25,000 രൂപയുടെ ആൻജിയോ പ്ലാസ്റ്റി ഉപകരണത്തിന് രോഗി മുടക്കുന്നത് ഒന്നരലക്ഷം രൂപ

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്റ്റെന്റുകളെ അവശ്യ മരുന്നു പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് എഫ്ഡിഎയുടെ ആവശ്യം

25,000 രൂപയുടെ ആൻജിയോ പ്ലാസ്റ്റി ഉപകരണത്തിന് രോഗി മുടക്കുന്നത് ഒന്നരലക്ഷം രൂപ

മുംബൈ: 25000 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന ആൻജിയോ പ്ലാസ്റ്റി ഉപകരണത്തിന് രോഗിയിൽ നിന്നും ഈടാക്കുന്നത് ഒരുലക്ഷത്തി അമ്പത്തയ്യായിരം രൂപ.

മുംബൈ അടക്കമുളളയിടങ്ങളിൽ 700 ശതമാനത്തിലേറെ വില നൽകേണ്ടി വരുന്നതായാണ് റിപ്പോർട്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) നടത്തിയ സർവെയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. എംആർപി (പരമാവധി ഉൽപ്പന്ന വില) പെരുപ്പിച്ച് കാട്ടി ഇടനിലക്കാരാണ് ഇതിന്റെ ലാഭം കൊയ്യുന്നതെന്നും സർവേ വ്യക്തമാക്കുന്നു. ഒരു ബഹുരാഷ്ട്ര കമ്പനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് കഴിഞ്ഞ ആറുമാസക്കാലം നിരീക്ഷിച്ചാണ് എഫ്ഡിഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ഏതാണ്ട് ആറിരട്ടിയോളം അധിക തുകയാണ് രക്തക്കുഴലുകളിലെ തടസം മാറ്റാനായി ഘടിപ്പിക്കുന്ന സ്‌റ്റെന്റുകൾക്ക് വേണ്ടി രോഗികൾ മുടക്കുന്നത്.  ആശുപത്രികൾക്ക് നൽകുന്ന സ്റ്റെന്റുകളിൽ നിന്ന് 125 ശതമാനത്തോളം ലാഭം ഇവർ ഉണ്ടാക്കുന്നു. ആശുപത്രികൾ ഇവയിൽ നിന്ന് 25 ശതമാനമെങ്കിലും ലാഭം എടുക്കുന്നു. അതായത് ഇന്ത്യയിൽ വെറും 25000 രൂപയ്ക്ക് എത്തുന്ന ആൻജിയോ പ്ലാസ്റ്റി ഉപകരണത്തിന് രോഗി നൽകേണ്ടത് 1.55 ലക്ഷം രൂപ.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്റ്റെന്റുകളെ അവശ്യ മരുന്നു പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് എഫ്ഡിഎയുടെ ആവശ്യം. ഇതിനായി കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.