ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് ജീവന്‍ വെപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

പദ്ധതിക്കെതിരെ രൂപികരിച്ച ആക്ഷന്‍ കമ്മിറ്റികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വലിയുന്നു. പ്രമുഖ രാഷട്രീയ കക്ഷികളെല്ലാം പദ്ധതിക്ക് അനുകൂലം. പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗത്തെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാനാളില്ല...

ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് ജീവന്‍ വെപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗെയ്ല്‍ പ്രക്യതിവാതക പദ്ധതിക്ക് വീണ്ടും ജീവന്‍ വെപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയതോടെ നേരത്തെ പദ്ധതിക്കെതിരെ സിപിഎം പ്രാദേശിക നേത്യത്വങ്ങള്‍ ചേര്‍ന്ന് രൂപികരിച്ചആക്ഷന്‍ കമ്മിറ്റികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വലിയുന്നു. പദ്ധതിക്കെതിരെ രംഗത്തു വരാനും ജനങ്ങളെ സംഘടിപ്പിക്കാനും മുന്‍ നിരയിലുണ്ടായിരുന്ന സി പി എം ആക്ഷന്‍ കമ്മിറ്റികള്‍ നിന്ന് പിന്‍വാങ്ങി തുടങ്ങിയതോടെ പലയിടത്തും വലിയ എതിര്‍പ്പില്ലാതെ പൈപ്പ് ലൈന്‍ കൊണ്ടു പോകാനാവുന്ന നിലയിലായി.  മുമ്പ് മന്‍മോഹന്‍സിംഗ് തുടങ്ങി വെച്ച പദ്ധതി കേരളത്തില്‍ ബി.ജെ.പി. ഉള്‍പ്പടെ രാഷ്ട്രീയ കക്ഷികളുടേയും നാട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. ബി ജെ പി പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്തിരുന്ന പദ്ധതി അതെപടി നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ബി.ജെ.പിക്കൊപ്പം സി പി എം തുടങ്ങിയ കക്ഷികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.ജനങ്ങളുടെ എതിര്‍പ്പിനാല്‍ കേരളത്തില്‍ നടക്കാതെ പോയ പദ്ധതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരത്തില്‍ തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു.  പാലക്കാട് ജില്ലയില്‍ പദ്ധതിക്കായി 35 കിലോമീറ്റര്‍ ദൂരം പൈപ്പ് കൂട്ടിയോജിപ്പിച്ച് കുഴിച്ചിടുന്നതാണ് അന്ന്  തുടക്കത്തില്‍ ചെയ്യാനിരുന്ന ജോലികള്‍. കരാര്‍ പ്രകാരം അങ്ങിനെ പണി തുടങ്ങേണ്ടതാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത് വരുമെന്ന് മുന്നറിയിപ്പ് കിട്ടിയതാണ് അന്ന് പണി നീട്ടിവെക്കാന്‍ കാരണമായത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പ്രചരണായുധമാക്കിയാല്‍ സര്‍ക്കാറിന് പിന്തുണ കാര്യമായി ഉണ്ടാവില്ലെന്ന് മനസ്സിലാക്കി  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതു വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. തദ്ദേശത്തില്‍ സര്‍ക്കാറിന് കിട്ടിയ തിരിച്ചടിയാണ് പദ്ധതി വീണ്ടും നീളാന്‍ കാരണമായത്. യു ഡി എഫിന് ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാനിരുന്ന പദ്ധതിക്കാണ് പദ്ധതിക്ക് അനുകൂലമാവില്ലെന്നു കരുതിയ പിണറായി സര്‍ക്കാര്‍ തന്നെ പച്ചക്കൊടി കാട്ടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി കൊണ്ടു വന്നപ്പോള്‍ എതിര്‍ത്ത ബി ജെ പി മോദി പ്രധാനമന്ത്രിയായപ്പോള്‍ അതിനെ അനുകൂലിച്ചു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പദ്ധതിക്ക് അനുകൂലമായി രംഗത്ത് എത്തിയതോടെ കേരളത്തിലെ പ്രമുഖ രാഷ്ടീയ കക്ഷികളെല്ലാം പദ്ധതിയെ അനുകൂലിക്കുന്നതിന് തുല്യമായി. കോഴിക്കോട് ജില്ലയില്‍ താമരശേരി, ഓമശേരി, മുക്കം, കാരശേരി, മലപ്പുറം ജില്ലയിലെ കിഴുപറമ്പ്, പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സര്‍വേ നടത്താനെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംഘടിതരായി എതിര്‍ത്തതും സര്‍വേ നടപടികള്‍ നിര്‍ത്തേണ്ടി വന്നതും വാര്‍്ത്തായിരുന്നു. പാലക്കാട് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ നിന്ന് കുഴിച്ചിട്ട പൈപ്പുകള്‍ വരെ എടുത്തു മാറ്റേണ്ട അവസ്ഥയുമുണ്ടായിരുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുന്നുവെന്ന് കരുതിയ പദ്ധതിയാണ് തിരിച്ചു വരുന്നത്. .ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തില്‍ നടപ്പാക്കുന്ന ദ്രവീക്യത പ്രക്യതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയാണിത്.
പ്രക്യതിവാതകം കൊണ്ടുപോകുന്നതിനായ കൊച്ചിയില്‍ നിന്ന് പാലക്കാട് ജില്ല വഴി ബാംഗ്ലൂരിലേക്കും മംഗലാപ്പുരത്തേക്കും 505 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടുന്നതാണ് പദ്ധതി. 2011 ല്‍ ആണ് ഇത് തുടങ്ങി വെച്ചത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പദ്ധതി ഇനിയും പൂര്‍ത്തിയാകാനുള്ളത്.  കേരളത്തില്‍ പദ്ധതിക്കായി പൈപ്പിറക്കിയ നാലു ജില്ലകളില്‍ ജനങ്ങളുടെ എതിര്‍പ്പ് കാരണം പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല.കാസര്‍ഗോഡ്, പാലക്കാട്, എറണാകുളം,ത്യശ്ശൂര്‍, പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്.

