കാളപ്പെട്ടിക്ക് വോട്ടില്ല, ഓരോ വോട്ടും താമരപ്പെട്ടിക്ക് അറുപത്തിനാല് വര്‍ഷം മുമ്പ് മദ്രാസ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഓര്‍മ്മ

ഇത് പഴയൊരു തെരഞ്ഞെടുപ്പിന്റെ ചിത്രമാണ്. പഴയതെന്നു പറഞ്ഞാല്‍ അറുപത്തിനാല് വര്‍ഷം മുമ്പ് മദ്രാസ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ് ചിത്രം.

കാളപ്പെട്ടിക്ക് വോട്ടില്ല, ഓരോ വോട്ടും താമരപ്പെട്ടിക്ക്  അറുപത്തിനാല് വര്‍ഷം മുമ്പ് മദ്രാസ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഓര്‍മ്മ

ഇമാം വലപ്പാട്
ഇത് പഴയൊരു തെരഞ്ഞെടുപ്പിന്റെ ചിത്രമാണ്. പഴയതെന്നു പറഞ്ഞാല്‍ അറുപത്തിനാല് വര്‍ഷം മുമ്പ് മദ്രാസ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ് ചിത്രം. അന്നു കേരളം രൂപീകരിച്ചിരുന്നില്ല.അന്ന് ഇന്നത്തെപ്പോലെ ചിഹ്നത്തില്‍ അമര്‍ത്തുന്ന രീതിയല്ല ഉണ്ടായിരുന്നത്. ചിഹ്നം അടയാളപ്പെടുത്തിയ പെട്ടികള്‍ നിരത്തിവെച്ച് അതില്‍ ബാലറ്റുപേപ്പര്‍ നിക്ഷേപിക്കലായിരുന്നു രീതി. അതുകൊണ്ടുതന്നെ അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തുക എന്നതായിരുന്നില്ല പ്രചരണരീതി. അടയാളം രേഖപ്പെടുത്തിയ പെട്ടിയില്‍ വോട്ടുകള്‍ നിക്ഷേപിക്കുക എന്നതായിരുന്നു. ഉദാഹരണത്തിന്,

'' ഓരോ വോട്ടും കാളപ്പെട്ടിയില്‍''
'' ഓരോ വോട്ടും അരിവാള്‍ നെല്‍ക്കതിര്‍ പെട്ടിയില്‍.'' എന്നതായിരുന്നു പ്രചരണ രീതി.

