ജിഷ: സ്ത്രീ ദളിത് ഭൂമി പ്രശ്‌നങ്ങളുടെ രക്തസാക്ഷി

മതവും മതാധിഷ്ടിതപുരുഷ ബോധവുമാണ് സ്ത്രീകളനുഭവിക്കുന്ന അസമത്വങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും അതിലൂടെ ഉണ്ടാകുന്ന അതിക്രമങ്ങളുടെയും കടന്നാക്രമണങ്ങളുടെയും മൂല കാരണം

ജിഷ: സ്ത്രീ ദളിത് ഭൂമി പ്രശ്‌നങ്ങളുടെ രക്തസാക്ഷി

ജിഷയുടെ മരണം ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടും, അതിലെ തന്നെ പ്രബുദ്ധരായ, സാക്ഷരതയിലും ജീവിത നിലവാരത്തിലും ഒന്നാമത് നില്‍ക്കുന്ന കേരളത്തിലെ ഭരണാധികാരികളോടും, പൊതു സമൂഹത്തോടും ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. എല്ലാതരം സാമൂഹിക അസമത്വങ്ങളുടെയും, സ്ത്രീവിരുദ്ധതയുടെയും, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഇന്നും അനുഭവിക്കുന്ന വിവേചനത്തിന്റെയും, കിടപ്പാടത്തിന്റെയും, ഭൂമിയുടെയും ഒക്കെ രാഷ്ട്രീയ ചോദ്യങ്ങള്‍ തന്നെയാണ് ജിഷയുടെ അരക്ഷിത സാഹചര്യങ്ങളിലുള്ള ജീവിതവും മരണവും ഒക്കെ ഉയര്‍ത്തുന്നത്. ജിഷയുടെ മരണം സ്ത്രീകള്‍ക്ക്‌നേരെയുള്ള അതിക്രമങ്ങളുടെയും കടന്നാക്രമണങ്ങളേയും കുറിച്ചുള്ള ചര്ച്ചകള്‍ക്ക് വീണ്ടും ഇടം കൊണ്ട് വന്നിരിക്കുന്നു. എന്നാല്‍ എല്ലാ തവണയും നടക്കുന്ന പോലെ ശരിയായ കാരണങ്ങളിലേക്ക് കടക്കാതെ ഉപരിവിപ്ലവമായി അവസാനിക്കാനുള്ള സാധ്യതയേ കാണുന്നുള്ളൂ.


മതവും മതാധിഷ്ടിതപുരുഷ ബോധവുമാണ് സ്ത്രീകളനുഭവിക്കുന്ന അസമത്വങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും അതിലൂടെ ഉണ്ടാകുന്ന അതിക്രമങ്ങളുടെയും കടന്നാക്രമണങ്ങളുടെയും മൂല കാരണം. കാലഹരണപെട്ട മത നിയമങ്ങളും പുരുഷ നിര്‍മ്മിത മൂല്യ ബോധങ്ങളുമാണ് കാലാകാലങ്ങളായി സ്ത്രീയുടെ കുടുംബ, സാമൂഹിക ജീവിതത്തെ നിര്‍ണ്ണയിച്ചു പോന്നിട്ടുള്ളത്. മറ്റെല്ലാ പ്രകൃതിവിഭവങ്ങളെയും പോലെ തന്നെ പുരുഷ നിര്‍മ്മിത സാമൂഹ്യ ഘടനയിലെ പുരുഷ വിഭവം ആയാണ് സ്ത്രീകളെ കണക്കാക്കിപോന്നത്. സഹജീവിയായും തന്നെപോലെ അധികാരവും അവകാശവും ചിന്താശേഷിയുമുള്ള മറ്റൊരു മനുഷ്യനായി പരിഗണിക്കുന്നതിന് മൂല്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ ജിഷയുടെ ജീവിതം തന്നെയെടുക്കാം. ഈ കാലഘട്ടത്തിലും അനേകായിരം സ്ത്രീ ജീവിതങ്ങളുടെ ഉദാഹരണമാണ് ജിഷ. കൂലിപ്പണിക്കാരിയായ അച്ഛനുപേക്ഷിച്ചുപോയ അമ്മയുടെ രണ്ട് പെണ്മക്കളില്‍ ഒരുവള്‍. തങ്ങളുടെ വിദ്യാഭാസത്തില്‍ താന്‍ നേടുന്നതിലൂടെ തങ്ങളുടെ എല്ലാ ദുരിതങ്ങള്‍ക്കും മാറ്റം വരുത്താനാവുമെന്നും പ്രശ്‌നങ്ങളെ മറികടക്കാനാവുമെന്നും തീര്‍ച്ചയായും ചിന്തിച്ചിട്ടുണ്ടാവും ജിഷ. അതിനായി എല്ലാതരത്തിലും ഉള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു ജിഷക്ക്. വിശപ്പിനോടും, പരിമിതമായ ജീവിത സാഹചര്യങ്ങളോടും ചുറ്റുമുള്ള ക്രിമിനലുകളോടും അടക്കം നിരന്തരം പൊരുതിയിട്ടും വ്യവസ്ഥയും ഭരണകൂടവും സ്‌നേഹവും ചേര്‍ന്ന്് ജിഷയെ തോല്‍പ്പിച്ചുകളഞ്ഞു .

