ലോക വിസ്മയമായ ഗ്രീന്‍ മാംഗോ ട്രീ മാജിക് തെരുവില്‍ അവതരിപ്പിച്ച് ഷംസുദ്ദീന്‍; ഈ പച്ചമാങ്ങ വിദ്യയുടെ രഹസ്യം തേടി ലോക മാജിക് ലോകം കേരളത്തിലേക്ക് നോക്കുന്നു

ലോക വിസ്മയമായ ഗ്രീന്‍ മാംഗോ ട്രീ മാജിക് തെരുവില്‍ അവതരിപ്പിച്ച് ഷംസുദ്ദീന്‍; ഈ പച്ചമാങ്ങ വിദ്യയുടെ രഹസ്യം തേടി ലോക മാജിക് ലോകം കേരളത്തിലേക്ക് നോക്കുന്നു

ലോക വിസ്മയമായ ഗ്രീന്‍ മാംഗോ ട്രീ മാജിക് തെരുവില്‍ അവതരിപ്പിച്ച് ഷംസുദ്ദീന്‍; ഈ പച്ചമാങ്ങ വിദ്യയുടെ രഹസ്യം തേടി ലോക മാജിക് ലോകം കേരളത്തിലേക്ക് നോക്കുന്നു

പാലക്കാട് : അമേരിക്കയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ മാജിക് കലാകാരന്‍മാരുടെ സംഘം ഗ്രീന്‍ മാംഗോ ട്രീ എന്ന മാജിക്കിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഒരു പുസ്തകത്തില്‍ വായിച്ചുള്ള അറിവാണ്. ഒരിക്കലും അവതരിപ്പിക്കാന്‍ കഴിയാത്ത മാജിക്കായതിനാല്‍ തട്ടിപ്പാണെന്നും കരുതി. പക്ഷെ ചെര്‍പ്പുളശ്ശേരിക്കാരന്‍ ഷംസുദ്ദീന്‍ നിറഞ്ഞ കാണികളുടെ മുമ്പില്‍ വെച്ച് ആ മാജിക് കാണിച്ചപ്പോള്‍ അവര്‍ക്ക് പോലും വിശ്വസിക്കാനായില്ല. ഒടുവില്‍ പുസ്തകത്തില്‍ വായിച്ചത് തട്ടിപ്പ് കഥയല്ലെന്നും ചെര്‍പ്പുളശേരിക്കാരന്‍ ഷംസുദ്ദീന്‍ അവതരിപ്പിച്ച ആ മാജിക് സത്യമാണെന്നും അവര്‍ക്ക് വിശ്വസിക്കേണ്ടി വന്നു.


