യുഡിഎഫ് ഭരണകാലത്ത് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ നടന്നത് കോടികളുടെ നിയമനത്തട്ടിപ്പ്

കേരള സ്‌റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ നടന്ന വലിയ അഴിമതി വാർത്തയാണ് പുറത്തുവരുന്നത്. മാറിമാറിവരുന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അഴിമതി നടക്കുന്നത്. ചെയർമാനായി പതിമൂന്നിലധികം വിജിലൻസ് കേസുകളുള്ള ജി മോഹൻദാസും എംഡിയായി കെ സുബൈർഖാനും നിയമിക്കപ്പെടുന്നു. തൊട്ട് പിന്നാലെ അഴിമതിയും അനധികൃത നിയമനങ്ങളും തുടങ്ങുകയായി. കോടികളുടെ അഴിമതി ആരോപണമാണ് വെയർഹൗസിൽ നിന്ന് റിട്ടറായ ജീവനക്കാർതന്നെ സർക്കാരിന് സമർപ്പിച്ച പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ നടന്നത് കോടികളുടെ നിയമനത്തട്ടിപ്പ്

കൃഷി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ യുഡിഎഫ് ഭരണകാലത്ത് നടന്നത് അനധികൃത നിയമനങ്ങളും അഴിമതിയും. 2001 മുതൽ 2006 വരെയും പിന്നീട് 2011 മുതൽ 2016വരെയുള്ള കാലഘട്ടത്തിലാണ് അനധികൃത നിയമനങ്ങളും വൻ തോതിലുള്ള അഴിമതിയും നടന്നിരിക്കുന്നത്. ദീർഘകാലം വെയർഹൗസിങ്ങ് കോർപ്പറേഷനിലെ ജീവനക്കാരായിരുന്ന ഏതാനം പേർ നൽകിയ പരാതിയിലാണ് കോടികളുടെ അഴിമതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

110 പേരെയാണ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ അനധികൃതമായി നിയമിച്ചതെന്നാണ് പരാതിക്കാരുടെ ആരോപണം.കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സംരംഭശാലകളും ഗോഡൗണുകളും നിർമ്മിക്കുകയാണ് വെയർഹൗസിങ്ങ് കോർപ്പറേഷന്റെ പ്രധാന ചുമതല. ഈ ചുമതലകളുടെ മറവിൽ സ്വന്തം ആളുകളെയും വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാരുടെ ബന്ധുക്കളെയും ജോലിക്കെടുക്കാനാണ് എംഡിയായ കെ സുബൈർഖാനും ചെയർമാനായ ജി മോഹൻദാസും ശ്രമിച്ചതെന്നാണ് പരാതിക്കാരുടെ ആരോപണം.

സർക്കാരിന്റെയും വെയർഹൗസിങ്ങ് കോർപ്പറേഷന്റെയും തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഭൂരിപക്ഷം നിയമനങ്ങളും നടത്തിരിക്കുന്നത്.

2001- 2006 കാലഘട്ടത്തിലാണ് വെയർഹൗസിങ്ങ് കോർപ്പറേഷനിലെ അഴിമതിയും അനധികൃത നിയമനങ്ങളും നടക്കുന്നത്. 1963ലെ നിയമപ്രകാരം എപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ച് വഴി മാത്രമാണ് കേരള സ്‌റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ ക്ലാസ് ഫോർ ജീവനക്കാരെ നിയമിക്കാൻ സാധിക്കൂ. എന്നാൽ ഇത് പരിഗണിക്കാതെയാണ് കോൺട്രാക്ട്, ദിവസവേതന അടിസ്ഥാനത്തിൽ 109 പേരെയാണ് ചെയർമാൻ ജി മോഹൻദാസും എംഡി കെ സുബൈർഖാനും ചേർന്ന് നിയമിച്ചത്.

നിയമനം ലഭിച്ചവരിൽ രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ കെ ബാലകൃഷ്ണന്റെ അനന്തരവൻ ആർ കെ ഉദയഭാനു, കെ എം മാണിയുടെ ഭാര്യയുടെ സഹോദരി മോളി ജോസ്, ജെഎസ്എസ് നേതാവ് ആർ പൊപ്പന്നന്റെ സഹോദരി, ചെയർമാൻ ജി മോഹൻ ദാസിന്റെ ബന്ധുക്കൾ തുടങ്ങിയവരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധുക്കളൊഴികെ ഉള്ളവരോട് 5 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയാണ് നിയമനം നടത്തിയിരിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം.