മിക്കയിടത്തും പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് വയലുകളിലൂടെയും വീടുകള്‍ക്ക് സമീപത്തെ പറമ്പുകളിലൂടെയുമാണ്. സ്‌കൂളുകള്‍ക്ക് സമീപത്ത് കൂടി വരെ പൈപ്പ് ലൈന്‍ പോകുന്നുണ്ട്. പലയിടത്തും വീടിനോട് അടുത്ത നിലയിലാണ് നേരത്തെ തന്നെ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. മൂന്ന്   വര്‍ഷം മുമ്പ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത് എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെച്ചെങ്കിലും അതുപോലെ നിര്‍ത്തിയിരുക്കുകയായിരുന്നു. ആ പൈപ്പുകളോട് യോജിപ്പിച്ചാണ് പുതിയതായി പൈപ്പ് സ്ഥാപിക്കല്‍ നടക്കുക.. ഇതിനായി സ്ഥലമുടമകള്‍ പ്രതിഫലതുക പലയിടത്തും നേരത്തെ തന്നെ കൈപ്പറ്റിയതാണ്.
പൈപ്പിനോ എന്തെങ്കിലും വിള്ളലോ ചോര്‍ച്ചയോ ഉണ്ടായാല്‍ ഒരു പ്രദേശം തന്നെ നൊടിയിടയില്‍ ഇല്ലാതാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ ഇതിനെ എതിര്‍ത്തു വരുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ അതിനടുത്ത ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. കുഴിയെടുക്കുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. അമിത സമ്മര്‍ദ്ദം മൂലം പൈപ്പ് പൊട്ടി ചെറിയ ചോര്‍ച്ച വന്നാല്‍ പോലും അത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ഭീതിയുണ്ട്. അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന വാതകത്തെ നിയന്ത്രിക്കുക എളുപ്പമാകില്ലെന്ന് കരുതുന്നവരുണ്ട്. ചെറിയ ഭൂകമ്പങ്ങള്‍ പോലും പൈപ്പിന്റെ സുരക്ഷിതത്വത്തെ ബാധിച്ചേക്കാം  എന്നും അഭിപ്രായമുണ്ട്. റെയില്‍വെ പോലെ നീണ്ടു കിടക്കുന്ന ഒന്നായതിനാല്‍ ഇതിന് സുരക്ഷ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തീവ്രവാദികള്‍ പൈപ്പ് ലെനിനെ ദുരുപയോഗം ചെയ്‌തേക്കും എന്നും ആശങ്കയുണ്ട്.

Read More >>