കമ്പ്യൂട്ടര്‍ വരുമാനം: പത്രപ്പരസ്യം നല്‍കിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

ഒരു ഫുള്‍സ്റ്റോപ്പ് ഇടാന്‍ മറന്നാല്‍ ഒരു ശതമാനം അക്യുറസി,ഒരുഅക്ഷരം വിട്ടാല്‍ 3 ശതമാനം, സ്‌പേസ് വിട്ടാല്‍ 5 ശതമാനം, ഒരു വരി വിട്ടാല്‍ 10 ശതമാനം എന്നിങ്ങനെ അക്യുറസി കുറയ്ക്കും.

കമ്പ്യൂട്ടര്‍ വരുമാനം:  പത്രപ്പരസ്യം നല്‍കിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: പ്രമുഖ പത്രങ്ങളില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയിട്ടും നടപടിയെടുക്കാനാകെ പോലീസ്.

''കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങള്‍ സമ്പാദിക്കാം.'' എന്ന പേരില്‍ പത്രപരസ്യങ്ങള്‍ നല്‍കിയാണ് സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത്.  പ്രമുഖ പത്രങ്ങളുടെ ക്ലാസിഫൈഡ് താളുകളില്‍ നിത്യേന കാണുന്ന ഡാറ്റ എഡിറ്റിംഗ്, ഡാറ്റ എന്‍ട്രി, കോപ്പി പേസ്റ്റ്, ഓണ്‍ ലൈന്‍ വര്‍ക്കുകള്‍ എന്നിങ്ങനെ കാണുന്ന പരസ്യങ്ങള്‍ 90 ശതമാനം വ്യാജമാണെന്നെതാണ് സത്യം . വെറും ഫോണ്‍ നമ്പറോ  ഇ-മെയില്‍ വിലാസമോ നല്‍കിയാവും ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം,തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം.


ബാംഗ്ലൂര്‍,ഹൈദരാബാദ്, ദില്ലി, മുംബൈ,കൊല്‍ക്കത്ത തുടങ്ങിയ സ്ഥങ്ങളാണ് കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങള്‍.വീട്ടിലിരുന്ന് വരുമാനം കമ്പ്യൂട്ടര്‍ വരുമാനം കണ്ടെത്താന്‍ വേണ്ടി പണം അടക്കുന്നവരുടെ പതിനായിരങ്ങളാണ് നഷ്ടപ്പെടുന്നതെങ്കില്‍ തട്ടിപ്പ് അറിയാതെ ഈ കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ലക്ഷങ്ങളാണ് നഷ്ടമാകുക.

കമ്പ്യൂട്ടര്‍ ജോലികളെ പൂര്‍ണ്ണമായും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഓഫ് ലൈന്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി വേര്‍തിരിച്ചിട്ടുണ്ട്. ഡാറ്റ എഡിറ്റിംഗ്, പി.ഡി.എഫ്. കണ്‍വെര്‍ഷന്‍, ഡാറ്റ എന്‍ട്രി ,കോപ്പി പേസ്റ്റ്, മുതലായവ ഓഫ് ലൈന്‍ ജോലികളാണ്. വിവിധ തരം സര്‍വ്വേകള്‍, ആഡ്‌സ്‌വ്യൂ, ആര്‍ട്ടിക്കിള്‍ റൈറ്റിംഗ്, റീഡിംഗ്, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ മുതലായവ ഓണ്‍ ലൈന്‍ ജോലികളാണ്. വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്‌സിറ്റികളും മറ്റും അവരുടെ ജോലികള്‍ ഇന്ത്യയെ പോലുള്ള രാജ്യത്തെ ഐ.ടി.വിദഗ്ധര്‍ക്ക് ബി.പി.ഒ. അടിസ്ഥാനത്തില്‍ നല്‍കാറുണ്ട്. പാര്‍ട്ട്‌ടൈമായി കിട്ടുന്ന ഈ ജോലിയില്‍ നല്ല വരുമാനം ലഭിക്കും. നിരവധി ഓണ്‍ ലൈന്‍ സൈറ്റുകളിലും സൗജന്യമായി അക്കൗണ്ട് എടുത്ത് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം. യഥാര്‍ത്ഥ ബി.പി.ഒ. കമ്പനികളോ വെബ് സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരുത്തരത്തിലുള്ള ഫീസും ഡെപ്പോസിറ്റും മുന്‍കൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങള്‍ തട്ടിപ്പിന് ഇരയാക്കുന്നത്.

വര്‍ക്ക് ചെയ്യുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം.കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വര്‍ക്ക് ചെയ്യാന്‍ തരുന്നതെന്നും വര്‍ക്ക് ചെയ്യാതിരുന്നാല്‍ വരുന്ന നഷ്ടം,അല്ലെങ്കില്‍ വര്‍ക്ക് ഫയല്‍ നഷ്ടപെട്ടാല്‍ ഉണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ തുക തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യും. എന്നാല്‍ ഒരു തുകയും മടക്കി ലഭിക്കില്ല.

