ബിജെപിയില്‍ വീണ്ടും ആഭ്യന്തര തര്‍ക്കം; കുമ്മനത്തിനെതിരെ പടയൊരുക്കം

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലെ ഓഫീസ് സെക്രട്ടറിയെ മാറ്റി മുരളീധരന്‍ പക്ഷം മറ്റുള്ളവരെ ഞെട്ടിച്ചു.

ബിജെപിയില്‍ വീണ്ടും ആഭ്യന്തര തര്‍ക്കം; കുമ്മനത്തിനെതിരെ പടയൊരുക്കം

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന ബിജെപിയില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനേയും സംഘടനയേയും ഹൈജാക്ക് ചെയ്യാനുള്ള മുരളീധരന്‍ വിഭാഗത്തിന്റെ നീക്കമാണ് സംഘടനയില്‍ വീണ്ടും അതൃപ്തിക്കും തര്‍ക്കത്തിനും ഇടയാക്കിയത്.

കുമ്മനത്തോടൊപ്പം ആര്‍എസ്എസ് നിയോഗിച്ച മേജര്‍ ലാല്‍ കൃഷ്ണയെ ഒഴിവാക്കാനുള്ള നീക്കവും സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഇതിനിടെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലെ ഓഫീസ് സെക്രട്ടറിയെ മാറ്റി മുരളീധരന്‍ പക്ഷം മറ്റുള്ളവരെ ഞെട്ടിച്ചു.


ബിജെപിയില്‍ തര്‍ക്കം രൂക്ഷമായപ്പോഴാണ് ദേശീയ നേതൃത്വം കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. എന്നാലിപ്പോള്‍ കുമ്മനം രാജശേഖരനുമായോ അദ്ദേഹത്തിന്റെ കൂടെയുള്ളവരുമായോ ആലോചിക്കാതെ വി മുരീധരന്‍ പക്ഷം തീരുമാനമെടുക്കുന്നുവെന്നാണ് വിമര്‍ശനം. കുമ്മനത്തോടൊപ്പം പ്രവര്‍ത്തിക്കാനായി ആര്‍എസ്എസിന്റെ ഒരു സംഘത്തെ കൂടി ആര്‍എസ്എസ് ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഈ സംഘമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു തര്‍ക്കവുമില്ലാതെയാണ് തെരഞ്ഞെടുപ്പ് കാലയളവില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞിരുന്നു. മാത്രമല്ല മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

കുമ്മനം രാജശേഖരന് ബിജെപിയില്‍ പ്രവര്‍ത്തന പാരമ്പര്യമില്ലാത്തത് മുതലെടുത്ത് അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാനാണ് മുന്‍ പ്രസിഡന്റ് വിമുരളീധരന്‍ നേതൃത്വം ശ്രമിക്കുന്നതെന്നാണ് ആരോപണം. മാത്രമല്ല കുമ്മനം ഒരു ഗ്രൂപ്പിന്റേയും ആളുമല്ല. ഇതിന്റെ ഭാഗമായി ബിജെപിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മുരളീധരന്‍ പക്ഷം ഏകപക്ഷീയമായി തീരുമാനിക്കുകയാണ്. കുമ്മനവുമായോ അദ്ദേഹത്തിന്റെ സംഘവുമായോ ആലോചിക്കാന്‍ പോലും തയാറാകുന്നില്ലെന്നതുമാണ് മറുഭാഗത്തുള്ള കൃഷ്ണദാസ് പക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കുമ്മനത്തോടൊപ്പം ആര്‍.എസ്.എസ് നിയോഗിച്ച മേജര്‍ ലാല്‍കൃഷ്ണനെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മുരളീധരന്‍ പക്ഷം ശ്രമിക്കുന്നത്. അദ്ദേഹത്തെ മിക്ക പരിപാടികളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയാണ്. ഈ അതൃപ്തി പുകയുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയെ തന്നെ മുരളീധരന്‍പക്ഷം മാറ്റിയത്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെ ഓഫീസ് സെക്രട്ടറി ഇന്ദുചൂഢനെ മാറ്റി സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത ജയരാജ് കൈമളിനെ മുരളീധരന്‍ പക്ഷം സെക്രട്ടറിയായി നിയമിച്ചു.

ഡിഎഫ്ഒയായി വിരമിച്ചശേഷം ബി.ജെ.പിയുമായും സംഘവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇദ്ദേഹം. പകരം സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത ജയ്‌രാജ് കൈമളിനെ സെക്രട്ടറിയാക്കിയെന്നാണ് ആക്ഷേപം. ഇതുവരെ സംഘടനയുടെ ഒരു ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നില്ല. ഇദ്ദേഹത്തെ സെക്രട്ടറിയാക്കാന്‍ നീക്കം നടത്തിയത് മുരളീധരന്‍ പക്ഷത്തുള്ള സംഘടനയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ഉമാകാന്തന്റെ നേതൃത്വത്തിലാണെന്നാണ് വിരുദ്ധപക്ഷം ആരോപിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ഒാഫീസ് സെക്രട്ടറിയാണ് പുറത്താകുന്നത്.

മാത്രമല്ല ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍ ഉമാകാന്തന്റെ കാലാവധി ഉടന്‍ അവസാനിക്കും. എന്നാലും ആസ്ഥാന മന്ദിരത്തിലുള്ള തന്റെ സ്വാധീനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഓഫീസ് സെക്രട്ടറിയെ മാറ്റിയതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആക്ഷേപം.