ഒരു മാസത്തിലധികം നീണ്ട പ്രചരണത്തിന് പരിസമാപ്തിയായി ഇന്ന് കലാശക്കൊട്ട്

യുഡിഎഫിനും എല്‍ഡിഎഫിനും പിന്നാലെ എന്‍ഡിഎയും കടുത്ത പ്രചരണ പരിപാടികളുമായി കളത്തില്‍ നിറഞ്ഞപ്പോള്‍ പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി

ഒരു മാസത്തിലധികം നീണ്ട പ്രചരണത്തിന് പരിസമാപ്തിയായി ഇന്ന് കലാശക്കൊട്ട്

കത്തുന്ന വേനലില്‍ തീ പാറുന്ന പ്രചരണമായിരുന്നു ഇന്ന് പരിസമാപ്തി.കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി പെയ്യുന്ന മഴ തിരഞ്ഞെടുപ്പ് ചൂടിന് കൂടുതല്‍ മിഴിവേകിയെന്ന്‍ മാത്രം.

യുഡിഎഫിനും എല്‍ഡിഎഫിനും പിന്നാലെ എന്‍ഡിഎയും കടുത്ത പ്രചരണ പരിപാടികളുമായി കളത്തില്‍ നിറഞ്ഞപ്പോള്‍ പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി.  നാട്ടു ചുവരുകളില്‍ മാത്രമായില്ല പ്രചാരണം.  ഒറ്റവാചകങ്ങളുമായി കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചു. ലൈക്കും ഷെയറും തേടി സൈബര്‍ ചുവരുകളില്‍ നേതാക്കളും സ്ഥാനാര്‍ഥികളും നേര്‍ക്കു നേര്‍ ഏറ്റമുട്ടി.


അഴിമതി, വികസനം, അക്രമ രാഷ്‌ട്രീയം, മദ്യനിരോധനം, വര്‍ഗീയത ഇങ്ങനെ വിഷയങ്ങളും അടവുകളും മാറി മറിഞ്ഞപ്പോള്‍ പ്രചാരണം സൊമാലിയയും ലിബിയയും വരെയെത്തി. സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ ഇത്രത്തോളം സ്ഥാനാര്‍ഥികളായ തെരഞ്ഞെടുപ്പും വേറെയില്ല. പ്രചാരണത്തിനായി താരങ്ങള്‍ ചേരി തിരി‍ഞ്ഞ് ഇറങ്ങി. ഇതോടെ താരസംഘടനയില്‍ പോലും വോട്ടു ചൂട് അംഗത്വമെടുത്തു. കേസുകളുടെ എണ്ണം പറഞ്ഞുള്ള മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഏറ്റമുട്ടല്‍ മറ്റൊരു കേസായി മാറി.

പ്രചാരണം തീപാറിയപ്പോള്‍  മുപ്പതോളം മണ്ഡലങ്ങള്‍ ആരെ വരിക്കുമെന്ന് തീര്‍പ്പില്ല. മൂന്നാം മുന്നണി എത്ര വോട്ടു പിടിക്കും, ആരുടെ വോട്ട് പിടിക്കുമെന്നൊന്നും തിട്ടമില്ല. ഭരണം കിട്ടിയേ തീരൂവെന്ന വാശിയില്‍ ഇടതു വലതു മുന്നണികള്‍. ചരിത്രത്തിലില്ലാത്ത നേട്ടമുണ്ടാക്കിയേ തീരുവെന്ന വാശിയില്‍ എന്‍ഡിഎയും.

എല്ലാത്തിനും ഒടുവില്‍ ഇന്ന് കലാശക്കൊട്ട്, മറ്റന്നാള്‍ തിരഞ്ഞെടുപ്പ്...പിന്നെ കാത്തിരിപ്പ്...

Read More >>