തെരുവില്‍ വെച്ചാണ് ഷംസുദ്ദീന്‍ ഈ മാജിക് കാണിക്കാറുള്ളത്. തെരുവില്‍ അവതരിപ്പിച്ച് കയ്യടി നേടിയ ഈ മാജിക്കിനെ കുറിച്ചറിയാന്‍ ഷംസുദ്ദീനെ തേടി ജര്‍മ്മനിയില്‍ നിന്നും ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നു വരെ ഇന്ന് മാജിക്കുകാര്‍ എത്തുന്നു. അവര്‍ക്കെല്ലാം ഷംസുദ്ദീന്‍ കാണിച്ചു കൊടുക്കും. പക്ഷെ ഒരിക്കലും ആ മാജിക്കിന്റെ രഹസ്യം പുറത്തു വിട്ടിട്ടില്ല. അത് തെരുവിന്‍ അവതരിപ്പിക്കുന്നത് ഈ വിധത്തിലാണ്. ഒരു തെരുവോരം. പൊടുന്നനെ ഒരിന്ദ്രജാലക്കാരന്‍ എത്തുന്നു. ചുറ്റും വട്ടത്തിലൊരാള്‍ക്കൂട്ടവും. ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ ഉഗ്രരായ പാമ്പുകളെ വെച്ച് ഒരു പ്രദര്‍ശനം. പാമ്പിനെ കുറിച്ചുള്ള ഒരു ക്ലാസ്സ് കൂടിയാണ് ഈ പൊടിക്കൈകള്‍. കാണികളുടെ കയ്യടിക്കിടെ ഉള്ളില്‍ ഒന്നുമില്ലാത്ത കുട്ട എടുത്ത് കാണിക്കുന്നു. പിന്നെ പോക്കറ്റില്‍ നിന്ന് ഒരു ഉണങ്ങിയ മാങ്ങയണ്ടി കാണികളെ കാണിക്കുന്നു. അത് യഥാര്‍ത്ഥ മാങ്ങയണ്ടിയാണെന്ന് കാണികളെ കൊണ്ട് ഉറപ്പ് വരുത്തിക്കുന്നു. പിന്നെ അതിനെ ചെറിയൊരു മണ്‍പ്പൂചട്ടിയിലെ മണ്ണില്‍ കുഴിച്ചിടുന്നു. മുളക്കാന്‍ വെള്ളം നനയ്ക്കുന്നു. പിന്നെ കുട്ട കൊണ്ടടക്കുന്നു. പിന്നെ മകുടിയൂതുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കൂട തുറന്നപ്പോള്‍ അതാ ഒരു ചെറിയ മാവിന്‍തൈ.വീണ്ടും കുട്ട അടച്ച് മകുടിയൂതി തുടങ്ങി. നിമിഷങ്ങള്‍ക്കകം കൂട തുറന്നപ്പോള്‍ മാവിന്‍തൈ പൂത്ത് കായ്ച്ച് കണ്ണിമാങ്ങകളും മൂക്കാറായ മാങ്ങകളുമായി നില്‍ക്കുന്നു. മാങ്ങ പറിച്ചെടുത്ത് കറ കാണിച്ചിട്ടും വിശ്വാസം വരാതെ കാണികള്‍. മാങ്ങ മുറിച്ച് അവിടെ നില്‍ക്കുന്നവര്‍ക്ക് കഴിക്കാന്‍ കൊടുക്കുന്നു.ഒരു മറയുമില്ലാതെ തെരുവിലാണ് അതിരുകളില്ലാത്ത ഈ വിസ്മയം. ഇതാണ് ലോക വിസ്മയമായ ഗ്രീന്‍ മാംഗോ ട്രീ ട്രിക്ക്. ലോകപ്രശസ്ത വിദേശ മാന്ത്രികരെല്ലാം എത്ര പണം വേണമെങ്കിലും തരാം, ഈ പച്ചമാങ്ങ വിദ്യയുടെ രഹസ്യം പറഞ്ഞു തരൂ എന്ന് ഈ തെരുവ് മാന്ത്രികന്റെ പിന്നാലെയുണ്ട്. ഭാരതത്തിന്റെ ഇന്ദ്രജാല വിസ്മയങ്ങള്‍ വിദേശികളുമായി പങ്കിടാന്‍ തന്റെ മനസ്സനുവദിക്കുന്നില്ലെന്ന് ലോകപ്രശസ്തമായ ഈ മാജിക്കിന്റെ ഉടമ. ലോകത്ത് പച്ചമാങ്ങ ജാലവിദ്യ പ്രദര്‍ശിപ്പിക്കുന്ന ഏകയാള്‍ എന്ന പദവിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്ന ഇദ്ദേഹമാണ് ചെര്‍പ്പുളശ്ശേരി ലക്ഷം വീട് കോളനിയിലെ ഷംസുദ്ദീന്‍.

