മക്കളുടെ വിദ്യാഭ്യാസം മാതാപിതാക്കള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത ചുമടാകുന്നുണ്ടോ?

നിലവിലെ അവരുടെ സാമ്പത്തികത്തിനപ്പുറമാണ് പല കുടുംബങ്ങളും വിദ്യാഭ്യാസ മേഖലയിൽ മുടക്കിയ മൂലധനത്തിന്റെ കണക്കുകൾ. തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ പല കോഴ്സുകളെ കുറിച്ചും പരീക്ഷകളെ കുറിച്ചും അവർ അജ്ഞരാണ് എന്നതും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു.

മക്കളുടെ വിദ്യാഭ്യാസം മാതാപിതാക്കള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത ചുമടാകുന്നുണ്ടോ?

"എങ്ങനെയെങ്കിലും ഡിഗ്രി കോഴ്സ് പൂർത്തീകരിക്കണം. പെൺകുട്ടികളാണെങ്കിൽ, നല്ല ഒരു കല്യാണാലോചന വരും വരെ വേണമെങ്കിൽ തുടർന്നു പഠിക്കാം. ആൺകുട്ടികളാണെങ്കിൽ ഗൾഫിൽ പോകുകയോ, ഏതെങ്കിലും ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്തു ഒരു വരുമാനം കണ്ടെത്തണം. ഇനിയും പഠിക്കണമെന്ന് താൽപര്യമുള്ളവർക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി എവിടെയെങ്കിലും അദ്ധ്യാപകരാകാം."

20 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മാതാപിതാക്കൻമാരിൽ ഒട്ടു മിക്കപേർക്കും മക്കൾക്ക് നിർദ്ദേശിക്കുവാനുണ്ടായിരുന്ന വിദ്യാഭ്യാസ പാറ്റേണിന്റെ ഒരു മാതൃകാ വിവരണമാണിത്.കാലം അവിടെ നിന്നും ബഹുദൂരം മുമ്പോട്ട് സഞ്ചരിച്ചു. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പടയേറ്റത്തോടെ കേരളത്തിലെ വിദ്യാഭ്യാസ ചിന്തകൾക്കും മാറ്റം വന്നു. 'വിദ്യ'യുടെ വിവരണത്തിൽ അറിവ് നേടുക എന്നത് മാത്രമല്ല, അവ വരുമാനം നൽകുന്ന ശ്രോതസ്സ് കൂടിയാകണമെന്ന സങ്കൽപ്പം ശക്തമാകുന്ന തങ്ങനെയാണ്.അപ്രതീക്ഷിതമായി കടന്നു വന്ന ഈ അതിഥിയെ സ്വീകരിക്കുവാൻ സാമ്പത്തികമില്ലാതിരുന്ന കുടുംബങ്ങളെ ബാങ്കുകൾ വരവേൽക്കുവാൻ തുടങ്ങി. ആധാരവും സ്വർണ്ണവും പണയത്തിലാക്കി പല കുടുംബങ്ങളും വിദ്യാഭ്യാസ മേഖലയിലെ നവോത്ഥാനത്തിന് പങ്കാളികളായി.


വിദ്യാഭ്യാസം എന്നാൽ കേവലം വൈജ്ഞാനിക ശേഖരണം മാത്രമല്ലെന്നും അത് വരുമാനപ്രദമാകണമെന്നും ഉള്ള ചിന്ത പതുക്കെ സമൂഹത്തിൽ വേരുപിടിച്ചു. ധനികരെന്നോ, പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തെ വരവേറ്റു. ബാങ്കുകളുടെ മൂലധനത്തിൽ വിദ്യാഭ്യാസ മേഖല തന്റെ മുഖം മിനുക്കി. അടിസ്ഥാന വിദ്യഭ്യാസത്തിന് ശേഷം ഇനിയെന്താണ് പരിപാടി എന്ന ചോദ്യമുയർന്നതും അങ്ങനെയാണ്.

മക്കളുടെ മികച്ച വിദ്യാഭ്യാസമെന്നതായി മാതാപിതാക്കൻമാരുടെ അദ്ധ്യാനത്തിന്റെ വില. കുട്ടികളുടെ വിദ്യാഭ്യാസത്തിന് എത്ര വേണമെങ്കിലും പണം ചെലവിടാന്‍ മടിക്കാത്തവരാണ് മലയാളികള്‍ എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. നിലവിലെ അവരുടെ സാമ്പത്തികത്തിനപ്പുറമാണ് പല കുടുംബങ്ങളും വിദ്യാഭ്യാസ മേഖലയിൽ മുടക്കിയ മൂലധനത്തിന്റെ കണക്കുകൾ. തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ പല കോഴ്സുകളെ കുറിച്ചും പരീക്ഷകളെ കുറിച്ചും അവർ അജ്ഞരാണ് എന്നതും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു.

