മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ പോലീസ് മര്‍ദ്ദനം

നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തന്നെ കുറ്റം സമ്മതിക്കണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു. വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗത്ത് മര്‍ദിക്കുകയും ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചതായും കുട്ടി പറയുന്നു.

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ പോലീസ് മര്‍ദ്ദനം

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ പോലീസിന്റെ ക്രൂരമര്‍ദ്ദനം. നെടുമ്പാശ്ശേരി പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത അനാഥനായ ദളിത് ബാലനെ ഒരു ദിവസം മുഴുവന്‍ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചത്. ഉള്ളം കാലിലും പുറത്തും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.

കവരപ്പറമ്പിലുള്ള അനാഥാലയത്തിലാണ് കുട്ടി പഠിക്കുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചാണ് പതിനാറ് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടുന്നത്. ഈ മാസം പത്തിന് വൈകിട്ട് നാലോടെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന കുട്ടിയെ പൊലീസുകാര്‍ പിടികൂടുകയായിരുന്നു.


നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തന്നെ കുറ്റം സമ്മതിക്കണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു. വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗത്ത് മര്‍ദിക്കുകയും ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചതായും കുട്ടി പറഞ്ഞു.

അടുത്ത ദിവസം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും വീണ്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയുടെ ബന്ധു എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും കഠിനമായ വേദനയെ തുടര്‍ന്ന് 12ാം തീയ്യതി വീണ്ടും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കകയായിരുന്നു.

ആലുവ റൂറല്‍ എസ്പിക്കും ചൈല്‍ഡ് ലൈനിലും വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ബോര്‍ഡിനും പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി.

Read More >>