ദളിത് ഉന്മൂലന കാലത്തെ പീഡനങ്ങള്‍

ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായരെ വി. എസിന്റെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോഴും, കവിയൂര്‍ കേസ്സില്‍, മകള്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് 'കണ്ടെത്തി' അന്വേഷണം അവസാനിപ്പിച്ചപ്പോഴും സ്ത്രീ പീഡനമെന്നു കേട്ടാല്‍ ചോര തിളച്ചിരുന്ന 'അന്വേഷി'യും അജിതയും സാറമാരും റജീനക്ക് വേണ്ടി മദംപൊട്ടി തെരുവിലിറങ്ങി പൊതുമുതല്‍ നശിപ്പിച്ചിരുന്ന മറ്റു വര്‍ഗീയ മഹിളാ മണികളും ജിഷയെന്ന ദളിത് പെണ്‍കുട്ടിക്ക് വേണ്ടി പൊരുതട്ടെ.

എടി അഷ്റഫ് കരുവാരകുണ്ട്

ഇറാഖില്‍ നിന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം. സദ്ദാംഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമത പോരാളികള്‍ തൂക്കിലേറ്റി എന്നതായിരുന്നു അത്. വടക്കന്‍ ഇറാഖ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെയാണ് ജഡ്ജി റൗഫ് റഷീദ് അബ്ദുല്‍ റഹ്മാനെ വിമതര്‍ പിടികൂടിയതും തൂക്കിലേറ്റിയതും. 2006-ല്‍ ആയിരുന്നു റൗഫ് അബ്ദുറഹ്മാന്‍, ഇറാഖില്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാം ഹുസൈനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. കുര്‍ദുകളെ കൂട്ടക്കൊല ചെയ്തതിനാല്‍ സദ്ദാം വധിക്കപ്പെടെണ്ടവാനാണെന്ന് ഇന്ത്യയിലടക്കമുള്ള ചില അമേരിക്കന്‍ അനുകൂലികളും അക്കാലത്ത് വാദിച്ചിരുന്നു. എന്നാല്‍, ആ ശിക്ഷ നടപ്പിലാക്കാന്‍ ലോക കൊലയാളിയായ അമേരിക്കക്ക് എന്ത് അവകാശമെന്നോ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ അമേരിക്കയിലേക്ക്

വിസ നിഷേധിക്കപ്പെട്ടിരുന്ന നരേന്ദ്രമോഡിക്ക് അതേ ശിക്ഷ നല്‍കാന്‍ അമേരിക്ക എന്തുകൊണ്ട് തയ്യാറായില്ല എന്നോ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെട്ടിരുന്നുമില്ല. ഇപ്പോള്‍, 2016 മെയ് മാസത്തില്‍, 'യു.എസ്.കമ്മീഷന്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ റിലീജ്യസ് ഫ്രീഡം' പുറത്തു വിട്ട റിപ്പോര്‍ട്ടില്‍, ഇന്ത്യയില്‍ മത സ്വാതന്ത്ര്യം അപകടകരമായ നിലയിലാണെന്ന് പറയുന്നതിന്റെ അടിസ്ഥാനത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ അന്തരാഷ്ട്ര രക്ഷാസമിതിയുടെ ഒരു പ്രകാരംനടപടിയും ഇല്ല. ഇവിടെ വിഷയം അതല്ല; നിഷ്ടൂരമായ കൊലകള്‍ നടത്തുന്ന മൃഗസമാന മനസ്‌ക്കരെ നിയമപരമായി സഹായിക്കുന്ന വക്കീലന്മാരെയും, ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ടാലും ബഹുമാനപ്പെട്ട കോടതിക്ക് 'ബോധ്യ'പ്പെടാത്തതിന്റെ പേരില്‍ കൊലയാളികളെ വെറുതെ വിടുന്ന ജഡ്ജിമാരെയും ജനം കൈകാര്യം ചെയ്യേണ്ടിവരുന്ന കാലം വിദൂരമായിരിക്കില്ല എന്നതാണ്.

ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കൊലകളില്‍ പെരുമ്പാവൂരിലെ ജിഷയുടെ കാര്യത്തില്‍ കൊലയാളികളുടെ ഞരമ്പ് രോഗത്തിനപ്പുറത്ത് ചില നിക്ഷിപ്ത അജണ്ടകള്‍ ഉണ്ടെന്ന് ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണത്തിലൂടെയും ഭീകരതയിലൂടെയും വെളിവാക്കപ്പെടുന്നു. സൗമ്യയുടെ കൊലയാളികള്‍ക്ക് പിറകെ പോകാന്‍ ചങ്കൂറ്റമുള്ള ഒരു പോലീസ് സേനയും അവരെ നിയന്ത്രിക്കാന്‍ അധോലോക ബന്ധമില്ലാത്ത ഭരണാധികാരികളും ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇത്രത്തോളം കൊലകള്‍ കേരളത്തില്‍ നടക്കില്ലായിരുന്നു. ജിഷയുടെ കൊലയാളിയെ നിയമത്തിന് വിട്ടുകൊടുക്കാതെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഒരു സാധാരണ സ്ത്രീയായ സൗമ്യയുടെ മാതാവ് പോലും പറയഞ്ഞതിലൂടെയെങ്കിലും, നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രമാത്രം അധോലോക ബന്ധിതമാണ് എന്നും നിലവിലുള്ള ഉദ്യോഗസ്ഥ വര്‍ഗ്ഗം എത്രമേല്‍ ജനവിരുദ്ധരാണ് എന്നും അതുകൊണ്ടുതന്നെ മനുഷ്യ ജീവനും സ്വത്തിനും എന്ത് വിലയാണ് ഉള്ളത് എന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിച്ചു പോകുന്ന നിയമപാലകരുടെ മാത്രമല്ല, 'സത്യമേവ ജയതേ' എന്ന ആപ്ത വാക്യം ഹൃദയാന്തരങ്ങളില്‍ വിനിവേശിപ്പിക്കേണ്ട വിധികര്‍ത്താക്കളുടെയും വിചിന്തനങ്ങള്‍ക്ക് വിഷയീഭവിക്കപ്പെടുത്തുമോ?

സ്ത്രീ പീഡനവും കൊലയും നടന്നാലും കൊലയാളികള്‍ ഒരിക്കലും നിയമത്താല്‍ കൊല്ലപ്പെടുകയോ അര്‍ഹമായ ശിക്ഷ പോലും നല്‍കപ്പെടുകയോ ചെയ്യില്ലെന്ന തിരിച്ചറിവ് കേരള ജനതയ്ക്ക് ഉണ്ടായത് ശാരി എസ് നായരുടെ ദാരുണ മരണത്തോടെയാണ്. 'വി.ഐ.പി' യുടെ 'സന്ദര്‍ശന'ത്തിനു ശേഷം ഭയചികിതയായി തളര്‍ന്നു പിടഞ്ഞ ആ കൗമാരക്കാരിയുടെ മരണം മാതാപിതാക്കള്‍ക്ക് തീരാ ദുഃഖവും വേദനയും ശാരിയുടെ മകള്‍ക്ക് അരക്ഷിത ഭാവിയുമാണ് നല്‍കുന്നതെങ്കിലും അതിലൂടെ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചുവെങ്കിലും തന്റെ ഓഫീസില്‍ നിന്ന് വി ഐ പികളുടെ ക്രൂര പീഡന വിവരങ്ങള്‍ അടങ്ങുന്ന കേസ്സ് ഫയല്‍ കളവു പോവുകയായിരുന്നു!  ഇടതു മന്ത്രിമാരാലും മന്ത്രി പുത്രന്മാരാലും  കൊല്ലപ്പെട്ട ശാരി എസ് നായരുടെ കൊലയാളികളെ കണ്ടെത്താന്‍ വേണ്ടി സമരം ചെയ്ത ശാരിയുടെ പിതാവ്  സുരേന്ദ്രന്‍ നായരെ വി. എസിന്റെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോഴും, കവിയൂര്‍ കേസ്സില്‍,  മകള്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് 'കണ്ടെത്തി' അന്വേഷണം അവസാനിപ്പിച്ചപ്പോഴും സ്ത്രീ പീഡനമെന്നു കേട്ടാല്‍ ചോര തിളച്ചിരുന്ന 'അന്വേഷി'യും അജിതയും സാറമാരും റജീനക്ക്  വേണ്ടി മദംപൊട്ടി തെരുവിലിറങ്ങി പൊതുമുതല്‍ നശിപ്പിച്ചിരുന്ന മറ്റു വര്‍ഗീയ മഹിളാ മണികളും ജിഷയെന്ന  ദളിത് പെണ്‍കുട്ടിക്ക് വേണ്ടി പൊരുതട്ടെ.