ജിഷയുടെ സ്ത്രീശരീരത്തോട് തോന്നിയ കാമം മാത്രമല്ല, അവളെ കൊലപ്പെടുത്തിയത് എന്നുവേണം കരുതാന്‍ ' തനിക്കു മുന്നിലൊരു പെണ്ണ് അതും ദളിതയായ പെണ്ണ്, ചോദിക്കാന്‍ ആരുമില്ലാത്ത പെണ്ണ്, തന്റേടിയായ പെണ്ണ്, തങ്ങള്‍ക്കുക വഴങ്ങാത്ത പെണ്ണ്, അതും താന്‍ അടക്കമുള്ള പുരുഷ സമൂഹത്തെ വെല്ലുവിളിച്ച് വിദ്യാഭാസം ചെയ്തു നിര്‍ഭമയയായി ജീവിക്കുന്ന പെണ്ണ്, അത്രക്കായോ..' എന്ന ആണഹങ്കാര അധികാര ചിന്തയാണ് ക്രൂരമായ ബലാല്‍സംഗത്തിലേക്കും കൊലയിലേക്കും നയിച്ചത്. ഈ ആണഹങ്കാര ബോധത്തിന്റെ കതിരില്‍ നിന്നല്ല കാരണം അന്വേഷിക്കേണ്ടത്. പതിനെട്ടു വയസ്സിനോപ്പം കയറിവരുന്ന ഒന്നല്ല.ഓരോ വീട്ടിലും അതിന്റെ കാരണം തിരയണം. ജനിച്ച് വീഴുമ്പോള്‍ തുടങ്ങി ആണിലും പെണ്ണിലും അറിഞ്ഞും അറിയാതെയും മുന്‍പ് പറഞ്ഞ മത നിയമങ്ങളും പുരുഷാധിപത്യബോധങ്ങളും പകര്‍ന്നു കൊടുക്കുന്നതോ അതിനനുസൃതമായി വളര്‍ത്തു ന്നതോ ആണ് ഇതിനു കാരണം. താന്‍ പ്രത്യേക അധികാരമുള്ളവന്‍ ആണെന്നും പെണ്ണിനെ ഭരിക്കേണ്ടവനാണെന്നും ആണ്‍കുട്ടിയോടും , താന്‍ അടങ്ങി ഒതുങ്ങി വളരേണ്ടവളാണെന്നും ഭരിക്കപ്പെടേണ്ടവളാണെന്നും പെണ്‍കുട്ടിയോടും പറഞ്ഞു പരിശീലിപ്പിക്കുന്നതിലൂടെ അതിക്രമങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഹേതുവായ അസമത്വങ്ങള്‍ക്കും സ്ത്രീ വിരുദ്ധതക്കും തുടക്കമാകുന്നു. പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും ഈ വിരുദ്ധത തലമുറകളിലേക്ക് പകര്‍ത്തുവന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

