കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 30 ശതമാനം പി ജി മെഡിക്കല്‍ സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നു

കേരളത്തില്‍ ഒരു വര്‍ഷം ആകെ 208 പി ജി ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കില്ല. അതായത് മൂന്നു വര്‍ഷവും കൂടി കണക്കിലെടുക്കുമ്പോള്‍ 600 ലധികം പി ജി ഡോക്ടര്‍മാരുടെ ഭാവി അവതാളത്തിലാകും

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 30 ശതമാനം പി ജി മെഡിക്കല്‍ സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നു

റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി വിവിധ വിഭാഗങ്ങിലെ സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്നു. ഇതില്‍ പലതും 2013 മുതല്‍ പരിശ്രമിച്ചിട്ടും അംഗീകാരം ലഭിക്കാത്തതാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍, സര്‍ജറി, ഫോറന്‍സിക് മെഡിസിന്‍, ഫിസിയോളജി, മൈക്രോബയോളജി, പ്രിവെന്റീവ് മെഡിസിന്‍, ത്വക് രോഗ വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍, റേഡിയോ ഡയഗനോസിസ് എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കും യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിനുമാണ് അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 50 ലധികം പി ജി ഡോക്ടര്‍മാര്‍മാരെയാണ് ഇത് ബാധിക്കുക.


കേരളത്തില്‍ ഒരു വര്‍ഷം ആകെ 208 പി ജി ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കില്ല. അതായത് മൂന്നു വര്‍ഷവും കൂടി കണക്കിലെടുക്കുമ്പോള്‍ 600 ലധികം പി ജി ഡോക്ടര്‍മാരുടെ ഭാവി അവതാളത്തിലാകും. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ പലര്‍ക്കും അംഗീകാരം ലഭിക്കുന്നില്ല എന്നതും കൂടി കണക്കിലെടുക്കുമ്പോള്‍ 1000 ത്തോളം ഡോക്ടര്‍മാരെയാണ് ഇത് ബാധിക്കുക. ഇത് കൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, അനസ്തീഷ്യ, അസ്ഥിരോഗ വിഭാഗം കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് വിഭാഗം തുടങ്ങിയകോഴ്‌സുകളില്‍ അപര്യാപ്തതകള്‍ പരിഹരിച്ചില്ലെങ്കില്‍ അവ നിര്‍ത്തലാക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

816 പി ജി സീറ്റുകളാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ളത്, മൂന്ന് വര്‍ഷം കൂട്ടുമ്പോള്‍ 2448 സീറ്റുകളാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ 10-ല്‍ നിന്നും 14 ആയി കൂട്ടിയ പി ജി സീറ്റുകളുടെ അംഗീകാരം നഷ്ടമായിട്ടു വര്‍ഷം മൂന്നായി. മൂന്നു വര്‍ഷമായി ഈ വിഭാഗത്തിലെ ആര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നില്ല.

പ്രവേശന കേഡര്‍ ആയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍, സ്ഥിര നിയമിതരായ ഡോക്ടര്‍മാരുടെ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാനക്കയറ്റങ്ങള്‍, ആധുനിക ഉപകരണങ്ങളുടെ കുറവ്, ബെഡ്ഡുകളുടെ കുറവ്, തുടങ്ങി നിരവധി പരിചരണ സൗകര്യങ്ങളുടെ അപര്യാപ്തത, ഗവേഷണങ്ങളുടെയും പ്രബന്ധ പ്രസിദ്ധീകരണങ്ങളുടെയും കുറവുകള്‍ എന്നിവയാണ് അംഗീകാരം നഷ്ടമാകാനിടയാക്കിയ പ്രധാന കാരണങ്ങള്‍.

എംസിഐ പ്രകാരം സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ അധ്യയന നിലവാരത്തെ ബാധിക്കും എന്നതിനാലും സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അത് രോഗികള്‍ക്കും പൊതുസമൂഹത്തിനും നല്ലതായതിനാലും അത്തരം നടപടികള്‍ സ്വീകരിക്കണം എന്നതാണ് അഭികാമ്യം എങ്കിലും പലപ്പോഴും തട്ടിക്കൂട്ട് പരിപാടികള്‍ നടത്തി എങ്ങിനെയെങ്കിലും അംഗീകാരം നിലനിര്‍ത്താനാണ് സര്‍ക്കാരിന് താത്പര്യം.  ഇതുമൂലം നഷ്ടമുണ്ടാകുന്നത്   പി ജി ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, പൊതു സമൂഹത്തിനും കൂടിയാണ്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ആകെ തസ്തികകള്‍ 2125 ആണ്, അതില്‍ 450 ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അത് കൂടാതെ ഇതില്‍ നിന്നുമാണ് പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ നിന്നും സ്ഥലം മാറ്റം നടത്തുന്നതും. പലപ്പോഴും സ്ഥലം മാറ്റങ്ങളിലൂടെ ഈ പരിമിതികള്‍ മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 10 - 15 % രോഗികളുടെ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. നിയമനങ്ങള്‍ നടത്താതെ തത്വദീക്ഷയില്ലാതെ പി ജി റസിഡന്റ് ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് സര്‍ക്കാര്‍  ഇത് കൈകാര്യം ചെയ്യുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച റാങ്ക് വാങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലിക്കും പഠനത്തിനും ആയി എത്തുന്ന പി ജി ഡോക്ടര്‍മാര്‍ഇത് മൂലം അംഗീകാരം ലഭിക്കാതെ കബളിപ്പിക്കപ്പെടുന്നു.

ലൈബ്രറി ബുക്കുകളുടെ അപര്യാപ്തത  ഇന്നും നിലനില്‍ക്കുന്നുണ്ട്.  ഇനിയും ഈ മേഖല മെച്ചപ്പെട്ടില്ലെങ്കില്‍ അത്  രോഗികളെയാണ് ബാധിക്കുക.