തിരഞ്ഞെടുപ്പ് കഴിഞ്ഞു; നാളെ ഉടുമ്പൻചോലയിൽ ബിഡിജെഎസ് ഹർത്താൽ

തിരഞ്ഞെടുപ്പ് കഴിഞ്ഞു, വിവിധ സ്ഥലങ്ങളില്‍ അക്രമണം, ഉടുമ്പൻചോലയിൽ നാളെ ബിഡിജെഎസ് ഹർത്താൽ

തിരഞ്ഞെടുപ്പ് കഴിഞ്ഞു; നാളെ ഉടുമ്പൻചോലയിൽ ബിഡിജെഎസ് ഹർത്താൽ

തിരുവനന്തപുരം: കേരളം വിധിയെഴുതി. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരാന്‍ ഇരിക്കുന്നത്തെയുള്ളൂവെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ 72% പോളിംഗ് നടന്നു. വൈകുനേരം ആറു മണിക്ക് പോളിംഗ് അവസാനിച്ച ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമണ സംഭവങ്ങള്‍ നടന്നു.

ഇടുക്കി നെടുങ്കണ്ടം കൂട്ടാറിൽ ബിഡിജെഎസ്–എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘട്ടനമുണ്ടായി. ബിഡിജെഎസ് ഓഫിസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടിച്ചു തകർക്കുകയും സാരമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.  ബിഡിജെഎസ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ ഉടുമ്പൻചോല മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.


രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹര്‍ത്താലിനെ ബിജെപി പിന്തുണയ്ക്കുമെന്നു ജില്ലാ പ്രസിഡന്റ് ബിനു ജെ.കൈമൾ അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ കണ്ണൂർ ധർമടം മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്കൂളിൽ ബൂത്ത് നമ്പർ 43ലെ യുഡിഎഫ് ബൂത്ത് ഏജന്റ് കൃഷ്ണന് മർദനമേറ്റു. കൈതേരി പതിനൊന്നാം മൈലിൽ കോൺഗ്രസുകാരുടെ ബഞ്ച് സിപിഎമ്മുകാർ എടുത്തെറിഞ്ഞു.

വടകര കണ്ണൂക്കരയിൽ മുസ്‍ലിം ലീഗ്-എസ്‍ഡിപിഐ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. ചിറ്റൂർ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലുണ്ടായ സംഘർഷത്തിൽ രണ്ടു ജനതാദൾ (എസ്) പ്രവർത്തകർക്ക് വെട്ടേറ്റു.സംഭവത്തിന് രാഷ്ട്രീയ നിറമില്ലെന്ന് പിന്നീട് പോലീസ് പറഞ്ഞു.