കഴിക്കുന്ന പാത്രം കഴുകാന്‍ ആവശ്യപ്പെടാതെ, ധരിക്കുന്ന വസ്ത്രം വൃത്തിയാക്കാന്‍ ആവശ്യപ്പെടാതെ കഴിക്കേണ്ടുന്ന ഭക്ഷണം പാകം ചെയ്യാന്‍ പങ്കാളിയാക്കാതെ വീട് വൃത്തിയാക്കാന്‍ പരിശീലിപ്പിക്കാതെ പ്രത്യേക 'പ്രിവിലേജസു'മായി ആണ്‍കുട്ടികളെ സാമൂഹ്യ ജീവിതത്തിനും പെണ്‍കുട്ടികളെ കുടുംബ ജീവിതത്തിനും പരിശീലിപ്പിക്കുന്ന കുടുംബങ്ങള്‍ തന്നെയാണ് സ്ത്രീവിരുദ്ധതയുടെ ആദ്യ പാഠം. രണ്ടാം പാഠം വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്നു. യഥാര്‍ത്ഥ ത്തില്‍ ജനാധിപത്യവും സമത്വവും പഠിപ്പിക്കേണ്ട സ്‌ക്കൂളുകള്‍ ആണ്‍പെണ്‍വിവേചനത്തിന് സാമൂഹിക മാനം കൊടുക്കുകയാണ് ചെയ്യുന്നത്. കോളേജുകളില്‍ മറ്റൊന്നുമല്ല പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് സമകാലീന അനുഭവങ്ങള്‍ പറയുന്നു. ഇങ്ങനെ, ജനിച്ച് വീഴുന്നത് മുതല്‍ താന്‍ ഇടപെടുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും തനിക്കു പകര്‍ന്ന് കിട്ടുന്ന, ഊട്ടി ഉറപ്പിക്കുന്ന സ്ത്രീവിരുദ്ധ മനോഭാവം മാറ്റുവാന്‍ ചിന്താശേഷിയില്ലാത്ത ഭൂരിഭാഗം പേര്‍ക്കും എങ്ങനെയാണ് സാധിക്കുക. ഈ സ്ത്രീവിരുദ്ധ കടന്നാക്രമണങ്ങള്‍ക്ക് ഉള്ള ലൈസെന്‍സ് ആയി ബഹു ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നുണ്ടാവും. അതിന് സ്ത്രീകളുടെ വസ്ത്രത്തെയും സഞ്ചാരത്തെയും സാമൂഹിക ഇടപെടലിനെയും കാരണമാക്കി സാധൂകരിച്ചാല്‍ മതിയല്ലോ. ജിഷയുടെ മരണം സ്ത്രീ വിരുദ്ധ സാമൂഹ്യ മനോഭാവത്തോടൊപ്പം തന്നെ ഗുരുതരമായ പ്രശ്‌നമാണ് ദളിത്ഭൂമി പ്രശ്‌നങ്ങള്‍. ഭരണഘടന സമത്വവും നീതിയും മുഖവുരയില്‍ തന്നെ അടിവരയിടുന്നു. തൊട്ടുകൂടായ്മയും ജാതീയ വംശീയ വിവേചനങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്നു. എന്നാല്‍, കാലാകാലങ്ങളായി ദളിതര്‍ ഇത്തരം വിവേചനത്തിലും മാനുഷിക പരിഗണന പോലുമില്ലാതെ പിന്നാമ്പുറങ്ങളില്‍ ജീവിച്ചുപോന്നതാണ് കാണാന്‍ കഴിയുന്നത്. ഒരു ഭരണകൂടത്തിനും ഈ അവസ്ഥയില്‍ മാറ്റം വരുത്താനായില്ല എന്ന് മാത്രമല്ല അന്തരം കൂടുതല്‍ വര്‍ദ്ധിച്ചു. ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ഭരണഘടനാസംവാദകര്‍ പറഞ്ഞത് പല കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പിന്നോക്കം പോയ ജനതയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ സംവരണം അത്യാവശ്യമാണെന്നും , വളരെ വേഗം തന്നെ നമുക്ക് ആ സാമൂഹിക സമത്വത്തില്‍ എത്തിച്ചേരണമെന്നും അങ്ങനെ എത്തിച്ചേരുമ്പോള്‍ സംവരണം തന്നെ ഇല്ലാതാകണം എന്നുമാണ്. ഇന്ന് സാമൂഹിക സമത്വം നേടിയില്ലെന്നു മാത്രമല്ല അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ബി ജെ പി സംഘപരിവാര്‍ നേതൃത്വം ഭരണത്തിലെത്തിയശേഷം രാജ്യത്ത് ദളിത് പിന്നോക്ക വിഭാഗങ്ങളെ കൊന്നൊടുക്കി ദളിത് പ്രശ്‌നം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 'നമ്മുടെ കാലു കഴുകിയവര്‍ നമ്മെ ഭരിക്കുന്നു' എന്ന അസഹിഷ്ണുത ജനാധിപത്യ സംവിധാനത്തിലെ മന്ത്രി പറഞ്ഞത് അച്ചടിച്ച് മഷി ഉണങ്ങിയിട്ടില്ല. അതിസമര്‍ത്ഥരായ വിദ്യാര്‍ഥികള്‍

