ധനകാര്യ മാനേജ്‌മെന്റ്: പ്രതീക്ഷയും വെല്ലുവിളികളും

വലിയ പ്രതീക്ഷയാണ് പുതിയ സർക്കാരിലുള്ളത്. അത് കാത്ത് സൂക്ഷിക്കാൻ ധനകാര്യവകുപ്പിന് സാധിക്കുമോ എന്നതാണ് ചോദ്യം- പ്രശാന്ത് ആലപ്പുഴ എഴുതുന്നു.

ധനകാര്യ മാനേജ്‌മെന്റ്: പ്രതീക്ഷയും വെല്ലുവിളികളും

പ്രശാന്ത് ആലപ്പുഴ

പ്രതീക്ഷകളുടെ അമിതഭാരവുമായിട്ടാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലേക്ക് വരുന്നത്. സി പി എമ്മിലെ ഒരു യുഗമാറ്റം കൂടി ആവുമ്പോൾ സ്വഭാവികമായും യുവാക്കളും മറ്റും വേഗത്തിൽ ഫലങ്ങൾ പ്രതീക്ഷിക്കും. കാത്തിരുന്നു പരിചയമുള്ള ഒരു തലമുറയെ അല്ല ഇനിയുള്ള കാലത്ത് ഭരണകൂടങ്ങൾക്ക് അഭിസംബോധന ചെയ്യേണ്ടി വരിക. അതിനുപുറമേയാണ് എല്ലാം ശരിയാകും എന്ന സുവിശേഷ വചനത്തിന്റെ അമിത ബാധ്യത.

അതേ സമയം പൂച്ചപെറ്റു കിടക്കുന്ന ഒരു ഖജനാവിന്റെ താക്കോലാണ് തോമസ് ഐസക്കിനു ലഭിച്ചത്. പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ തുറന്നു മലർത്തിയിട്ടാലും കുഴപ്പമില്ല. അത്രകണ്ട് ശൂന്യം. ശൂന്യത മാത്രമല്ല ബാധ്യതകളുടെ നിരവധി അഗാധഗർത്തങ്ങൾ കൂടി അതിൽ പതിയിരിക്കുന്നു എന്നു വേണം കരുതാൻ. ഒരു ധവളപത്രം ഇറക്കിയാൽ മാത്രമേ അതിന്റെ ആഴം നമ്മുക്ക് അറിയുവാൻ കഴിയൂ. അതേ സമയം തന്നെ സർക്കാർ ജീവനക്കാരിൽ 30% പേർക്കെങ്കിലും ഏപ്രിൽ മാസത്തെ ശമ്പളം നൽകാനുണ്ട് എന്ന് വാർത്തകൾ ഉണ്ട്. അത് സൂചകമായി എടുത്താൽ ഐസക്കിനു നിദ്രാവിഹീനമായ രാവുകളാണ് ഇനി ഉണ്ടാവാൻ ഇടയുള്ളത് എന്നു നമ്മുക്ക് അനുമാനിക്കാം.


മുൻഗണനകൾ

ഏത് സർക്കാരിന്റെയും മുൻഗണനകളെ അതിന്റെ സാമ്പത്തിക സ്ഥിതി വലിയ സ്വധീനമാണ് ചെലുത്തുക. അതു കൊണ്ട് തന്നെ വലിയ സർക്കാർ മുടക്കുള്ള പദ്ധതികളുമായി ആവില്ല സർക്കാർ തുടങ്ങുക. പ്രാഥമികമായ ശ്രദ്ധ ക്ഷേമപദ്ധതികളിൽ മുടക്കുമുണ്ടാതെ നോക്കുക എന്നതാവും. എല്ലാക്കാലത്തും ഇടതുപക്ഷം നിർബന്ധബുദ്ധി കാട്ടിയ മേഖല എന്ന നിലയിൽ ഇതിൽ വെള്ളം ചേർക്കാൻ അവർ തയ്യാറാകില്ല. അതുപോലെ തന്നെ വിലക്കയറ്റം പിടിച്ച് നിർത്താനുള്ള കമ്പോള ഇടപെടലുകളും മുടക്കമില്ലാതെ തുടരും.

സർക്കാർ ആദ്യ മാസങ്ങളിൽ ശ്രദ്ധിക്കുക നടപടിക്രമങ്ങളുടെ ലഘൂകരണത്തിനും ഭരണപരിഷ്‌ക്കാരത്തിനും ആവും. വലിയ തോതിൽ ഓട്ടമേഷൻ നടത്തി ഭരണത്തിന്റെ സജീവ സാന്നിധ്യം ജനങ്ങൾക്ക് അനുഭവവേദ്യമാക്കുവാനുള്ള പരിശ്രമങ്ങൾക്ക് പണം ചിലവഴിക്കുവാൻ ഐസക്ക് മടിക്കില്ല.

നികുതി - നികുതിയേതര വരുമാനങ്ങൾ


നിലവിൽ നികുതി പിരിവ് തീരെ കാര്യക്ഷമമല്ല. നികുതി ഘടന ലഘുവാക്കി നികുതി ചോർച്ച തടയവാനാകും ധനമന്ത്രി ആദ്യമായി ശ്രമിക്കുക. അഴിമതി രഹിത വാളയാറുകൾ വ്യാപിപ്പിക്കുവാൻ നടപടി ഉണ്ടാകും. സ്‌കാനറുകൾ പോലെ ഉള്ള സജ്ജീകരണങ്ങൾ ചെക് പോസ്റ്റുകളിൽ സ്ഥാപിക്കും.