തുടർന്ന് വന്ന എൽഡിഎഫ് മന്ത്രിസഭ അനധികൃതമായി നിയമിച്ച എല്ലാവരെയും പിരിച്ച് വിടാൻ ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. പല കേസുകളിലും റവന്യൂ റിക്കവറി ചെയ്യാൻ വിജിലൻസ് കോടതികൾ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗംപേരും ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിക്കുകയാണ് ചെയ്തിരിക്കുന്നത്.

അനധികൃത നിയമനങ്ങൾ എന്ന പേരിൽ പിരിച്ചുവിട്ടവരിൽ ഭൂരിപക്ഷംപേരെയും കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് തിരിച്ചെടുത്തു. ഫാക്ടിൽ 80 കോടിയുടെ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിട്ട ജി മോഹൻദാസിനെ തന്നെ ചെയർമാനാക്കിയാണ് 2007ൽ പിരിച്ചുവിട്ടവരെ തിരിച്ചെടുത്തത്.

240 ദിവസത്തിൽ കൂടുതൽ ജോലി ചെയ്തവർക്ക് ജോലിയിൽ തുടരാനുള്ള അനുവാദം നൽകുന്ന നിയമത്തിന്റെ പിൻബലത്തിൽ പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ലേബർ ഓഫീസർക്ക് പിരിച്ചുവിടപ്പെട്ടവർ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇതിനെ തുടർന്ന് ഇവർ എറണാകുളം ലേബർ കോടതിയിൽ പ്രത്യേക ഹർജി നൽകി. ഇവരുടെ ഹർജി പരിഗണിച്ച കോടതി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് ഒരു സമതിയെ നിയോഗിച്ചു. സമതിക്ക് മുമ്പാകെ ഇവരെ പിരിച്ചുവിടാനുണ്ടായ സാഹചര്യം മറച്ചുവെച്ച എംഡി കെ സുബൈർ ഖാനും ചെയർമാൻ ജി മോഹൻദാസും പുനർ നിയമനത്തിന് കളമൊരുക്കയായിരുന്നു. അതിനുശേഷം കൃഷി വകുപ്പിന്റെ പ്രത്യേക അനുവാദത്തോടെ ഇവരെ ക്ലാസ് ഫോർ ജീവനക്കാരായി വീണ്ടും നിയമിക്കുകയാണ് ഉണ്ടായത്.

പുനർനിയമനത്തിനായി വൻതോതിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിലെ മുതിർന്ന നേതാവ് ആർ പൊന്നപ്പൻ ഇടനിലക്കാരനായാണ് കൈക്കൂലി വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നു. എംഡിയായി കെ സുബൈർഖാനെ നിയമിച്ച കാര്യത്തിലും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ എംഡിയായിരുന്ന കാലത്ത് അനധികൃത നിയമനം നടത്തിയെന്ന് ആരോപണം നേരിട്ടയാളാണ് കെ സുബൈർ ഖാൻ. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കാലത്താണ് സുബൈർ ഖാനെ വെയർഹൗസിങ്ങ് കോർപ്പറേഷനിൽ എംഡിയായി കൃഷിവകുപ്പ് നിയമിക്കുന്നത്.

എംഡിയായി നിയമിക്കണമെങ്കിൽ വിജിലൻസ് ക്ലിയറൻസ് വേണമെന്ന തൊഴിൽ നിയമമാണ് കാറ്റിൽ പറത്തിയത്.


അനധികൃതമായി നിയമനം ലഭിച്ചവരുടെ പക്കൽനിന്ന് കൈപ്പറ്റിയ കൈക്കൂലിപ്പണം എംഡി കെ സുബൈർ ഖാൻ, ജി മോഹൻ ദാസ്, ബോർഡ് മെംബർ പി കെ മോഹനൻ, സർക്കാരിന്റെ നോമിനി എന്നിവർക്ക് ചേർന്ന് വീതംവെച്ച് എടുത്തതായും പരാതിയിൽ ആരോപിക്കുന്നു.

2006ൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 99 പേരെയാണ് കോർപ്പറേഷൻ എംഡി നിയമിച്ചത്. 12 ഒഴിവുകൾ മാത്രമുള്ളപ്പോഴാണ് 50 ഒഴിവുകൾ പ്രഖ്യാപിച്ചതും 99 പേരെ നിയമിച്ചതും. കമ്പനി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നിയമിച്ച 99 പേരെയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് പിരിച്ചുവിട്ടു. ഇവരിൽ നിന്നുള്ള 14 പേരെയാണ് അടുത്ത യുഡിഎഫ് ഭരണകാലത്ത് തിരിച്ചെടുത്തത്. 2006ലെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുവെന്ന് കാണിച്ചാണ് ഇവരെ വീണ്ടും നിയമിച്ചത്. 2007ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടവരെയാണ് പുനർനിയമിക്കുതെന്ന കാര്യം എംഡിയും ചെയർമാനും മറച്ചുവെച്ചു.

