ജെയിംസ് ബോണ്ട്‌ നായകന്‍ ഡാനിയല്‍ ക്രെയിഗ് അടുത്ത മാസം ഇന്ത്യയില്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോളിവുഡ് താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമാകാനാണ് ക്രെയിഗിന്റെ വരവ്.

ജെയിംസ് ബോണ്ട്‌ നായകന്‍ ഡാനിയല്‍ ക്രെയിഗ് അടുത്ത മാസം ഇന്ത്യയില്‍

ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന്‍ ഡാനിയല്‍ ക്രെയിഗ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോളിവുഡ് താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍  അടുത്ത മാസം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന  ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമാകാനാണ് ക്രെയിഗിന്റെ വരവ്.

ഇറ്റാലിയന്‍ നയതന്ത്ര വിദഗ്ദ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ഏന്‍ജലോ ആന്റോണിയോയുടെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ 'ഹ്യുമാനിസി'യാണ് ഈ ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകര്‍.ഡാനിയല്‍ ക്രെയിഗിനോപ്പം  പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജെനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയവര്‍  മത്സരത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ പ്രകൃതി സംരക്ഷണ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയായ ക്രെയിഗ് ഇതിനുമുന്‍പ് ഏന്‍ജലോയോടൊപ്പം നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ആശയത്തെപ്പറ്റി പറഞ്ഞപ്പോള്‍ അതിന്റെ ഭാഗമാകാന്‍ ക്രെയിഗ് സന്തോഷത്തോടുകൂടി സന്നദ്ധത അറിയിച്ചതായി ഏന്‍ജലോ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബോളിവുഡ് നായകന്മാര്‍ ഒരുവശത്തും രാഷ്ട്രീയക്കാര്‍ മറുവശത്തും രണ്ടു ടീമുകളിലായി മാച്ചില്‍ മത്സരിക്കുന്നത്. യുവനായകമാരായ രണ്ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, അര്‍ജ്ജുന്‍ കപൂര്‍ തുടങ്ങിയവരാണ് നടന്മാരുടെ ടീമിലെ അംഗങ്ങള്‍. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയാണ് മറു ടീമിനെ നയിക്കുന്നത്. ജൂണ്‍ 11-നു ഡല്‍ഹിയിലെ സ്റ്റേഡിയത്തില്‍ വെച്ചാണ് മാച്ച് നടക്കുന്നത്.