വയനാടൻ മണ്ണിന്റെ കഥ; സി കെ ശശീന്ദ്രൻ സംസാരിക്കുന്നു

മണ്ണിന്റെ മണമുള്ള ഒരു കർഷകന്റെ ശബ്ദമാണ് സി കെ ശശീന്ദ്രൻ എന്ന വയനാടിന്റെ സ്വന്തം ശശിയേട്ടന്. ശശിയേട്ടനെ വ്യത്യസ്തനാക്കുന്നത് ആ ശബ്ദമാണ്. തോട്ടം തൊഴിലാളിക്കുവേണ്ടിയാണ് ആ ശബ്ദം ഇടയ്ക്ക് മുഴങ്ങുന്നത്. അതിനെക്കാൾ ശബ്ദത്തിൽ മുഴങ്ങുന്നത് ആദിവാസികൾക്ക് വേണ്ടിയാകും. കർഷകന്റെ കാര്യം പറയുമ്പോൾ ഇതിൽ മാറ്റമൊന്നുമില്ല.

വയനാടൻ മണ്ണിന്റെ കഥ; സി കെ ശശീന്ദ്രൻ സംസാരിക്കുന്നു

സി കെ ശശീന്ദ്രൻ/ ക്രിസ്പിൻ ജോസഫ്

സി കെ ശശീന്ദ്രൻ എന്ന പേരിനൊപ്പം 'സാധാരണക്കാരിൽ സാധാരണക്കാരൻ' എന്ന പ്രയോഗവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മണ്ണിന്റെ മണമുള്ള ഒരു കർഷകന്റെ ശബ്ദമാണ് സി കെ ശശീന്ദ്രൻ എന്ന വയനാടിന്റെ സ്വന്തം ശശിയേട്ടന്. ശശിയേട്ടനെ വ്യത്യസ്തനാക്കുന്നത് ആ ശബ്ദമാണ്. തോട്ടം തൊഴിലാളിക്കുവേണ്ടിയാണ് ആ ശബ്ദം ഇടയ്ക്ക് മുഴങ്ങുന്നത്. അതിനെക്കാൾ ശബ്ദത്തിൽ മുഴങ്ങുന്നത് ആദിവാസികൾക്ക് വേണ്ടിയാകും. കർഷകന്റെ കാര്യം പറയുമ്പോൾ ഇതിൽ മാറ്റമൊന്നുമില്ല.പുതിയ വയനാടിനായി പോരാടുമെന്നാണ് ശശിയേട്ടൻ പറയുന്നത്. കാർഷിക വ്യവസായ ജില്ലയാക്കി വയനാടിനെ മാറ്റുമെന്നും സി കെ ശശീന്ദ്രൻ. യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കല്പറ്റയിൽനിന്ന് ജയിച്ചുവന്ന ശശിയേട്ടൻ സംസാരിച്ചത് മുഴുവൻ തോട്ടം തൊഴിലാളികളെക്കുറിച്ചും ആദിവാസികളെക്കുറിച്ചും കൃഷിക്കാരെക്കുറിച്ചുമാണ്. വയനാടിന്റെ മണ്ണിന്റെ കഥയാണ് ശശിയേട്ടന്റെ ജീവിതം. സി കെ ശശീന്ദ്രൻ സംസാരിക്കുന്നു.


ഒരുവശത്ത് ശ്രേയാംസ്‌കുമാർ. മറുവശത്ത് സാധാരണക്കാരിൽ സാധാരണക്കാരനായ സി കെ ശശീന്ദ്രൻ. കേരളം ഉറ്റുനോക്കുന്ന മണ്ഡലമാക്കി കല്പറ്റയെ മാറ്റിയത് മാഷിന്റെ സ്ഥാനാർത്ഥിത്വമാണെന്ന് പറയാം. വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്. ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?

സ്ഥാനാർത്ഥിയാകുമ്പോൾ എൽഡിഎഫ് എന്ന നിലയിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. ഏതൊരു സ്ഥാനാർത്ഥിയേയും പോലെ വിജയപ്രതീക്ഷയോടെ തന്നെയാണ് ഞാനും മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ ഇലക്ഷൻ പ്രചരണം തുടങ്ങി ദിവസങ്ങൾക്കകം ലഭിച്ച പിന്തുണ വിജയപ്രതീക്ഷ ഉയർത്തി. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പെട്ടവരും പിന്തുണയുമായെത്തി. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത ലഭിച്ചതോടെ വിജയം ഉറപ്പാക്കി. ആറായിരം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് ഇലക്ഷന് മുമ്പുള്ള പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചാണ് ഇത്ര വലിയ ഭൂരിപക്ഷം മണ്ഡലത്തിലെ വോട്ടർമാർ നൽകിയത്.

എൽഡിഎഫിന്റെ പിന്തുണ കൂടാതെ അതിനോട് രാഷ്ട്രീയമായി യോജിക്കാത്തവർപ്പോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അല്ലാതെ ഇത്രയും വലിയ ഭൂരിപക്ഷം ഉണ്ടാകാനുള്ള സാധ്യതയില്ല. ഐഎൻടിയുസി പ്രവർത്തകർപോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. രാഷ്ട്രീയമായ കാരണങ്ങളാൽ അവർക്ക് എനിക്കുവേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ലായിരിക്കും. എന്നാൽ വോട്ടുകൾ എനിക്കാണെന്ന് ഭൂരിപക്ഷം തെളിയിക്കുന്നു.

വയനാട് യുഡിഎഫിനു വലിയ സ്വാധീനമുള്ള ജില്ലയാണ്. കല്പറ്റയാവട്ടെ, യുഡിഎഫിനു മേൽക്കൈയുള്ള മണ്ഡലവും. ഇവിടെ ശ്രേയാംസിനെ അട്ടിമറിച്ച് പിടിച്ചെടുത്ത മണ്ഡലം നിലനിർത്തുക എന്നത് ഭഗീരഥപ്രയത്‌നം ആവശ്യപ്പെടുന്ന കാര്യമാണ്. സാധാരണഗതിയിൽ യുഡിഎഫുകാർ മണ്ഡലം നിലനിർത്തുന്നത് ചാത്തത്തിനും നൂലുകെട്ടിനും അടക്കം ഹാജരായിക്കൊണ്ടാണ്. ഇവിടെ കല്പറ്റയിൽ അതേ രീതിയായിരിക്കുമോ താങ്കളും പിന്തുടരുക?


ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സുഖദുഃഖങ്ങളിൽ പങ്കാളിയാകുന്നത് പൊതുപ്രവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ അതൊന്നുമല്ല ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്. അതിനപ്പുറമുള്ള ഒരുപാട് കാര്യങ്ങൾ ഒരു ജനപ്രതിനിധി ചെയ്യാനുണ്ട്. കർഷകരും തോട്ടം തൊഴിലാളികളും ആദിവാസികളുമാണ് വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗങ്ങൾ. ഇവരെ പരിഗണിക്കാതെ വയനാട്ടിൽ ഒന്നും ചെയ്യാനാവില്ല. ആദിവാസികൾ കൂട്ടത്തോടെ വന്ന് രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്തിട്ടുണ്ട്. അത് സവിശേഷ ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്.

ഞാൻ സ്ഥാനാർത്ഥിയാകുന്നതിന് തൊട്ട് മുമ്പായിരുന്നു തോട്ടം തൊഴിലാളികളുടെ സമരം നടന്നത്. ആ തോട്ടം തൊഴിലാളി സമരത്തിന്റെ ഭാഗമായി എച്ചഎംഎൽ മാനേജ്‌മെന്റിന്റെ കൂടെയായിരുന്നു സർക്കാരും എംഎൽഎയും. ഞാൻ തൊഴിലാളികളോട് പറഞ്ഞത് ജയിച്ച് കഴിഞ്ഞാൽ എച്ച്എംഎൽ മാനേജ്‌മെന്റിന്റെ മുമ്പിൽ തല കുനിച്ച് നിൽക്കുന്ന ഒരു എംഎൽഎ ആകില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അവർക്ക് വിശ്വാസമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വയനാട്ടിലെ ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും കർഷകർക്കും എന്നെ വിശ്വാസമാണ് എന്നതാണ്. അവരുടെ വിശ്വാസം ഇല്ലാതാക്കിയിട്ട് ഒന്നും നേടാനില്ല. അവരുടെ വിശ്വാസം പ്രധാനമാണ്. ആ വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നതും പ്രധാനമാണ്.

എച്ചഎംഎൽ കമ്പനിയിൽനിന്ന് പ്രചരണ ചെലവിലേക്ക് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും ആത്മാർത്ഥമായി പറയാൻ സാധിക്കും. തൊഴിലാളികളെ ദ്രോഹിക്കുന്ന ഒരു കമ്പനിയിൽനിന്ന് സംഭാവന വാങ്ങരുത് എന്നതായിരുന്നു പാർട്ടിയുടെ തീരുമാനം. ഇക്കാര്യത്തിൽ വയനാട്ടിലെ പാർട്ടി നേതാക്കന്മാർ എല്ലാം ഒറ്റക്കെട്ടായിരുന്നു. തൊഴിലാളികളാണ് പ്രചരണ ചെലവ് പോലും വഹിച്ചത്. പത്തും ഇരുപതും രൂപാവീതം പിരിവിട്ടാണ് പ്രചരണ ചെലവുകൾ വഹിച്ചത്. ആദിവാസികൾപ്പോലും അവരുടെ വിഹിതം കൊണ്ടുവന്ന് തന്നിട്ടുണ്ട്.

ഒരു ദിവസം രാവിലെ നാലഞ്ച് ആദിവാസികൾ കയറിവന്ന് അവർ എങ്ങനെയോ സ്വരൂപിച്ച ആയിരത്തോളം രൂപ എന്നെ ഏൽപ്പിച്ചു. ഒരുപാട് നിർബന്ധിച്ചശേഷവും പണം വാങ്ങാൻ ഞാൻ തയ്യാറായില്ല. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന അവർ ആയിരം രൂപ സ്വരൂപിക്കാൻ എത്രത്തോളം ബുദ്ധിമുട്ടി കാണുമെന്ന് എനിക്ക് കൃത്യമായി അറിയാം. ആ പണം അവരുടെ സ്‌നേഹമാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നോടുള്ള അവരുടെ സ്‌നേഹം പ്രകടിപ്പിക്കാൻ അവർ വഴികളിലൊന്നാണ് ആ സംഭാവന. അങ്ങനെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ സന്തോഷമുണ്ടാക്കുന്ന സന്ദർഭങ്ങൾ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇങ്ങനെ പലതരം കാര്യങ്ങൾ പിന്നിട്ട് വന്നതുകൊണ്ട് തന്നെ എനിക്ക് വയനാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇവർക്ക് പുതിയൊരു ജീവിതക്രമം ഉണ്ടാക്കി കൊടുക്കണം. പുതിയൊരു വയനാടാണ് ലക്ഷ്യം. വയനാടിലെ കാർഷിക വ്യവസായിക ജില്ലയാക്കി മാറ്റണം.

കാപ്പിയാണ് വയനാട്ടിൽ ഏറ്റവും കൂടുതലുള്ള കൃഷി. എന്നാൽ കാപ്പി കമ്പനികൾ എല്ലാംതന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഒരു കിലോ കാപ്പിപ്പരുപ്പിന് കർഷകന് ലഭിക്കുന്നത് 110 രൂപയാണ്. തിരിച്ച് കാപ്പിപ്പൊടി വാങ്ങുമ്പോൾ 600 രൂപ മുതൽ 2000 രൂപ വരെ ആകുന്നുണ്ട്. ക്വേളിറ്റി കൂടുന്നതിന് അനുസരിച്ച് കാപ്പിപ്പൊടിയുടെ വില വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണമൊന്നും വയനാട്ടിലെ കർഷകന് ലഭിക്കുന്നില്ല.

