ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; ഉത്തരവ് കേരള ആര്‍ടിസിയുടെ അടിവേര് തോണ്ടും

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 880 കോടിയായിരുന്ന കെഎസ്ആര്‍ടിസിയുടെ കടം ഒരു മാസം മുന്‍പ് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 2500 കോടി ആയതായാണ് സിഐടിയു നേതാവും മുന്‍ എംഎല്‍എ കൂടിയായ കെ കെ ദിവാകരന്‍ വ്യക്തമാക്കുന്നത്.

ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; ഉത്തരവ് കേരള ആര്‍ടിസിയുടെ അടിവേര് തോണ്ടും

പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ വ്യാപക പ്രതിഷേധം. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് കേരളത്തിലെ പൊതുഗതാഗത സംവിധാനം താറുമാറാക്കും. ഇടക്കാല ഉത്തരവ് പ്രാബല്യത്തിലാകുന്ന പക്ഷം നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയുടെ നടുവൊടിയും. ഇപ്പോള്‍ 6241 ബസുകളും പ്രതിദിനം 6389 ഷെഡ്യൂളുകളുമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. കെഎസ്ആര്‍ടിസിയുടെ 3791 ഓര്‍ഡിനറി ബസുകളില്‍ ഏകദേശം 2700 എണ്ണം പത്തു വര്‍ഷം പിന്നിട്ടവയാണ്. വിധി നടപ്പായാല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലെ ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തേണ്ടിവരും. പുതിയ ബസുകള്‍ ആദ്യ അഞ്ചു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റായി സര്‍വീസ് നടത്തും. തുടര്‍ന്ന് അവ ഓര്‍ഡിനറി സര്‍വീസിനായി മാറ്റുകയാണു പതിവ്. പുതിയ ബസുകളുടെ എണ്ണം കുറയുന്നതിനാല്‍ അഞ്ചു വര്‍ഷം പിന്നിട്ട ബസുകളും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റായും ഓടുന്നുണ്ട്.


യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 880 കോടിയായിരുന്ന കെഎസ്ആര്‍ടിസിയുടെ കടം ഒരു മാസം മുന്‍പ് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 2500 കോടി ആയതായാണ് സിഐടിയു നേതാവും മുന്‍ എംഎല്‍എ കൂടിയായ കെ കെ ദിവാകരന്‍ വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി കഴിഞ്ഞ മാസവും 70 കോടി രൂപ കടമെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് 12 ശതമാനം പലിശ നിരക്കില്‍ 70 കോടി നല്‍കിയത്. പെന്‍ഷന്‍ നല്‍കാനും ഇടക്കിടെയിടെയുള്ള ഈ കടമെടുക്കല്‍ തുടരുന്നുണ്ട്. പൂട്ടിപ്പോകല്‍ ഭീഷണി നേരിടുന്ന കേരളാ ആര്‍ടിസിക്ക് ഫലത്തില്‍ ഉന്തിനൊപ്പെം ഒരു തള്ളല്‍ എന്ന നിലയാകും.