വിഎസ് മുഖ്യമന്ത്രി ആയതോടെ അജിത തന്റെ 'അന്വേഷി'യെ കുതൂഹലം ഉപേക്ഷിച്ചിരുന്നു. ശാരിയെ മറവു ചെയ്യുന്ന സമയത്ത് ' കൊലയാളികളെ , നിങ്ങള്‍ക്ക് മാപ്പില്ല' എന്ന് മുദ്രാവാക്യം വിളിച്ച് കൂവിയ  ഡിവൈഎഫ്‌ഐക്കാര്‍ വി.ഐ.പിയെ തിരിച്ചറിഞ്ഞതുകൊണ്ടാകണം , പിന്നീട് ഇന്നുവരെ മിണ്ടിയിട്ടില്ല! ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് പീഡനത്തില്‍ പങ്കാളിയാണെന്നറിഞ്ഞതോടെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്നീട് അത് കേള്‍ക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇടതു മന്ത്രി പുത്രന്മാരിലേക്ക് അന്യേഷണമെത്തിയതോടെ സിബിഐയും പിന്‍വലിക്കപ്പെട്ടു. ശാരിയുടെ പിതാവിന്റെ അവശത നിറഞ്ഞ അനുഭവങ്ങളും  കേസന്വേഷണത്തിലെ തിരിമറികളും പ്രക്ഷേപണം ചെയ്യപ്പെട്ടപ്പോള്‍ കോടതി നിര്‍ദേശപ്രകാരം തുടര്‍ സംപ്രേഷണം തടയപ്പെട്ടു. സ്ത്രീ പീഡകരെ  കയ്യാമം വെച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം അടയിരുന്നിട്ടും ഒന്നും ചെയ്യാതെ വീണ്ടും മലമ്പുഴയില്‍  മത്സരിക്കാന്‍ ചെന്ന  വി.എസിനെതിരെ പ്രചരണം നടത്തിയ സുരേന്ദ്രകുമാറിനെയും ഭാര്യയേയും പണം ഭീഷണിപ്പെടുത്തി ഒതുക്കി. സ്ത്രീ സംരക്ഷണത്തിന്റെ അപ്പോസ്തലനായി വാഴ്ത്തപ്പെട്ട വി. എസ് ജീവിച്ചിരിക്കുമ്പോള്‍ പോലും നീതിലഭിക്കില്ലെന്ന് മനസ്സിലാക്കിയ ശാരിയുടെ പിതാവ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തമസ്‌ക്കരിക്കപ്പെട്ടു! ജിഷയുടെ കേസന്വേഷണത്തിന്റെയും പരിസമാപ്തി ഇപ്രകാരമൊക്കെ തന്നെ ആയിരിക്കും. കാരണം, അനഘയെന്ന നമ്പൂതിരിക്കും ശാരിയെന്ന നായര്‍ക്കും കിട്ടാത്ത നീതി, കിടക്കാന്‍ കൂരമാത്രമുള്ള  ഒരു ദളിത് പെണ്‍കുട്ടിക്ക് കിട്ടില്ലെന്നത് തന്നെ. അതും രമേശന്‍ നായരുടെ പോലീസ് കേരളത്തിലും ദളിത് വിരുദ്ധതയും വിദ്യാ സമ്പന്നരായ ദളിത് ന്യുനപക്ഷ വിദ്യാര്‍ഥികളെ ഉന്മൂലനം ചെയ്യലും ദിനചര്യയും ഭരണ സപര്യയുമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ സി.ബി.ഐ ഇന്ത്യയിലും ഉള്ളപ്പോള്‍!  തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍  ജിഷയുടെ ഘാധകനെ  അക്രമാസക്തരായേക്കാവുന്ന ജനങ്ങളില്‍നിന്ന്  എങ്ങിനെ രക്ഷിക്കാം, പിടിക്കപ്പെട്ട് ജയിലില്‍ അടച്ചാല്‍ തന്നെ ഗോവിന്ദച്ചാമിയെക്കാള്‍ മികച്ച പരിചരണം എങ്ങിനെ നല്‍കാം എന്നൊക്കെയായിരിക്കും നമ്മുടെ ഭരണ - പ്രതിപക്ഷ മേലാളന്മാര്‍ കൂടിയിരുന്ന് ആലോചിക്കുന്നത്.