അതേ പോലെ തന്നെ സ്റ്റേകളിൽ കുടുങ്ങി കിടക്കുന്നതും കുടുക്കി ഇട്ടിരിക്കുന്നതും ആയ നിരവധി റവന്യൂ റിക്കവറി കേസുകളിൽ സത്വരമായ നടപടികൾ സ്വീകരിക്കേണ്ടി വരും. ഇതിൽ ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സർക്കാർ പുലർത്തുന്ന ഇച്ഛാശക്തി പ്രധാനമാണ്. റവന്യൂ റിക്കവറി ഘട്ടമെത്താത്ത നികുതി കുടിശിഖയുടെ പിരിവും സർക്കാരിനു വലിയ വെല്ലുവിളി ആകും.

ജി എസ് ടി ബിൽ എത്രയും വേഗം പാർലമെന്റിൽ പാസാകും എന്ന പ്രത്യാശയിലാകും ഐസക്ക് തന്റെ സമീപ ഭാവിക്കായുള്ള സാമ്പത്തിക പരിപാടികൾ രൂപീകരിക്കുക. ജി എസ് ടി യിൽ കേരളം പോലെ ഉള്ള സംസ്ഥാനത്തിനു കിട്ടാൻ സാധ്യതയുള്ള വർധിതമായ വിഹിതം സർക്കാരിനു ഓക്‌സിജനെക്കാൾ പ്രധാനമാകും. ഇതിനായി രാജ്യസഭയിൽ ചില്ലറ വിട്ടുവീഴ്ച്ചകൾ ചെയ്യാനും ഇടതുപക്ഷം തയ്യാറായേക്കം.

മൂലധന ചിലവുകൾ

മൂലധന ചിലവുകളെ കൃത്യമായി അടയാളപ്പെടുത്തുകയും അവയ്ക്കായി നൂതനമായ മൂലധന സമാഹരണം സാധ്യമാക്കുകയും ചെയ്യുക എന്നതാവും ഐസക്കിന്റെ മാജിക്ക് ട്രിക്കും മാസ്റ്റർ സ്‌ട്രോക്കും. ഇതിനായി ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒരു ഉന്മാദിയെ പോലെ അദ്ദേഹം പരിവേഷണം നടത്തും. ഉദാഹരണത്തിനു റോഡ് ടാക്‌സിന്റെ 50% നിയമപ്രകാരം ഇതിനായി സർക്കാർ രൂപീകരിക്കുന്ന ഒരു കമ്പനിക്ക് നൽകുമെന്ന ഉറപ്പിൽ ഭാവി വരുമാന ഒഴുക്ക് (Future Income Stream കാണിച്ച് വായ്പ എടുത്ത് റോഡ് വികസനം സാധ്യമാകുന്ന രീതി, അതേപോലെ തന്നെ പ്രവാസ നിക്ഷേപത്തെ മൂലധന നിക്ഷേപങ്ങൾക്കായി ചാനലൈസ് ചെയ്യുവാനുള്ള പദ്ധതി തുടങ്ങിയവ എത്രയും വേഗം മുന്നോട്ട് കൊണ്ട് പോകാൻ മന്ത്രി ശ്രമിക്കും. നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകളിൽ കുരുങ്ങാതെ ഇവയൊക്കെ മുൻപോട്ട് പോകുമെന്ന ശുഭപ്രതീക്ഷ ഐസക്കിന്റെ വിജയകരമായ ബദലുകൾ കണ്ടു ശീലിച്ചവർക്ക് ഉണ്ട്.

ചതുരത്തിനു പുറത്ത് ചിന്തിക്കുക എന്നത് ആധുനിക മാനേജ്‌മെന്റ് ക്ലാസുകളിലെ ഒരു ക്ലിഷേ പ്രയോഗമാണ്. പ്രത്യയശാസ്ത്ര നിബദ്ധമായ ഒരു മുന്നണിയെ സംബന്ധിച്ച് അത്തരം ചിന്തകൾ പോലും ഹറാമാണ്. മയിൽ കുയിലാകുമാ ആന ചേനയാകുമോ തുടങ്ങി ധാരാളം വിചാരണകൾ നേരിടേണ്ടി വന്നേക്കാം. ആഗോളികരണത്തെ ഒരു യാഥാർത്ഥ്യമായി അംഗീകരിച്ച് അതിനുള്ളിൽ നിന്നു ബദലുകൾ രൂപീകരിക്കുവാനാകും പ്രായോഗിക ബുദ്ധിയും അക്കാഡമിക്ക് നൈപുണ്യവുമൊത്തു ചേർന്ന തോമസ് ഐസക്കിന്റെ ശ്രമം. ഐക്യകേരളത്തിന്റെ ആദ്യ ധനമന്ത്രിയും മികച്ച മുഖ്യമന്ത്രിയുമായ സി അച്ചുതമേനോന്റെ റിസൾട്ട് ഓറിയന്റഡ് സമീപനമാകും ഐസക്ക് അനുവർത്തിക്കുക.

(ദുബായിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റാണ് ലേഖകൻ)

Story by