തിരുവനന്തപുരത്തെ വാവാ സുരേഷിനെ പോലെ ഒരു പാമ്പ് പ്രേമി കൂടിയാണ് ഷംസുദ്ദീന്‍. എത്ര വിഷമുള്ള പാമ്പും ഷംസൂദ്ദിന്റെ മുന്നില്‍ ഒരു പൂമാല പോലെയാണ്.മാജിക്കിന് പുറമെ വിഷപാമ്പുകളുടെ തോഴന്‍ കൂടിയാണ് ഷംസുദ്ദീന്‍. എത്ര വലിയ വിഷ പാമ്പും ഷംസുദ്ദീന്റെ മുമ്പില്‍ അനുസരണയോടെ നില്‍ക്കും. നേരത്തെ നിരവധി വിഷപാമ്പുകള്‍ ഷംസുദ്ദീന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ഷംസുദ്ദീന്റെ പേരക്കുട്ടി രണ്ടു വയസ്സുകാരി വലിയ മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലും ശരീരത്തിലുമണിഞ്ഞ് കളിക്കാറുണ്ടായിരുന്നു. കുട്ടികള്‍ വരെ പാമ്പുകളെ കളിപ്പാട്ടങ്ങളായാണ് കണ്ടിരുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ വന്നത് കണ്ട് കുട്ടികളേയും പാമ്പിനേയും പീഡിപ്പിക്കുന്നതായി പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ പാമ്പുകളെ സൂക്ഷിക്കുന്നത് നിര്‍ത്തി. കണ്ണപ്പനുണ്ണി എന്ന സിനിമക്കായി പിതാവിനൊപ്പം പാമ്പുകളുമായി ഷംസുദ്ദീന്‍ ഷൂട്ടിങ്ങിന് പോയിട്ടുണ്ട്. തുടര്‍ന്ന് നിരവധി സിനിമകള്‍ക്ക് ഷൂട്ടിങ്ങിനായി പാമ്പുകളെ നല്‍കിയിട്ടുണ്ട്. സിനിമകളില്‍ പാമ്പിനെ കൊണ്ട് അഭിനയിപ്പിക്കുന്നത് ഷംസുദ്ദീനാണ്. അടുത്ത കാലം വരെ ഇറങ്ങിയ സിനിമകളിലെല്ലാം ഷംസുദ്ദീന്‍ പാമ്പുകളെ കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ മിക്ക താരങ്ങളും സംവിധായകരും ഷംസുദ്ദീന്റെ സുഹ്യത്തുകളാണ്.

പതിമൂന്ന് വയസ്സില്‍ വാപ്പ ഹസ്സന്‍ സാഹിബിന് സുഖമില്ലാതായത് മുതല്‍ ഷംസുദ്ദീന്‍ കുടുംബം പോറ്റാന്‍ ജാലവിദ്യയുമായി തെരുവിലേക്കിറിങ്ങി. കുടുംബത്തിന്റെ വിശപ്പകറ്റാന്‍ ഈ പാരമ്പര്യ സ്വത്താണ് കൈവശമുണ്ടായിരുന്നത്. ഓര്‍മ്മയില്‍ അഞ്ച് തലമുറ മുതല്‍ ഷംസുദ്ദീന്റെ കുടുംബം ഈ തൊഴിലാണ് ചെയ്തു വന്നിരുന്നത്. ഷംസുദ്ദീന്റെ വാപ്പ ഹസ്സന്‍ സാഹിബ് ഇത് പഠിച്ചത് അദ്ദേഹത്തിന്റെ വാപ്പ കാസിം സാഹിബില്‍ നിന്ന്. അങ്ങിനെ 5 തലമുറകളുടെ കഥ ഷംസുദ്ദീന് അറിയാം. എന്നാല്‍ ഇപ്പോള്‍ ഈ പച്ചമാങ്ങ മാജിക് ലോകത്ത് അവതരിപ്പിക്കാന്‍ ഷംസുദ്ദീന് മാത്രമേ കഴിയൂ. മൂന്ന് ആണ്‍ മക്കളെ പടിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല.