അനധികൃത നിയമനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിരമിച്ച ജീവനക്കാരായ ബി ജയന്ത്, വി ചന്ദ്രകാന്ത്, കെ പി ജയരാജന്‍ എന്നിവർ നൽകിയ പരാതികളിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു. യുഡിഎഫ് നേതൃത്വത്തിന്‍റെ പൂർണ്ണപിന്തുണയാണ് ജി മോഹൻദാസിനെയും സുബൈർ ഖാനും ചോദ്യം ചെയ്യാനാവാത്ത ശക്തികളാക്കി മാറ്റിയതെന്നാണ് ഇവരുടെ ആരോപണം.

തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി കെഎസ്ഡബ്ല്യൂസിയിൽ സീനിയർ അസിസ്റ്റന്റ് മാനേജർക്ക് റീജിണൽ മാനേജരായി സ്ഥാനക്കയറ്റം നൽകിയതായും ആരോപണം ഉയരുന്നുണ്ട്. സീനിയർ അസിസ്റ്റന്റ് മാനേജരായി ജോയിൻ ചെയ്തയാളെ കമ്പനി നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഡബിൾ പ്രമോഷനായി സ്ഥാനക്കയറ്റം നൽകിയത്.

എംഡി കെ സുബൈർ ഖാനും ചെയർമാൻ മോഹൻ ദാസും ചേർന്ന് ബോർഡ് ഡയറക്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് അനധികൃത നിയമനങ്ങൾ എല്ലാം നടത്തിയതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. സർക്കാരിന്റെ അംഗീകാരമില്ലാതെ നിയമനങ്ങൾ പാടില്ലെതാണ് നിയമം. എന്നാൽ സർക്കാരിന്റ സമ്മതത്തോടെയല്ലാതെ ഡ്രൈവർമാരെ നിയമിച്ചു.

അനധികൃതമായി സ്ഥാനക്കയറ്റം നൽകുക വഴി വലിയ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനം വരുത്തിവെച്ചത്. ആർ ബിജു, എം ഐ നൗഷാദ് എന്നിവർക്ക് പ്രത്യേക കാരണങ്ങൾ കൂടാതെ ശമ്പളവർദ്ധനവ് നൽകിയതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി.

ടൈപ്പിസ്റ്റ് ക്ലർക്ക്, സീനിയർ ടൈപ്പിസ്റ്റ് ക്ലർക്ക് തുടങ്ങിയ പോസ്റ്റുകളിലേക്ക് 27 പേരെയും 37 പേരെ മാർക്കറ്റിങ്ങ് അസിസ്റ്റന്റ് പോസ്റ്റിലേക്കുമായി അനധികൃതമായി നിയമിച്ചതിലും വലിയ അഴിമതിയുണ്ടെന്നാണ് ആരോപണം. 2007ൽ അനധികൃത നിയമനം എന്ന പേരിൽ സസ്‌പെൻഡ് ചെയ്തവരിൽ നിന്നാണ് ഇത്രയും പേരെ വീണ്ടും നിയമിച്ചത്. നിയമപ്രകാരം പ്രധാനപ്പെട്ട പത്രങ്ങളിൽ പരസ്യം നൽകിയശേഷം മാത്രമേ ടൈപ്പിസ്റ്റ് ക്ലർക്കുമാരെ നിയമിക്കാൻ സാധിക്കൂ. ഇത് കാറ്റിൽ പറത്തിയാണ് 2014ൽ ഇത്രയും പേരെ അനധികൃതമായി നിയമിച്ചത്. കേരള സ്റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ മാർക്കറ്റിങ്ങ് അസിസ്റ്റന്റ് എന്നൊരു പോസ്റ്റുതന്നെ ഇല്ലാതിരിക്കെ 37 പേരെ പ്രസ്തുത ജോലിക്ക് നിയമിച്ചത് വലിയ അഴിമതിയാണെ് പരാതിക്കാരൻ ആരോപിക്കുന്നു.

സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിന് സർക്കാരിന്റെ അനുവാദം വേണമെന്നിരിക്കെയാണ് എംഡിയും ചെയർമാനും ചേർന്ന് ഇത്രയും പേരെ അനധികൃതമായി നിയമിച്ചത്.

