വിഷാദം രോഗമാകുമ്പോൾ !

വിഷാദവും രോഗവും തമ്മിലുള്ള അന്തരം നേര്‍ത്തതാകുമ്പോള്‍..വിഷാദ രോഗത്തിന് അടിമപ്പെട്ടവരും സ്വയം തിരിച്ചറിയുക... ലോകത്തിൽ നിങ്ങൾക്കുള്ള ഇടം നിങ്ങളുടേത് മാത്രമാണെന്ന് വിശ്വസിക്കുക!

വിഷാദം രോഗമാകുമ്പോൾ !

"ഒന്നു പോയി തരാമോ ... പ്ലീസ്! ഞാൻ ഒന്നു ഒറ്റയ്ക്കിരിക്കട്ടെ..."

ജീവിതത്തിൽ ഇനി ഒന്നും അവശേഷിച്ചില്ല എന്ന തോന്നലിൽ നിങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലെ? ചിലപ്പോഴൊക്കെ സ്വയം അപരിചിതമായ രീതിയിൽ പെരുമാറിയിട്ടുമില്ലെ ...വിഷാദം ഒരു രോഗമായി മാറുമ്പോൾ അതിനെ കുറിച്ച് അറിയേണ്ട ചിലത്.

കടുത്ത നിരാശ, ജീവിതത്തിന്റെ അർത്ഥ ശൂന്യത ഇവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയാണ് വിഷാദരോഗം. എല്ലാ വിഷാദങ്ങളും രോഗമാകുന്നുമില്ല. അനിയന്ത്രിതമായ നെഗറ്റീവ് വികാരങ്ങൾ തലച്ചോറിൽ സൃഷ്ടിക്കുന്ന ഒരു മൂടൽ അവസ്ഥയായി വിഷാദ രോഗത്തെ വിവരിക്കാം.


ശരീരത്തേയും മനസ്സിനേയും പിടിമുറുക്കി ...

ശരീരത്തിന്റെ സെൻട്രൽ പ്രൊസെസ്സിംഗ് യൂണിറ്റായ തലച്ചോറിൽ സൃഷ്ടിക്കുന്ന മന്ദീഭാവം ശരീരത്തേയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു.

തുറന്നിരിക്കുന്ന കണ്ണുകൾ ഒന്നും കാണുന്നുണ്ടാവില്ല.അഥവാ, കാണുന്നതെല്ലാം ഉൾക്കൊള്ളാൻ തലച്ചോറിന് സാധിക്കുന്നില്ല എന്നു പറയാം. അതുകൊണ്ടാണ് വിഷാദ രോഗത്തിന് അടിമപ്പെടുന്നവർ അധികവും ഇരുണ്ട മുറികളിലോ ചുറ്റുപാടുകളിലോ സ്വയം ഒതുങ്ങുവാൻ താൽപര്യപ്പെടുന്നത്‌. നാവും സംസാരിക്കുവാനോ തർക്കിക്കുവാനോ കൂട്ടാക്കുകയില്ല. ചിന്തകളുടെ അനിയന്ത്രിതമായ വേലിയേറ്റത്തിൽ, അവൻ സ്വയം വിസ്മരിക്കപ്പെട്ടു പോകുന്നു.

വിഷാദ രോഗത്തിനുള്ള കാരണങ്ങൾ:

ലോകത്തിൽ നിന്നു ഓടിയൊളിക്കുവാനുള്ള പ്രവണത കാണിക്കുന്ന മനസ്സായിരിക്കും പിന്നീട് അവരെ നയിക്കുക. മറ്റാരോടെങ്കിലും പറയാമെന്നു കരുതിയാൽ തന്നെ, ഈ രോഗത്തിന് പ്രത്യേകിച്ച് ഒരു കാരണമായിരിക്കില്ല ഉണ്ടായിരിക്കുക. അപകർഷതാ ബോധം, പരാജയഭീതി, ഒറ്റപ്പെടൽ എന്നിവയൊക്കെയും വിഷാദത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു.

   ജീവിതശൈലി :
തൊഴിലില്ലായ്മ, വ്യക്തി ജീവിതത്തിലെ പരാജയം, ഏകാന്തത, അധിക ജോലി നൽകുന്ന സമ്മർദ്ദം എന്നിവ ചിട്ടപ്പെടുത്തുന്ന ജീവിത ശൈലി നിരാശയിലേക്ക് നയിക്കും.

  വ്യക്തിഗത കാരണങ്ങൾ

കുടുംബ പാരമ്പര്യം: വിഷാദ രോഗത്തിന് അടിമപ്പെട്ട ഒരു മുൻ തലമുറയുള്ളവരിൽ ഇതിനുള്ള സാധ്യത കണ്ടുവരുന്നതായി പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും ഇത് ഒരു നിർബന്ധിത കാരണമായി ഭയക്കേണ്ടതില്ല. വിഷാദത്തിനുള്ള സാധ്യതകൾ ജനികിതമായി ഇക്കൂട്ടർക്ക് ഏറെയാണെന്ന് മനസ്സിലാക്കണമെന്ന് മാത്രം.