അര്‍ത്ഥമില്ലാത്ത നടപടിയാണ് ഹരിത ട്രൈബ്യുണല്‍ കൈക്കൊണ്ടത് എന്നാണ് കെകെ ദിവാകരന്‍ ചൂണ്ടികാണിക്കുന്നത്. അപകടങ്ങളുടെ റേറ്റിംഗില്‍ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് വളരെ താഴെയാണ് കേരളം. വാഹനപ്പെരുപ്പത്തിന്റെ കാര്യത്തിലും അപ്രതീക്ഷ മലീനീകരണത്തിന്റെ കാര്യത്തിലും ഏറേ മുന്നില്‍ നില്‍ക്കുന്നത് മറ്റ് പല സംസ്ഥാനങ്ങളും അവരൊന്നും സ്വീകരിക്കാത്ത നിലപാട് കേരളത്തില്‍ മാത്രം സ്വീകരിക്കണം എന്ന്് പറയുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ലോറികളില്‍ ഭക്ഷണ സാധനങ്ങള്‍ പലതും എത്തിക്കുന്നത്. ചുരുക്കത്തില്‍ ഈ നിയമം അവിടെയും നൂലാമാലകള്‍ സൃഷ്ടിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് നിലവിലുളള നിയമം അനുശാസിക്കുന്നത് 15 വര്‍ഷത്തെ കാലാവധിയാണ്. ഇങ്ങിനെയുളളപ്പോള്‍ തീരെ തൃപ്തിപ്പെടുത്താനാകാതെ നിലപാടാണ് ട്രൈബ്യുണലിന്റേത്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു തീര്‍പ്പിലെത്തുകയാണ് വേണ്ടത്. അത് കൊണ്ട് തന്നെ കേന്ദ്ര ഗവണ്‍മെന്റിനെ സമീപിച്ച് ഒരു തീരുമാനം ഉണ്ടാക്കുകയാണ് വേണ്ടത്. സ്പീഡ് ഗവര്‍ണര്‍ പോലുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയപ്പോള്‍ അത് അഴിമതിക്കുളള പ്രധാനപ്പെട്ട കവാടങ്ങളായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. യുഎന്‍ ഈപി റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് കേരളത്തിന്റെ മാത്രം ഉത്തരവാദിത്ത്വമല്ല. 2700 വാഹനങ്ങള്‍ നിരത്തില്‍ നിന്ന മാറുക എന്നത് കുറഞ്ഞത് 50,000 പേരുടെ തൊഴിലിനെയെങ്കിലും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അത് കൊണ്ട് തന്നെ നിയമനടപടികള്‍ കൈക്കൊളളാന്‍ തന്നെയാണ് യുണിയന്‍ തീരുമാനം. കാലപ്പഴക്കം മൂലം പിന്‍വലിക്കുന്ന ബസുകളുടെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങള്‍ മറ്റു ബസുകളില്‍ ഘടിപ്പിച്ചാണ് കാലങ്ങളായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പലതും ഓടിക്കുന്നത്. ഇതാണ് ബസുകളില്‍ നിന്ന് അനുവദനീയമായതിലും കൂടുതല്‍ പുക വരുന്നതിനു പ്രധാന കാരണം. ഏകദേശം 450 ബസുകള്‍ വാങ്ങാന്‍ അധികൃതര്‍ നടപടികളും തുടങ്ങിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ട്രിബ്യൂണല്‍ വിധിയനുസരിച്ച്, പഴക്കമുള്ള സ്വകാര്യ ബസുകളും ഭാരവാഹനങ്ങളും ഓട്ടോ, ടാക്സി സര്‍വീസുകളും സ്‌കൂള്‍ വാഹനങ്ങളുമെല്ലാം നഗരങ്ങളിലെ നിരത്തുകളില്‍ നിന്നു പിന്മാറേണ്ടിവരും. ചുരുക്കത്തില്‍ ഇത് കേരള ആര്‍ടിസിയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്ന് പൊതു സമൂഹം മനസ്സിലാക്കണം എന്നും കെകെ ദിവാകരന്‍ കൂട്ടിചേര്‍ത്തു.

പൊതു എന്ന വാക്കിന്റെ അര്‍ത്ഥം പോലും മലയാളി മറന്നു പോകുന്ന കാലത്ത് പൊതു ഗതാഗത സംവിധാനമായ കേരള ആര്‍ടിസിയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഏറേ അനിവാര്യമാണ് എന്നതാണ് സത്യം. എന്നാല്‍ പരസ്ഥിതി സംരക്ഷണവും അത് പോലെ പ്രാധാന്യമര്‍ഹിക്കുമ്പോള്‍ ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കളുടെ ഇടപെടലിനായാണ് ഇനി കാത്തിരിപ്പ്.

ലീഫ് നല്‍കിയ ഹര്‍ജി

കേരളത്തില്‍ ഡീസല്‍ വാഹനങ്ങളുടെ പുക മൂലം അന്തരീക്ഷ മലീനീകരണം വര്‍ദ്ധിക്കുന്നതായി ചൂണ്ടികാട്ടി അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഫ് ആണ് ട്രൈബ്യുണലിന് ഹര്‍ജി നല്‍കിയത്. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നുവെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് ട്രിബ്യൂണലും സുപ്രീംകോടതിയും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ, ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തില്‍ സിഎന്‍ജി ഇന്ധനത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട ആംആദ്മി സര്‍ക്കാരിന്റെ ഉത്തരവിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അടങ്ങിയ ബെഞ്ച് ശരിവെച്ചിരുന്നു. നിയന്ത്രണം നടപ്പിലാക്കിയതിന്റെ ഗുണം സംസ്ഥാനത്ത് കണ്ട് തുടങ്ങിയതായും മലീനീകരണ തോത് വളരെ കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയും ചെയ്തിരുന്നു. ഡീസല്‍ കാറുകളെ സിഎന്‍ജിയിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലെന്ന് ടാക്സി ഉടമകള്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ബദല്‍ സംവിധാനത്തിന് ആവശ്യത്തിന് സമയം നല്‍കിയെന്നു പറഞ്ഞ കോടതി മുന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ടു പോകാമെന്ന് അറിയിക്കുകയായിരുന്നു.

