കണ്ണൂരിനെ മണിപ്പൂരാക്കുമെന്ന് പറയുന്ന സംഘപരിവാരത്തിന് ഇറോം ശര്‍മിള ആരാണെന്നറിയാമോ?

അതിനാല്‍ രാജീവിന്റെ ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ കണ്ണൂരില്‍ മോദി സൈന്യത്തെ ഇറക്കുമെന്നും അപ്പോള്‍ സഖാക്കളുടെ ഭാര്യമാരെ ഇറോം ശര്‍മിളമാരാക്കി അതിനെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഭരണകൂടം സൈന്യത്തെ വിന്യസിച്ച മണിപ്പൂര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യം നടത്തിയ ക്രൂരമായ ബലാത്സംഗങ്ങളും മണിപ്പൂരിലും കാശ്മീരിലും അസമിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും മറ്റിടങ്ങളിലും ആവര്‍ത്തിക്കണമെന്ന ശരാശരി സംഘപരിവാര യുക്തി തന്നെയാണ് രാജീവിന്റെതും.

കണ്ണൂരിനെ മണിപ്പൂരാക്കുമെന്ന് പറയുന്ന സംഘപരിവാരത്തിന് ഇറോം ശര്‍മിള ആരാണെന്നറിയാമോ?

കണ്ണൂരില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ അക്രമം തുടര്‍ന്നാല്‍ മോദി ഇന്ത്യന്‍ സൈന്യത്തെ ഇറക്കുമെന്നും ഇത് നേരിടാന്‍ സഖാക്കള്‍ക്ക് ഭാര്യമാരെ ഇറോം ശര്‍മിളമാരാക്കേണ്ടി വരുമെന്ന ആര്‍എസ്എസ് അനുഭാവിയായ രാജീവ് യു എന്ന സൈനികന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം.

പിണറായി അധികാരത്തില്‍ വന്നാല്‍ കണ്ണൂര്‍ അക്രമം കാട്ടി പിടിച്ചടക്കുമെന്നാണ് ചില സഖാക്കള്‍ വീരവാദം മുഴക്കുന്നതെന്നും കാര്യങ്ങള്‍ നിയന്ത്രണാതീതമല്ലെങ്കില്‍ മോദി കേന്ദ്ര സേനയെ വിന്യസിക്കുമെന്നുമാണ് രാജീവിന്റെ പോസ്റ്റ്. കേന്ദ്രം പട്ടാളത്തെ വിന്യസിച്ചാല്‍ സഖാക്കള്‍ക്ക് സ്വന്തം ഭാര്യമാരെ ഇറോം ശര്‍മിളമാരാക്കി സൈന്യത്തെ പിന്‍വലിപ്പിക്കേണ്ടി വരുമെന്നും ഇയാളുടെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന് പിന്നാലെ സൈന്യം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് രാജീവ് യു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്യുമെന്നല്ല താന്‍ പറഞ്ഞതെന്നും ഇറോം ശര്‍മിളയുടെ ചരിത്രം അറിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നതുമെന്നും വിശദീകരിച്ച് രാജീവ് മറ്റൊരു പോസ്റ്റും ഇട്ടു. സൈന്യം ബലാത്സംഗം ചെയ്ത സ്ത്രീയാണ് ഇറോം ശര്‍മിളയെന്നാണ് സഖാക്കള്‍ കരുതുന്നതെന്നും ഇറോം ശര്‍മിള ആരാണെന്ന് സഖാക്കള്‍ പഠിക്കേണ്ടിയിരിക്കണമെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു.