അതിന് മാറ്റമുണ്ടാകണം. അതിനായി ചെയ്യാൻ ഉദ്ദേശിക്കുന്നത് പഞ്ചായത്തുകൾതോറും കർഷകരെ സംഘടിപ്പിച്ച് കൊണ്ട് ഒരു ആധുനിക വ്യവസായം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. ചെറുപ്പക്കാർക്ക് കൂടി ജോലി ലഭിക്കുന്ന രീതിയിലാകും ഇത് നടപ്പിലാക്കുക. ബത്തേരിയിൽ ബ്രഹ്മഗിരി എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാംസ സംസ്‌കരണ യൂണിറ്റാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഈ സ്ഥാപനം 105 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് പരോക്ഷമായും ജോലി നൽകുന്നുണ്ട്. ഇവിടെ അറവുകാരുടെ ജോലിക്ക് ആദ്യഘട്ടത്തിൽ ആളെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക യൂണിഫോമും മറ്റ് ആധുനിക സൗകര്യങ്ങളും ലഭ്യമായതോടെ നിരവധിപേരാണ് അറവുകാരന്റെ ജോലിയിലേക്ക് അപേക്ഷിക്കുന്നത്. ചെറുപ്പക്കാർക്കും മറ്റും ആദ്യഘട്ടത്തിലുണ്ടായിരുന്ന അകൽച്ച മാറിയിട്ടുണ്ട്.

കൃഷിപ്പണി എന്നൊക്കെ പറയുമ്പോഴാണ് ചെറുപ്പക്കാർ മാറിനിൽക്കുന്നത്. എന്നാൽ ആധുനിക വ്യവസായ തൊഴിലാളികൾ എന്ന നിലയിലാണെങ്കിൽ അവർക്ക് ജോലി ചെയ്യുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് എനിക്ക് ബോധ്യമായ കാര്യം. ബ്രഹ്മഗിരി മാതൃകയിൽ വയനാടിനെ ആധുനിക വ്യവസായ ജില്ലയാക്കി മാറ്റാനുള്ള കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്.

c k saseendran_2ആദിവാസികളുടെ ജീവിതം വളരെ ദുരിതപൂർണ്ണമാണ്. ചികിത്സ കിട്ടുന്നില്ല, വിദ്യാഭ്യാസം ലഭിക്കുന്നില്ല, ഭൂമിയില്ല. അങ്ങനെ പലതരം പ്രശ്‌നങ്ങളാണ് അവർ നേരിടുന്നത്. കേരളത്തിലെ ആദിവാസികളുടെ ജീവിതം ആധുനിക കേരളത്തിന് യോജിച്ചതല്ല. അവരെ ഇത്രകണ്ട് ജീർണ്ണതകളിലേക്ക് തള്ളിവിടേണ്ട കാര്യം കേരളത്തിലെ പൊതുസമൂഹത്തിന് ഇല്ല. അവർ ജീവിക്കേണ്ടത് അങ്ങനെയല്ല. സാധാരണ ജനങ്ങൾ ജീവിക്കുന്നതുപോലെ എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കേണ്ടവരാണ് അവരും.

അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. ഒരു എംഎൽഎ എന്ന നിലയിൽ ആദിവാസികൾക്കിടയിൽ കൗൺസിലിങ്ങ് ഏർപ്പെടുത്തും. സ്‌കൂളിൽനിന്നുള്ള കൊഴിഞ്ഞ് പോക്ക് ആദിവാസി മേഖലയിലെ വലിയ പ്രശ്‌നമാണ്. അത് എങ്ങനെയും തടയണം. അതിനുള്ള നടപടികൾ എടുക്കണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്.

കോളനിയിൽനിന്ന് ഒരു കുട്ടിക്കും പഠിക്കാൻ കഴിയില്ല. അവിടത്തെ അന്തരീക്ഷം ആ രീതിയിലുള്ളതാണ്. അതുകൊണ്ടുതന്നെ അവർക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടാക്കണം. അതിനും ശ്രമങ്ങളുണ്ടാകും. ഇത് എല്ലാ പഞ്ചായത്തുകളിലും ഏർപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. ഒറ്റയടിക്ക് ഇത് സാധിക്കില്ല. സാവധാനത്തിൽ നടപ്പിൽ വരുത്താൻ ശ്രമിക്കും.

ആദിവാസികൾക്ക് വേണ്ടി മറ്റുള്ളവർ കാര്യങ്ങളെല്ലാം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ടാവണം. അതൊരു നെഹ്‌റുവിയൻ കാഴ്ചപ്പാടാണ്. അവർക്കുവേണ്ടി മറ്റുള്ളവർ കാര്യങ്ങൾ ചെയ്യുക. അവരുടെ വേദന വിളിച്ച് പറയുക തുടങ്ങിയ കാര്യങ്ങൾ. അതൊന്നുമല്ല ആവശ്യം. ആദിവാസികളെ സ്വയം പര്യാപ്തരാക്കി മാറ്റണം. ആദിവാസി പങ്കാളിത്വത്തോടെ വേണം എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ. അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ കാഴ്ചപ്പാട് വിശാലമാക്കുകയാണ് വേണ്ടത്.

ഞാൻ ഡയറക്ടർ ആയിട്ടുള്ള പഴശി എന്ന സൊസൈറ്റി അച്ഛനും അമ്മയുമില്ലാത്ത 65 കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അവരെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം ചെയ്യുന്നത്.

മറ്റൊരു പ്രധാനപ്പെട്ട ജനവിഭാഗമാണ് തോട്ടം തൊഴിലാളികൾ. അടിമകളെപ്പോലെ തൊഴിലെടുക്കുന്നവരാണ് തോട്ടം തൊഴിലാളികൾ. കുറഞ്ഞ കൂലിയിൽ ജോലി ചെയ്യുന്ന അവർ ജീവിക്കുന്നത് ആധുനികസമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്ത പാടികളിലാണ്. പാടികൾ ഇല്ലാതാക്കണം. അവർക്ക് ആധുനിക ഭവനങ്ങൾ ഉണ്ടാക്കി കൊടുക്കണം. തോട്ടം തൊഴിലാളികളെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കുക വഴി അവർക്ക് വീട് നിർമ്മിച്ച് നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്.

പണിക്കൂലിയും ബോണസിലും കാലഘട്ടം ആവശ്യപ്പെടുന്ന ന്യായമായ വർദ്ധനവ് തൊഴിലാളികൾക്ക് ലഭിക്കണം. അതിനുവേണ്ടി മാനേജ്‌മെന്റുമായി സംസാരിക്കും. അതുൾപ്പെടെയുള്ള ഒരുപാട് കാര്യങ്ങളാണ് ചെയ്യാനുള്ളത്.