മാർക്കറ്റിങ്ങ് അസിസ്റ്റന്റ് എന്ന പുതിയ പോസ്റ്റ് പത്രങ്ങളിലൂടെ അറിയിക്കുകയും അതിലേക്ക് ജോലിയൊഴിവ് അറിയിച്ച് ആളെ ക്ഷണിക്കുകയുമാണ് വേണ്ടത്. വരുന്ന അപേക്ഷകരിൽനിന്ന് എഴുത്ത്, അഭിമുഖ പരീക്ഷകൾ നടത്തിവേണം ആളെയെടുക്കാൻ എന്നതാണ് കമ്പനിനിയമം. ഇതൊന്നും നടത്താതെ മാർക്കറ്റിങ്ങ് അസിസ്റ്റന്റ് നിയമനം നടത്തുക വഴി കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടവും ബാധ്യതയുമാണ് എംഡിയും ചെയർമാനും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

മോഹൻ ദാസിനെ കോർപ്പറേഷന്റെ ചെയർമാനായി നിയമിക്കുന്നത് 2013 നവംബറിലാണ്. ഇദ്ദേഹം 2001 മുതൽ 2006വരെ കോർപ്പറേഷന്റെ ചെയർമാനായിരുന്ന കാലത്താണ് പിന്നീട് എൽഡിഎഫ് സർക്കാർ പുറത്താക്കിയ പല അനധികൃത നിയമനങ്ങളും നടതന്ന്. അന്ന് പുറത്താക്കിയവരെ വീണ്ടും കോർപ്പറേഷനിൽ തിരുകി കയറ്റുതിനാണ് ഉമ്മൻ ചാണ്ടി സർക്കാർ മോഹൻ ദാസിനെ വീണ്ടും സ്ഥാപനത്തിന്റെ ചെയർമാനാക്കിയത്.

2001- 2006 കാലഘട്ടത്തിൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്തിരുന്ന മോഹൻദാസ് സർക്കാരിന്റെ അനുവാദമില്ലാതെ ലക്ഷങ്ങളാണ് ശമ്പള ഇനത്തിൽ എഴുതിയെടുത്തത്. ശമ്പളം കൂടാതെയാണ് മറ്റ് ആനുകൂല്യങ്ങളും ഇദ്ദേഹം കോർപ്പറേഷനിൽനിന്ന് എഴുതിയെടുത്തതായി കാണിച്ച് പെൻഷനേഴ്‌സ് അസോസിയേഷൻ 2015 മാർച്ചിൽ രേഖകൾ സഹിതം സർക്കാരിന് പരാതി നൽകിയിരുന്നു. ഇതിൽ ഈ സമയം വരെ നടപടികൾ ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

കോർപ്പറേഷനിൽ നിന്ന് പിൻവലിച്ച തുക മോഹൻ ദാസിൽനിന്ന് തിരിച്ച് പിടിക്കണമെന്നും ഇതിന് കൂട്ടുനിന്ന എംഡിയേയും മറ്റ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടും ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ലക്ഷക്കണക്കിന് രൂപയാണ് വിമാനക്കൂലി ഇനത്തിലും മറ്റും ചെയർമാൻ ജി മോഹൻ ദാസ് ചെലവഴിച്ചിരിക്കുന്നത്. സർക്കാരിന്റെ കൃത്യമായ അനുവാദമോ സമ്മതമോ ഇല്ലാതെ നടത്തിയ യാത്രകളിലാണ് ചെയർമാൻ വലിയ തോതിൽ പണം ചെലവഴിച്ചിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾക്ക് പോലും കോർപ്പറേഷന്റെ പണം ഉപയോഗിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയാണ് ജി മോഹൻദാസിനെ ചോദ്യം ചെയ്യാനാവാത്ത ശക്തിയാക്കി മാറ്റിയതെന്നാണ് പരാതിക്കാരുടെ ആരോപണം.

കെ സുബൈർ ഖാനെ കോർപ്പറേഷന്റെ എംഡിയായി നിയമിക്കുന്നത് 2012 ഡിസംബറിലാണ്. എംഎസ് കെൽ എഞ്ചിനീയറിങ്ങ് ലിമിറ്റഡ് കമ്പനിയിൽനി് ഡെപ്യൂട്ടേഷനിൽ വന്ന കെ സുബൈർഖാന് സാധാരണഗതിയിൽ ലഭിക്കേണ്ടത് മാതൃസ്ഥാപനത്തിലെ ശമ്പളമാണ്. എന്നാൽ ആദ്യഘട്ടത്തിൽ ഹൗസിങ്ങ് അലവൻസ് ഇനത്തിൽ മാസം പതിനായിരം രൂപയും പിന്നീട് പന്തിരായിരം രൂപയുമാണ് ഇദ്ദേഹം എഴുതിയെടുത്തിരുന്നത്.

