സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന; മരുന്നു വിതരണം സ്തംഭനവസ്ഥയില്‍

സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത്   എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന; മരുന്നു വിതരണം സ്തംഭനവസ്ഥയില്‍

തിരുവനന്തപുരം: ഒരു താലൂക്ക് ആശുപത്രിയില്‍ പോലും പ്രതിമാസം 2 മുതല്‍ നാലുവരെ എച്ച്.ഐ.വി ബാധിതരെ സംസ്ഥാനത്ത് പുതിയതായി കണ്ടെത്തുന്നതായി കണക്കുകള്‍. അതെ സമയം രോഗികള്‍ കൂടുമ്പോഴും  എച്ച്ഐവി പോസിറ്റീവ് ബാധിതര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പ്രതിരോധ മരുന്നു വിതരണം സ്തംഭനവസ്ഥയിലായി.

മൂന്ന് മാസത്തോളമായി കടുത്ത ക്ഷാമം നേരിടുന്ന മരുന്ന് ഒരു മാസമായി വിതരണം ചെയ്യാത്ത അവസ്ഥിലാണ്. രോഗബാധിതനെന്ന് കണ്ടെത്തിയാല്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജാശുപത്രികളിലും  പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി ( ആന്റി റിട്രോ വൈറല്‍ തെറാപ്പി) മുഖേനയാണ്  പ്രതിരോധ മരുന്നുകള്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. മരുന്ന് വിതരണം നിലച്ചതോടെ സംസ്ഥാനത്തെ 26000 ത്തോളം വരുന്ന എച്ച്.ഐ. വി ബാധിതര്‍ ദുരിതത്തിലായി. രോഗം കണ്ടെത്തിയാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി നല്‍കുന്നതാണ് ഇത്തരം മരുന്നുകള്‍. തുടര്‍ച്ചയായി രോഗികള്‍ കഴിക്കേണ്ടതായ മരുന്നുകള്‍ നിര്‍ത്തിയാല്‍ രോഗാവസ്ഥ കൂടുകയും രോഗിയുടെ നില വഷളാവുകയും ചെയ്യും. ഈ മരുന്നുകളുടെ വിതരണമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്.


പ്രതിരോധ മരുന്നുകളും രോഗികള്‍ക്ക് കിട്ടാനില്ലാത്ത അവസ്ഥയാണ്. പൊതുവിപണിയില്‍ നിന്ന് വാങ്ങണമെങ്കില്‍ മരുന്നിന് പ്രതിമാസം 12000 മുതല്‍ 18000 രൂപയോളം ചെലവും വരും. ഇത് പൂര്‍ണമായും സൗജന്യമായാണ് എന്‍ ആര്‍ ടി സെന്ററുകള്‍ വഴി വിതരണം ചെയ്തിരുന്നത്. ഒരു വര്‍ഷത്തോളമായി ഈ മരുന്നിന്റേയും വിതരണം ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നാളുകളിലാണ് രോഗികള്‍ക്ക് കിട്ടുന്ന സൗജന്യ മരുന്നുകളുടെ വിതരണം അവതാളത്തിലായത്.

എന്നാല്‍ അതെ സമയം സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു താലൂക്ക് ആശുപത്രിയില്‍ പോലും പ്രതിമാസം 2 മുതല്‍ നാലുവരെ എച്ച്.ഐ.വി ബാധിതരെ കണ്ടെത്തുന്നു. നിരന്തരം ഏതെങ്കിലും രോഗങ്ങളുമായി വന്ന് ഡോക്ടറെ കാണുന്നവര്‍ക്ക് ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ നിര്‍ദ്ദേശിക്കുമ്പോള്‍ നടത്തുന്ന സാധാരണ രക്ത പരിശോധനയിലാണ് ഇത് കണ്ടെത്തുന്നതെന്നതും ശ്രദ്ധേയമാണ്. സാധാരണ പരിശോധനയില്‍ എന്തെങ്കിലും അസാധാരണത്വം കാണുമ്പോള്‍ മാത്രമാണ് ഈ പരിശോധന നടത്തുന്നതും ഫലം ഉറപ്പിക്കുന്നതും. എന്നാല്‍ രോഗങ്ങളുമായി വന്ന് പരിശോധനക്ക് വിധേയമാകുന്നവര്‍ അല്ലാതെ സാധാരണ ആരോഗ്യമുള്ളവര്‍ ഈ പരിശോധനക്ക് വരാറില്ല. അങ്ങിനെയുള്ളവരുടെ കൂടി പരിശോധന നടത്താന്‍ കഴിഞ്ഞാല്‍ നിലവിലുള്ള കണക്കുകള്‍ വര്‍ദ്ധിക്കുമെന്നും കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നു. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത്.