കേരളത്തിലും പഴക്കമുള്ള വാഹനങ്ങള്‍ പരിസ്ഥിതി പ്രശ്നത്തിന് കാരണമാകുന്നുണ്ടെന്നും കൊച്ചിയാണ് കൂടുതല്‍ മലിനമാകുന്ന നഗരമെന്നും ചൂണ്ടിക്കാട്ടിയാണ് ലീഫ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. പഴയ ബസുകള്‍, ലോറികള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ തുടങ്ങിയവ വന്‍തോതില്‍ സള്‍ഫേറ്റും അമോണിയവും നൈട്രേറ്റും അടക്കമുള്ള രാസവസ്തുക്കള്‍ പുറത്തുവിടുന്നുണ്ടെന്നും വാഹനങ്ങളുടെ പുക പരിശോധന ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഹരിതട്രൈബ്യുണലിന്റെ ഉത്തരവ് പ്രതീക്ഷിച്ചതാണെങ്കിലും തീരുമാനം നടപ്പിലാക്കാന്‍ വേണ്ടത്ര സമയം നല്‍കാതെയുള്ള നടപടി പ്രതീക്ഷിച്ചതല്ല എന്ന അഭിപ്രായാമാണ് ലീഫിനും ഉള്ളതെന്ന്് സംഘടനയുടെ ഭാരവാഹി കൂടിയായ അഡ്വ. സുനില്‍ മുഹമ്മദ് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കൂടി കണക്കിലെടുത്ത് സിഎന്‍ജിയിലേക്ക് സംസ്ഥാനം എത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡീസല്‍ വാഹനങ്ങളെ സംബന്ധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയോട് യോജിപ്പില്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ എന്നത് ഒരു നല്ല മാനദണ്ഡമല്ല. വാഹനത്തിന്റെ എഞ്ചിന്‍ എഫിഷ്യന്‍സിയായിരിക്കണം മാനദണ്ഡം. എന്നുമാത്രമല്ല, 78 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനം കയ്യിലുള്ളവര്‍ അത് വിറ്റ് പുതിയ വണ്ടി വാങ്ങുമ്പോള്‍, കൂടുതല്‍ ഡിമാന്റ് ഉണ്ടാകും. കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലിറങ്ങുക വഴി കൂടുതല്‍ ഇരുമ്പ് ഖനനം, കൂടുതല്‍ മലിനീകരണം, എന്നിങ്ങനെ, ഫലത്തില്‍ പരിസ്ഥിതിനാശം കൂടാനാണ് സാദ്ധ്യത. ഒരു വസ്തു ഉത്പാദിപ്പിക്കപ്പെട്ടാല്‍, പരമാവധി ഉപയോഗം ഉറപ്പുവരുത്തുക, പുനരുപയോഗം സാദ്ധ്യമാക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു പ്രാഥമികപാഠം. അതിനെതിരാണ് ഈ വിധിയെന്നും പ്രകൃതി വാതകത്തിലേയ്ക്ക് മാറാന്‍ വേണ്ടത്ര സമയം കൊടുത്തിട്ടായിരുന്നു എങ്കില്‍ ഇതൊരു ഭേദപ്പെട്ട ഉത്തരവായി മാറുമായിരുന്നു എന്നും ഹരീഷ് അഭിപ്രായപ്പെട്ടു. കേസിന്റെ മെറിറ്റില്‍ ഒരു മിനിറ്റ് പ്രാഥമിക വാദം പോലുമില്ലാതെ ഇടുന്ന ഇത്തരം വിധികള്‍ കോടതിയുടെ തന്നെ വിശ്വാസ്യതയെ ബാധിക്കും എന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയും രംഗത്തത്തെി. 2000 സിസിക്ക് മുകളിലുളള പത്തുവര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന കോടതി ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ഗതാഗത വകുപ്പിന്റെ വാദം കേട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ വ്യക്തമായ പഠനം പോലും നടത്താതെയാണ് സര്‍ക്യൂട്ട് ബെഞ്ച് ആദ്യ സിറ്റിങ്ങില്‍ തന്നെ ഈ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ടുളള ഉത്തരവിറക്കിയത്. ഒരു മാസത്തെ കാലാവധിയാണ് സര്‍ക്കാരിന് ഇതിനായി അനുവദിച്ചതും. 2000 സിസിയില്‍ കൂടുതലുളള പുതിയ ഡീസല്‍ വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതിനു ശേഷം ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഓരോ തവണയും 5,000 രൂപ പിഴ ഈടാക്കും. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതും സര്‍ക്കാരിന്റേതും ഒഴികെ, 2000 സിസിക്കു മേല്‍ എന്‍ജിന്‍ ശക്തിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു തല്‍ക്കാലം പുതുതായി രജിസ്ട്രേഷന്‍ നല്‍കരുതെന്നും ഇടക്കാല ഉത്തരവില്‍ ട്രിബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചു.

Story by
Read More >>