ഓഫ് ലൈന്‍ വര്‍ക്കുകളുടെ തട്ടിപ്പാണ് നമ്മുടെ നാട്ടില്‍ അധികവും നടക്കുന്നത്. ജോലി ലഭിക്കണമെങ്കില്‍ പരസ്യം കൊടുത്ത സ്ഥാപനവുമായി 6 മാസം, 11 മാസം എന്നിങ്ങനെ പല കാലയളവിലുള്ള എഗ്രിമെന്റു വെക്കണം. എഗ്രിമെന്റിനൊപ്പം വര്‍ക്കു കിട്ടുന്നതിനുവേണ്ടി ഒരു തുക ഡെപ്പോസിറ്റായി അടക്കണം. 3500 മുതല്‍ 25,000, ചില വര്‍ക്കിന് 2 ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് തുക. ഏറ്റവും ചെറിയ ഡാറ്റ എഡിറ്റിംഗ് വര്‍ക്ക് 3500 രൂപ നല്‍കി ഒരു വര്‍ഷക്കാലാവധിക്ക് എടുത്താല്‍ 600 പേജുകള്‍ ടൈപ്പ് ചെയ്തത് അയച്ചു തരും. വിദേശത്തെ ഒരു യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ നിന്നാണ് ഇവ അയക്കുന്നതെന്നാണ് പറയുക. അവര്‍ ടൈപ്പ് ചെയ്തതിലുള്ള തെറ്റ് തിരുത്തി മടക്കി അയക്കലാണ് ജോലി. ഒരു പേജിന് 20 രൂപ വെച്ച് 12,000 രൂപ മാസം പ്രതിഫലം. 11 മാസത്തിന് 1,32,000 രൂപ അടച്ച സെക്യൂരിറ്റിതുക 3500 രൂപ ചേര്‍ത്ത് മടക്കി കിട്ടുമെന്നാണ് പറയുക. പക്ഷെ വര്‍ക്കുകള്‍ക്ക് അക്യുറസി അഥവാ തെറ്റില്ലാതെ അയക്കുന്ന വര്‍ക്കിനു മാത്രമേ പ്രതിഫലം നല്‍കൂ എന്നുണ്ട്.

അക്യൂറസി 97 ശതമാനം കുറഞ്ഞാല്‍ പേമെന്റ് നല്‍കാതെ കരാര്‍ റദ്ദാക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്. അക്യുറസി കണക്കാക്കുന്നത് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്. ഒരു ഫുള്‍സ്റ്റോപ്പ് ഇടാന്‍ മറന്നാല്‍ ഒരു ശതമാനം അക്യുറസി,ഒരു
അക്ഷരം വിട്ടാല്‍ 3 ശതമാനം, സ്‌പേസ് വിട്ടാല്‍ 5 ശതമാനം, ഒരു വരി വിട്ടാല്‍ 10 ശതമാനം എന്നിങ്ങനെ അക്യുറസി കുറയ്ക്കും. വര്‍ക്ക് ചെയ്യുന്നയാള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.

ഇതു പ്രകാരം ഒരാള്‍ക്കു പോലും പേമെന്റ് കൊടുക്കേണ്ടിവരാറില്ല. ഒരാള്‍ക്ക് കൊടുത്ത വര്‍ക്ക് ഫയല്‍ തന്നെ വേറെ നൂറുപേര്‍ക്ക് അയച്ചുകൊടുത്തിരിക്കും. ഇടയ്ക്കിടക്ക് പരസ്യങ്ങള്‍ നല്‍കി പുതിയ ഇരകളെ കണ്ടെത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ തരുന്ന എഗ്രിമെന്റ് ഉപയോഗിച്ച് ഒരു പെറ്റി കേസ്സെടുക്കാന്‍ കഴിയില്ല.

ഓണ്‍ ലൈന്‍ ജോലികളിലും സമാന അവസ്ഥയാണ്. ജോലി ചെയ്താല്‍ വരുമാനം ലഭിക്കുന്ന സൈറ്റുകളിലെ വിവരങ്ങള്‍ക്കും അതിലെ ജോലി പഠിപ്പിക്കാനും വേണ്ടിയുള്ള സിഡി കള്‍ 2000 മുതല്‍ 5000 രൂപയ്ക്കാണ് വി.വി.പി.യായി അയച്ചു കൊടുക്കുന്നത്. ഇത്തരം സിഡികളില്‍ അധികവും ഉയര്‍ന്ന വരുമാനം കാണിച്ച് പ്രതിഫലം നല്‍കാത്ത വ്യാജ സൈറ്റുകളുടെ വിലാസമാവും ഉണ്ടാകുക.

എന്നാല്‍ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്താല്‍ പ്രതിഫലം ചെക്കായി അയച്ചു നല്‍കുന്ന സൈറ്റുകളുണ്ട്. ഇതില്‍ അക്കൗണ്ട് എടുത്ത് നല്‍കാന്‍ 3000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങുന്ന സ്ഥാപനം പലയിടങ്ങളിലുമുണ്ട്. സൈബര്‍ ക്രൈമില്‍ ഇത്തരം തട്ടിപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കേസെടുക്കാറില്ല.

Read More >>