മറ്റൊരുപ്രധാനപ്പെട്ട കാര്യം വയനാട്ടിലെ ടൂറിസമാണ്. പ്രകൃതിഭംഗിയുള്ള ഒരു ജില്ലയാണ് വയനാട്. ഒരുപാട് ടൂറിസ്റ്റുകൾ വയനാട്ടിൽ വന്ന് പോകുന്നുമുണ്ട്. എന്നാൽ അതുവഴി ഉണ്ടായിട്ടുള്ള പ്രധാനപ്രശ്‌നം പരിസ്ഥിതി നാശമാണ്. പരിസ്ഥിതി സംരക്ഷിക്കുന്ന തരത്തിലാവണം വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കാർബൺ ന്യൂട്രൻ ജില്ലയാക്കി വയനാടിനെ മാറ്റാനാണ് പദ്ധതി. പരിസ്ഥിതി സൗഹാർദ്ദ പരിപാടികളുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ആലോചന നടത്തിയത്. ഒരു ദിവസം വയനാട് മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിന് തുല്യമായ അളവിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള വഴികൾ തേടുകയാണ് വേണ്ടത്. മരങ്ങൾ നട്ട് പിടിക്കുകയല്ലാതെ ഇതിന് വേറെ വഴിയില്ല. അതാണ് ചെയ്യാനുദ്ദേശിക്കുന്നത്.

പുതിയ ചെറുപ്പക്കാരോട് ബൈക്കോടിക്കരുത് എന്ന് പറയാൻ സാധിക്കില്ല. അത് അപരിഷ്‌കൃതമായ സമീപനമായി മാറുകയും ചെയ്യും. വാഹന ഗതാഗതം മൂലമുണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് മാത്രമാണ് ഇപ്പോൾ വയനാട്ടിൽ ഉള്ളത്. അല്ലാതെ വലിയ വ്യവസായങ്ങളൊന്നും അവിടെയില്ല. വയനാട്ടിലെ 40 ശതമാനം സ്ഥലത്ത് വനമാണ്, 30 ശതമാനം സ്ഥലത്ത് കാപ്പിത്തോട്ടങ്ങളും മറ്റ് തോട്ടങ്ങളുമുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ മറ്റും ജൈവകൃഷിയും മറ്റും ചെയ്യാനും മരങ്ങൾ നട്ട് പിടിപ്പിക്കാനുമാണ് തീരുമാനം. ക്യാൻസർ വില കൊടുത്ത് വാങ്ങാൻ ഇനി വയനാട്ടുകാരനെ കിട്ടില്ല.

എല്ലാ വീട്ടിലും രണ്ടോ മൂന്നോ മരങ്ങൾ നടാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ അഞ്ചിനുതന്നെ അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഡോ. തോമസ് ഐസക്കിനെ കൂടി ഉൾപ്പെടുത്തി കൊണ്ട് ചെയ്യാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. വയനാടിനെ സംബന്ധിച്ചിടത്തോളമുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം കബനി നദി സംരക്ഷണമാണ്. കേരളത്തിലെ മറ്റ് നദികൾ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ഒഴുകുമ്പോൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കബനി. ഈ നദി ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ആ നദിയെ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്ന് ആലോചിക്കുന്നുണ്ട്. പുഴയൊരങ്ങളിലെ മണ്ണൊലിപ്പ് തടഞ്ഞ് നദിയെ സംരക്ഷിക്കാൻ ശ്രമങ്ങളും ആലോചനകളും നടക്കുന്നുണ്ട്.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്ക തരത്തിലുള്ള വ്യവസായങ്ങൾക്ക് മുൻതൂക്കം നൽകും. അങ്ങനെ വയനാടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കുന്നതോടൊപ്പം തന്നെ പരിസ്ഥിതി സൗഹാർദ്ദ വ്യവസായ ജില്ലയായും മാറ്റാനാണ് ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ശ്രമിക്കും. ആധുനിക ലോകത്തിന് പറ്റിയ ഒരു വയനാടിനെ സൃഷ്ടിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്ന, കർഷകർക്ക് കാർഷികവൃത്തിയിലേക്ക് തിരിച്ചുപോകാനുള്ള മാനസികാവസ്ഥ ഉണ്ടാകണം. വികസനത്തിന്റെ സങ്കല്പത്തിലാണ് മാറ്റം വേണ്ടത്. വികസനമെന്ന് പറഞ്ഞാൽ കുറെ പാലങ്ങളും റോഡുകളും വലിയ കെട്ടിടങ്ങളും മാത്രമല്ല. ഇതെല്ലാം ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ തന്നെയാണ്, ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല. വയനാടിനെ സംബന്ധിച്ചിടത്തോളം വികസനം വാക്കിനെ തന്നെ പൊളിച്ചെഴുതേണ്ടതായി വരും. കാരണം വയനാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസികൾക്കും തോട്ടംതൊഴിലാളികൾക്കും കർഷകർക്കും ജീവിക്കാനുള്ള സൗകര്യം ഉണ്ടാവണം. അതാണ് വയനാടിനെ സംബന്ധിച്ചിടത്തോളം വികസനം. ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകണം.

കൂട്ടുകൃഷി സമ്പ്രദായത്തിന് വലിയ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന സ്ഥലമാണ് വയനാട്. അതിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. ജനങ്ങളുടെ വലിയ കൂട്ടായ്മയാണ് വേണ്ടത്. അതിന് നേതൃത്വം കൊടുക്കാനും ശ്രമിക്കും.

സാധാരണക്കാരിൽ സാധാരണക്കാരൻ എന്നതാണ് സി കെ ശശീന്ദ്രൻ എന്ന നേതാവിന് മാധ്യമങ്ങൾ നൽകുന്ന ലേബൽ. ഈ ലേബൽ വിജയത്തെ സ്വാധീനിച്ചിട്ടുണ്ടോ?

ഉണ്ടാകും എന്ന് തോന്നുന്നത്. ഇത് എന്റെ വിലയിരുത്തലല്ല, മറ്റുള്ളവരുടെ വിലയിരുത്തലാണ്. കാരണം സാധാരണക്കാരായ ഒരുപാട് പേർ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ഈ വോട്ടുകളാണ് എന്നെ ഇത്ര വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചത്. സാധാരണ ആദിവാസികളെയെല്ലാം മറ്റുള്ളവർ വിലയ്ക്ക് വാങ്ങുകയാണ് പതിവ്. എന്നാൽ അത് ഇത്തവണ ഇല്ലാതായി.

ബിജെപിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്ന കോളനികളിൽ എന്നെ ബിജെപി പ്രവർത്തകർ കൂട്ടി കൊണ്ട് പോയി ഇത്തവണ എനിക്കാണ് വോട്ടെന്ന് പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ടെന്ന് നല്ല ഉറപ്പാണ്. ആദിവാസി ജനവിഭാഗം എനിക്കുവേണ്ടി പ്രവർത്തിക്കാൻ പോലും തയ്യാറായിട്ടുണ്ട്. സാധാരണ നിലയിലുള്ള പാർട്ടി പ്രവർത്തനങ്ങളൊന്നും അവർക്കറിയില്ല. എന്നാൽ അവർക്ക് അറിയാവുന്നതുപോലെ എനിക്കുവേണ്ടി വോട്ട് ചോദിക്കാനും പ്രചരണം നടത്താനും അവർ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ പഴയതുപോലെയല്ല, ആദിവാസികൾക്ക് മിക്കവാറും പേർക്കും ഫോണുണ്ട്. അവർ ഫോണിൽ വിളിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും എനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അവർക്ക് കഴിയുന്ന രീതിയിൽ പ്രചരണരംഗത്ത് വരാൻപോലും അവർക്ക് തോന്നി.

അവർ എന്നോട് ചേർന്നുനിന്ന് പ്രവർത്തിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് പ്രവർത്തിച്ചത്. തോട്ടംതൊഴിലാളികളും അവരിൽ ഒരാളായി എന്നെ കണ്ട് വോട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തോട്ടം തൊഴിലാളികളുടെ വോട്ട് ലഭിച്ചില്ലെങ്കിൽ ഇത്ര വലിയ ഭൂരിപക്ഷം എനിക്കുണ്ടാവില്ല. ചുമട്ട് തൊഴിലാളികൾ എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. ടൗണിൽവെച്ച് കാണുമ്പോഴെല്ലാം അവർ പറയും, ഇത്തവണ വോട്ട് നിങ്ങൾക്കാണെന്ന്. അവരിൽ സിഐടിയുക്കാർ മാത്രമല്ല, ഐഎൻടിയുസിക്കാരും ബിഎംഎസുകാരുമുണ്ട്. അതുപോലെതന്നെ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും വലിയ പിന്തുണ നൽകിയിട്ടുണ്ട്. പള്ളികളിൽനിന്നും കോൺവെന്റുകളിൽനിന്നുംവരെ വോട്ട് ലഭിച്ചിട്ടുണ്ട്. സാധാരണക്കാരനായ നിങ്ങൾക്ക് ഞങ്ങൾ വോട്ട് ചെയ്യുമെന്നാണ് മഠത്തിലമ്മമാരും മറ്റും പറഞ്ഞിട്ടുണ്ട്. സാധാരണനിലയിൽ പാർട്ടിക്ക് വോട്ട് ലഭിക്കുന്ന ഇടങ്ങളല്ല, ഇതൊന്നും. പക്ഷേ ഇത്തവണ ഇവിടങ്ങളിൽനിന്ന് വോട്ട് വീണിട്ടുണ്ട്.

കർഷകരുടെയും ആദിവാസികളുടെയും ദുരിതങ്ങൾ അറിയുന്ന താങ്കളുടെ തുടർപ്രവർത്തനങ്ങളിൽ ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കായിരിക്കുമോ പ്രഥമ പരിഗണന കൊടുക്കുന്നത്?

തീർച്ചയായും, അവരുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകുമ്പോഴാണ് വയനാട് വികസിക്കുക. അല്ലാതെ വയനാട്ടിൽ കുറെ കെട്ടിടങ്ങളും റിസോർട്ടുകളും വന്നിട്ട് ഒരു കാര്യവുമില്ല. അല്ലെങ്കിൽ അതിൽ മാത്രം വികസനം ഉണ്ടായിട്ട് കാര്യമില്ല. ടൂറിസംകൊണ്ട് വയനാട്ടിലെ കർഷകനോ ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കോ ഒരു ഗുണവുമുണ്ടാകുന്നില്ല. അത് സമൂഹത്തിലെ മേൽത്തട്ടിലേക്ക് പോകുന്ന പണമാണ്. അതുകൊണ്ടാണ് വികസനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് മാറണം എന്ന് പറഞ്ഞത്. കാഴ്ചപ്പാട് മാറിയാൽ വയനാട് രക്ഷപ്പെടും. വയനാട്ടിലെ ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും കർഷകർക്കും മികച്ച ജീവിതസാഹചര്യങ്ങൾ ഉണ്ടാകും. അതാണ് വേണ്ടത്.

ടൂറിസം വേണ്ടെന്ന കാഴ്ചപ്പാട് എന്തായാലും പാർട്ടിക്കില്ല. എന്നാൽ ഈ ജനവിഭാഗങ്ങൾക്കും കൂടി പങ്കാളിത്തമുള്ള ഫാം ടൂറിസം, എക്കോ ടൂറിസം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. വയനാടൻ മണ്ണിൽ ചവുട്ടി നിന്നുകൊണ്ടുള്ള വികസന പ്രവർ്ത്തനങ്ങൾ മാത്രമെ അവിടെ നടപ്പിലാക്കൂ. അല്ലാതെ വേറെ എവിടെയെങ്കിലും നടപ്പിലാക്കി വിജയിച്ച ഒരു പദ്ധതി വയനാട്ടിൽ നേരെ കൊണ്ടുവന്ന് നടപ്പിലാക്കിയിട്ട് കാര്യമില്ല. വയനാടിന്റെ പൈതൃകം നിലനിർത്തുന്ന ഹെറിറ്റേജ് ടൂറിസവും കാര്യക്ഷമമായി നടപ്പിലാക്കണം. ഒരു നാടിന്റെയും പൈതൃകം നശിച്ച് പോകാൻ പാടില്ല. അതെല്ലാം നിലനിർത്തുകയാണ് വേണ്ടത്. ഇതെല്ലാം നിലനിർത്തികൊണ്ടുതന്നെ പുതിയൊരു വയനാടിനെ സൃഷ്ടിക്കണം. ഒരു സമൂഹം നൂറ്റാണ്ടുകളുടെ പഴമയിൽ നിലനിൽക്കാൻ പാടില്ല. എന്നാൽ പഴമ ഒരു മോശം കാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളയേണ്ട കാര്യവുമില്ല.