ആരാണ് ഇറോം ശര്‍മിള

'2000 നവംബറില്‍ നടന്ന സൈനിക വെടിവയ്പ്പിനെ തുടര്‍ന്ന് സൈന്യത്തിനുള്ള പ്രത്യേകാധികാരമായ AFSPA പിന്‍വലിക്കാന്‍ വേണ്ടി സമരം കിടക്കുന്നവളാണ് ശര്‍മ്മിള..' എന്നാണ് രാജീവ് പറയുന്നത്. രാജീവ് യു പറഞ്ഞത് പോലെ സൈന്യം ബലാത്സംഗം ചെയ്ത സ്ത്രീയല്ല ഇറോം ശര്‍മിള. എന്നാല്‍ എങ്ങനെ ഇറോം ശര്‍മിള ഉണ്ടായി എന്ന കാര്യത്തില്‍ രാജീവിന്റെ അപക്വധാരണയാണ് 'സൈന്യം ബലാല്‍സംഗം ചെയ്ത സ്ത്രീയല്ല ഇറോം ശര്‍മിള' എന്ന കേവല യുക്തിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ ഇദ്ദേഹത്തിനാകുന്നത്. ഇറോം ശര്‍മിളയുടെ ചരിത്രം മണിപ്പൂരിലെ അനേകായിരം സ്ത്രീകളുടെ ചരിത്രമാണ്. അത് 2000 ല്‍ സൈന്യം നടത്തിയ കൂട്ടക്കൊലയോടെ ആരംഭിക്കുന്നതല്ല.

മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മിള സംസ്ഥാനത്ത് സൈന്യത്തിനുള്ള പ്രത്യേകാധികരാമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 5 2000 ലാണ് നിരഹാര സമരം ആരംഭിക്കുന്നത്. മണിപ്പൂരിലുണ്ടായ കൂട്ടക്കൊലയാണ് സമരത്തിന് കാരണമായത് എന്നത് സാന്ദര്‍ഭികം മാത്രമാണ്. അന്നുവരെ മണിപ്പൂരി ജനത അനുഭവിച്ചുവന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള തുറന്ന പ്രതികരണമായിരുന്നു ഇറോമിന്റെ നിരാഹാര സമരം.

2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ ഇംഫാലിലെ മാലോം ടൗണില്‍ ബസ് കാത്ത് നിന്ന പത്ത് പേരെ അസം റൈഫിള്‍സിലെ രണ്ട് പട്ടാളക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നു. അഫ്‌സ്പ എന്ന സൈന്യത്തിന്റെ പ്രത്യേകാധികാരമുപയോഗിച്ചായിരുന്നു ഈ കൂട്ടക്കൊല. ഇതാണ് മാലോം കൂട്ടക്കൊല എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. കൂട്ടക്കൊലയില്‍ 62 കാരിയായ ലഇസന്ഗബം ഇബെതോമി മുതല്‍  1988 ലെ ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ പതിനെട്ട് വയസ്സുകാരിയായ സിനം ചന്ദ്രമണിവരെയുള്ള നിരപരാധികള്‍ കൊല്ലപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവത്തോടെയാണ് ഇറോം ശര്‍മിള എന്ന ഇരുപത്തിയെട്ടുകാരി നിരാഹാര സമരം ആരംഭിക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിച്ചു പോന്ന ഭീകരവാഴ്ച്ചയോടുള്ള പ്രതിഷേധം കൂടിയായിരുന്നു ആ പെണ്‍കുട്ടിയുടെ സമരം.

1958 ല്‍ പാസാക്കിയ സായുധസേന പ്രത്യേക അധികാര നിയമം(Armed Forces Special Powers Act) സൈന്യത്തിന് ആരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും തടവില്‍ വെക്കാനുമുള്ള അധികാരം നല്‍കുന്നു. ഈ നിയമം അനുസരിച്ച് ഏത് സമയത്തും വീടുകളില്‍ തിരച്ചില്‍ നടത്താനും നിയമം ലംഘിക്കുന്നവര്‍ക്കോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നാലോ ആയുധങ്ങള്‍ കൈവശം വെച്ചാലോ സൈന്യത്തിന് വെടിവെക്കാനും അധികാരം നല്‍കുന്നു.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, ജമ്മു-കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ നിയമം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം കൊടും ക്രൂരതകളാണ് നടത്തുന്നത്. ഈ നിയമത്തിന്റെ ബലത്തിലാണ് മാലോമില്‍ സൈന്യം പത്ത് പേരെ വെടിവെച്ചു കൊന്നത്. ഇതേ നിയമം ഉപയോഗിച്ചാണ് ഈ സംസ്ഥാനങ്ങളിലെല്ലാം സൈന്യം സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗം ചെയ്യുന്നതും പുരുഷന്മാരെ അന്യായമായി തടവിലാക്കുന്നതും വെടിവെച്ചുകൊല്ലുന്നതും. മണിപ്പൂരില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ അനേകം സമരങ്ങള്‍ നിരന്തരം ഉണ്ടാകുന്നുമുണ്ട്.

