വാട്ടര്‍ ബര്‍ത്തിന്റെ ദോഷങ്ങളെക്കുറിച്ചറിയാം..

വാട്ടര്‍ ബര്‍ത്ത് ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാകും ഉണ്ടാകുക എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

വാട്ടര്‍ ബര്‍ത്തിന്റെ ദോഷങ്ങളെക്കുറിച്ചറിയാം..

സിസേറിയന്‍ വേണ്ടെന്നുവയ്ക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന, ഈയടുത്ത കാലത്തായി പ്രചാരത്തില്‍ വന്ന രീതിയാണ് വാട്ടര്‍ ബര്‍ത്ത്.  പേര് സൂചിപ്പിക്കുന്നതുപോലെ വെളളത്തില്‍ പ്രസവിക്കുന്ന രീതിയാണിത്.വേദന താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ നിരവധി ആളുകള്‍ ഇന്ന് ഈ രീതി അവലംബിക്കാറുണ്ട്.

പക്ഷെ വാട്ടര്‍ ബര്‍ത്ത് തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാട്ടര്‍ ബര്‍ത്ത് ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാകും ഉണ്ടാകുക എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഡോക്റ്ററുടെ നിര്‍ദേശപ്രകാരം മാത്രമേ വാട്ടര്‍ ബര്‍ത്ത് തെരഞ്ഞടുക്കാവൂ. ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന വിളര്‍ച്ച ,പ്രമേഹം, രക്താദി സമ്മര്‍ദം, അല്ലെങ്കില്‍ കുഞ്ഞിനു വളര്‍ച്ചക്കുറവ്, അമ്‌നിഒട്ടിക് ദ്രവത്തിന്റെ അളവ് കുറയല്‍, അസാധാരണമായ കുഞ്ഞിന്റെ കിടപ്പ് തുടങ്ങിയ രോഗങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളവര്‍ ഈ രീതി ഒഴിവാക്കുകയാണ് ഉത്തമം. കൂടാതെ അണുബാധ, അമിത രക്തസ്രാവം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കണം.


ഇരട്ടകുട്ടികളുടെ പ്രസവത്തിനും ഈ രീതി തെരഞ്ഞെടുക്കുന്നത് അഭികാമ്യമല്ല. പ്രസവ സമയത്ത് അമ്മയുടെ ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നുണ്ട്. രക്തനഷ്ടം എത്രത്തോളമുണ്ടെന്നറിയാന്‍ വെള്ളത്തില്‍ പ്രസവിക്കുമ്പോള്‍ കൃത്യമായി അറിയാന്‍ കഴിയില്ല. തല പുറത്തേക്കു വരുന്ന സമയത്ത് കുഞ്ഞ് കരയുകയാണെങ്കില്‍ വെള്ളം ഉള്ളില്‍ കടക്കും. ഈ വെള്ളത്തില്‍ അമ്മയുടെ രക്തവും മറ്റ് ഫ്‌ളൂയിഡുകളും ഉണ്ടാകും. ഇത് കുഞ്ഞിന്റെ ഉള്ളില്‍ ചെന്നാല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അപൂര്‍വമാണെങ്കിലും കുഞ്ഞ് വെള്ളത്തില്‍ മുങ്ങി ശ്വാസം നഷ്ട്ടപ്പെടും എന്ന സാദ്ധ്യതയും തള്ളിക്കളയാനാവില്ല.