c k saseendran_4ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പറഞ്ഞിരുന്നു. അപ്പോൾ പലരും ചോദിച്ചു. റോഡും പാലങ്ങളുമല്ലേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നൽകേണ്ടത് എന്നായിരുന്നു ചിലരുടെ ചോദ്യം. പാലങ്ങളും റോഡും മാത്രമാണ് വികസനം എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. പരിസ്ഥിതിക്കും മണ്ണിനും കർഷകനും ഇടമുള്ളതാക്കി നമ്മുടെ വികസന കാഴ്ചപ്പാടുകൾ മാറ്റിയാൽ മാത്രമെ ഈ ചോദ്യങ്ങളെ മാറ്റാൻ സാധിക്കൂ. അതിനാണ് ഞാൻ ശ്രമിച്ചത്.

ഇലക്ഷൻ പ്രചരണത്തിലും മറ്റും ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുള്ള പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?

യുവാക്കളുടെ പിന്തുണയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ എന്നെ കൊണ്ടുനടന്നത് ചെറുപ്പക്കാരാണ്. ചെറുപ്പക്കാർ തന്നെ മുൻകൈ എടുത്താണ് ഫെയ്‌സ്ബുക്ക് അപ്‌ഡേഷനും മറ്റും നടത്തിയത്. കോളേജ് കുട്ടികൾ എന്റെയൊരു വീഡിയോ ക്ലിപ്പ് നവമാധ്യമങ്ങളിൽ ഇട്ടിരുന്നു. അത് നാലര ലക്ഷം പേരാണ് കണ്ടത്. അത്രത്തോളം ആളുകളിലേക്ക് കാര്യങ്ങൾ എത്താൻ കാരണം ചെറുപ്പക്കാരുടെ പിന്തുണയാണ്. ഞാൻ അത്ര അറിയപ്പെടുന്ന ഒരാളൊന്നും അല്ലല്ലോ. വയനാട് ജില്ലയിലെ ഒരു പാർട്ടി പ്രവർത്തകൻ മാത്രമായ എന്നെ ഇത്രത്തോളം സ്വീകരിക്കാൻ എന്തായിരിക്കും കാരണമെന്ന് ആലോചിച്ചിട്ടുണ്ട്. ഒന്ന് സാധാരണക്കാരൻ എന്ന ലേബൽ തന്നെയാവണം. പിന്നെ ചെറുപ്പക്കാരുടെ പിന്തുണ വലിയ ഊർജ്ജമാണ് നൽകിയത്. അവർതന്നെ പല ഫെയ്‌സ്ബുക്ക് പേജുകളും മാനേജ് ചെയ്തത്. പ്രവാസികളുടെ കൂട്ടായ്മകളും വലിയ പിന്തുണ നൽകി.

വയനാട്ടിൽ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മാനന്തവാടിയിൽ മന്ത്രി പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയപ്പോൾ കല്പറ്റയിൽ മറ്റൊരു പ്രമുഖ നേതാവും പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിനിടയിലും ബിജെപി നടത്തുന്ന മുന്നേറ്റങ്ങളെ കാണാതിരുന്നു കൂടാ.

ബിജെപിക്ക് ജില്ലയിൽ ചെറിയ തോതിലുള്ള വളർച്ച ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറയുന്നത് ശരിയല്ല. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് അവർക്ക് ഇത്തവണ ലഭിച്ചിട്ടില്ല. ബിജെപിക്ക് വലിയ മുന്നേറ്റമുള്ള ജില്ലയല്ല വയനാട്. അതിനുള്ള പ്രധാനപ്പെട്ട കാരണം, വയനാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സിപിഎം കൃത്യമായി ഇടപെടുന്നു എന്നതാണ്. ബിജെപിക്ക് മുന്നേറാനുള്ള ഒരിടം വയനാട്ടിൽ പാർട്ടി പ്രവർത്തകർ ഉണ്ടാക്കിയിട്ടില്ല. എങ്കിൽപ്പോലും ചെറിയ മുന്നേറ്റങ്ങൾ അവർ നടത്തിയിട്ടുണ്ട്.

വളരെ പെട്ടെന്ന് ആകർഷിക്കാൻ കഴിയുന്നവരാണ് ആദിവാസികൾ. എന്നാൽ അവിടെ ബിജെപിക്ക് തീരെ വേരോട്ടമില്ല. അതിന് കാരണം പാർട്ടിയുടെ നിതാന്ത ജാഗ്രത തന്നെയാണ്. കുറെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും പാർട്ടി കൃത്യമായി അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. സിപിഎമ്മിന് പുറത്തുള്ളവർക്ക് അതിനോട് വിമർശന പരമായ നിലപാടുകൾ ഉണ്ടായിരിക്കാം. എങ്കിൽക്കൂടിയും പാർട്ടി നടത്തുന്ന ഇടപെടലിനെ അതിന്റെ ഗൗരവത്തിൽ തന്നെയാണ് കാണേണ്ടത്. ഇടത്തരം കർഷകർക്കിടയിലും വലിയ രീതിയിൽ പിന്തുണ ആർജിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. എങ്കിൽക്കൂടിയും അവർക്ക് ചെറിയ തോതിലുള്ള വളർച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ ഇലക്ഷനുശേഷം രാജ്യമൊട്ടാകെ ബിജെപിക്ക് ചെറിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടല്ലോ. അതിന്റെ ചെറിയ പ്രതിഫലനം വയനാട്ടിലും ഉണ്ടായിട്ടു എന്ന് മാത്രമേ പറയാൻ സാധിക്കൂ.

