മൂന്നു ദേശീയ പാര്‍ട്ടികള്‍ക്കും 'ഫലം' നിര്‍ണായകം

ഏത് പാര്‍ട്ടി ജയിച്ചാലും തോറ്റാലും അത് ദേശീയ നേത്യത്വത്തിന്റെ കൂടി അക്കൗണ്ടില്‍ വരുമെന്നതിലാണ് കേരളത്തിലെ ഫലം നിര്‍ണായകമാവുന്നത

മൂന്നു ദേശീയ പാര്‍ട്ടികള്‍ക്കും

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, പുതുശ്ശേരി എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ദേശീയ രാഷട്രീയവും ഉറ്റു നോക്കുന്നു. ഇന്ത്യയിലെ വലിയ മൂന്ന് ദേശീയ കക്ഷികളായ കോണ്‍ഗ്രസ്, ബിജെപി, സിപി ഐഎം എന്നി പാര്‍ട്ടികളാണ് കേരളത്തില്‍ പ്രധാനമായും മാറ്റുരക്കുന്നത്.

കേരളത്തിന് പുറമെ പശ്ചിമബംഗാളിലെ ഫലവും ഈ മൂന്ന് കക്ഷികള്‍ക്കും നിര്‍ണായകമാണെങ്കിലും  ഫലത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെയത്രയും സമ്മര്‍ദ്ദം മറ്റു സംസ്ഥാനങ്ങളില്‍ നിന്നില്ല. പശ്ചിമബംഗാളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലും വലിയ പ്രതീക്ഷയില്ല. ശക്തമായ മുന്നണി സംവിധാനം എന്ന നിലയില്‍ കേരളത്തില്‍ മാത്രമാണ്  അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്.


ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളോ, അഴിമതി ആരോപണങ്ങളോ ഒന്നും ഭരണ തുടര്‍ച്ചയെ ബാധിക്കില്ലെന്നാണ് സംസ്ഥാന നേത്യത്വം ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. 75 സീറ്റ് വരെ നേടി ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കേരളത്തില്‍ ഭരണതുടര്‍ച്ച ഇല്ലാതായാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് അത്ര എളുപ്പമാകില്ലെന്നതാണ് വിലയിരുത്തല്‍. മറുവശത്ത് ശക്തി പ്രാചിച്ചു വരുന്ന ബി ജെ പി യിലേക്ക് പാര്‍ട്ടിയില്‍ നിന്ന് ഒഴുക്ക് ഉണ്ടായേക്കാം. ചില ഘടകകക്ഷികള്‍ അധികാരം നഷ്ടപ്പെടുമ്പോള്‍ മറുകണ്ടം ചാടാനും സാധ്യതയുണ്ട്. ഇത് യു ഡി എഫിന്റെ ഇപ്പോഴത്തെ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കും.
കേരളത്തില്‍ ഒരു ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ ഏറെ അപകടത്തിലാകുന്ന ഇടത് മുന്നണിയിലെ വലിയ കക്ഷിയെന്ന നിലക്ക് സിപിഎമ്മാകും.

സിപിഎമ്മിന്റെ കൂടെയുള്ളത് അധികവും ഈഴവവോട്ടുകളാണ്. ഈ അണികള്‍ ബി ഡി ജെ എസ് തുടങ്ങിയ പാര്‍ട്ടികളിലേക്ക് പോകുന്ന നിലയുണ്ടാവാം. തുടര്‍ച്ചായായി രണ്ടാംതവണയും മാറ്റി നിര്‍ത്തപ്പെട്ടാല്‍ മുന്നണിയിലെ ചെറുകക്ഷികള്‍ ആശയകുഴപ്പിലാകുകയും യു ഡി എഫിലേക്ക് പോകുകയും ചെയ്‌തേക്കാം. ഇത് മുന്നണിയുടെ ശിഥിലമാകുന്നതിന് തന്നെ കാരണമായേക്കാം. 85 ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.
ബിജെപിക്കും കേരളത്തിലെ ഫലം നിര്‍ണായകമാണ്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നിയമസഭയിലേക്കോ, പാര്‍ലമെന്റിലേക്കോ ഒറ്റ സീറ്റും നല്‍കാത്ത സംസ്ഥനമാണ്   കേരളം. എല്ലാ ജാതി മതശക്തികളുടേയും പിന്തുണ വാങ്ങി കേന്ദ്ര ഭരണത്തിന്റെ എല്ലാ ശക്തിയും സംഭരിച്ചാണ് ഒരു സീറ്റിന് വേണ്ടി ബി ജെ പി പോരാടുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി മോദിയുടേയും അഭിമാന പ്രശ്‌നം കൂടിയാണ് കേരളത്തില്‍ ഒരു സീറ്റ് എന്നത്. ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോള്‍ കഴിയുമെന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.  ഒരു വിജയത്തിന് വേണ്ടി ബി ഡി ജെ എസ് അടക്കമായുള്ള കൂട്ടുകെട്ട് അടക്കമുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയതും ദേശീയ നേത്യത്വമാണ്.

ഏത് പാര്‍ട്ടി ജയിച്ചാലും തോറ്റാലും അത് ദേശീയ നേത്യത്വത്തിന്റെ കൂടി അക്കൗണ്ടില്‍ വരുമെന്നതിലാണ് കേരളത്തിലെ ഫലം നിര്‍ണായകമാവുന്നത്.