു വേണ്ടി പ്രചാരണത്തിനു വരുന്നതിൽ എന്താണ് തെറ്റെന്നുമാണ് വിവാദങ്ങളെക്കുറിച്ച്  ഗണേഷ്കുമാര്‍ നല്‍കുന്ന വിശദീകരണം. തന്റെ പ്രൈവറ്റ് സെക്രട്ടറിയായ രഞ്ജിത്ത് വഴിയാണ് ഗണേഷ് തന്റെ പ്രതികരണം മാധ്യമങ്ങളെ അറിയിച്ചത്. പ്രചരണവേളയില്‍ തന്റെ അനുജന്‍ എന്നാണു ലാലേട്ടന്‍ തന്നെപ്പറ്റി ജനങ്ങളോട് പറഞ്ഞത്. അദ്ദേഹം രാഷ്ട്രീയം പ്രസംഗിച്ചതുമില്ല. പിന്നെയും ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല എന്നും ഗണേഷ് വിശദീകരിച്ചു.

മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത്‌ സംഘടനാനിയമങ്ങള്‍ക്കു എതിരാണെന്ന് ആരോപിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു. കൂടാതെ ഒരു സുഹൃത്തിനെ ഒഴിവാക്കി മോഹൻലാൽ മറ്റൊരു സുഹൃത്തിന് കൈ നൽകിയതിൽ വിഷമമുണ്ടെന്ന് പത്തനാപുരത്തെ കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയായ നടന്‍ ജഗദീഷും വ്യക്തമാക്കി.
മോഹൻലാലിനെ ബ്ലാക്ക്മെയിൽ ചെയ്താണ് പ്രചാരണത്തിനു കൊണ്ടുവന്നതെന്നും ആരോപിച്ച  ജഗദീഷ് ആ ബ്ലാക്ക്മെയിലിംഗ് എന്തിനായിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണം എന്നും പറഞ്ഞു.