കാസര്‍ഗോഡ് ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളില്‍ മോഹം വെച്ച് സിപഎമ്മും ബിജെപിയും

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ത്ഥി തോറ്റത് 5828 വോട്ടിനാണ്

കാസര്‍ഗോഡ് ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളില്‍ മോഹം വെച്ച് സിപഎമ്മും ബിജെപിയും

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എന്ത് സംഭവിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാസര്‍ഗോഡും മഞ്ചേശ്വരത്തും ബി ജെ പി അക്കൗണ്ട് തുറക്കുമോ എന്നതും ഉദുമയില്‍ എന്ത് സംഭവിക്കും എന്നതുമാണ് സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ യു ഡി എഫിന് രണ്ടും എല്‍ ഡി എഫിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. എല്‍ ഡി എഫ്  വിജയിച്ച ത്യക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ ഇത്തവണയും തല്‍സ്ഥിതി തുടരാനാണ് സാദ്ധ്യത. ലീഗ് വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ബി ജെ പി അക്കൗണ്ട് തുറക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതി ത്രികോണ മത്സരം നടക്കുന്നതാണ് ജില്ലയെ ശ്രദ്ധ കേന്ദ്രമാക്കുന്നത്.


മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ത്ഥി തോറ്റത് 5828 വോട്ടിനാണ്. ശക്തമായ ത്രികോണ മത്സരത്തില്‍ ലീഗിലെ പി ബി അബ്ദുള്‍ റസാഖാണ് വിജയിച്ചത്. പ്രചരണം മൂന്നാംഘട്ടത്തിലെത്തിയപ്പോള്‍ ഇവിടെ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ ഇടത്- വലത് ഐക്യം തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായില്ലെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. മണ്ഡലത്തിലെ പുതുവോട്ടുകളില്‍ കുറച്ചു മാത്രം പെട്ടിയില്‍ വീണാലും മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് എന്‍ ഡി എ കരുതുന്നത്.

പ്രധാനമന്ത്രി മോദിയുടെ പ്രഭാവം മഞ്ചേശ്വരത്ത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വിജയ പ്രതീക്ഷയില്ലാത്ത മറ്റ് മണ്ഡലങ്ങളില്‍ പോലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ പതിനായിരത്തിലേറെ അധികം വോട്ടുകള്‍ നേടുമെന്നും അത്തരമൊരു സാഹചര്യത്തില്‍ മണ്ഡലത്തിലെ വിജയം സുനിഞ്ചിതമാണെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.   സുരേന്ദ്രന്റെ വിജയത്തിന് വേണ്ടി ബൂത്ത് തലത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നുണ്ട്.  ആര്‍.എസ്.എസിന്റെ സര്‍വ്വശക്തിയും സമാഹരിച്ചുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ 877 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ലീഗിന്റെ അവകാശവാദം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് യു ഡി എഫ് നടത്തിയാണ് ലീഗ് പ്രചരണം. മണ്ഡലം ഇത്തവണയും യു ഡി എഫിനൊപ്പം നില്‍ക്കുമെന്ന് ലീഗ് അവകാശപ്പെടുമ്പോള്‍  മറിച്ചാകും ഫലമെന്ന് ഇടതും എന്‍ ഡി എയും പറയുന്നു. തീപ്പാറുന്ന മത്സരം നടക്കുന്ന ഇവിടെ എന്ത് സംഭവിക്കും എന്നറിയണമെങ്കില്‍ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ തവണത്തെക്കാള്‍ ചില അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം എത്രത്തോളം വോട്ടായി മാറുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെ ബി ജെ പിയുടെ ചില കേന്ദ്ര നയങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

ബീഫ് പോലുള്ള വിഷയങ്ങള്‍ ഇവിടെ തെരഞ്ഞെടുപ്പ് വിഷയമാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ സി പി എ സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവാണ് ഇവിടെ നിന്ന് വിജയിച്ചത്. 2016 ല്‍ 2006 ലെ വിജയമാണ് സി പിഎം ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്.
കണ്ണൂരില്‍ നിന്ന് കെ സുധാകരന്‍ ചേക്കേറിയ മണ്ഡലമാണ് ഉദുമ. ഇടത് കോട്ട പിടിച്ചെടുക്കാനാണ്  കെ സുധാകരന്‍ എത്തിയതെന്ന്് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ കണ്ണൂരിലെ വിമതരെ പേടിച്ച് വന്നതാണെന്ന് എല്‍ ഡി എഫ് പറയുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ കയ്യിലായിരുന്ന ഉദുമ പഞ്ചായത്ത് ഇക്കുറി യു ഡി എഫിന് ലഭിച്ചതാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ യു ഡി എഫിനുള്ള പ്രതീക്ഷ. ജില്ലയിലെ പ്രബലരെ ഒഴിവാക്കി കണ്ണൂരില്‍ നിന്നുള്ള കെ സുധാകരന്‍ എത്തിയതും മണ്ഡലം തിരിച്ചു പിടിക്കാന്‍ തന്നെയാണ്.

പക്ഷെ ഉദുമ ഇത്തവണയും ഇടത്തോട്ട് തിരിയുമെന്നാണ് മണ്ഡലത്തെ കുറിച്ച് വന്ന സര്‍വേകളില്‍ വന്നത്. സിറ്റിങ്ങ് എം .എല്‍ എ കെ കുഞ്ഞിരാമന് മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാന്‍ കെ സുധാകരനായിട്ടില്ലെന്നാണ് ഇടതു മുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടിയ ഭൂരിപക്ഷമാണ് സി പി എം പ്രതീക്ഷിക്കുന്നത്. പക്ഷെ രണ്ട് മുന്നണിയില്‍ നിന്നും ബി ജെ പിയിലേക്ക് വോട്ട് ചോര്‍ച്ച ഉണ്ടായിയെന്നാണ് ബി ജെ പിയുടെ നിരീക്ഷണം. പാര്‍ട്ടി ശക്തമല്ലെങ്കിലും ഇത്തവണ സ്ഥിതി മാറുമെന്നാണ് അവര്‍ കരുതുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് കാസര്‍ഗോഡ്. ബി ജെ പി വിജയം പ്രതീക്ഷിക്കുന്ന ഇവിടെ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ സിറ്റിങ്ങ് എം.എല്‍എ ലീഗിലെ എന്‍.എ നെല്ലിക്കുന്ന് വീണ്ടും ജയിച്ചേക്കും. പക്ഷെ കാറഡുക്ക, മുള്ളേരിയ, തുടങ്ങിയ സി പി എം ശക്തി കേന്ദ്രങ്ങളിലും മറ്റും ഒരു തരംഗം തന്നെ സ്യഷ്ടിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഐ.എന്‍.എല്ലിലെ ഡോ.എ.എ അമീന്‍ മുന്നേറുന്നത്. ഇടത് മുന്നണി വളരെ ഐക്യത്തോടെ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. ബീഫ് രാഷ്ട്രീയം നിറഞ്ഞ് നില്‍ക്കുന്ന ഇവിടെ എല്ലാ ഹിന്ദു സംഘടനകളും ബി ജെ പിക്ക് വേണ്ടി രംഗത്തുണ്ട്.