ഇസ്രായേലില്‍ അവിഗ്‌ദോര്‍ ലിബെര്‍മാനെതിരെ വ്യാപക പ്രതിഷേധം

അവിഗ്‌ദോറിനെ സൈന്യത്തിന്റെ മേധാവിത്വം ഏല്‍പ്പിക്കുന്നതിലൂടെ ഇസ്രായേല്‍ ചരിത്രത്തിലെ തീവ്ര വലതുപക്ഷ സര്‍ക്കാരായി നെതന്യാഹു മന്ത്രിസഭ മാറിയെന്ന് പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.

ഇസ്രായേലില്‍ അവിഗ്‌ദോര്‍ ലിബെര്‍മാനെതിരെ വ്യാപക പ്രതിഷേധം

ടെല്‍അവീവ്: തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വേതന്യൂ പാര്‍ട്ടി നേതാവ് അവിഗ്‌ദോര്‍ ലീബെര്‍മാനെ പ്രതിരോധമന്ത്രിയാക്കിയതിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ടെല്‍ അവീവില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

നെതന്യാഹു ഇസ്രായേലിനെ യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അവിഗ്‌ദോറിനെ സൈന്യത്തിന്റെ മേധാവിത്വം ഏല്‍പ്പിക്കുന്നതിലൂടെ ഇസ്രായേല്‍ ചരിത്രത്തിലെ തീവ്ര വലതുപക്ഷ സര്‍ക്കാരായി നെതന്യാഹു മന്ത്രിസഭ മാറിയെന്ന് പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.


നെതന്യാഹു സര്‍ക്കാര്‍ രാജ്യത്തിന്റെ നാശമാണ് ആഗ്രഹിക്കുന്നതെന്നതടക്കമുള്ള പോസ്റ്ററുകളുമായാണ് ജനങ്ങള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. ലീബര്‍മാന്‍ യുദ്ധത്തിന്റെ മന്ത്രിയാണെന്നും തങ്ങള്‍ക്ക് ഇനിയും യുദ്ധങ്ങള്‍ വേണ്ടെന്നും സമരക്കാര്‍ പറഞ്ഞു. കടുത്ത ഫലസ്തീന്‍ വിരുദ്ധനായാണ് ലീബര്‍മാന്‍ അറിയപ്പെടുന്നത്.

അവിഗ്‌ദോറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നെതന്യാഹുവിനെതിരെ ഉയരുന്നത്. ഇസ്രായേല്‍ ഫാസിസത്തിന്റെ പാതയിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

അവിഗ്‌ദോര്‍ ലീബര്‍മാന്റെ വേതന്യൂ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് മോഷെ യാലോണ്‍ രാജിവെച്ചിരുന്നു.  ബഞ്ചമിന്‍ നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചായിരുന്നു രാജി.

ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയിലേക്ക് തീവ്രവാദികളും അപകടകാരികളും നുഴഞ്ഞുകയറിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നത് അര്‍ഥശൂന്യമാണെന്നും പാര്‍ട്ടിയെയും സര്‍ക്കാറിനെയും ഗ്രസിച്ച തീവ്രവാദം ഇസ്രായേല്‍ സമൂഹത്തെ നശിപ്പിക്കുമെന്നും യാലോണ്‍ മുന്നറിയിപ്പ് നല്‍കി.

Read More >>