മലപ്പുറത്ത് തിരൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ ദളിത് യുവാവിന്റെ ഉടുമുണ്ടഴിച്ച് അപമാനിച്ചു

സംഘത്തിലെ മൂന്നു പേര്‍ തടഞ്ഞ് വെക്കുകയും മേലാല്‍ മുണ്ടുടുക്കരുതെന്നും പാന്റിടണമെന്നും പറഞ്ഞ് ഉടുതുണി വലിച്ചഴിക്കുകയായിരുന്നു. സമീപത്തായി സ്ത്രീകളടക്കമുളളവര്‍ നോക്കി നില്‍ക്കവേയായിരുന്നു ജവാന്‍മാരുടെ അതിക്രമം.

മലപ്പുറത്ത് തിരൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ ദളിത് യുവാവിന്റെ ഉടുമുണ്ടഴിച്ച് അപമാനിച്ചു

മലപ്പുറത്ത് തിരൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ ദളിത് യുവാവിന്റെ ഉടുമുണ്ടഴിച്ച് അപമാനിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ യുവാവിനോട് ജവാന്‍മാര്‍ മാപ്പ് പറഞ്ഞു. തിരൂര്‍ റസ്റ്റ് ഹൗസിലാണ് പട്ടികജാതിക്കാരനായ മനോജ് എന്ന യുവാവിനെ നികൃഷ്ടമായ രീതിയില്‍ പട്ടാളക്കാര്‍ ആപമാനിച്ചത്.

റസ്റ്റ്ഹൗസ് പ്രവേശ കവാടത്തിന് സമീപം വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. റെസ്റ്റ് ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഒരാഴ്ചയായി അവിടെ താമസിക്കുന്ന ജവാന്‍മാരുടെ ആക്രമണം. സംഘത്തിലെ മൂന്നു പേര്‍ തടഞ്ഞ് വെക്കുകയും മേലാല്‍ മുണ്ടുടുക്കരുതെന്നും പാന്റിടണമെന്നും പറഞ്ഞ് ഉടുതുണി വലിച്ചഴിക്കുകയായിരുന്നു. സമീപത്തായി സ്ത്രീകളടക്കമുളളവര്‍ നോക്കി നില്‍ക്കവേയായിരുന്നു ജവാന്‍മാരുടെ അതിക്രമം.


ഇതോടെ ഭയന്ന താന്‍ അലറിവിളിച്ച് മുറിയില്‍ കയറി വാതിലടക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു. പ്രസ്തുത റസ്റ്റ് ഹൗസില്‍ കാന്റീന്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകളുള്‍പ്പെടെയുളളവര്‍ നിലവിളി കേട്ട് ഓടിയെത്തുകയും അതിനുശേഷമാണ് സംഭവം പുറത്തറിഞ്ഞതെന്നും മനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ പട്ടാളക്കാര്‍ വെട്ടിലായി. തുടര്‍ന്ന് പട്ടാളക്കാര്‍ മനോജിനെ അനുനയിപ്പിക്കാനുളള ശ്രമം തുടങ്ങി.

സംഭവമറിഞ്ഞ് തിരൂര്‍ എസ്ഐ സുനില്‍ പുളിക്കലും ബിഎസ്എഫ് കമാന്‍ഡന്റും സ്ഥലത്തത്തെി. മനോജ് പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. ജോലി നഷ്ടമാകുമെന്നതിനാല്‍ പരാതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ജവാന്‍മാര്‍ ക്ഷമാപണം നടത്തിയതിനാല്‍ മനോജ് പരാതി നല്‍കിയില്ല. മനോജിനെ സഹോദരനായാണ് കാണുന്നതെന്നും തമാശ രൂപേണ മുണ്ട് പിടിക്കുന്നതിനിടെ അഴിയുകയായിരുന്നുവെന്നുമാണ് ജവാന്‍മാര്‍ പറഞ്ഞത്.