ലക്ഷക്കണക്കിന് രൂപയാണ് ഇദ്ദേഹവും കോർപ്പറേഷനിൽ നിന്ന് പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എഴുതിയെടുത്തിട്ടുള്ളത്.

ജി മോഹൻ ദാസാണ് കോർപ്പറേഷനിൽ നടന്ന അനധികൃത നിയമനങ്ങൾ നടത്തിന്റെ മുഖ്യ പങ്കാളിയൊണ് പരാതിക്കാരുടെ ആരോപണം. എംഡി സുബൈർ ഖാൻ ഉൾപ്പെടെയുള്ള അതിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് കൈക്കൂലി പങ്കും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണെന്നും പരാതിക്കാർ ആരോപിക്കുന്നു. മാറിമാറി വരുന്ന യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മാത്രം നടക്കുന്ന അഴിമതിക്ക് പിന്നിൽ യുഡിഎഫ് നേതാക്കന്മാരുടെ ശക്തമായ പിന്തുണയുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

ചെയർമാൻ ജി മോഹൻ ദാസ് പി എസ് അനീഷ് എന്നയാളെ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറായും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയെ തൂപ്പുകാരിയായി നിയമിച്ചതിലും അഴിമതിയും കൈക്കൂലിയും ഉണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. കോർപ്പറേഷനിൽ നിരവധി ഡ്രൈവർമാർ ഉള്ളപ്പോഴാണ് ചെയർമാന്റെ ഡ്രൈവറായി അനീഷിനെ നിയമിക്കുന്നത്.

ഇത്രയൊക്കെ നിയമനങ്ങൾ നടക്കുമ്പോൾപ്പോലും ക്ലാസ് ഫോർ ജീവനക്കാരുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയമിക്കാവുന്ന 3% വികലാംഗരുടെ ഒഴിവുകൾ ഒരിക്കലും നികത്തപ്പെട്ടിട്ടുമില്ല.

ആലുവയിൽ പ്രാദേശിക ഓഫീസ് വാടകയ്ക്ക് എടുത്ത സംഭവത്തിലും അഴിമതിയുണ്ടെന്നാണ് ആരോപണം. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വന്തം കെട്ടിടത്തിലാണ് നേരത്തെ കോർപ്പറേഷന്റെ റീജിണൽ ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീടത് വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടത്തിൽനിന്ന് വാടക കെട്ടിടത്തിലേക്ക് മാറിയതിന് പിന്നിലും അഴിമതിയുണ്ടെന്നാണ് ആരോപണം. യുഡിഎഫിൽ നിർണ്ണായക സ്വാധീനമുള്ള ഒരാളുടെ കെട്ടിടത്തിലേക്കാണ് കോർപ്പറേഷൻ ഓഫീസ് മാറ്റിയത്. ഇത് ജി മോഹൻ ദാസിന്റെ താത്പര്യ പ്രകാരമാണെന്നാണ് ആരോപണം. ഇത് കോർപ്പറേഷന് ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ തീരുമാനമാണ്.

സിപിഎം കേന്ദ്രകമ്മറ്റിയംഗമായ എം ജോസഫൈന്റെ ഇടപെടലോടെയാണ് പുതിയതായ ചാർജെടുത്ത എംഡി അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിൽ ഒപ്പുവെയ്ക്കാത്തത്.

വെയർഹൗസിങ്ങ് കോർപ്പറേഷനിൽ അഴിമതികളും അനധികൃത നിയമനങ്ങളും പുതിയതായി ചുമതലയേറ്റ സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന്  എം ജോസഫൈൻ നാരദ ന്യൂസിനോട് പറഞ്ഞു. ജി മോഹൻദാസിന്റെ അഴിമതിക്കും അനധികൃത നിയമനങ്ങൾക്കും എതിരെ നിന്നതോടെയാണ് തനിക്കെതിരെ പലതവണ മാനനഷ്ടക്കേസുകൾ കൊടുത്തതെന്നും ജോസഫൈൻ പറഞ്ഞു. വിഷയത്തിൽ കൃത്യമായ നടപടിയെടുക്കുന്നതിന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിനെ കാണുമെന്നും അവർ പറഞ്ഞു.

Story by