മൂന്ന് മണ്ഡലത്തിലും ബിജെപി ഒരു ഭീഷണിയായി ഉയർന്ന് വന്നിട്ടില്ല. എന്നാൽ അവരുടെ സ്വാധീനം ചെറിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

ബത്തേരിയിൽ മത്സരിച്ച സി കെ ജാനു 27920 വോട്ടുകളാണ് പിടിച്ചത്. സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടെങ്കിലും ഇത്രയധികം വോട്ടുകൾ നേടിയത് അവഗണിക്കപ്പെട്ട ഒരു ജനതയുടെ പ്രതിനിധിയാണെന്നത് പ്രധാനപ്പെട്ട കാര്യമല്ലേ?

സി കെ ജാനുവിന് ഇത്രയധികം വോട്ട് കിട്ടാനുള്ള പ്രധാന കാരണം വയനാട്ടിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഒരു മണ്ഡലമാണ് ബത്തേരി എന്നത് കൊണ്ടാണ്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ ബിജെപിക്ക് കിട്ടിയ വോട്ട് ഇത്തവണ ജാനുവിന് ലഭിച്ചിട്ടില്ല. ബിജെപിക്ക് നമ്മൾ പറയുന്ന മുന്നേറ്റം ഉണ്ടാക്കാൻ അത്ര കണ്ട് സാധിക്കുന്നില്ല എന്നത് സത്യമാണ്. വയനാട്ടിൽ എസ്എൻഡിപിക്ക് കുറച്ച് സ്വാധീനം ഉള്ള പ്രദേശമാണ് ബത്തേരി. സി കെ ജാനുവിന് ലഭിച്ച വോട്ടുകളിൽ ബിഡിജെഎസിന്റെ പങ്കും നിർണ്ണായകമാണ്.

ഈ വിഷയത്തിൽ സി കെ ജാനു എടുത്ത നിലപാട് അങ്ങേയറ്റം നിർഭാഗ്യകരമായി പോയി എന്ന് പറയാതെ വയ്യ. സി കെ ജാനുവും പാർട്ടിയും തമ്മിൽ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിലുള്ള ബഹുമാനം വ്യക്തിപരമായി തോന്നിയിട്ടുള്ള ഒരാളാണ് ജാനു. ജാനു എൻഡിഎയിൽ ചേരാൻ പാടില്ലായിരുന്നു. അവർ പുനരാലോചിക്കുകയായിരുന്നു വേണ്ടിയിരുന്നു. ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരല്ല ബിജെപി ഗവൺമെന്റ്. ആദിവാസികൾക്കുള്ള കേന്ദ്ര സർക്കാർ ഫണ്ടിൽ കഴിഞ്ഞ വർഷം 5000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. വനാവകാശ നിയമം കൃത്യമായി നടപ്പിലാക്കാൻ പോലും അവർക്ക് താത്പര്യമില്ല. ഇതൊക്കെ കൃത്യമായി നടപ്പിലാക്കിയാൽ ആദിവാസികൾക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ്. ഇതൊന്നും കൃത്യമായി നടപ്പിലാക്കാത്ത ഒരു പാർട്ടിയിലേക്കാണ് ആദിവാസിക്ഷേമം പറഞ്ഞ് സി കെ ജാനു പോയത് എന്നതാണ് കഷ്ടം. സംവരണം വേണ്ട, വേണം എന്നൊക്കെയുള്ള ശക്തമായ ചർച്ച ആർഎസ്എസ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനം ചർച്ച ചെയ്യേണ്ടത്.

സി കെ ജാനുവിന്റെ സ്ഥാനാർത്ഥ്വം ഉയർത്തുന്ന മറ്റൊരു ചോദ്യമുണ്ട്, അത് ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാൻ അവരുടെ സ്വന്തം പ്രതിനിധി വേണം എന്ന് തോന്നൽ അവർക്കിടയിൽ ഉണ്ടാകുന്നു എന്നതാണോ? അതിനെ അഡ്രസ് ചെയ്യേണ്ടതില്ലേ?

ഇത് ബുദ്ധിജീവി വ്യാഖ്യനാണ്. അങ്ങനെയല്ല അതിനെ കാണേണ്ടത്. ജാനുവിനെ സ്ഥാനാർത്ഥിയാക്കാത്തത് സിപിഎമ്മിന് സംഭവിച്ച അപചയം എന്നൊക്കെയാണ് ചില ബുദ്ധിജീവികൾ വ്യാഖ്യാനിച്ചത്. ഒരാൾ സിപിഎമ്മിനോട് യോജിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. ഒരുപാട് ആദിവാസി പ്രക്ഷോഭങ്ങൾ ഞാൻ വയനാട്ടിൽ നേതൃത്വം നൽകിയിട്ടുണ്ട്. ഞങ്ങൾ ആദിവാസി ക്ഷേമത്തിനുവേണ്ടി സമരം തുടങ്ങിയപ്പോൾ ഗോത്രമഹാസഭയും വന്ന് സമരം ചെയ്തിട്ടുണ്ട്. പക്ഷേ, യോജിച്ച സമരത്തിന് അവർ എന്തുകൊണ്ടോ സന്നദ്ധരല്ല. ഞങ്ങളെ ഗോത്രമഹാസഭ ഒരു ഘട്ടത്തിലും വിശ്വാസത്തിലെടുത്തിട്ടില്ല. ആദിവാസി വിഭാഗത്തിൽ ഞങ്ങളുടെ എംഎൽഎ അല്ലേ ജയിച്ചുവന്നത്. സ്വഭാവികമായും ആദിവാസികൾ അംഗീകരിക്കുന്നത് കൊണ്ടല്ലേ അദ്ദേഹം ജയിച്ചത്. അതുപോലെ എത്രയോ പേർ പാർട്ടിയോട് സഹകരിച്ച് സമരഭൂമിയിൽ എത്തിയിട്ടുണ്ട്. ഗോത്രമഹാസഭയ്ക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല.

