കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചരിത്രത്തിലേക്ക് നടന്നുകയറി

സ്വകാര്യമേഖലയില്‍ 30 ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യമായി നടന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ആരംഭിച്ച സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ 12 മണിക്കൂറിലേറെ സമയമെടുത്തു.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചരിത്രത്തിലേക്ക് നടന്നുകയറി

മസ്തിഷ്‌ക മരണം സംഭവിച്ച പാറശ്ശാല പരശുവയ്ക്കല്‍ മലഞ്ചിത്ത് പുത്തല്‍ വീട്ടില്‍ മോഹന്‍രാജിന്റെ മകന്‍ പതിനേഴു വയസ്സുകാരന്‍ ധനീഷ് മോഹന്റെ കരള്‍ പെരുമാതുറ സ്വദേശി ബഷീറിന് (60) മാറ്റിവച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചരിത്രത്തിലേക്ക് നടന്നുകയറി. ഒപ്പം സ്വന്തം മകന്റെ മരണം സമ്മാനിച്ച കരള്‍ പിടയുന്ന വേദനയ്ക്കിടയിലും ആ ഒരു മാനുഷിക നടപടിക്ക് സമ്മതം മൂളിയ ധനീഷ് മോഹന്റെ മാതാപിതാക്കളും. കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളേജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡക്കല്‍ കോളേജില്‍ നടന്നത്.


സ്വകാര്യമേഖലയില്‍ 30 ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യമായി നടന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ആരംഭിച്ച സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ 12 മണിക്കൂറിലേറെ സമയമെടുത്തു. കരള്‍ കൂടാത ധനീഷ് മോഹന്റെ രണ്ട് വൃക്കകളും ദാനം ചെയ്തു.

മെയ് ഇരുപതിന് വൈകിട്ട് 4.30ന് പരശുവയ്ക്കല്‍ തെക്കന്‍കര ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് ധനീഷിന് ഗുരുതരമായ പരിക്കേറ്റത്. കൂട്ടുകാരനോടൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ധനീഷ് സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ തലയിടിച്ച് വീഴുകയായിരുന്നു. കൂലിപ്പണിക്കാരനായ മോഹന്‍രാജിന്റേയും വിജയകുമാരിയുടേയും രണ്ടുമക്കളില്‍ ഇളയമകനാണ് ധനീഷ് മോഹന്‍. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ജയിച്ച് ലൈസന്‍സ് എടുക്കാന്‍ ഇരിക്കവേയാണ് അപകടം സംഭവിച്ചത്. പാറശ്ശാല താലൂക്കാശുപത്രിയില്‍ ധനീഷിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ധനീഷിന് തീവ്രപരിചരണം നല്‍കിയെങ്കിലും പക്ഷേ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ മരണാനന്തര അവയവദാന സാധ്യതകളെപ്പറ്റി ധനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. അച്ഛന്‍ മോഹന്‍രാജ്, സഹോദരിയുടെ ഭര്‍ത്താവ് ജോണി, മോഹന്‍രാജിന്റെ അനുജന്‍ അനി എന്നിവര്‍ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും തുടര്‍ന്ന് അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ അനില്‍ സത്യദാസിന്റെ നേതൃത്വത്തില്‍ ദാതാവിനെ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കുകയും ചെയ്തു.

ഡോക്ടര്‍മാരുടെ പ്രയത്‌നത്തിന്റെ ഫലമായി ധനീഷ് മോഹന്റെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍, വിശാഖ് വി., ശരണ്യ എസ്. എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിലും കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പ്രസ്തുത ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്.