  വ്യക്തിത്വം:

ഒരാളുടെ സ്വഭാവം മാത്രമല്ല, അയാളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും ' വ്യക്തിത്വത്തിനുള്ള പങ്ക് ചെറുതല്ല. ചെറിയ കാര്യങ്ങൾക്ക് പോലും അധികമായി ആശങ്കപ്പെടുക, ആത്മവിശ്വാസമില്ലായ്മ, വിമർശനങ്ങളെ ലോലമായി സ്വീകരിക്കുക തുടങ്ങിയ സ്വഭാവമുള്ളവർക്കു നിസ്സാര പ്രശ്നങ്ങളെ പോലും അതിജീവിക്കുവാൻ കഴിഞ്ഞെന്നു വരില്ല. സ്വയം പിൻവലിയുവാനായിരിക്കും ഇവർ താൽപര്യപ്പെടുക.

  ഗുരുതര രോഗാവസ്ഥ:

അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഗുരുതരമായ രോഗങ്ങൾ ജീവിക്കുവാനുള്ള ആവേശത്തെ നശിപ്പിക്കുന്നു. ഇനി ലോകത്തിനു ഒന്നും നൽകുവാനില്ലെന്നുള്ള തോന്നൽ തലച്ചോറിൽ സൃഷ്ടിക്കുന്ന നിരാശ വിഷാദ രൂപേണ പ്രകടിപ്പിക്കപ്പെടുന്നു.

  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം:

ഇവ രണ്ടിന്റെയും ഉപയോഗവും വിഷാദത്തിന്റെ രോഗാവസ്ഥയിലേക്ക് നയിക്കുവാനുള്ള സാധ്യതയേറെയാണ്. പ്രജ്ഞയെ സ്ഥിരമായി മയക്കുന്ന മദ്യവും മയക്കുമരുന്നും നൽകുന്ന ലഹരിയിൽ നിന്നും ശരീരം വിമുഖത പ്രകടിപ്പിക്കുന്നതും സ്വാഭാവികമല്ലെ.

ലക്ഷണങ്ങൾ:

നിരാശകളെല്ലാം വിഷാദ രോഗമാണെന്ന് ധരിക്കരുത്. മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന വിഭ്രാന്തി ഏറെ നീണ്ടു നിൽക്കുന്നതാണെങ്കിൽ, ചികിൽസ തേടുന്നതായിരിക്കും ഉചിതം.

പുറത്തു പോകുവാൻ താൽപര്യമില്ലാതാവുക, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളിൽ നിന്നും പെട്ടെന്ന് ഒഴിഞ്ഞു മാറുക തുടങ്ങിയവ സ്വഭാവത്തിലെ പ്രകടമായ മാറ്റങ്ങളായിരിക്കും.

"ഞാൻ ഒരു പരാജയമാണ്..."

"എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു..."

"ജീവിതത്തിൽ എനിക്ക് നല്ലതൊന്നും ലഭിച്ചിട്ടില്ല"

"എന്തിനു ജീവിക്കണം ... ആർക്കു വേണ്ടി ?.."

"ഞാനില്ലാതാവുന്നതാണ് എല്ലാവർക്കും സന്തോഷം.." തുടങ്ങിയ ചിന്തകളായിരിക്കും അപ്പോള്‍ മനസ്സിനെ മഥിക്കുക.

ശാരീരികമായ തളർച്ച രോഗാവസ്ഥയിൽ അനുഭവപ്പെടുന്നതായിയാണ് കണ്ടു വരുന്നത്. രൂക്ഷമായ തലവേദനയും, സന്ധിവേദനയും മറ്റൊരു ലക്ഷണമാണ്. ഉറക്കം വിശപ്പ് എന്നിവയും കുറവായിരിക്കും, അല്ലെങ്കിൽ വളരെ കൂടുതൽ ! അനിയന്ത്രിതമായ മനസ്സ് നയിക്കുന്ന അനിയന്ത്രിത ഇരുണ്ട ജീവിതം !

ചികിൽസകൾ

ഒരോരുത്തർക്കും ഓരോ രോഗാവസ്ഥയായതിനാൽ തന്നെ പ്രത്യേകമായ ഒരു ചികിൽസാ രീതി പിന്തുടരുവാൻ കഴിയുന്നതല്ല. ചികിൽസ മനസ്സിനായത് കൊണ്ടു തന്നെ ചികിൽസയും വ്യത്യസ്തമായിരിക്കും.

മാനസികമായ സ്ഥിരത കൈവരിക്കുന്നതിനും, ശാരീരികമായ ബലം നേടിയെടുക്കുന്നതിനും വേണ്ട ചികിൽസകൾ സ്വീകരിക്കേണ്ടതുണ്ട്. വിദഗ്ദനായ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല. ആത്യന്തികമായി ജീവിതം തന്നെയാണ് പ്രധാനം.

എല്ലാറ്റിനുമുപരി ഇവർക്ക് കൂടെ നിൽക്കേണ്ടത് സുഹൃത്തുക്കളും കുടുംബവുമാണ്. ഇവരുടെ വിഷാദം ഒരു രോഗമാണെന്ന് തിരിച്ചറിയേണ്ടതും കുടുംബവും സൗഹൃദങ്ങളുമായിരിക്കണം. സഹനവും വിവേകവും പ്രകടിപ്പിക്കുന്ന ഒരു സമൂഹത്തിന് ഇവരെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും.

വിഷാദ രോഗത്തിന് അടിമപ്പെട്ടവരും സ്വയം തിരിച്ചറിയുക... ലോകത്തിൽ നിങ്ങൾക്കുള്ള ഇടം നിങ്ങളുടേത് മാത്രമാണെന്ന് വിശ്വസിക്കുക!