കേരളം ഒരു രാഷ്ട്രീയ സമൂഹമാണ്. രാഷ്ട്രീയ സമൂഹത്തിൽ കാര്യങ്ങളെല്ലാം രാഷ്ട്രീയമായിട്ടാണ് തീരുമാനിക്കപ്പെടുന്നത്. പ്രശ്‌നങ്ങളെല്ലാം രാഷ്ട്രീയമായിട്ടാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ആദിവാസികളെല്ലാം രാഷ്ട്രീയത്തിന് പുറത്താണെന്നും അവർ ഇതിനോടൊന്നും ചേർന്ന് നിൽ്‌ക്കേണ്ടവരല്ലെന്നുമുള്ള വാദങ്ങൾ തെറ്റാണ്. വയനാട്ടിലെ ആദിവാസികളെല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് വിഭാഗീയത പ്രവണതകൾ അവർ കാണിക്കാതിരിക്കുന്നത്. വിഘടനവാദം അവർ കാണിക്കാതിരിക്കുന്നത്. രാജ്യത്തിന്റെ പൊതുനിലപാടിനെ സ്വീകരിക്കുന്നത്. അതിലെ കുറവും പോരായ്മകളും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യണം. അല്ലാതെ ആദിവാസികളെ പൊതുസമൂഹത്തത്തിൽ മാറ്റിനിർത്തുന്നതും അന്യവത്കരിക്കുന്നതും ശരിയല്ല.

തൊഴിലാളി പ്രസ്ഥാനങ്ങൾ വളരെ ശക്തമായി നിലകൊള്ളുന്ന വയനാട്ടിൽ ബിജെപി ഇത്ര ശക്തിയാർജിക്കുന്നത് എങ്ങനെയാണ്?

ബിജെപിക്ക് വിചാരിക്കുന്ന രീതിയിലുള്ള ശക്തി വയനാട്ടിലില്ല. ഇന്ത്യയിൽ ആകെയുണ്ടായ മുന്നേറ്റത്തിന്റെ ഒരുപങ്ക് വയനാട്ടിലും ഉണ്ടായിട്ടുണ്ടാകാം. അല്ലാതെ വലിയൊരു മുന്നേറ്റം ബിജെപിക്ക് വയനാട്ടിൽ ഉണ്ടായിട്ടില്ല. തോട്ടം മേഖലയിൽ അവരൊരു സ്വാധീനശക്തിയല്ല. ആദിവാസികൾക്കിടയിലും അവരൊടു സ്വാധീനശക്തിയല്ല. കർഷകർക്കിടയിൽ അല്പംപോലും സ്വാധീനമില്ല. ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ അവർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിർണ്ണായക ശക്തിയായി അവർ വളർന്ന് വന്നിട്ടില്ല. എന്നാൽ നേരിയ തോതിലുള്ള വളർച്ച കാണാതിരുന്നു കൂടാ.

ആദിവാസികളെ മണ്ണിന്റെ അവകാശികളാക്കാൻ അവരെ ചൊങ്കൊടിക്ക് കീഴിൽ അണിനിരത്തി നയിച്ച പ്രക്ഷോഭങ്ങൾ അധികാരകേന്ദ്രങ്ങൾക്ക് അലോസരമുണ്ടാക്കിയ ചരിത്രമുള്ള പാർട്ടിയാണ്. ഭൂമാഫിയകളുടേയും കൈയേറ്റക്കാരുടേയും ഉറക്കം കെടുത്തിയ ഭൂസമരങ്ങളുടെ കേന്ദ്ര ബിന്ദുവായി വയനാട് മാറുന്നതിന് പിന്നിലും പാർട്ടിയുടെ പങ്കുണ്ട്. ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ശക്തമായി നിലപാട് എടുക്കാനുള്ള സാഹചര്യമാണ് താങ്കൾക്ക് ഉണ്ടായിരിക്കുന്നത്. ഇത്രയും കാലം തുടർന്ന് വന്ന നിലപാടുകളിൽ തുടർച്ച കാണാൻ സാധിക്കുമോ?

c k saseendran_3തീർച്ചയായും, ഒരേക്കർ ഭൂമി ആദിവാസികൾക്ക് കൊടുക്കണം എന്നത് സർക്കാർ തന്നെ അംഗീകരിച്ച കാര്യമാണ്. നേരത്തെ സമരം ചെയ്തതിന്റെ ഫലമായിട്ടാണ് 5000 പേർക്ക് ഭൂമി വാങ്ങിച്ച് കൊടുക്കാൻ സാധിച്ചത്. ഇത് സമരം ചെയ്തതുകൊണ്ട് ഉണ്ടായ കാര്യമാണ്. വനവകാശനിയമം വരുന്നത് ആ പ്രക്ഷോഭത്തിന്റെ തുടർച്ചയായിട്ടാണ്. അതുപ്രകാരം ആദിവാസികൾക്ക് ഭൂമി വാങ്ങിച്ച് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വിഎസ് സർക്കാർ 50 കോടി രൂപയാണ് ആദിവാസികൾക്ക് ഭൂമി വാങ്ങിച്ച് കൊടുക്കാൻ വയനാട് ജില്ലാ ഭരണകൂടത്തെ ഏൽപ്പിച്ചതാണ്. എന്നാൽ 15 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഞങ്ങൾ വന്നുകഴിഞ്ഞാൽ പ്രായോഗികമായി എങ്ങനെ നല്ല രീതിയിൽ ചെലവഴിക്കാൻ കഴിയുമെന്ന് ആലോചിക്കും. നടപ്പിലാക്കുകയും ചെയ്യും. ഭൂരഹിതരായവർക്ക് ഭൂമി വാങ്ങിച്ച് കൊടുക്കാൻ ശ്രമിക്കും. ഭൂമി അവർക്ക് അവകാശപ്പെട്ടതാണ്. ചരിത്രപരമായ കാര്യമാണ്. അവർക്ക് നഷ്ടമായ ഭൂമി തിരിച്ചുകൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വമാണ് സർക്കാർ നിർവഹിക്കേണ്ടത്.

വയനാട്ടിലെ ആദിവാസികോളനികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രധാനതടസം താങ്കളാണെന്ന് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ വധഭീഷണി ഉയർത്തിയിട്ടുണ്ടല്ലോ. ഭീഷണി ഉയർത്തിയ കാലത്ത് സിപിഎം ജില്ലാ സെക്രട്ടറി മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ എംഎൽഎയാണ്. ആ ഭീഷണി ഇപ്പോഴും തുടരുന്നുണ്ടോ? എന്താണ് ഇപ്പോഴത്തെ അവസ്ഥ?

എല്ലാം അവരുടെ ഭാഗത്തുനിന്ന് വന്ന ഭീഷണിയാണ്. സർക്കാരിന്റെ സംരക്ഷണം ഇപ്പോഴും എനിക്കുണ്ട്. ഒരു പോലീസുകാരനെ എന്റെ സംരക്ഷ