ഏതു ഭരണ കൂടത്തിന് കീഴിലും ക്രിമിനലുകള്‍ സംരക്ഷിക്കപ്പെടുമെന്നും എതുമുന്നണി ഭരിച്ചാലും നേതാക്കളും അവരുടെ മക്കളും സുരക്ഷിതരായിരിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ട്,  താന്‍ വ്യഭിചാരിയാണെന്ന് മൈക്കിനു മുമ്പില്‍ വന്ന് പ്രഘോഷണം നടത്തുന്നവര്‍ക്ക് വേണ്ടിയോ ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനോ എതിര്‍പക്ഷത്ത് നില്‍ക്കുന്ന നേതാവിനെ ഒതുക്കാനോ അല്ല. അകാരണമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയാകണം സ്ത്രീ സംരക്ഷണ വാദികളുടെ സംഘടിത പോരാട്ടം. കേരളം ഇനി ഭരിക്കാന്‍ പോകുന്ന നേതൃത്വത്തിനോട് വിനീതമായ അപേക്ഷ, നിങ്ങള്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഐക്യമുന്നണികളായിക്കൊണ്ട്  കട്ട് മുടിക്കുകയോ ബാക്കി വല്ലതും  ഉണ്ടെങ്കില്‍ വിദേശ രാജ്യങ്ങളിലെ നിങ്ങളുടെ ബിസിനസ്സ് പങ്കാളികള്‍ക്ക് പതിച്ചു നല്‍കുകയോ ചെയ്‌തോളൂ. ഇന്‍സ്റ്റാള്‍മെന്റ് ഭരണമോ അഡ്ജസ്റ്റ്‌മെന്റ് സമരമോ നടത്തിക്കോളൂ.  അമേരിക്കയുടെ ക്ഷണം സ്വീകരിച്ച് അവിടെ പോവുകയോ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടവര്‍ അവരുടെ വിഭവങ്ങള്‍ കേരളത്തിന്റെ അടുക്കളയില്‍ വിളമ്പുകയോ ചെയ്‌തോളൂ.  ക്ഷണികമായ ഈ ലോകത്ത്, ശാരീരിക ക്ലേശങ്ങളാലും മാനസിക പീഡനങ്ങളാലും തളര്‍ന്ന്,  കുളിക്കാന്‍ അല്ല കുടിക്കാന്‍ പോലും ശുദ്ധജലം ലഭിക്കാതെ മക്കള്‍ പട്ടിണികിടക്കാതിരിക്കാന്‍ വേണ്ടി പാടത്തും പറമ്പിലും പാര്‍പ്പിടങ്ങളിലും പണിയെടുക്കാന്‍ പോകുന്നവര്‍ മരിച്ചു വീഴാതിരിക്കാന്‍ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നറിയാം.  പക്ഷേ, ദയവായി പട്ടിണികൊണ്ട് വയറൊട്ടി കരഞ്ഞു തളര്‍ന്ന്  മാതാവിന്റെ മാറോട് ചേര്‍ന്നുകിടക്കുന്ന  പിഞ്ചുകുഞ്ഞിനെ അടര്‍ത്തിയെടുത്ത് പീഡിപ്പിച്ചു കൊന്ന് കുപ്പത്തൊട്ടിയിലെറിയുന്നവരെ ജയിലില്‍ സുഖവാസം നല്‍കി തീറ്റിപ്പോറ്റരുത്.  വികസനത്തിന്റെ പേരിലും  മുതലാളിത്ത പ്രീണനത്തിന് വേണ്ടിയും ചെട്ടറ്റക്കുടിലുകളില്‍  കിടന്നുറങ്ങുന്നവരെ ആട്ടിയിറക്കുകയോ തീവെച്ചു നശിപ്പിക്കുകയോ ചെയ്യുന്നതിന് മുന്‍പ് മനുഷ്യ ജീവന് അവരെ പുനരധിവസിപ്പിക്കുക. പട്ടികള്‍ക്കും പശുക്കള്‍ക്കും വേണ്ടി നിയമ നിര്‍മ്മാണം നടത്തുന്നതിന് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരുടെ മേല്‍ കരുണ ചൊരിയുക. നിസ്സഹായരായ ഗ്രാമീണരിലും  ആദിവാസികളിലും മരുന്ന് പരീക്ഷണം നടത്തി വംശീയ ഉന്മൂലനം നടത്താതിരിക്കുക. ഇല്ലെങ്കില്‍ ഓര്‍ക്കുക, അധികാരങ്ങളും അംഗരക്ഷകരും എക്കാലത്തും നിങ്ങളുടെ രക്ഷക്കെത്തുകയില്ല; നഷ്ടപ്പെട്ടവരില്‍ നിന്നും മര്‍ദ്ദിക്കപ്പെട്ടവരില്‍നിന്നും ഉയര്‍ന്നു വരുന്ന ചാവേറുകളെ പ്രധിരോധിക്കാന്‍ ഒരു ബുള്ളറ്റ് പ്രൂഫിനും കഴിയില്ല.

Read More >>