ജീവിതമെന്നും ഒരു ജാലവിദ്യ പോലെയാണ് ഷംസുദ്ദീന്. പിതാനിനൊപ്പം ജാലവിദ്യ കാണിക്കാന്‍ നടക്കുന്ന നാളുകളിലാണ് സ്വന്തമായി ജാലവിദ്യ കാണിക്കുന്നത്. ഇന്ത്യന്‍ മാംഗോ ട്രീ ട്രിക്കിന് പുറമെ ഇന്ത്യന്‍ റോപ്പ് ട്രിക്ക്സ് പോലുള്ള നിരവധി മാജികുകള്‍ ഷംസുദ്ദീന്റേതായിയുണ്ട്. ഒരു കുട്ടയില്‍ സാധാരണ കയര്‍ ഇടുന്നു. മകുടി ഊതുമ്പോള്‍ മൂടിവെച്ച കുട്ടയുടെ മൂടി തുറന്ന് കയര്‍ പുറത്തേക്ക് ഒരു വടി പോലെ നേരെ പൊന്തി വരുന്നു. കയറിന്റെ നീളം അവസാനിക്കുമ്പോള്‍ വടി പോലെ നില്‍ക്കുന്ന കയറില്‍ 12 വയസ്സുള്ള ഒരാണ്‍ക്കുട്ടിക്ക് കയറാം. പിന്നീട് മകുടി ഊതുമ്പോള്‍ കയര്‍ സാധാരണ പോലെ അയഞ്ഞ് കുട്ടയിലേക്ക് വീഴും. ഇതുപോലെ സ്വന്തമായി കൈവശമുള്ള ഒരു ജാലവിദ്യയുടേയും രഹസ്യങ്ങള്‍ കൈമാറി കോടീശ്വരനാകാന്‍ ഷംസുദ്ദീനില്ല. ഷംസുദ്ദീന്റെ സുഹ്യത്തായ ഗോപിനാഥ് മുതുകാട് മുഖേന പ്രശസ്ത ജപ്പാനീസ് എഴുത്തുകാരി ഷംസുദ്ദീനെ തേടി വന്നിരുന്നു. ഈ ജാലവിദ്യയുടെ തന്ത്രം പറഞ്ഞു കൊടുത്താല്‍ എത്ര പണം വേണമെങ്കിലും കൊടുക്കാമെന്നതായിരുന്നു ഓഫര്‍. പക്ഷെ ഷംസുദ്ദീന്‍ വഴങ്ങിയില്ല. ലോക മായജാലത്തിലെ അത്ഭുത പ്രതിഭകളെ കുറിച്ച് അവര്‍ എഴുതിയ വീല്‍ ഓഫ് ഡെസ്നിറ്റിനി എന്ന പുസ്തകത്തില്‍ ഷംസുദ്ദീന്റെ പ്രകടനങ്ങളും സ്ഥാനം പിടിച്ചു.

ഷംസുദ്ദീന് തമിഴ്നാട്ടില്‍ നിന്നും തെലുങ്കാനയില്‍ നിന്നും കേരളത്തില്‍ നിന്നുമായി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി മാജിക് കലാകാരന്‍മാര്‍ക്ക് ആദ്യമായി കഴിഞ്ഞ വര്‍ഷം മുതല്‍ കലാശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് ഷംസുദ്ദീനാണ്. തെലുങ്കാന സര്‍ക്കാറിന്റെ ഒരു അവാര്‍ഡും കിട്ടിയിരുന്നു. തമിവ്നാട്ടില്‍ നിന്നാണ് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഷംസുദ്ദീന്റെ മാജിക് പ്രദര്‍ശനം വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ദൂരദര്‍ശന് വേണ്ടി ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് പുറത്തു വരാനുള്ളത്. മഴവില്‍ മനോരമ ചാനലില്‍ ഉഗ്രം ഉജ്ജ്വലം, സണ്‍ ടിവിയിലേയും തെലുങ്ക് ചാനലിലേയും റിയാലിറ്റി ഷോകളിലും പങ്കെടുത്തു വരുന്നു.

Read More >>