ക്ക്് പോലും ദളിത് എന്ന വിവേചനത്താല്‍ സര്‍വകലാശാലകളില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇട്ടാവട്ട കേരളവും ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ജീവിതത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ദളിത്പിന്നോക്ക ജനവിഭാഗങ്ങള്‍ നിലനില്‍ക്കുവാന്‍ നടത്തുന്ന ജീവിത സമരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇവിടെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ഭൂമികിടപ്പാട പ്രശനങ്ങളും ഗൌരവമേറിയ പ്രശ്‌നങ്ങളാണ്. ജനകീയാസൂത്രണം. പങ്കാളിത്വ വികസനം, ജന സമ്പര്‍ക്ക പദ്ധതികള്‍ എന്നിവ നിരവധി ഉണ്ടായിട്ടും എന്തേ പിന്നോക്കക്കാരിയായ അമ്മയും മകളും അടങ്ങുന്ന ദരിദ്രമായ കുടുംബത്തിനു സ്ഥലം ലഭിച്ചില്ല?. എം എല്‍ എ അടക്കമുള്ള ഭരണ സംവിധാനങ്ങളെ സമീപിച്ചിട്ടും അവര്‍ക്ക് സുരക്ഷിതമായ ഒരു വീട് ലഭിച്ചില്ല? സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ചും, മനുഷ്യാവകാശ കമ്മീഷനു മുന്‍പാകെ അവതരിപ്പിച്ച കണക്കനുസരിച്ചും കേരളത്തില്‍ 5 ലക്ഷം ഏക്കര്‍ കൈയ്യേറിയതോ അന്യാധീനപ്പെട്ടതോ ആയ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നാണ് കണക്ക്. 25,0000ത്തോളം ഭൂരഹിതര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുന്ന കണക്ക്. 2000 മുതല്‍ ഇങ്ങോട്ട് ഭൂസമരങ്ങളുടെ ചരിത്രം പരിശോധിക്കുക. മുത്തങ്ങ, ചെങ്ങറ, മേപ്പാടി തുടങ്ങി ദളിത് പിന്നോക്ക ആദിവാസി ജനവിഭാഗങ്ങള്‍ ഭൂമിക്കായി, കിടപ്പാടത്തിനായി നടത്തിയിട്ടുള്ള സമരങ്ങള്‍ നമ്മള്‍ മറന്നിട്ടുണ്ടാവില്ല. ഭൂമിയില്‍ നിന്നും കിടപ്പാടം പോലുമില്ലാതെ ഈ വിഭാഗങ്ങളെ തുടച്ചു നീക്കിയിട്ടുണ്ട്. കോര്‍പ്പേഷനുകള്‍ക്കും ഭൂമാഫിയകള്‍ക്കും ഭൂമി പതിച്ചു നല്‍കാന്‍ തിടുക്കം കാട്ടുന്നത്. ഇവിടെ നാം ജിഷയുടെ മരണം ചര്ച്ച ചെയ്യേണ്ടത് സ്ത്രീസുരക്ഷയുടെ പ്രശ്‌നത്തില്‍ മാത്രമല്ല ദളിത് ഭൂമി പ്രശ്‌നങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.

Read More >>