ജിഷയുടെ അമ്മയെ അറിയില്ലെന്ന് പിപി തങ്കച്ചന്‍

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീച ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ജിഷയുടെ അമ്മ ഒരാവശ്യത്തിനും തന്റെ വീട്ടില്‍ വന്നിട്ടില്ല.

ജിഷയുടെ അമ്മയെ അറിയില്ലെന്ന് പിപി തങ്കച്ചന്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ തനിക്കറിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പിപി തങ്കച്ചന്‍ പറഞ്ഞു.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീച ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ജിഷയുടെ അമ്മ ഒരാവശ്യത്തിനും തന്റെ വീട്ടില്‍ വന്നിട്ടില്ല. ജിഷ കൊല്ലപ്പെട്ടശേഷം അമ്മ രാജേശ്വരി ആസ്പത്രിയില്‍ കഴിഞ്ഞപ്പോഴാണ് അവരെ സന്ദര്‍ശിച്ചത്. കെപിസിസിയുടെ ധനസഹായം കൈമാറാനും ആസ്പത്രിയില്‍ പോയിരുന്നു.


ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിപി തങ്കച്ചനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തിയിരുന്നു. തങ്കച്ചന്റെ സ്വന്തം മകളാണ് ജിഷയെന്നും ഇക്കാര്യം ലോകം അറിയാതിരിക്കാന്‍ തങ്കച്ചന്റെ അറിവോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ജോമോന്റെ ആരോപണം.

ജിഷയുടെ കൊലപാതകം സംബന്ധിച്ച് തങ്കച്ചന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇതൊന്നുമല്ല രാഷ്ട്രിയമെന്നും പിപി തങ്കച്ചന്‍ പറഞ്ഞു.