പലരും ഇന്ത്യൻ സർവ്വകലാശാലകളിലെ വിദ്യാഭ്യാസത്തെ തിരഞ്ഞെടുത്തപ്പോൾ , ചെറുതല്ലാത്ത ഒരു സംഖ്യ വിദേശ രാജ്യങ്ങളിൽ നിന്നും തങ്ങളുടെ മക്കളെ ബിരുദധാരികളാക്കി. ബാങ്കുകളിൽ നിന്നും അനുവദിക്കുന്ന തുക കോളേജ് ഫീസിന് മാത്രം പര്യാപത്മായിരിക്കേ, ഇതരചെലവുകൾ കണ്ടെത്തുന്നതിന് അവർ വീണ്ടും കടക്കാരായി. കടത്തിൽ അടിത്തറ കെട്ടിപടുത്തുന്ന വിദ്യാഭ്യാസം ലഭിച്ച വിദ്യാർത്ഥികൾ നേടിയത് വിദ്യ മാത്രമായിരുന്നില്ല, കരിയറിന്റെ ആരംഭത്തിൽ തന്നെ എടുത്താൽ പൊങ്ങാത്ത ബാധ്യതയുടെ മാനസിക സമ്മർദ്ദങ്ങളുമായിരുന്നു.

ഉറപ്പുള്ള ഒരു തൊഴിൽദാന മേഖലയുടെ അഭാവത്തിൽ തൊഴിലിലായ്മ ഇന്ന് സാർവ്വത്രികമായിരിക്കുന്നു. നഗര പ്രദേശങ്ങളിൽ 15% ലേറയാണ് തൊഴിലിലായ്മ. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം, എന്നിരുന്നാലും ആ ധനത്തിന്നു ഉപജീവനമാര്‍ഗ്ഗം ആകുവാന്‍ കഴിഞ്ഞില്ലെങ്കില്‍, ജീവിതം അത്ര സുഖകരമാവില്ല.

കഴിവും വിദ്യാഭ്യാസവുമുള്ളവർക്ക് എപ്പോഴും കനത്ത ശമ്പളമുള്ള തൊഴിൽ ലഭിക്കുന്നുവെന്നും, എന്നാൽ അത് മിക്കപ്പോഴും മികച്ച പശ്ചാത്തലത്തിൽ ജനിക്കുന്നവർക്ക് മാത്രം പ്രാപ്യമാകുന്നതായിയാണ് കണ്ടു വരുന്നതെന്നും റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജന്‍റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതും ഈ സാഹചര്യത്തിലാണ്. വരുമാനം ഉറപ്പായവരിൽ നിന്നു മാത്രം ഇത്തരം ലോണുകൾ തിരികെ ഈടാക്കുകയും, അവയ്ക്ക് സാധിക്കാത്തവരുടെ ലോണുകളിൽ വീട്ടുവീഴ്ചാ മനോഭാവം ഉണ്ടാവേണ്ടതുണ്ട് എന്ന കാഴ്ചപാട് എത്രത്തോളം പ്രായോഗികമാണ് എന്ന് അറിയില്ലെങ്കിലും ആശ്വാസകരമാണ്.

മക്കള്‍ക്കായി തിരഞ്ഞെടുക്കാവുന്ന കോഴ്സുകളെ കുറിച്ചും പല  മാതാപിതാക്കന്മാര്‍ അജ്ഞരാണ്.വിവിധങ്ങളായ കോഴ്സുകളും അവ സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകളെ കുറിച്ചും പലര്‍ക്കും ശരിയായ അവബോധമില്ല. കൂട്ടത്തില്‍ പാടുന്ന പാട്ട് പോലെ അവരും അപ്പോഴത്തെ ട്രെന്‍ഡിനു ഒപ്പം നീങ്ങുന്നു. കേരളത്തില്‍ വര്‍ധിച്ചു വന്ന എഞ്ചിനീയര്‍മാരുടെ എണ്ണം അതിന്നു ഒരു ഉദ്ധാഹരണമാണ്.

ഓരോ മനുഷ്യന്‍റെയും പൌരാവകാശമാണ് വിദ്യാഭ്യാസവും തൊഴിലും. ഇവയ്ക്കു രണ്ടിനുമിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല മാതാപിതാക്കന്മാരുടെയും നെടുവീര്‍പ്പുകളും, മോക്ഷം കാത്തു ബാങ്കുകളില്‍ വിശ്രമിക്കുന്ന ചില വീടുകളുടെ  ആധാരങ്ങളുമുണ്ടെന്നു മാത്രം!