അന്നു ത്യശൂര്‍ ജില്ലയിലെ നാട്ടികയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രമുഖ ജന്മിയും പൗരമുഖ്യനുമായ ശ്രീ.എ.പി.രാമനായിരുന്നു. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി അദ്ദേഹത്തിന്റെ മരുമകനായ ജി.പി.കെ.ഗോപാലകൃഷ്ണനും, പി.എസ്.പി.സ്ഥാനാര്‍ത്ഥി അഡ്വ: എ.എസ്. ദിവാകരനുമായിരുന്നെന്നാണ് ഓര്‍മ്മ.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നിയോജക മണ്ഢലം നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന്റെ കാര്യസ്ഥന്മാരും പണിക്കാരും കുടികിടപ്പുകാരും ആശ്രിതരുമെല്ലാംകൂടി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എവിടെ നോക്കിയാലും കോണ്‍ഗ്രസ്സ് കൊടികളും, ''ഓരോവോട്ടും കാളപ്പെട്ടിയില്‍ '' എന്ന ചുമരെഴുത്തുകളും നിറഞ്ഞു കിടന്നു.എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വളരെ ശുഷ്‌ക്കമായിരുന്നു. അതിന്റെ പ്രധാന കാരണം കമ്മ്യൂണിസ്റ്റുക്കാരനാണെന്നു പറയാന്‍ ആരും ധൈര്യം കാണിച്ചിരുന്നില്ല എന്നതാണ്. നിരോധനം പിന്‍വലിച്ച് ഏറെയൊന്നും ആയിരുന്നില്ല. 1950 ജനുവരി 26 നാണ് സര്‍ദാര്‍ ഗോപാലകൃഷ്ണനെ ലോക്കപ്പിലിട്ടു തല്ലിക്കൊന്നത്. അതിനു മുമ്പും ശേഷവും പോലീസിന്റെ നരനായാട്ടായിരുന്നു അവിടെ നടന്നിരുന്നത്. ഇടി വണ്ടികളുടെ അലര്‍ച്ചയും എം.എസ്.പി.ക്കാരുടെ ബൂട്‌സുകള്‍ മണല്‍ത്തരികള്‍ ഞെരിച്ചു നടന്നിരുന്നതും നിരപരാധികളുടെ ചോരവീണ് ആ മണല്‍ത്തരികള്‍ ചുവന്നിരുന്നതും ഭീതിതമായ ഒരോര്‍മ്മയായി ആളുകളില്‍ നിറഞ്ഞു നിന്നിരുന്നു.
അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണം അപൂര്‍വ്വം കൊടികളിലും ചുമരെഴുത്തിലും ഒതുങ്ങി. എന്നാല്‍ ചെറുസംഘങ്ങളായി വീടുവീടാന്തരം കയറിയുള്ള അവരുടെ പ്രവര്‍ത്തനം വളരെ ശക്തമായിരുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക്കുമെന്നുറപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുപോലും അതില്‍ സംശയമില്ലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ആകെ തകിടം മറിച്ചത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമായിരുന്നു.
''മൂപ്പര് ജയിക്കുന്ന് എന്താ സംശ്യം ! മൂപ്പര് ജയിക്കും... അതിനല്ലേ വലപ്പാട്ട് അങ്ങാടീല് ഉറുപ്പ്യെക്ക് മൂന്ന് വെച്ച് മാപ്ലാരെ വാങ്ങി നിറുത്തിരിക്ക്ണ്. ''അതുകേട്ടതും,
''എ.പി.രാമന്‍, നമ്മുടെ രാമന്‍, കാളപ്പെട്ടീ ഞ്ഞങ്ങടെ പെട്ടീ, ഓരോ വോട്ടും കാളപ്പെട്ടിയില്‍'' എന്നു വിളിച്ചു നടന്നിരുന്ന മുസ്ലീങ്ങള്‍ ക്ഷുഭിതരായി. ഈ ആക്ഷേപത്തിനെതിരെ പ്രതികരിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അങ്ങിനെയാണ് എം.സി.അബ്ദുള്ളാജീ സാഹിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്. അതോടെ കോണ്‍ഗ്രസ്സിനു മുദ്രാവാക്യം വിളിച്ചു നടന്നിരുന്ന മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും എം.സി.ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവര്‍ ''അബ്ദുള്ളക്കുട്ടി നമ്മുടെ കുട്ടി, താമരപ്പെട്ടി നമ്മുടെ പെട്ടി. ഓരോ വോട്ടും താമരപ്പെട്ടിയില്‍ '' എന്നു മുദ്രാവാക്യം വിളിച്ച് ഇടവഴികളിലൂടെയും പാടവരമ്പുകളിലൂടെയും നടന്നു.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 300 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനു ജയിച്ചത് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി പി.കെ.ഗോപാലകൃഷ്ണന്‍...! എ.പി.തോറ്റു. ചുരുങ്ങിയ ദിവസത്തെ പ്രവര്‍ത്തനംകൊണ്ട് എം.സി. 9000 ത്തില്‍പ്പരം വോട്ടുനേടി. എന്നാല്‍ മാസങ്ങള്‍ക്കുമുമ്പേ പ്രവര്‍ത്തനം തുടങ്ങിയ അഡ്വ.എ.എസ്.ദിവാകരന് 5012 വോട്ടുമാത്രമാണ് കിട്ടിയത്.
ഒന്നും മിണ്ടാതെ നില്‍പ്പായിരുന്നെങ്കില്‍ എ.പി. വലിയ ഭൂരിപക്ഷത്തിനു ജയിക്കുമായിരുന്ന അവസരമാണ് നിന്നനില്‍പ്പിലൂടെ നഷ്ടമായത്. കോണ്‍ഗ്രസ്സ് ജയിക്കേണ്ടിയിരുന്ന സീറ്റില്‍ ഈ തന്ത്രം പ്രയോഗിച്ച് ഗോപാലകൃഷ്ണന് ജയിക്കാന്‍ കഴിഞ്ഞു. ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്
പറയേണ്ടതില്ലല്ലോ..!