ജില്ലയില്‍ മാസം തോറും 12 മുതല്‍ 15 വരെ പുതിയ കേസുകള്‍ കണ്ടെത്തുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ചിറ്റൂര്‍ താലൂക്കിലാണ് കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത്. കോഴിക്കോട്, എറണാകുളം ജില്ലകള്‍ പാലക്കാടിന്റെ പിന്നില്‍ വരുന്നുണ്ട്. എച്ച്.ഐ.വി ബാധ ഏറ്റവും കൂടുതല്‍ കാണുന്നത് അവിഹിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലാണ്. കേരളത്തില്‍ 82 ശതമാനം പേര്‍ ഈ വിധത്തില്‍ ഉള്ളവരാണ്. ഇഞ്ചക്ഷന്‍, മയക്കുമരുന്നുപയോഗം വഴി 8 ശതമാനം പേര്‍ രോഗബാധിതരാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 7 ശതമാനം, രക്തത്തിലൂടേയും മറ്റും 1 ശതമാനം, സ്വവര്‍ഗരതിയിലൂടെ രണ്ട് ശതമാനം എന്നിങ്ങനെയാണ് പകരുന്നത്. 25 മുതല്‍ 49 വയസ് വരെയുള്ളവരിലാണ് 84 സതമാനം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുരുഷന്‍മാരിലാണ് സ്ത്രീകളെക്കാള്‍ രോഗബാധിതര്‍. രോഗബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തി സ്വയം പരിശോധനക്ക് വിധേയനായാല്‍ എച്ച്.ഐ.വി ബാധ എയ്ഡ്‌സ് ആയി മാറുന്നതില്‍ നിന്നു അയാള്‍ക്കും മറ്റുള്ളവര്‍ക്ക് രോഗബാധയേല്‍ക്കാനുള്ള സാഹചര്യങ്ങളും ഇല്ലാതാകും. എച്ച്.ഐ.വി ബാധയുള്ള ഒരാള്‍ക്ക് സാധാരണ വ്യക്തിയെ പോല ജീവിതം നയിക്കാന്‍ കഴിയുമെന്നതാണ് വാസ്തവം.

സാധാരണ രോഗബാധിതരല്ലാത്ത വ്യക്തിയുടെ രക്തത്തിലെ സിഡി കൗണ്ട് 800 മുതല്‍ 1500 വരെയായിരിക്കും. എച്ച്.ഐ.വി ബാധയുള്ളയാള്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ വരാനും ഈ കൗണ്ട് കുറയാനുമുള്ള സാധ്യതയും ഉണ്ട്. ഇതിനുള്ള അവസരം ഇല്ലാതാക്കിയാല്‍ മറ്റ് വ്യക്തികലെ പോലെ ജീവിക്കാം. എച്ച്.ഐ.വി ബാധയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി കൗണ്ട് കുറയാതിരിക്കാനുള്ള മരുന്നുകളും മറ്റും നല്‍കും. കൗണ്ട് എന്തെങ്കിലും കാരണവശാല്‍ 250 ല്‍ കുറഞ്ഞാല്‍ ആന്റി കൗണ്ട് മരുന്നു നല്‍കും. ഇത് ഒരിക്കാല്‍ കഴിച്ചാല്‍ ജീവിതകാലം മുഴുവനും കഴിക്കണം. ഈ മരുന്നു കൊണ്ട് ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയില്ല. വൈറസിന്റെ കാര്യക്ഷമത കുറച്ച് മയക്കി കിടത്തും. മരുന്ന് കഴിക്കുന്നത് എന്നും ഒരെ സമയത്താകണം. സമയം തെറ്റിയാല്‍ ശരീരത്തിലെ വൈറസ് പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ് കൂടുതല്‍ ആക്രമണകാരിയാകും. കൗണ്ട് 50 ലും കുറഞ്ഞാല്‍ മാത്രമേ പല രോഗങ്ങളും ആക്രമിച്ചു എയ്ഡ്‌സ് രോഗിയെന്ന നിലയിലേക്ക് മാറുന്നുള്ളു. അത്തരമൊരവസ്ഥയിലാണ് മറ്റു രോഗങ്ങള്‍ മൂലം രോഗി മരണത്തിന് കീഴടങ്ങുന്നത്.

എച്ച്.ഐ.വി വൈറസ് ശരീരത്തില്‍ കയറിയാല്‍ നശിക്കില്ലെന്നും തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒരാള്‍ എയ്ഡ്‌സ് രോഗിയായി മാറുന്നത് കുറക്കാന്‍ കഴിയും. ഈ മരുന്നുകളുടെ വിതരണമാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭാഗികമായി നിര്‍ത്തിയത്. പുതിയ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെങ്കില്‍ സംസ്ഥാനത്ത് എച്ച്.ഐ.വി പോസിറ്റീവ് ബാധിതര്‍ എയ്ഡ്‌സ് രോഗികളായി മാറുന്ന അവസ്ഥ സംജാതമാകും.

Story by
Read More >>