അസം റൈഫിള്‍സിന്റെ ക്രൂരത തുറന്നുകാട്ടിയ സംഭവമായിരുന്നു മനോരമ ദേവി എന്ന മണിപ്പൂരി സ്ത്രീയുടെ കൊലപാതകം. 2004 ജുലൈ പത്തിന് അര്‍ധരാത്രി വീട്ടില്‍ ഇരച്ചുകയറിയ അസംറൈഫിള്‍സ് തട്ടിക്കൊണ്ടുപേയ മനോരമാ ദേവിയെ അടുത്ത ദിവസം യൈരിപോക്ക് എന്ന സ്ഥലത്തു റോഡരികില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നു ക്യാംപിലേക്ക് കൊണ്ടുപോവുന്ന വഴി മൂത്രമൊഴിക്കണമെന്ന് പറഞ്ഞ മനോരമ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയെന്നും തുടര്‍ന്ന് കാല്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍ മനോരമാ ദേവിയെ സൈന്യം അതിക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പിന്നീട് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. സി ഉപേന്ദ്രസിങ് ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ 112 പേജുള്ള റിപ്പോര്‍ട്ടില്‍ മനോരമാ ദേവിക്ക് നേരെ സൈന്യം നടത്തിയ ക്രൂരതയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2011ല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തിവെക്കുകയായിരുന്നു. അടുത്ത കാലത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇതിന് പിന്നാലെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇന്ത്യന്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ക്കെതിരെ മണിപ്പൂരിലെ അമ്മമാര്‍ അസം റൈഫിള്‍സ് ആസ്ഥാനമായ കാംഗ്ല കോട്ടയുടെ മുന്നില്‍ 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' എന്ന പേരില്‍ ബാനറുമേന്തി നഗ്നരായി നടത്തിയ പ്രതിഷേധം അധികമാരും മറന്നുകാണാനിടയില്ല. ഇന്ത്യന്‍ സൈന്യം ഈ സംസ്ഥാനങ്ങളില്‍ കാണിച്ചുകൂട്ടുന്നതെന്താണെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു അത്.

മണിപ്പൂരില്‍ അഫ്‌സ്പ എന്ന കരിനിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ ക്രൂരതകളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. കാശ്മീരിലും മണിപ്പൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇനിയുമേറെ പറയാനുണ്ട്.

ഇറോം ശര്‍മിളയിലേക്ക് തിരിച്ചു വരാം. അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള എന്ന സ്ത്രീ ഇന്നും തുടരുന്ന നിരാഹാര സമരം വിരല്‍ ചൂണ്ടുന്നത് മണിപ്പൂരില്‍ സൈന്യം ഈ നിയമത്തിന്റെ ബലത്തില്‍ പ്രദേശവാസികള്‍ക്ക് നേരെ നടത്തുന്ന ക്രൂരതകളിലേക്കാണ്. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കിയ ഭരണകൂടത്തിനെതിരെ പൊരുതുന്ന അനേകായിരം സ്ത്രീകളില്‍ ഒരാളാണ് ഇറോം ശര്‍മിള. കേവലം അഫ്‌സ്പ എന്നതില്‍ ഒതുങ്ങുന്നതല്ല ഇറോം ചാനു ശര്‍മിളയുടെ സമരം. മണിപ്പൂര്‍ എന്ന പ്രദേശത്ത് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള സുധീരമായ സമരമായി വേണം അതിനെ കാണാന്‍.

അതിനാല്‍ രാജീവിന്റെ ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ കണ്ണൂരില്‍ മോദി സൈന്യത്തെ ഇറക്കുമെന്നും അപ്പോള്‍ സഖാക്കളുടെ ഭാര്യമാരെ ഇറോം ശര്‍മിളമാരാക്കി അതിനെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഭരണകൂടം സൈന്യത്തെ വിന്യസിച്ച മണിപ്പൂര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യം നടത്തിയ ക്രൂരമായ ബലാത്സംഗങ്ങളും മണിപ്പൂരിലും കാശ്മീരിലും അസമിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇവിടേയും ആവര്‍ത്തിക്കണമെന്ന ശരാശരി സംഘപരിവാര യുക്തി തന്നെയാണ് രാജീവിന്റെതും.

Read More >>